TopTop
Begin typing your search above and press return to search.

ഞാന്‍ മരിച്ചിട്ടില്ല ജീവനോടെയുണ്ട്; തന്റെ മരണ വാര്‍ത്തകള്‍ നിഷേധിച്ച് ബോളിവുഡ് താരം മുംതാസ്

ഞാന്‍ മരിച്ചിട്ടില്ല ജീവനോടെയുണ്ട്; തന്റെ മരണ വാര്‍ത്തകള്‍ നിഷേധിച്ച് ബോളിവുഡ് താരം മുംതാസ്

തന്റെ മരണവാര്‍ത്തകള്‍ നിഷേധിച്ച് ബോളിവുഡ് മുന്‍താരം മുംതാസ്. ലണ്ടനില്‍ മകള്‍ക്കൊപ്പം താമസിക്കുന്ന മുംതാസ് മരിച്ചുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി വാര്‍ത്തകള്‍ ഇന്റര്‍നെറ്റ് ലോകത്ത് പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ മരണവാര്‍ത്ത നിഷേധിച്ച് ബോളിവുഡ് മുന്‍ താരസുന്ദരിക്ക് നേരിട്ട് രംഗത്ത് വരേണ്ടി വന്നത്.

മകള്‍ തന്യ മദ്വാനിക്കൊപ്പമാണ് 73 കാരിയായ മുംതാസ് ഇപ്പോള്‍ താമസിക്കുന്നത്. തന്യയുടെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടാണ് മുംതാസ് വ്യാജവാര്‍ത്തകള്‍ നിഷേധിച്ചത് താന്‍ ആരോഗ്യവതിയായി തന്നെയുണ്ടെന്ന കാര്യം ആരാധകരെ അറിയിച്ചത് എന്റെ എല്ലാ ആരാധകരോടും, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, നോക്കൂ, ഞാന്‍ മരിച്ചിട്ടില്ല! ഞാന്‍ ജീവനോടെയുണ്ട്, അവര്‍ പറയുന്നതുപോലെ ഞാന്‍ വയസായിട്ടുമില്ല. നിങ്ങളുടെ അനുഗ്രഹം കൊണ്ട് ഞാന്‍ ഇപ്പോഴും ആരോഗ്യവതിയാണ്; മുംതാസ് വീഡിയോയില്‍ പറഞ്ഞു.

ഇതേ വീഡിയോയില്‍ തന്യയും ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ആരാധകര്‍ക്കുള്ള അമ്മയുടെ സന്ദേശം എന്ന നിലയില്‍ എഴുതിയ കുറിപ്പില്‍ തന്യ പറയുന്നത്, അമ്മ ആരോഗ്യത്തോടെയിരിക്കുമ്പോള്‍ അവര്‍ മരിച്ചെന്ന തരത്തില്‍ മറ്റൊരു വ്യാജവാര്‍ത്ത കൂടി പരക്കുകയാണ്. അമ്മ കാന്‍സറുമായി പൊരുതിക്കൊണ്ടിരുന്ന സമയത്തെ ഒരു ചിത്രമെടുത്താണ് പ്രചരിപ്പിച്ചത്. ആ സമയത്തെ ചിത്രമായതുകൊണ്ടാണ് അമ്മ പ്രായമായതുപോലെ ഇരിക്കുന്നത്. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയും സുന്ദരിയുമാണ് അമ്മ. 73 വയസായില്ലെ ഇനി അമ്മ വിശ്രമിക്കട്ടെ; തന്യ കുറിച്ചു. 2010 ലാണ് മുംതാസിന് കാന്‍സര്‍ വന്നത്. അതില്‍ നിന്നും താരം രോഗമുക്തയായെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ വര്‍ഷവും മുംതാസ് മരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. അന്നും ഇതുപോലെ മരണവാര്‍ത്ത നിഷേധിച്ച് മുംതാസിനും കുടുംബത്തിനും രംഗത്ത് വരേണ്ടി വന്നു.


Next Story

Related Stories