TopTop
Begin typing your search above and press return to search.

'എന്റെ മേല്‍വിലാസത്തില്‍ നീ സിനിമ ചെയ്യരുത്'- പ്രശസ്ത സംവിധായകനായ അച്ഛന്‍ മകനോടു പറഞ്ഞു; ദി കുങ്ഫു മാസ്റ്റര്‍ ക്യാമറയില്‍ പകര്‍ത്തി അവന്‍ തെളിയിച്ചു: അര്‍ജ്ജുന്‍ രവി/അഭിമുഖം

സിനിമയിലേക്കുള്ള എളുപ്പ വഴി ഏതെന്ന് തിരഞ്ഞു നടക്കുന്നവരുണ്ട്. അര്‍ജുന്‍ എന്ന ചെറുപ്പക്കാരനാണെങ്കില്‍ അതിനുള്ള അുകൂല സാഹചര്യവുമുണ്ടായിരുന്നു. അയാളുടെ അച്ഛന്‍ മലയാളത്തിലെ പ്രശസ്തനായ സംവിധായകനാണ്. അച്ഛന്റെ പേരില്‍ സിനിമയില്‍ എന്‍ട്രി കിട്ടാന്‍ വളരെ എളുപ്പം. എന്നാല്‍ ആ ചെറുപ്പക്കാരന്‍ അതിനു തയ്യാറായില്ല. കാമറമാന്‍ ആകണമെന്നത് സ്വയം തിരഞ്ഞെടുത്ത ആഗ്രഹമായിരുന്നു. അതിനുവേണ്ടി അയാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പോയി പഠിച്ചു. അവിടെ നിന്നിറങ്ങി സഹായി ആയി നില്‍ക്കാന്‍ പലരോടായി ചാന്‍സുകള്‍ ചോദിച്ചലഞ്ഞു, കിട്ടിയ അവസരങ്ങള്‍ നന്നായി വിനിയോഗിച്ചു. ഒരിടത്തും തന്റെ അച്ഛന്റെ മേല്‍വിലാസം ഉപയോഗിച്ചില്ല. ഒടുവിലയാള്‍, തന്റെ സ്വപ്‌നത്തിന്റെ യാഥാര്‍തഥ്യം പോലെ, പഠിച്ചു സ്വന്തമാക്കിയ അറിവുകളും നേടിയെടുത്ത അനുഭവങ്ങളും സമ്മാനിച്ച ആത്മവിശ്വാസത്തോടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറി. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ദി കുങ്ഫൂ മാസ്റ്റര്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി മാറിയ അര്‍ജുന്‍ രവിയാണ് ആ ചെറുപ്പക്കാരന്‍; സംവിധായകന്‍ മേജര്‍ രവിയുടെ മകന്‍. അഭിനന്ദനങ്ങള്‍ക്കും കൈയടികള്‍ക്കും നടുവില്‍ നില്‍ക്കുമ്പോള്‍ അര്‍ജുന്റെ മുഖത്തും മനസിലും ഉണ്ട്, സ്വയം നേടിയെടുത്ത ഒരു ലക്ഷ്യത്തിന്റെ ആഹ്ളാദം.

ഷോട്ട് കട്ടുകള്‍ ജീവിതത്തില്‍ ഉപയോഗിച്ചിട്ടില്ല

എന്നെ കാമറയ്ക്ക് പിന്നിലേക്ക് എത്തിക്കുന്നത് ചെറുപ്പം മുതല്‍ കൂടെ കൂടിയ ഗാഡ്ജറ്റ്‌സുകളോടുള്ള ഇഷ്ടമായിരുന്നു. അതേ ഇഷ്ടമാണ് കാമറകളോട് അടുപ്പിക്കുന്നത്. ഫോട്ടോഗ്രഫി ഒരു കലയാണെന്നു തിരിച്ചറിയുന്നതോടെ, എന്റെ വഴി ഇതാണെന്നു തീരുമാനിക്കുകയായിരുന്നു. ആരുടെയെങ്കിലും നിര്‍ബന്ധമോ, ആവശ്യമോ ആയിരുന്നില്ല, ഞാന്‍ ഫോട്ടോഗ്രഫി പഠിക്കണമെന്നത്. സ്വയം കണ്ടെത്തിയ വഴി തന്നെയാണത്. ഇന്നിപ്പോള്‍ സിനിമയില്‍ ഒരു സ്വതന്ത്ര ഛായാഗ്രാഹകനായി മാറുമ്പോള്‍, കഴിഞ്ഞ പത്തു വര്‍ഷത്തോളം, ഞാന്‍ പഠിച്ചും, അനുഭവിച്ചും മനസിലാക്കിയും ആ മേഖലയില്‍ നേടിയ അറിവുകളും അതിലൂടെ എനിക്ക് കിട്ടിയ ആത്മവിശ്വാസവുമാണ് എന്റെ കരുത്തെന്ന് പറയാനാകും. ഷോട്ട് കട്ടുകളിലൂടെയല്ല ഇവിടെ എത്തിയത്. ഇനി മുന്നോട്ടുള്ള യാത്രകളിലും എന്റെ ആവേശം, ഇതേ ആത്മവിശ്വാസമാണ്.

ആ രണ്ടു കാര്യങ്ങളും എന്നെക്കൊണ്ട് പറ്റില്ല

സിനിമയിലേക്കുള്ള എന്റെ കടന്നു വരവ്, ഛായാഗ്രാഹകനായിട്ടായിരുന്നില്ല; അഭിനേതാവ് ആയിട്ടായിരുന്നു. അച്ഛന്‍ സംവിധാനം ചെയ്ത പുനര്‍ജനി ആയിരുന്നു ആദ്യം അഭിനയിച്ച ചിത്രം, പിന്നീട് എന്‍ട്രി എന്ന മലയാള സിനിമയിലും വാഗ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഈ മൂന്നു ചിത്രങ്ങളും എന്നെയൊരു കാര്യം പഠിപ്പിച്ചു; അഭിനയം എന്റെ മേഖലയല്ല, എനിക്കവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല.

എന്റെ വീട്ടില്‍ ഒരു സംവിധായകനുണ്ട്; അച്ഛന്‍. സംവിധാനം എന്നാല്‍ എന്താണെന്ന് എനിക്ക് അറിയില്ലെങ്കിലും അതിന്റെ പിന്നിലെ എഫര്‍ട്ട് എന്താണെന്ന് അച്ഛനിലൂടെ ഞാന്‍ മനസിലാക്കിയിട്ടുണ്ട്. അതൊരു ഭയങ്കര അര്‍ട്ടിസ്റ്റിക്ക് ജോലിയാണ്. ഒട്ടും എളുപ്പമല്ലാത്ത, ഏതൊരാള്‍ക്കും ചെയ്യാന്‍ കഴിയാത്ത ജോലി. ഒരു ക്രിയേഷനാണ് സംവിധാനം. ഒരു സ്വപ്‌നം കാണുന്നു, സ്വപ്‌നം കാണാന്‍ ആര്‍ക്കും പറ്റും, കണ്ട സ്വപ്‌നം അതേ പോലെ യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ കഴിയുമോ? ഒരു സംവിധായകന്‍ ചെയ്യുന്നത് അതാണ്. അതൊരു ആര്‍ട്ടാണ്, കഴിവുള്ളവര്‍ക്ക് മാത്രം സാധ്യമാകുന്ന ആര്‍ട്ട്. എനിക്കൊരിക്കലുമത് വഴങ്ങില്ല.

പിന്നെ, ഒരു വീട്ടില്‍ രണ്ട് സംവിധായകര്‍ വേണ്ടല്ലോ! നീ, സംവിധാനത്തിലേക്ക് വരണമെന്ന് അച്ഛന്‍ ഇതുവരെ എന്നെ നിര്‍ബന്ധിച്ചിട്ടുമില്ല...സംവിധാനമെന്നല്ല, ഒരു കാര്യത്തിലും അച്ഛന്‍ നിര്‍ബന്ധബുദ്ധി കാണിക്കാറില്ല.

