"ആര്‍ക്കൊക്കെ ഇതില്‍ നിന്ന് മാറണമെങ്കിലും മാറാം ഞാന്‍ ഈ കഥ മാത്രമേ സിനിമയാക്കുകയുള്ളൂ.." മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെ മാറ്റിമറിച്ച സിനിമയായ കിരീടത്തിന് പിന്നണിയില്‍ നടന്ന ചില അഭിപ്രായ വ്യത്യാസങ്ങള്‍ വെളിപ്പെടുത്തി നിര്‍മ്മാതാവ് കിരീടം ഉണ്ണി. "ഹീറോ പരാജയപ്പെടുന്ന സ്ഥലത്താണ് ചിത്രം അവസാനിക്കുന്നത്. അന്നത്തെ കാലത്തു മോഹന്‍ലാലിനെ വച്ച് അത്തരം ഒരു കഥ സിനിമായി കാണാന്‍ പൊതുവെ നിര്‍മ്മാതാക്കള്‍ക്കു താല്പര്യം ഉണ്ടായിരുന്നില്ല." 80കളിലും 90കളിലും ബോക്സോഫീസില്‍ മികച്ച വിജയം നേടുകയും കലാമൂല്യമുള്ളതുമായ നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത നിര്‍മ്മാതാവായ കിരീടം ഉണ്ണി അഴിമുഖത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
"തനിയാവര്‍ത്തനം കണ്ടതിനു ശേഷമാണ് ലോഹിതദാസിന്റെ തിരക്കഥകളോട് എനിക്ക് താല്പര്യം തോന്നിത്തുടങ്ങിയത്. കിരീടത്തിന്റെ ക്ലൈമാക്സ് മാറ്റണം എന്ന് എല്ലാവര്ക്കും അഭിപ്രായമുണ്ടായിരുന്നു. ക്ലൈമാക്സ് മാറ്റിയിട്ട് ഈ സിനിമ ചെയ്യാന്‍ ഞാനില്ല എന്ന് തീര്‍ത്തു പറഞ്ഞു. ഹോട്ടല്‍ ഗീതില്‍ വച്ചുള്ള അവസാനവട്ട ചര്‍ച്ചയിലും ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റണമെന്ന് എല്ലാവരും പറഞ്ഞു. ആര്‍ക്കൊക്കെ ഇതില്‍ നിന്ന് മാറണമെങ്കിലും മാറാം ഞാന്‍ ഈ കഥ മാത്രമേ സിനിമയാക്കുകയുള്ളൂ എന്ന് തീര്‍ത്തു പറഞ്ഞു. പക്ഷെ മോഹന്‍ലാലിന് മാത്രം യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്റെ നിര്‍ബന്ധത്തിനു വഴങ്ങിക്കൊണ്ടു തന്നെ കിരീടത്തിന്റെ ചിത്രീകരണം തുടങ്ങി. കിരീടം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും എന്നതില്‍ എനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു. പക്ഷെ ഇത്രയും വലിയൊരു വിജയത്തിലേക്ക് സിനിമ പോകുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ വിചാരിച്ചില്ല. ലാലിന്റെ അഭിനയ ജീവിതത്തിലും മലയാള സിനിമ ചരിത്രത്തിലും ഒരു നാഴികക്കല്ലായിരുന്നു കിരീടം. അതിനു ശേഷം കിരീടം ഉണ്ണി എന്ന് എനിക്ക് പേരും കിട്ടി." ഉണ്ണി പറഞ്ഞു.
"ലാല്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്തു നില്ക്കുന്ന സമയത്താണ് കിരീടം എന്ന ചിത്രം വരുന്നത്. ലാലിന്റെ അഭിനയജീവിതത്തെ തന്നെ കിരീടത്തിനു മുന്‍പും ശേഷവും എന്ന് വിലയിരുത്താം. ലാലിന്റെ ശരിക്കുള്ള ആക്ടിങ്ങിനെ കണ്ടെത്തിയത് സത്യന് അന്തിക്കാടും പ്രിയദര്‍ശനുമാണ്. ഇവരുടെ സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് ലാലിന് മറ്റൊരു ഇമേജ് വന്നു തുടങ്ങിയത്. ഉണരൂ, രാജാവിന്റെ മകന് എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ താരമൂല്യം വര്‍ദ്ധിച്ചു തുടങ്ങി. ഐ.വി ശശിയുടെ ചിത്രങ്ങളിലൂടെയും ലാല്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പത്മരാജന്, എം.ടി വാസുദേവന്‍ നായര്‍, ടി.ദാമോദരന്‍, ലോഹിതദാസ് തുടങ്ങിയ മികച്ച എഴുത്തുകാരുടെ സിനിമകളില്‍ അഭിനയിക്കാന്‍ ലാലിന് ഭാഗ്യമുണ്ടായി." ഉണ്ണി പറഞ്ഞു. തിരനോട്ടം എന്ന സിനിമ മുതല്‍ തുടങ്ങിയ ബന്ധമാണ് ഞാനും ലാലും തമ്മില്‍.... അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം