TopTop
Begin typing your search above and press return to search.

കൊറോണക്കാലത്ത് കണ്ടുമുട്ടിയ സൂപ്പര്‍ പന്നി, പാരസൈറ്റ് സംവിധായകന്റെ നെറ്റ്ഫ്ലിക്സ് സിനിമ 'ഓക്ജ' ഹൃദ്യമായ അനുഭവം

കൊറോണക്കാലത്ത് കണ്ടുമുട്ടിയ സൂപ്പര്‍ പന്നി, പാരസൈറ്റ് സംവിധായകന്റെ നെറ്റ്ഫ്ലിക്സ് സിനിമ ഓക്ജ ഹൃദ്യമായ അനുഭവം

ഒരുപാട് വീഴ്ചകള്‍ക്ക് ശേഷം മിറാണ്ടോ കോര്‍പ്പറേഷന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് പുതിയ സി. ഇ. ഒ. ലൂസി മിറാണ്ടോയുടെ കീഴിലെ ‘ദി സൂപ്പര്‍ പിഗ് കോമ്പറ്റിഷന്‍ ‘. അതിന്റെ ഭാഗമായാണ് പ്രകൃതിയുടെ സമ്മാനം എന്ന് അവര്‍ വിശേഷിപ്പിച്ച, അവരുടെ പരീക്ഷണ ശാലയില്‍ വെച്ചു ജനിറ്റിക് എഞ്ചിനീയറിംഗിലൂടെ സൃഷ്ടിച്ച, 26 സൂപ്പര്‍ പന്നികളെ ലോകത്തിലെ പല ഭാഗങ്ങളിലെ 26 കര്‍ഷകര്‍ക്ക് 10 വര്‍ഷത്തേക്ക് വളര്‍ത്താനായി കൊടുക്കുന്നത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും നല്ല പന്നിയെ തിരഞ്ഞെടുക്കും എന്നും , അതിനെ വളര്‍ത്തിയ കര്‍ഷകനെ വിജയിയായി പ്രഖ്യാപിക്കും എന്നുമായിരുന്നു വാഗ്ദാനം. അതുകൂടാതെ ന്യൂയോര്‍ക്കില്‍ വച്ച് ആ പന്നിയെ ലോകത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കാനും അവര്‍ തീരുമാനിച്ചിരുന്നു. പാരസൈറ്റ് എന്ന ചിത്രത്തിലൂടെ 2020 ലെ ഓസ്കാര്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ പ്രശസ്ത കൊറിയന്‍ സംവിധായകന്‍ ബോങ് ജൂണ്‍ ഹോ 2017ല്‍ സംവിധാനം ചെയ്ത ഒക്ജയുടെ കഥാ പശ്ചാത്തലം ഇതാണ്. എന്നാല്‍ മനുഷ്യനും പ്രകൃതിയും നമ്മിലുള്ള മനോഹരമായ ബന്ധത്തിന്റെ കഥ കൂടി പറയുന്നുണ്ട് ഈ നെറ്റ്ഫ്ലിക്സ് ചലച്ചിത്രം. കൊറിയന്‍ ഗ്രാമീണ ബാലിക മിജയും സൂപ്പര്‍ പന്നി ഒക്ജയും തമ്മിലുള്ള അസാധാരണ ഹൃദയ ബന്ധത്തിന്റെ കഥയില്‍ മൃഗ സംരക്ഷണത്തിന്റെ സന്ദേശം കൂടി അവതരിപ്പിക്കുന്നുണ്ട് സിനിമ. മിറാണ്ടോ കോര്‍പ്പറേഷന്‍ തിരഞ്ഞെടുത്ത 26 കര്‍ഷകരുടെ കൂട്ടത്തിലെ കൊറിയയിലെ ഒരു മലയോര ഗ്രാമത്തിലെ കര്‍ഷകന്റെ പേരക്കുട്ടിയാണ് 14 വയസ്സുകാരിയായ കഥാനായിക മിജ. അവളുടെ നാലു വയസ്സു മുതലെ ആ പന്നി കൂടെ ഉണ്ട്. അവള്‍ അതിനെ ഒക്ജ എന്ന ഓമനപ്പേരിട്ടാണ് വിളിച്ചിരുന്നത്. സിനിമയുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഒക്ജയും മിജയും തമ്മിലുള്ള ആത്മബന്ധം മനോഹരമായ രീതിയില്‍ ആവിഷ്കരിച്ചിട്ടുണ്ട്. കാട്ടിലൂടെ നടന്ന് പഴങ്ങള്‍ ശേഖരിച്ചും മീന്‍ പിടിച്ചും മരത്തണലില്‍ കിടന്നുറങ്ങിയും ഇവര്‍ തമ്മിലുള്ള അടുപ്പത്തെ ഹൃദയസ്പൃക്കായി ചിത്രീകരിച്ചിട്ടുണ്ട് സംവിധായകന്‍. ആ മലയോര ഗ്രാമത്തിന്റെ സൌന്ദര്യം അതിനു നിറക്കൂട്ട് പകരുന്നു. മലമുകളില്‍ നിന്ന് വീഴാന്‍ പോയ മിജയെ സ്വന്തം ജീവന്‍ പോലും കൊടുത്തു രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒക്ജയെ നമുക്ക് കാണാം.