എന്റെ പേര് പറഞ്ഞു ചാന്‍സ് ചോദിക്കരുത്

ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം കൊണ്ടു മാത്രം, ആ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യാന്‍ കഴിയില്ല. പഠിക്കാനേറെയുണ്ട്. അങ്ങനെയാണ് വിഷ്വല്‍ കമ്യൂണിക്കേഷന് ചേരുന്നത്. പഠനത്തിലൂടെ നമുക്ക് ഈ മേഖലയുമായി ബന്ധപ്പെട്ട് അറിവ് കിട്ടും. പക്ഷേ, ആ അറിവ് മാത്രവും പോരാ, അനുഭവം കൂടി വേണം. സിനിമയില്‍ ഫോട്ടോഗ്രഫി ചെയ്യണമെങ്കില്‍, അതാ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ പഠിക്കണം, അവിടെ നില്‍ക്കുമ്പോള്‍ കിട്ടുന്ന എക്‌സ്പീരിയന്‍സ് ഏറെ പ്രധാനമാണ്. അങ്ങനെയാണ് കാമറ അസിസ്റ്റന്റ് ആയി ചേരുന്നത്.

അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യണമെന്ന് തീരുമാനമെടുത്തപ്പോഴും, അതിനുള്ള വഴി സ്വയം കണ്ടെത്താനായിരുന്നു ആഗ്രഹം. ഒരുപക്ഷേ മലയാളം ഇന്‍ഡസ്ട്രിയില്‍ എനിക്ക് എളുപ്പമൊരു എന്‍ട്രി കിട്ടുമായിരുന്നു, കാരണം, മേജര്‍ രവിയുടെ മകന്‍ എന്ന മേല്‍വിലാസമെനിക്കുണ്ട്. എന്റെ പേര് ഉപയോഗിച്ചോ, ഞാന്‍ സഹായിച്ചിട്ടോ അല്ല, നീ നിന്റെ വഴിയിലേക്ക് ഇറങ്ങേണ്ടതെന്ന് എന്നോട് പറഞ്ഞു തന്നിട്ടുള്ളൊരാളാണ് അച്ഛന്‍. അതുകൊണ്ട് തന്നെ അച്ഛന്റെ പേര് പറഞ്ഞ് ചാന്‍സ് തേടേണ്ടെന്നുള്ളത് തുടക്കം മുതലുള്ള തീരുമാനമായിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവും തമിഴിലും മലയാളത്തിലും തെലുഗിലുമെല്ലാം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് കാമറ ചെയ്തിട്ടുമുള്ള തിരു സാറാണ് എന്റെ ആദ്യത്തെ ഗുരു. അദ്ദേഹത്തിനരികിലേക്ക് ഞാന്‍ ചെല്ലുന്നതും സ്വയം കണ്ടെത്തിയ വഴിയായിരുന്നു. തിരു സാറിന്റെ വര്‍ക്കുകള്‍ കണ്ടും, അദ്ദേഹത്തിന്റെ സ്റ്റൈല്‍ ഇഷ്ടപ്പെട്ടുമെല്ലാം ഉണ്ടായ ആരാധനയാണ്, ഒപ്പം ജോലി ചെയ്യണമെന്ന ആഗ്രഹമുണ്ടാക്കിയത്. സാറിനെ പോയി കണ്ടു സംസാരിച്ചു, അദ്ദേഹം എന്നെ കൂടെ നിര്‍ത്തി. പ്രിയദര്‍ശന്‍ സാര്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയില്‍ ആണ് തിരു സാറിനൊപ്പം വര്‍ക്ക് ചെയ്യുന്ന ആദ്യ സിനിമ. പരസ്യ ചിത്രങ്ങളിലും ഞാനദ്ദേഹത്തിന്റെ സഹായിയായി നിന്നിട്ടുണ്ട്. പിന്നീട് തിരു സാര്‍ സംവിധാനത്തിലേക്ക് കടന്നപ്പോഴാണ്, അദ്ദേഹത്തിന്റെ തന്നെ അനുവാദത്തോടെ മറ്റൊരു സിനിമാട്ടോഗ്രാഫറുടെ കൂടെ ചേരുന്നത്. തിരു സാറിന്റെ സംവിധാന സഹായിയായിട്ട് കുറച്ചു ദിവസങ്ങള്‍ നിന്നിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, സംവിധാനം എനിക്ക് അറിയാത്ത, മനസിലാകാത്തൊരു കലയായതുകൊണ്ട്, ചെയ്യുന്ന കാര്യങ്ങളൊന്നും പിടി കിട്ടാതെ വന്നതോടെയാണ്, ഞാന്‍ തത്കാലം വേറെ എവിടെയെങ്കിലും പോയിട്ട് വരട്ടെ എന്നു ചോദിക്കുന്നത്. സാറെനിക്ക് അനുവാദം തരികയും ചെയ്തു.

