TopTop
Begin typing your search above and press return to search.

30 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ ആദ്യമായി താഴ്‌വാരം കണ്ടു

30 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ ആദ്യമായി താഴ്‌വാരം കണ്ടു

മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളുടെ ഗണത്തില്‍ മുന്‍പന്തിയിലാണ് എംടി വാസുദേവന്‍ നായര്‍-ഭരതന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ താഴ്‌വാരം. വൈശാലിയെന്ന മറ്റൊരു ക്ലാസിക്കിനു പിന്നാലെ ഭരതനും എംടിയും ഒന്നിച്ച ചിത്രം. 1966-ല്‍ സെര്‍ജിയോ ലിയോണിന്റെ സംവിധാനത്തില്‍ ക്ലിന്റ് ഈസ്റ്റ്വുഡ്, ലീ വാന്‍ ക്ലിഫ്, എലയ് വാലക്ക് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ദി ഗുഡ് ദി ബാഡ് ആന്‍ഡ് ദി അഗ്ലി എന്ന ഇറ്റാലിയന്‍ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എംടി താഴ്‌വാരം രചിച്ചത്. ഭരതന്റെ ക്രാഫ്റ്റും വേണുവിന്റെ ഛായാഗ്രഹണ വൈദഗ്ധ്യവും എംടിയുടെ തിരക്കഥയ്ക്ക് മാറ്റ് കൂട്ടിയപ്പോള്‍ പ്രേക്ഷകര്‍ക്ക് വേറിട്ടൊരു കാഴ്ച്ചാനുഭവമാണ് ലഭിച്ചത്. സിനിമയില്‍ മോഹന്‍ലാലും സലിം ഗൗസുമായിരുന്നു നായക-പ്രതിനായക വേഷത്തില്‍ എത്തിയത്. ശങ്കരാടി, സുമലത എന്നിവരായിരുന്നു മറ്റ് പ്രധാനതാരങ്ങള്‍.

താഴ്‌വാരം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. നഷ്ടങ്ങളുടെ വേദനയും പ്രതികാരത്തിന്റെ വന്യതയും ഒരുപോലെ നിറച്ച് എംടിയൊരുക്കിയ ബാലന്‍ എന്ന കഥാപാത്രത്തെ വളരെ തന്‍മയത്വത്തോടെയാണ് ലാല്‍ അവതരിപ്പിച്ചത്. മോഹന്‍ലാല്‍ ഏറെ താത്പര്യത്തോടെ ചെയ്ത സിനിമയായിരുന്നു താഴ്‌വാരം. എന്നാല്‍ ഈ സിനിമയും മോഹന്‍ലാലും തമ്മിലുള്ള രസകരമായൊരു വസ്തുത സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നുണ്ട്. 1990-ല്‍ ഇറങ്ങിയ താഴ്വാരം മോഹന്‍ലാല്‍ കാണുന്നത് 30 വര്‍ഷങ്ങള്‍ കഴിഞ്ഞാണെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. അതായത് ഈ ലോക് ഡൗണ്‍ കാലത്ത്.

ലോക് ഡൗണ്‍ മൂലം മലയാള സിനിമയ്ക്ക് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് മനോരമ ന്യൂസിനോട് സംസാരിക്കുന്നതിനിടയിലാണ് റിലീസ് ചെയ്ത് മൂന്നു പതിറ്റാണ്ടിനുശേഷം തന്റെ മികച്ച സിനിമകളിലൊന്ന് മോഹന്‍ലാല്‍ ആദ്യമായി കണ്ടതിനെക്കുറിച്ചും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത്. മോഹന്‍ലാല്‍ താന്‍ അഭിനയിച്ച പ്രശസ്തമായ പല സിനിമകളും ഈ ലോക്ഡൗണ്‍ കാലത്താണ് കാണുന്നതെന്നാണ് ഉണ്ണിക്കൃഷ്ണന്‍ പറയുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നാല്‍പത് വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ആദ്യമായാണ് ഇരുവരും ഷൂട്ടിംഗ് ഇല്ലാതെ ഇത്രയും ദിവസം ഇരിക്കുന്നതെന്നും ഉണ്ണിക്കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.


Next Story

Related Stories