TopTop
Begin typing your search above and press return to search.

'തിന്മയെന്നൊന്നില്ല', ഇറാന്‍ വിലക്കിയ മുഹമ്മദ് റസൂലോഫിന് ബെര്‍ലിന്‍ മേളയില്‍ ഗോള്‍ഡന്‍ ബിയര്‍, 'ഉത്തരവാദിത്തങ്ങള്‍ ഭരണകൂടത്തെ ഏല്‍പ്പിച്ച് മിണ്ടാതിരിക്കില്ലെ'ന്ന് സംവിധായകന്‍

തിന്മയെന്നൊന്നില്ല, ഇറാന്‍ വിലക്കിയ മുഹമ്മദ് റസൂലോഫിന് ബെര്‍ലിന്‍ മേളയില്‍ ഗോള്‍ഡന്‍ ബിയര്‍, ഉത്തരവാദിത്തങ്ങള്‍ ഭരണകൂടത്തെ ഏല്‍പ്പിച്ച് മിണ്ടാതിരിക്കില്ലെന്ന് സംവിധായകന്‍

ഇറാന്‍ ഭരണകൂടത്തിന്‍റെ വിലക്ക് നേരിടുന്ന സംവിധായകന്‍ മുഹമ്മദ് റസൂലോഫിന് ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം. ഇറാനിലെ വധശിക്ഷകളെ വിമര്‍ശിക്കുന്ന 'ദേര്‍ ഈസ് നോ ഈവിള്‍' എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. എന്നാല്‍, 48 കാരനായ റസൂലോഫിന് ഇറാൻ വിട്ടു പോകുന്നതിന് വിലക്കുള്ളതിനാല്‍ പുരസ്കാരം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന് വേണ്ടി അവാർഡ് ഏറ്റുവാങ്ങിയ നിർമ്മാതാവ് ഫർസാദ് പാക്ക് പറഞ്ഞത് ‘ഈ സിനിമയിൽ ജീവിക്കാൻ വേണ്ടി സ്വന്തം ജീവൻ അപകടത്തിലാക്കിയ അസാമാന്യ പ്രതിഭകള്‍ക്ക് പുരസ്കാരം സമര്‍പ്പിക്കുന്നു എന്നാണ്. ഇറാനിലെ വധശിക്ഷയെക്കുറിച്ചുള്ള നാല് വ്യത്യസ്ത കഥകളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നയാൾ മുതൽ ഇരകളുടെ കുടുംബങ്ങളുടെ ജീവിതം വരെ സിനിമ ചര്‍ച്ച ചെയ്യുന്നു. രാജ്യസുരക്ഷയെ അപകടപ്പെടുത്തിയെന്നാണ് റസൂലോഫിനെതിരെ ഇറാന്‍ ഭരണകൂടം ആരോപിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രം ‘സ്വേച്ഛാധിപത്യ ഭരണത്തിനു കീഴില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനെക്കുറിച്ചാണ് എന്ന്’ മൊബൈൽ ഫോൺ വഴി നടത്തിയ വാർത്താ സമ്മേളനത്തിൽ റസൂലോഫ് പറഞ്ഞു. ‘നമുക്ക് വേണമെങ്കില്‍ നമ്മുടെ ഉത്തരവാദിത്വങ്ങളെല്ലാം മാറ്റിവെച്ച് എല്ലാം സര്‍ക്കാരിനെ ഏല്‍പ്പിച്ച് മിണ്ടാതിരിക്കാം. പക്ഷെ, രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടത് അതല്ല’- അദ്ദേഹം വ്യക്തമാക്കി.

വിമർശകർക്കിടയില്‍ ഏറെ സ്വീകരിക്കപ്പെട്ട എലിസ ഹിറ്റ്മാന്റെ ‘Never Rarely Sometimes Always’ എന്ന ചിത്രത്തിനാണ്] സില്‍വര്‍ ബിയര്‍ ജൂറി പുരസ്കാരം ലഭിച്ചത്. അവിചാരിതമായി ഗർഭം അലസിപ്പിക്കേണ്ടി വരികയും അതിനായി ന്യൂയോർക്കിലേക്ക് പോകാൻ നിർബന്ധിതയാകുകയും ചെയ്യുന്ന ഒരു കൌമാരക്കാരിയുടെ കഥയാണ്‌ ചിത്രം പറയുന്നത്. മികച്ച നടനുള്ള സില്‍വര്‍ ബെയര്‍ ‘ഹിഡെന്‍ എവേ’ എന്ന ചിത്രത്തിലൂടെ എലിയോ ജെര്‍മാനോയും, നടിക്കുള്ള പുരസ്കാരം അണ്‍ഡൈന്‍ എന്ന ചിത്രത്തിലൂടെ പൗള ബീറും കരസ്ഥമാക്കി.


Next Story

Related Stories