തിരു സാറിന്റെയടുക്കല്‍ നിന്നും ഞാനെത്തുന്നത് പ്രദീപ് നായര്‍ സാറിന്റെയടുക്കലാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ എന്ന ചിത്രത്തിലാണ് പ്രദീപ് സാറിനൊപ്പം ഞാന്‍ ജോയ്ന്‍ ചെയ്യുന്നത്. ആ പടം കഴിഞ്ഞ് അദ്ദേഹത്തിന് ഒരു ഗ്യാപ്പ് വന്നു, അടുത്ത പടം ആകുമ്പോള്‍ വിളിക്കാമെന്നു പറഞ്ഞു. പിന്നീട് കുറച്ചു നാള്‍ വീട്ടില്‍ തന്നെയിരുന്നു. അപ്പോഴാണ് അച്ഛന്‍ ഒരു സജഷന്‍ മുന്നോട്ടു വയ്ക്കുന്നത്. ജോമോന്‍ ടി ജോണ്‍, നല്ലൊരു സിനിമാട്ടോഗ്രാഫറാണ്, നിനക്കെന്തുകൊണ്ട് അയാളോട് ഒരു ചാന്‍സിന് ട്രൈ ചെയ്തു കൂടാ? അന്ന് ഞങ്ങള്‍ ഒരേ ഫ്‌ളാറ്റിലാണ് താമസം. ഒന്നല്ല, പല തവണ ഞാന്‍ ജോമോന്‍ ചേട്ടനെ കണ്ടു കാര്യം പറഞ്ഞു. കുറെ തവണ ചാന്‍സ് ചോദിച്ചിട്ടുണ്ട്. ഒടുവിലാണ് 'എന്നു നിന്റെ മൊയ്തീന്‍' എന്ന സിനിമയില്‍ എന്നെ അസിസ്റ്റന്റ് ആക്കുന്നത്. അതു കഴിഞ്ഞ് അച്ഛന്‍ സംവിധാനം ചെയ്ത പിക്കറ്റ് 43 എന്ന സിനിമയിലും ജോമോന്‍ ചേട്ടനൊപ്പം ജോലി ചെയ്തു.


