TopTop

എന്നെ ഭീമനാക്കിയ ആരിഫാത്ത, അവരുടെ മക്കളുടെ രഘു ഇക്ക; ആരിഫ ഹസന്റെ ഓര്‍മകളില്‍ ഭീമന്‍ രഘു

എന്നെ ഭീമനാക്കിയ ആരിഫാത്ത, അവരുടെ മക്കളുടെ രഘു ഇക്ക; ആരിഫ ഹസന്റെ ഓര്‍മകളില്‍ ഭീമന്‍ രഘു

മലയാളത്തില്‍ ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവായിരുന്നു ആരിഫ ഹസന്‍. മലയാളത്തിലെ ആദ്യത്തെ വനിത നിര്‍മാതാവ് എന്ന വിശേഷണം പേറുന്ന ആരിഫ സിനിമയിലേക്കുള്ള വഴിയൊരുക്കി കൊടുത്തത് നിരവധി പേര്‍ക്കാണ്. അവരില്‍ പലരും പി്ല്‍ക്കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി. തിലകന്‍, ജോഷി, ഉണ്ണിമേരി എന്നീ പേരുകളില്‍ അതില്‍ ചിലതുമാത്രം. ഈ കൂട്ടത്തില്‍ എടുത്തപറയേണ്ടൊരാളാണ് ഭീമന്‍. രഘുവിനെ ഭീമന്‍ രഘുവാക്കി മലയാള സിനിമയില്‍ ഒരു സ്ഥാനം ഉണ്ടാക്കി കൊടുത്തത് ആരിഫയും അവരുടെ ഭര്‍ത്താവ് ഹസനുമാണ്. ഹസന്‍ സംവിധാനം ചെയ്ത ഭീമന്‍ എന്ന സിനിമയിലൂടെയായിരുന്നു രഘുവിന്റെ കടന്നു വരവ്. ആരിഫ ഹസന്‍ വിടപറയുമ്പോള്‍ അവരുമായുണ്ടായിരുന്ന ആത്മബന്ധം ഓര്‍ത്തെടുക്കുകയാണ് ഭീമന്‍ രഘു.

"ഒരു പുതുമുഖ നടനെ സംബന്ധിച്ച് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം, ആദ്യ സിനിമയില്‍ ഒട്ടും സമ്മര്‍ദ്ദമില്ലാതെ അഭിനയിക്കാന്‍ കഴിയുക എന്നതാണ്. ആ ഭാഗ്യം കിട്ടിയൊരാളാണ് ഞാന്‍. അതിന് നന്ദി പറയേണ്ടത്, ഹസനും അദ്ദേഹത്തിന്റെ ഭാര്യ ആരിഫയ്ക്കുമാണ്. ഭീമന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു ഹസന്‍, അദ്ദേഹത്തിന്റെ ഭാര്യയായ ആരിഫയായിരുന്നു സിനിമയുടെ നിര്‍മാതാവ്. ഹസനും ആരിഫയും സ്വന്തം കുടുംബത്തിലെ അംഗമായിട്ടായിരുന്നു എന്നെ കണ്ടതും പരിചരിച്ചതും. ഞാനൊരു പുതുമുഖമാണെന്ന തോന്നല്‍പോലും ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായിട്ടില്ല. എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു ഞാന്‍ ആദ്യമായി ആരിഫത്തായെ കാണുന്നത്. ഹസനിക്കയുടെ കൂട്ടത്തില്‍ ആരിഫത്തായും മൂന്നു മക്കളുമുണ്ടായിരുന്നു. ജയന്റെ മരണശേഷം വരുന്ന സിനിമയായിരുന്നു ഭീമന്‍. ആ സിനിമയിലെ കഥാപാത്രത്തിന് ഞാന്‍ ചേരുമെന്ന് ആദ്യത്തെ കാഴ്ച്ചയില്‍ തന്നെ അവര്‍ ഉറപ്പിച്ചിരുന്നു. പിന്നീടാണ് എന്നോട് മദ്രാസിലേക്ക് ചെല്ലാന്‍ പറയുന്നത്. സെറ്റില്‍ ആരിഫാത്തയും ഉണ്ടാകും. എന്റെ ഓരോ ഷോട്ട് കഴിയുമ്പോള്‍ ഗംഭീരമായിരുന്നു എന്ന് അഭിനന്ദിച്ചുകൊണ്ടു കൈപൊക്കി കാണിക്കും. ഭീമന്‍ വലിയ ഹിറ്റായി. അതുപോലെ ജോഷി സംവിധാനം ചെയ്ത മൂര്‍ഖനും അക്കാലത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമാായിരുന്നു. ഈ സിനിമകളുടെ വിജയത്തിനു പിന്നാലെ മദ്രാസില്‍ വലിയൊരു ബംഗ്ലാവ് ഹസനിക്ക വാങ്ങിയിരുന്നു. അവിടെ നിന്നുകൊണ്ട് പിന്നീട് എത്ര സിനിമകളില്‍ ഞാന്‍ അഭിനയിക്കാന്‍ പോയിട്ടുണ്ട്." ഭീമന്‍ രഘു പറഞ്ഞു.

"നന്നായി ഭക്ഷണം ഉണ്ടാക്കുമായിരുന്നു ആരിഫാത്താ. അതുപോലെ നമ്മളെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കാനും പ്രത്യേക ഉത്സാഹമായിരുന്നു. സ്വന്തം വീട്ടില്‍ നിന്നും കഴിക്കുന്ന അതേ അനുഭവമായിരിക്കും ആരിഫത്താ വിളമ്പി തരുന്നത് കഴിക്കുമ്പോള്‍. മദ്രാസില്‍ ചെന്നാല്‍ അവിടേക്ക് ചെന്നിരിക്കണം. പുറത്തെവിടെയെങ്കിലും ലോഡ്ജിലോ ഹോട്ടലിലോ താമസിക്കാന്‍ സമ്മതിക്കില്ല. ഇവിടെയീ വീടുള്ളപ്പോള്‍ എന്തിനാ വാടകയ്ക്ക് താമസിക്കുന്നതെന്നായിരിക്കും ആരിഫത്താ ചോദിക്കുന്നത്."
ഒരു മൂത്തമകന്റെ സ്ഥാനത്തായിരുന്നു ഹസനിക്കയും ആരിഫാത്തായും തന്നെ കണ്ടിരുന്നത് എന്നു ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു.

"അവരുടെ മക്കള്‍ എന്നെ രഘു ഇക്ക എന്നായിരുന്നു വിളിച്ചിരുന്നത്. ഭീമനു ശേഷവും ആരിഫ എന്റര്‍പ്രൈസസിന്റെ ബാനറില്‍ നിര്‍മിച്ച സിനിമകളിലേക്ക് എന്നെ വിളിച്ചപ്പോഴും ഒരു നടനെന്നതിനെക്കാള്‍ അവരുടെ പ്രിയപ്പെട്ടൊരാള്‍ എന്ന സ്ഥാനമായിരുന്നു എനിക്ക് രണ്ടുപേരും തന്നത്. അക്കാലത്ത് ഞാനും സത്താറും രതീഷുമൊക്കെ ഹസനിക്കയുടെ ടീമിലെ സ്ഥിരം ആളുകളായിരുന്നു. ആരോടാണെങ്കിലും സ്വന്തം കുടുംബത്തിലുള്ളവരോടെന്ന പോലെയായിരുന്നു ആരിഫാത്ത പെരുമാറിയിരുന്നത്. ഇന്നൊന്നും അങ്ങനെ ചിന്തിക്കാന്‍ പോലും കഴിയില്ല." രഘു ഓര്‍മ്മിച്ചു.

"ഹസനിക്കാ നേരത്തെ പോയി. ഇപ്പോള്‍ ആരിഫാത്തയും. സ്‌നേഹിക്കാന്‍ മാത്രാമറിയാമായിരുന്നു രണ്ടു മനുഷ്യര്‍. അവരുടെ സ്‌നേഹവും കരുതലും ഒരിക്കലെങ്കിലും അറിഞ്ഞിട്ടുള്ള ആരും ഹസനിക്കയേയും ആരിഫാത്തയേയും ജീവിതത്തില്‍ മറക്കില്ല. എനിക്കും അവരെ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഈ മരണം, ഏറ്റവും വേണ്ടപ്പെട്ടൊരാളുടെതുപോലെ എന്നെ വേദനിപ്പിക്കുന്നതും അതുകൊണ്ടാണ്." ഭീമന്‍ രഘു പറഞ്ഞു നിര്‍ത്തി.

ഇന്നലെയാണ് മലയാള സിനിമയിലെ ആദ്യ വനിത നിര്‍മാതാവ് ആരിഫ ഹസന്‍ അന്തരിച്ചത്.


Next Story

Related Stories