TopTop

അമാവാസി നാളില്‍ ശക്തിയാര്‍ജ്ജിക്കുന്ന ദുഷ്ടശക്തിയായ കൊറോണയെ കൈയടിച്ചും ശംഖുവിളിച്ചും തകര്‍ക്കാമെന്ന് അമിതാഭ് ബച്ചനും; വിമര്‍ശനം ശക്തമായപ്പോള്‍ അന്ധവിശ്വാസ ട്വീറ്റ് പിന്‍വലിച്ചു

അമാവാസി നാളില്‍ ശക്തിയാര്‍ജ്ജിക്കുന്ന ദുഷ്ടശക്തിയായ കൊറോണയെ കൈയടിച്ചും ശംഖുവിളിച്ചും തകര്‍ക്കാമെന്ന് അമിതാഭ് ബച്ചനും; വിമര്‍ശനം ശക്തമായപ്പോള്‍ അന്ധവിശ്വാസ ട്വീറ്റ് പിന്‍വലിച്ചു

കൊറോണയെ തുരത്താന്‍ ശാസ്ത്രലോകം കിണഞ്ഞു പരിശ്രമിക്കുമ്പോഴും വൈറസുമായി ബന്ധപ്പെട്ട അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ കൂടുകയാണ്. അതിലൊരാളി മാറിയത് അമിതാഭ് ബച്ചനും! ഞായറാഴ്ച്ച രാജ്യം ആചരിച്ച ജനത കര്‍ഫ്യൂവുമായി ബന്ധപ്പെട്ടായിരുന്നു ശാസ്ത്രത്തെ പാടെ തള്ളിക്കളഞ്ഞുകൊണ്ട് തികച്ചും അന്ധവിശ്വാസപരമായൊരു ട്വീറ്റ് ബച്ചന്‍ ചെയ്തത്. നാനാഭാഗത്തും നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഈ ട്വീറ്റ് പിന്‍വലിക്കേണ്ടിയും വന്നു ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിയ്ക്ക്.

മാര്‍ച്ച് 22 ന് ആയിരുന്നു(ജനത കര്‍ഫ്യൂ നടന്ന ദിവസം) ബച്ചന്റെ വിവാദമായ ട്വീറ്റ്. അതിപ്രകാരമായിരുന്നു; ഒരു അഭിപ്രായം പറയുകയാണ്; മാര്‍ച്ച് 22, വൈകിട്ട് അഞ്ചുമണി, അമാവാസി, ഈ മാസത്തിലെ ഏറ്റവും അന്ധാകരം നിറഞ്ഞ ദിവസം. ദുഷ്ടശക്തികളായ ബാക്ടീരിയകളും വൈറസുകളും പരമാവധി കരുത്താര്‍ജ്ജിക്കുന്ന സമയം. കൈയടിക്കുന്നതും ശംഖ് ഊതുന്നതും വൈറസുകളുടെ ശക്തി കുറയ്ക്കുകയും അവയെ തകര്‍ക്കുകയും ചെയ്യും. ചന്ദ്രന്‍ രേവതി നക്ഷത്രരാശിലേക്ക് കടക്കുകയാണ്, ഉച്ചത്തിലുള്ള പ്രകമ്പനം രക്തചംക്രമണം മികച്ചതാക്കും...




പ്രധാനമന്ത്രി നരേന്ദ്ര മോദി ജനത കര്‍ഫ്യു പ്രഖ്യാപിച്ചതിനൊപ്പം ആഹ്വാനം ചെയ്ത കാര്യമായിരുന്നു അന്നേ ദിവസം തന്നെ വൈകിട്ട് കൊറോണയെന്ന മഹാമാരിയെ തുരത്താന്‍ അക്ഷീണം പരിശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ വീട്ടുവാതില്‍ കടന്നു വന്ന് കൈയടിച്ചും പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചും ശബ്ദമുണ്ടാക്കാന്‍. എന്നാല്‍ ഇത്തരമൊരു പ്രവര്‍ത്തനം കേവലം അഭിനന്ദന സൂചകമായൊരു കാര്യമായിട്ടും കൈയടി ശബ്ദവും പാത്രങ്ങള്‍ കൂട്ടിമുട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്ദവുമൊക്കെ കൊറോണ വൈറസിനെ ഇല്ലാതാക്കന്‍ സഹായിക്കുമെന്നു വ്യാഖ്യാനിച്ച് നിരവധി പേര്‍ വന്നിരുന്നു. അതില്‍ ജനങ്ങള്‍ ആരാധിക്കുകയും അവരില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുകയും ചെയ്യുന്ന സെലിബ്രിറ്റികളും ഉണ്ടായിരുന്നുവെന്നതാണ് ദുഃഖരമായ യാഥാര്‍ത്ഥ്യം. മലയാള ചലച്ചിത്ര നടന്‍ മോഹന്‍ലാലും കൈയടി ശബ്ദത്തിന് കൊറോണയെ തുരത്താന്‍ കഴിയുമെന്ന തിയറി പറഞ്ഞിരുന്നു. 'എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്.' ഇതായിരുന്നു മോഹന്‍ലാലിന്റെ വ്യാഖ്യാനം. ഇത്തരമൊരു പ്രസ്താവന പറഞ്ഞതിനെതിരേ അതിശക്തമായ വിമര്‍ശനമാണ് മോഹന്‍ലാലിനും ഏല്‍ക്കേണ്ടി വന്നത്. അമിതാഭ് ബച്ചനാകട്ടെ, മോഹന്‍ലാലിനെയും കടന്ന് ബാക്ടീരയെ ദുഷ്ടശക്തിയാക്കിയും കൈയടിയും ശംഖു വിളിയും അതിനെ തകര്‍ക്കാനുള്ള പ്രതിവിധിയാക്കിയുമൊക്കെയാണ് ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തിയത്.

എന്തായാലും വലിയ തോതിലുള്ള വിമര്‍ശനം ഏല്‍ക്കേണ്ടി വന്നതോടെ അമിത് ബച്ചന്‍ ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്. കടുത്ത പരിഹസങ്ങളും ക്ഷോഭപ്രകടനങ്ങളുമാണ് ബച്ചനു നേരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.








Next Story

Related Stories