ആത്മവിശ്വാസത്തിന്റെ ഫ്രെയിമിലേക്ക്

ഇത്രയൊക്കെ ആയപ്പോള്‍, ഇനി സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായി തുടങ്ങി. പ്രായം കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്രയും നാളത്തെ ജോലികൊണ്ട് ഉള്ളില്‍ ചെറിയ ആത്മവിശ്വാസമൊക്കെ ഉണ്ടായിരുന്നു. എനിക്കും ചെയ്യാന്‍ കഴിയുമെന്നൊരു വിശ്വാസം. എന്നാല്‍, അച്ഛന്‍ ഒരു നിര്‍ദേശം മുന്നോട്ടുവച്ചു, എക്‌സ്പീരിയന്‍ ആയിട്ടുണ്ടാകും, എന്നാലും നീ സിനിമാട്ടോഗ്രാഫിയില്‍ സെപ്ഷ്യലൈസ് ചെയ്യുന്നത് ഗുണം ചെയ്യും. നല്ലൊരു നിര്‍ദേശമാണെന്ന് എനിക്കും തോന്നി. സന്തോഷ് ശിവന്‍ സാറാണ് ന്യുയോര്‍ക്കില്‍ പോകാന്‍ പറയുന്നത്. കാമറ പഠനത്തില്‍ ലോകത്തില്‍ ഏറ്റവും മികച്ച കോച്ചിംഗ് ആണ് അമേരിക്കയില്‍ കിട്ടുന്നത്. ഈ ഫീല്‍ഡിനെക്കുറിച്ച് നല്ല അറിവ് കിട്ടാന്‍ നിനക്കത് സഹായകമാകുമെന്ന് സന്തോഷ് സാര്‍ പറഞ്ഞതോടെ,ഞാന്‍ അങ്ങോട്ട് പറന്നു. പറഞ്ഞതിനെക്കാള്‍ വലിയ എക്‌സ്പീരിയന്‍സ് ആയിരുന്നു ന്യുയോര്‍ക്കിലെ പഠനം എനിക്ക് നേടിത്തന്നത്. കാര്യങ്ങള്‍ കുറേക്കൂടി ക്ലിയര്‍ ആയി. റൈറ്റും ലെഫ്റ്റും സെന്ററമൊക്കെ എന്താണെന്നു ശരിക്കും മനസിലായി. അവിടെ നിന്നും തിരിച്ചു പോരുന്നത് പൂര്‍ണമായ ആത്മവിശ്വാസത്തോടെയാണ്, ഇനി നിനക്ക് സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യാം എന്ന് ഞാന്‍ എന്നോട് തന്നെ ഉറപ്പിച്ചു പറഞ്ഞു.

യു എസ്സില്‍ നിന്നും തിരികെയെത്തിയശേഷം ഞാന്‍ വീണ്ടും തിരു സാറിന്റെ അസിസ്റ്റന്റ് ആവുകയായിരുന്നു. തീരുമാനിച്ച് ചെയ്തതല്ല, ഞാന്‍ യു എസ്സില്‍ ആയിരുന്നപ്പോഴും ഞങ്ങള്‍ കമ്യൂണിക്കേഷന്‍ ഉണ്ടായിരുന്നു. ഓരോ പുതിയ കാമറയും ആദ്യം റിലീസ് ചെയ്യുന്നത് അമേരിക്കയിലാണ്. ലാസ് വേഗാസിലിലെ നെവാഡയില്‍. അവിടെയിറങ്ങി ഒരു വര്‍ഷമൊക്കെ കഴിഞ്ഞിട്ടായിരിക്കും ഇന്ത്യയിലതെത്തുന്നത്. ഓരോ പുതിയ കാമറ ഇറങ്ങുമ്പോഴും തിരു സാര്‍ എന്നെ വിളിക്കും, ആ കാമറ എങ്ങനെയുണ്ട്, നീയതൊന്നു എക്‌സ്പീരിയന്‍സ് ചെയ്തു നോക്കി പറയണമെന്നൊക്കെ സാര്‍ പറയും. ഞാന്‍ ഓരോന്നിനെ കുറിച്ചും എനിക്ക് കിട്ടിയ വിവരങ്ങള്‍ കൈമാറും. അങ്ങനെയൊരു ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. നാട്ടില്‍ വന്നശേഷം ഞാന്‍ തിരു സാറിനെ കാണാന്‍ വേണ്ടി പോയതാണ്. സാര്‍ അപ്പോള്‍ രജനികാന്തിന്റെ പേട്ട ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. എന്നോട് കൂടെ നില്‍ക്കാന്‍ പറഞ്ഞു. ലൈറ്റിംഗ് ഒക്കെ എന്നെക്കൊണ്ട് ചെയ്യിച്ചു. എന്റെ ആത്മവിശ്വാസം കൂട്ടുന്നകാര്യമായിരുന്നതുകൊണ്ട് ആവേശത്തോടെ തന്നെ ചെയ്തു.

