Top

നടപടിക്രമം അട്ടിമറിച്ചു? സ്ത്രീ സംവിധായകർക്ക് സിനിമ നിർമ്മിക്കാനുള്ള പദ്ധതിയിൽ ക്രമക്കേടെന്ന് ആരോപണം

നടപടിക്രമം അട്ടിമറിച്ചു? സ്ത്രീ സംവിധായകർക്ക് സിനിമ നിർമ്മിക്കാനുള്ള പദ്ധതിയിൽ ക്രമക്കേടെന്ന് ആരോപണം

വനിതാ സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ മൂന്ന് കോടി രൂപ നല്‍കുന്ന പദ്ധതിയില്‍ ക്രമക്കേടെന്ന് ആരോപണം. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെ എസ് എഫ് ഡി സി) പദ്ധതിയാണ് വിവാദത്തിലായത്. ഒരു കൂട്ടം സിനിമാ പ്രവര്‍ത്തകര്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് പരിഗണിച്ച ഹൈക്കോടതി കെഎസ്എഫ്ഡിസിയുടെ പദ്ധതി സ്റ്റേ ചെയ്തു. കെഎസ്എഫ്ഡിസി നടപ്പാക്കുന്ന സിനിമാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാനാവില്ലെന്ന് വ്യക്തമാക്കിയാണ് സ്‌റ്റേ. കേരള സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പദ്ധതി പ്രകാരം രണ്ട് വനിതാ സംവിധായകര്‍ക്ക് ഒന്നര കോടി രൂപ വീതം നല്‍കാനാണ് തീരുമാനിച്ചത്. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സംവിധായകരെ തിരഞ്ഞെടുത്തതെന്നാണ് ഒരു കൂട്ടം വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

സിനിമാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് വനിതാ സംവിധായകരെ തിരഞ്ഞെടുക്കാന്‍ കെഎസ്എഫ്ഡിസി അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷയോടൊപ്പം പദ്ധതി വഴി ചെയ്യാന്‍ ഉദ്ദേശിക്കുന്ന തിരക്കഥയും സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 61 മലയാളി വനിതകളാണ് പദ്ധതിയിലേക്ക് അപേക്ഷിച്ചിരുന്നത്. അപേക്ഷകരെ കെഎസ്എഫ്ഡിസി നിര്‍ദ്ദേശിച്ച അഞ്ച് പേരടങ്ങുന്ന പാനല്‍ തിരക്കഥ വായിച്ച് കേള്‍പ്പിക്കാന്‍ വിളിപ്പിച്ചു. കെഎസ്എഫ്ഡിസി ഇതിനായി അഞ്ച് പേരടങ്ങുന്ന സബ്കമ്മറ്റിയെ തീരുമാനിച്ചതായും അവര്‍ തിരക്കഥ തിരഞ്ഞെടുപ്പ് നടത്തുകയും പിന്നീട് അതില്‍ തിരഞ്ഞെടുക്കുന്നവര്‍ക്കായി പ്രത്യേകം അഭിമുഖവും ഉണ്ടെന്നായിരുന്നു കെഎസ്എഫ്ഡിസിയുടെ വിജ്ഞാപനം. എന്നാല്‍ ഇതെല്ലാം അട്ടമറിക്കപ്പെട്ടുവെന്ന് അപേക്ഷകര്‍ പറയുന്നു. കെഎസ്എഫ്ഡിസി നടത്തിയ തിരക്കഥാ വായനയില്‍ പങ്കെടുത്ത വിദ്യാ മുകുന്ദൻ, ജി. ഗീഥ, ആന്‍
കുര്യന്‍, അനു ചന്ദ്ര എന്നവരാണ് ഹൈക്കോടതിയില്‍ ഇതിനെതിരെ ഹര്‍ജി നല്‍കിയത്. ജി ഗീഥ പറയുന്നു
' മധുപാല്‍, ഭാഗ്യലക്ഷ്മി, പ്രിയനന്ദന്‍, മനോജ് കാന, ഷാജി കൈലാസ് എന്നിവരടങ്ങുന്ന സബ് കമ്മറ്റി ആദ്യം തിരക്കഥ പരിശോധിക്കുമെന്നും പിന്നീട് ബോര്‍ഡ് അംഗങ്ങള്‍ അഭിമുഖം നടത്തി രണ്ട് പേരെ തിരഞ്ഞെടുക്കുമെന്നുമായിരുന്നു വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സബ് കമ്മറ്റിയല്ല പിന്നീട് തിരക്കഥ പരിശോധിക്കാനെത്തിയത്. പുറത്ത് നിന്നുള്ള, അത്രകണ്ട് വിദഗ്ദ്ധരല്ലാത്ത പാനല്‍ തിരക്കഥ കേട്ട് രണ്ട് പേരെ തീരുമാനിക്കുകയായിരുന്നുവെന്നാണ് ആരോപണം. അതിവിദഗ്ദ്ധരായ സംവിധായകരും തിരക്കഥാകൃത്തുക്കളും കേരളത്തില്‍ ഉണ്ടായിരിക്കെയാണ് അതൊന്നുമല്ലാത്തവരെ പാനലില്‍ ഉള്‍പ്പെടുത്തിയത് അവരില്‍ നിന്ന് ഞാനുള്‍പ്പെടെ പലര്‍ക്കും വലിയ അപമാനം നേരിടേണ്ടിയും വന്നു. ഇന്റര്‍വ്യൂവിനിടെ അപമാനിക്കപ്പെട്ടതില്‍ മന്ത്രി എ കെ ബാലന്‍, മുഖ്യമന്ത്രി, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ എന്നിവര്‍ക്ക് പരാതിയും നല്‍കി.'
ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, കുക്കു പരമേശ്വരന്‍, രഘുനാഥ് പലേരി, മനീഷ് നാരായണന്‍ എന്നിവരാണ് പാനല്‍ അംഗങ്ങളായുണ്ടായിരുന്നത്. സംവിധാനത്തിന്റെ കാര്യത്തില്‍ അഭിമുഖങ്ങളുണ്ടാവും എന്ന് പാനല്‍ വ്യക്തമാക്കിയിരുന്നെങ്കിലും തിരക്കഥ വായിച്ച് കേള്‍പ്പിച്ച് ആഴ്ചകള്‍ക്കുള്ളില്‍ മികച്ച രണ്ട് തിരക്കഥ തിരഞ്ഞെടുക്കുന്നു എന്ന് കെഎസ്എഫ്ഡിസി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണ് പരാതിക്കടിസ്ഥാനം.
'സര്‍ക്കാര്‍ രണ്ട് വനിതാ സംവിധായകര്‍ക്കാണ് സിനിമ നിര്‍മ്മാണത്തിന് സഹായം നല്‍കുന്നത്. അല്ലാതെ തിരക്കഥയ്ക്കല്ല. നല്ല തിരക്കഥയെഴുതുന്നവരും നല്ല സംവിധായകരാവണമെന്നില്ല എന്നിരിക്കെ ഈ പദ്ധതിയിലേക്ക് മികച്ചതെന്ന് രണ്ട് തിരക്കഥകള്‍ പ്രഖ്യാപിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. സമര്‍പ്പിക്കപ്പെട്ട തിരക്കഥകള്‍ ഒട്ടുമിക്കവയും അറിയപ്പെടുന്ന എഴുത്തുകാരുടെയാണെന്നിരിക്കെ അതിന്റെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് സംവിധായകരെ തിരഞ്ഞെടുക്കുക എന്ന് പാനല്‍ വ്യക്തമാക്കുന്നില്ല. ഞാന്‍
കൊണ്ടുപോയ സ്‌ക്രിപ്റ്റ് വായിക്കുന്നതിനിടക്ക് ഒന്ന് രണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി വേണ്ടി വരുമെന്ന് പറഞ്ഞെങ്കിലും അവര്‍ അതിന് അനുവദിച്ചില്ല. തിരക്കഥയാണ് പ്രധാനമെന്നാണ് അവര്‍ പറഞ്ഞത്.' അപേക്ഷകരിലൊരാള്‍ പറഞ്ഞു.
സമര്‍പ്പിച്ച തിരക്കഥകളില്‍ പലതും വായിക്കാതെയും, ചിലത് പാനലിലെ അംഗങ്ങള്‍ക്ക് വ്യക്തിപരമായി താത്പര്യമില്ലെന്ന് പറഞ്ഞുമാണ് ഒഴിവാക്കിയതെന്ന് ഇവര്‍ ആരോപിക്കുന്നു. ആദ്യം തിരഞ്ഞെടുത്ത തിരക്കഥകളില്‍ പൂര്‍ത്തിയാക്കാത്ത തിരക്കഥയുമുണ്ടായിരുന്നു. രണ്ടാം സ്ഥാനം രണ്ട് പേര്‍ക്ക് ലഭിച്ചപ്പോള്‍ അതില്‍ ഒരാളെ തീരുമാനിക്കാനായി മുംബൈയിലെ തിരക്കഥാ വിദഗ്ദനായ അഞ്ചുംരാജാബലിയെ ഏല്‍പ്പിച്ചു. മലയാളം അറിയാത്ത ഇദ്ദേഹത്തിന് തിരക്കഥകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് നല്‍കുകയായിരുന്നു. ആ പരിശോധനയിലാണ് രണ്ടാം സ്ഥാനം കിട്ടിയതില്‍ ഒരു തിരക്കഥ പൂര്‍ത്തിയായിട്ടില്ലെന്ന് ബോധ്യപ്പെട്ടത്. അത് പോലും പാനലിലുള്ളവര്‍ക്ക് കണ്ടുപിടിക്കാനാവാത്തത് അവരുടെ വൈദഗ്ദ്ധ്യക്കുറവിനെയാണ് കാണിക്കുന്നതെന്നും വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. ഫീച്ചര്‍ഫിലിം സംവിധായകരുള്‍പ്പെടെ അപേക്ഷകരില്‍ ഉണ്ടായിട്ടും അത്തരം ചര്‍ച്ചകളുണ്ടാവാതെ വെറും തിരക്കഥാ തിരഞ്ഞെടുപ്പിലൂടെ വനിതാ സംവിധായകര്‍ക്കുള്ള പദ്ധതി അട്ടിമറിക്കുകയായിരുന്നു എന്നും അവര്‍ ആരോപിക്കുന്നു.
എന്നാല്‍ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പാനല്‍ ആരാണെന്ന് തീരുമാനിക്കാനുള്ള പരിപൂര്‍ണ അവകാശം ബോര്‍ഡിനാണെന്നും ബോര്‍ഡ് തീരുമാനിച്ച പാനലാണ് തിരക്കഥകള്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു

.'ലോകത്ത് എല്ലായിടത്തും തിരക്കഥയുടെ അടിസ്ഥാനത്തിലാണ് സിനിമ തീരുമാനിക്കപ്പെടുന്നതും തിരഞ്ഞെടുക്കപ്പെടുന്നതും. തിരക്കഥ വളരെ പ്രധാനപ്പെട്ട ഒന്നാണ്. മുമ്പ് ചെയ്തിട്ടുള്ള വര്‍ക്കുകള്‍ നോക്കി ഒരാള്‍ നല്ല സംവിധായികയാണോ എന്ന് പറയാം. പക്ഷെ പുതുതായി എത്തുന്നവരെ ഏത് തരത്തിലാണ് ജഡ്ജ് ചെയ്യാന്‍ കഴിയുക? അതിന് തിരക്കഥ പരിശോധിച്ച് തീരുമാനിക്കുക മാത്രമേ വഴിയുള്ളൂ. ഹൈക്കോടതി സ്‌റ്റേ ചെയ്തതായിട്ട് എനിക്ക് അറിവില്ല. അത് സംബന്ധിച്ച അറിയിപ്പും കെഎസ്എഫ്ഡിസിക്ക് ലഭിച്ചിട്ടില്ല. കെഎസ്എഫ്ഡിസിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് സ്റ്റേ ലഭിച്ചിട്ടുണ്ടെന്ന് വ്യാജപ്രചരണം നടത്തുന്നത്. ചിലര്‍ നല്‍കിയ കേസ് നാലാം തീയതിയിലേക്ക് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അത്രമാത്രം. തിരക്കഥയുടെ അടിസ്ഥാനത്തില്‍ സംവിധായികയെ എങ്ങനെ തീരുമാനിക്കും എന്ന് ചോദിക്കുന്നത് അവരുടെ അറിവില്ലായ്മ കൊണ്ടാണ്.'
സംസ്ഥാന സര്‍ക്കാര്‍, കെഎസ്എഫ്ഡിസി, താരാ രാമാനുജന്‍, മിനി ജി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍ക്കപ്പെട്ടത്. കേസ് നാലാം തീയതി വീണ്ടും പരിഗണിക്കും.


Next Story

Related Stories