ഒരു ദിവസം അവള്‍ എന്നും ടി‌വിയില്‍ കാണാറുള്ള ജോണി എന്ന സുവോളജിസ്റ്റും മറ്റ് ചിലരും അവളുടെ വീട്ടില്‍ വരുന്നു. അവര്‍ ആ പന്നിയുടെ വീഡിയോ എടുക്കുകയും ഇംഗ്ലിഷില്‍ സംസാരിക്കുകയും ചെയ്യുന്നു. പക്ഷേ മിജയ്ക്ക് എന്താണ് സംഭവിക്കുന്നത് എന്നു മനസിലാവുന്നില്ല. അപ്പോളാണ് അവളുടെ അപ്പൂപ്പന്‍ അവളെയും കൂട്ടി അവളുടെ അച്ഛന്റെയും അമ്മയുടെയും ശവകുടീരത്തിന്റെ അടുത്തു ചെല്ലുന്നത്. അവിടെ വച്ച് അദ്ദേഹം അവള്‍ക്ക് സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കിയ ഒരു പന്നിയുടെ രൂപം സമ്മാനിക്കുകയും ഒക്ജയെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോവുകയാണ് എന്ന സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. വീട്ടിലേക്ക് ഓടിയെത്തിയ മിജ ഒക്ജ അവിടെ ഇല്ലെന്നു മനസിലാക്കുന്നു. ഒക്ജയെ തേടിയുള്ള അവളുടെ യാത്രയും അതിനിടയില്‍ അവള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ട് പോകുന്നത്. സിയോളിലേക്കാണ് ഒക്ജയെ കൊണ്ടുപോയിരിക്കുന്നത് എന്നു മനസിലാക്കിയ മിജ വീട് വിട്ടു അങ്ങോട്ട് പോകുന്നു. ഒരുപാട് ശ്രമങ്ങള്‍ക്ക് ശേഷം അവള്‍ ഒക്ജയെ കണ്ടുപിടിക്കുന്നു. അപ്പോഴാണ് അവള്‍ തിരിച്ചറിയുന്നത് ഒക്ജയെ അന്വേഷിച്ച് വേറെയും ആളുകള്‍ ഉണ്ട് എന്ന്. എ‌. എല്‍‌. എഫ് എന്നു ചുരുക്കി പറയാവുന്ന ആനിമല്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന ഗ്രൂപ്പിലെ ആളുകള്‍ ആയിരുന്നു അത്. അവര്‍ ഒക്ജയെ അവിടുന്നു രക്ഷപെടാന്‍ സഹായിക്കുന്നു. ഒക്ജയെ ഉപയോഗിച്ച് മിറാണ്ടോ കോര്‍പ്പറേഷന്‍റെ ക്രൂരതകള്‍ ലോകത്തിന് മുന്‍പില്‍ തുറന്നു കാട്ടാനായിരുന്നു അവരുടെ പദ്ധതി. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന മനുഷ്യരുടെ ഈ ലോകത്ത് ഒന്നും മിണ്ടാന്‍ കഴിയാതെ ക്രൂരതകള്‍ സഹിക്കുന്ന മൃഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഈ സിനിമയില്‍ നമുക്ക് കാണാം. ജനറ്റിക് എന്‍ജിനിയറിങ് മനുഷ്യ സമൂഹത്തിന് ഒരുപാട് പുരോഗതികള്‍ കൊണ്ടുവരുന്നതിന് സഹായിക്കുന്നുണ്ട് എങ്കിലും അത് ബിസിനസ്സിന് വേണ്ടി ഉപയോഗിക്കുന്നതിന്റെ തെറ്റുകളെയാണ് ഒക്ജയിലൂടെ ബോങ് ജൂണ്‍ ഹോ ചോദ്യം ചെയ്യുന്നത്.


Next Story

Related Stories