എനിക്കിത് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു

പേട്ട കഴിഞ്ഞ് ഞാന്‍ നേരെ പോകുന്നത് ഗോവയിലേക്കാണ്. അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുന്ന സമയം. ആ യാത്രയ്ക്ക് മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു. അച്ഛനാണ് പറഞ്ഞത്, എബ്രിഡ് ഷൈന്‍ ഗോവയിലുണ്ട്, നീയൊന്നു പോയി കാണണമെന്ന്. ഗോവയില്‍ വച്ച് ഞാന്‍ ഷൈന്‍ ചേട്ടനെ കണ്ടു. ഷൈന്‍ ചേട്ടന്‍ മികച്ചൊരു ഫോട്ടോഗ്രാഫറാണ്. സിനിമാട്ടോഗ്രാഫിയെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുള്ളൊരാള്‍. അദ്ദേഹമെന്നോട് ചോദിച്ച കാര്യങ്ങളും അതൊക്കെ തന്നെയായിരുന്നു. ലോ ലൈറ്റില്‍ ഏതു കാമറ ഉപയോഗിക്കാം, ലൈറ്റ് ഇല്ലാതെ ഷൂട്ട് ചെയ്യാന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങളിലായിരുന്നു എന്നില്‍ നിന്നും അദ്ദേഹത്തിനു മറുപടി കിട്ടേണ്ടിയിരുന്നത്. യു എസ്സിലെ പഠനം ഇത്തരം കാര്യങ്ങളില്‍ എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരുന്നു, അതുകൊണ്ട്, ഷൈന്‍ ചേട്ടന് വ്യക്തമായി മറുപടി നല്‍കാനും കഴിഞ്ഞു. പയ്യന്, കാര്യങ്ങളൊക്കെ അറിയാം എന്നൊരു വിശ്വാസം അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടാകാം, അതുകൊണ്ടാണല്ലോ, ദി കുങ്ഫൂ മാസ്റ്റര്‍ എന്ന സിനിമ എന്നെ ഏല്‍പ്പിച്ചത്. ഒരു കാര്യം മാത്രമാണ്, ചേട്ടന്‍, വ്യക്തിപരമായി പറഞ്ഞത്; ഈ സിനിമ എന്റെയൊരു തിരിച്ചു വരവാണ് അതുകൊണ്ട് നീ കുറച്ചെങ്കിലും ഈ സിനിമയെ പേഴ്‌സണലി കാണണം. കുറച്ചല്ല, പൂര്‍ണമായി തന്നെ എന്റെ സ്വന്തം സിനിമ വൈകാരികതയോടെ തന്നെയാണ് കുങ്ഫൂ മാസ്റ്റര്‍ ചെയ്തത്. അതിന്റെ റിസല്‍ട്ട് എനിക്ക് കിട്ടുകയും ചെയ്തു. ആരും മോശം പറഞ്ഞില്ല, കണ്ടവരൊക്കെ നന്നായി ചെയ്തൂ എന്നാണ് പറയുന്നത്.


