ഏറ്റവും പുതിയ ആമസോണ്‍ ഒറിജിനല്‍ സീരീസ് സണ്‍സ് ഓഫ് ദ സോയ്ല്‍: ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ ട്രെയ്ലര് ആമസോണ്‍ പ്രൈം വീഡിയോയും അഭിഷേക് ബച്ചനും പുറത്തിറക്കി. പ്രോ കബഡി ലീഗിലെ ആദ്യ സീസണിലെ വിജയത്തിനു ശേഷം രണ്ടാം തവണയും ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിടുന്ന ടീമിന്റെ ഏഴാം സീസണിലെ ആവേശകരമായ യാത്രയും ആത്മാര്‍പ്പണവുമാണ് ബിബിസി സ്റ്റുഡിയോസ് ഇന്ത്യ നിര്‍മ്മിച്ച ഷോ പറയുന്നത്. ടീം ഉടമ അഭിഷേക് ബച്ചനുമായുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പടെ ലോക്കര്‍ റൂമില്‍ നിന്നുള്ള ടീമിന്റെ കാഴ്ചയാണ് സീരീസ് പറയുന്നതെന്ന് ആമസോണ്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
പ്രോ കബഡി ലീഗിന്റെ ഏഴാം സീസണിലൂടെയുള്ള ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ യാത്രയാണ് സണ്‍സ് ഓഫ് ദ സോയില്‍: ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് അവതരിപ്പിക്കുന്നത്. ടീം ഉടമയും നടനുമായ അഭിഷേക് ബച്ചന്റെ വിവരണത്തിലൂടെ കഥ പറയുന്ന പരിപാടി കളിക്കാരുടെയും ഉടമകളുടെയും ജീവനക്കാരുടെയും അവരുടെ കുടുംബാഗങ്ങളുടെയും വൈകാരിക മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തുന്നതോടൊപ്പം ഇന്ത്യയുടനീളമുള്ള കബഡിയോടുള്ള സ്നേഹവും അഭിനിവേശവും അവതരിപ്പിക്കുന്നു.
ബാഫ്റ്റ സ്കോട്ട്ലാന്‍ഡ് പുരസ്കാരം രണ്ടുവട്ടം നേടിയ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ബ്രിട്ടീഷ് സംവിധായകനുമായ അലെക്സ് ഗെയ്ലാണ് സണ്‍സ് ഓഫ് ദ സോയ്ല്‍: ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് സംവിധാനം ചെയ്യുന്നത്. ലണ്ടനില്‍ ജനിച്ച അലെക്സ് കായിക താരങ്ങളുടെ കഥ പറയുന്ന നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അലെക്സിന്റെ ചിത്രങ്ങളായ ഗ്ലാസ്ഗോ 1967: ദ ലിസ്ബണ്‍ ലയണ്‍സ്, സ്കോട്ട്ലാന്‍ഡ് 78: എ ലവ് സ്റ്റോറി എന്നീ ചിത്രങ്ങള്‍ 2017, 2018 വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള ബാഫ്റ്റ സ്കോട്ട്ലാന്‍ഡ് പുരസ്കാരം നേടിയിരുന്നു. ഇന്ത്യയിലെയും 200 ലധികം രാജ്യങ്ങളിലും ഭൂപ്രദേശങ്ങളിലുമുള്ള പ്രൈം അംഗങ്ങള്‍ക്ക് ഡിസംബര്‍ നാലു മുതല്‍ എല്ലാ എപ്പിസോഡുകളും സ്ട്രീം ചെയ്യാം.
സണ്‍സ് ഓഫ് ദ സോയ്ല്‍: ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനൊപ്പം കൂടുതല്‍ വൈവിധ്യം അവതരിപ്പിക്കുന്നതോടൊപ്പം ഇന്ത്യയില്‍ ആദ്യമായി സ്പോര്‍ട്ട്സ് ഡോക്യു-സീരീസും പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുകയാണെന്നും ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ, ഇന്ത്യ ഒറിജിനല്‍സ് ഹെഡ് അപര്‍ണ്ണ പുരോഹിത് പറഞ്ഞു. ആമസോണ്‍ പ്രൈം വീഡിയോയുമായി സഹകരിച്ച് ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ ആവേശകരമായ കഥ ആഗോള പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അഭിഷേക് ബച്ചന് പറഞ്ഞു. ആഗോളതലത്തില്‍ ഡോക്യുമെന്ററി കണ്ടന്റ് നിര്‍മ്മിക്കുന്നതില്‍ ശക്തമായ പാരമ്പര്യവും സ്പെഷ്യലൈസേഷനുമുള്ള ബിബിസി സ്റ്റുഡിയോസ് ഈ മേഖലയിലെ വൈദഗ്ധ്യം ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത് തികഞ്ഞ സന്തോഷത്തോടെയാണെന്ന് ബിബിസി സ്റ്റുഡിയോസ് ഇന്ത്യ ബിസിനസ് ഹെഡ്സമീര് ഗോഗേറ്റും പറഞ്ഞു.