ഒരുപാട് ബുദ്ധിമുട്ടി തന്നെയാണ് ഇവിടെ വരെ എത്തിയത്

ആദ്യ സിനിമ തന്നെ ആക്ഷന്‍ ആകുന്നത് വളെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമുക്ക് നല്ല ടെന്‍ഷന്‍ തരും. എന്റെ കാര്യം പറഞ്ഞാല്‍, ഞാനത്തരം ടെന്‍ഷന്‍ ഒന്നും അനുഭവിച്ചില്ല. അമേരിക്കയില്‍ പഠിച്ച രീതികളെന്നെ സഹായിച്ചിട്ടുണ്ട്. എനിക്കിത് ഭംഗിയായി ചെയ്യാന്‍ കഴിയുമെന്ന കോണ്‍ഫിഡന്‍സ് ആയിരുന്നു. ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ നിന്നു കിട്ടിയ അറിവ് മാത്രമല്ലല്ലോ, അസിസ്റ്റന്റ് ആയിട്ടും മറ്റും നിന്നു നേടിയെടുത്ത എക്‌സ്പീരിയന്‍സും എനിക്ക് ധൈര്യം തരാനുണ്ടായിരുന്നു. ഞാനിത് ചെയ്യും, ബാക്കിയെല്ലാം വരുന്നതുപോലെ; ആ കോണ്‍ഫിഡന്‍സോടെ ഞാന്‍ കുങ്ഫു മാസ്റ്ററിനു വേണ്ടി കാമറ ചെയ്തു. ആത്മവിശ്വാസം ചതിച്ചു എന്നെനിക്ക് തോന്നിയിട്ടില്ല. എന്റെ തീരുമാനങ്ങള്‍ വിജയിച്ചു എന്നു തന്നെയാണ് കരുതുന്നത്. ഇനിയുമേറെ ചെയ്യാന്‍ കഴിയും. ഏതു ജോണറില്‍ പെട്ട സിനിമയാണെങ്കിലും കുങ്ഫൂ മാസ്റ്റര്‍ കഴിഞ്ഞ് ചെയ്തത് 'വാങ്ക്' എന്ന സിനിമയാണ്. വികെപി സാറിന്റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമ. കുങ്ഫൂ മാസ്റ്ററില്‍ നിന്നും തീര്‍ത്ത വ്യത്യസ്തമായ സിനിമ. സിനിമയുടെ സ്വഭാവം ഏതുമായിക്കോട്ടെ, എന്റെതായൊരു സ്റ്റൈലില്‍ എനിക്കത് ചെയ്യാന്‍ കഴിയും. എനിക്കത് തെളിയിക്കണം. സിനിമയയ്ക്ക് ഭാഷയുണ്ടെന്നു ഞാന്‍ കരുതുന്നില്ല. നല്ല സിനിമകള്‍ ചെയ്യണം. അത് മലയാളത്തിലായാലും തമിഴിലായാലും ബോളിവുഡിലായാലും. വലിയ മത്സരം നടക്കുന്നൊരു ഫീല്‍ഡാണിത്. അതു തിരിച്ചറിഞ്ഞു വേണം മുന്നോട്ടു പോകാന്‍. എനിക്ക് ലക്ഷ്യങ്ങളുണ്ട്. ഇതുവരെയുള്ള വഴികള്‍ തെറ്റിയിട്ടില്ലാത്തതുകൊണ്ട് ഇനിയും പോകാന്‍ കഴിയുമെന്നു തന്നെയാണ് കരുതുന്നത്.

ഒരു സാധാരണക്കാരന്റെ ലെവലില്‍ നിന്നു തന്നെയാണ് ഞാന്‍ അവസരങ്ങള്‍ ചോദിച്ചതും, കിട്ടിയ അവസരങ്ങള്‍ ഉപപയോഗിച്ചതും. നന്നായി ബുദ്ധിമുട്ടി തന്നെയാണ് ഇവിടെ വരെയെത്തിയത്. ഷോര്‍ട്ട് കട്ടിലൂടെയായിരുന്നുവെങ്കില്‍ ഇനിക്കിപ്പോള്‍ ഇത്രയും ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ കഴിയില്ലായിരുന്നു. കുങ്ഫൂ മാസ്റ്റര്‍ പോലൊരു സിനിമ ചെയ്യാന്‍ പറ്റില്ലായിരുന്നു. മുന്നോട്ടു പോകാനുള്ള, എന്റെതായൊരു സ്‌റ്റൈല്‍ ക്രിയേറ്റ് ചെയ്യാനുള്ള ധൈര്യം കിട്ടില്ലായിരുന്നു.

ഇപ്പോള്‍ അച്ഛനെനിക്കൊരു ഓഫര്‍ തന്നിട്ടുണ്ട്

അച്ഛന്റെ സിനിമയില്‍ തുടങ്ങാമായിരുന്നില്ലേ എന്നു ചോദിച്ചവരുണ്ട്. ഈ ചോദ്യത്തിനുള്ള മറുപടി മുന്‍പേ എനിക്ക് അച്ഛന്‍ തന്നെ തന്നിട്ടുണ്ട്; എന്റെ കെയര്‍ ഓഫില്‍ നീ ആദ്യത്തെ പടം ചെയ്താല്‍, നിനക്കായിട്ടൊരു പേരും അതിലൂടെ കിട്ടില്ല. നീ ആദ്യം നിന്റെ കഴിവ് സ്വയം തെളിയിക്കണം, എന്റെ മേല്‍വിലാസത്തിലല്ലാതെ, നിന്റെ പേര് ഇന്‍ഡസ്ട്രിയിലും പ്രേക്ഷകനും അറിയാന്‍ കഴിയണം.

അസിസ്റ്റന്റ് ആകാന്‍ തിരു സാറിനെ കാണാന്‍ ചെന്നപ്പോഴും ഞാന്‍ ഇന്നയാളുടെ മകനാണെന്ന് പറഞ്ഞിരുന്നില്ല. മേജര്‍ രവിയുടെ മകന്‍ ആണെന്ന് അറിയാതെ തന്നെയാണ് തിരു സാര്‍ അദ്ദേഹത്തിനൊപ്പം എന്നെ നിര്‍ത്തിയത്. എന്റെ പേര് പറഞ്ഞ് നീയൊരു ചാന്‍സിന് വേണ്ടി ശ്രമിക്കരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടുള്ളതുകൊണ്ട്, ഇന്നേവരെ എന്റെ സ്വന്തം നിലയ്ക്കു തന്നെയാണ് ഞാന്‍ സിനിമയെ അപ്രോച്ച് ചെയ്യുന്നത്. വ്യക്തിപരമായി അറിയുന്നവര്‍ക്ക് അറിയാം, ഞാന്‍ മേജര്‍ രവിയുടെ മകനാണെന്ന്. അറിയാത്ത ആള്‍ക്കാരോട് ഇതുവരെ പറയാനും പോയിട്ടില്ല, പറയുകയുമില്ല. ചിലപ്പോള്‍, ഞാന്‍ വര്‍ക്ക് ചെയ്യുന്ന സെറ്റിലേക്ക് അച്ഛന്‍ വരാറുണ്ട്, അപ്പോഴാണ് പലരും അറിയുന്നത്, ഞാനദ്ദേഹത്തിന്റെ മകനാണെന്ന്. ആ മേല്‍വിലാസം ഒരു തരത്തില്‍ എനിക്ക് നല്ലതാണ്, പക്ഷേ, ഒരു പ്രൊഫഷണല്‍ എന്ന നിലയ്ക്ക് അതിനനൊരു മോശം വശം കൂടിയുണ്ട്. എന്റെ ഭാഗത്ത് നിന്നൊരു വീഴ്ച്ച സംഭവിച്ചാല്‍, അവന് അഹങ്കാരമാണ്, ഇന്നയാളുടെ മകനായതുകൊണ്ടാണ് എന്നൊക്കെ പറയാനും ആളുകള്‍ മടിക്കില്ല. ഞാന്‍ കാരണം, അച്ഛന്റെ പേരിന് ദോഷം വരരുത്.

ഇപ്പോള്‍ അച്ഛന്‍ എനിക്കൊരു ഓഫര്‍ തന്നിട്ടുണ്ട്. ദി കുങ്ഫൂ മാസ്റ്റര്‍, ഫസ്റ്റ് ഡേ ഫസ്റ്റോ ഷോ ഞാനും അച്ഛനുമായിട്ടാണ് കണ്ടത്. അച്ഛന് സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു. എന്റെ വര്‍ക്കും. വലിയ സന്തോഷമായി... എന്റെ അടുത്ത പടത്തിന്റെ കാമറ നീ ചെയ്യണം എന്നാണ് പറഞ്ഞിരിക്കുന്നത്. എനിക്ക് കിട്ടിയ വലിയൊരു ഓഫര്‍!
രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories