TopTop
Begin typing your search above and press return to search.

ആറ് തവണ സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയ കൈകളില്‍ തെളിഞ്ഞു കിടപ്പുണ്ട് അവരുടെ അഭൂതപൂര്‍വമായ ചരിത്രം, ഉര്‍വശിയുടെ വിരലുകള്‍ അഭിനയിച്ചു ഈ ചിത്രത്തില്‍

ആറ് തവണ സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയ കൈകളില്‍ തെളിഞ്ഞു കിടപ്പുണ്ട് അവരുടെ അഭൂതപൂര്‍വമായ ചരിത്രം, ഉര്‍വശിയുടെ വിരലുകള്‍ അഭിനയിച്ചു ഈ ചിത്രത്തില്‍

വിരലുകള്‍ അഭിനയിച്ചു, കണ്ണുകള്‍ അഭിനയിച്ചു എന്നൊക്കെ പറയുന്നത് ഇപ്പൊ ഒരു ട്രോള്‍ മെറ്റിരിയല്‍ ആയി മാറിയെങ്കിലും അപൂര്‍വമായി ആ വാചകങ്ങള്‍ അതിന്റെ നിലവാരം കാത്തുസൂക്ഷിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്.

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ഈ സീനിന്റെ തുടക്കം നോക്കുക, നിക്കിയെ വരവേല്‍ക്കുന്ന ഷേര്‍ലി വളരെ സൗമ്യയാണെങ്കികും പറയാന്‍ പോകുന്നത് നിക്കിയെ വേദനിപ്പിക്കുന്ന, അതിനൊപ്പം താനും വേദനിക്കുന്ന ഒരു കാര്യമാണെന്ന് അവരുടെ ഭാവങ്ങളില്‍ നിന്ന് വ്യക്തമാണ്. എബി വരാഞ്ഞതിലുള്ള നിക്കിയുടെ ജിജ്ഞാസയെ ആദ്യം വളരെ പതുക്കെ കാര്യം പറയുന്നുണ്ടെങ്കിലും വിഷയത്തിലേക്ക് എങ്ങനെ കൊണ്ടു വരും എന്ന സംശയത്തില്‍ ഷേര്‍ലി ബാഗ് ഒക്കെ പരതുന്നുണ്ട്. പതുക്കെ സംസാരം തുടങ്ങുമ്പോള്‍ നിക്കിയുടെ മുഖത്ത് നോക്കാതെ നോട്ടം മാറ്റി മാറ്റി ധൈര്യം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ശേഷം തറയില്‍ നിന്നുള്ള നോട്ടം നിക്കിയുടെ കണ്ണുകളിലേക്ക് നട്ട് അവര്‍ ആ അപ്രിയ സത്യം തുറന്നു പറഞ്ഞ് വേദനയുടെ താഴ് തുറക്കുന്നു. അതിനു ശേഷം ആ സത്യം അക്സെപ്റ്റ് ചെയ്യാന്‍ നിക്കിയ്ക്ക് സമയം കൊടുത്ത് ഷേര്‍ലി നിശ്ശബ്ദയാകുന്നു.

എബിയുടെ ഡാഡ്‌ന് ഇഷ്ടമായിക്കാണില്ലേ എന്നുള്ള നിക്കിയുടെ അവസാന പിടച്ചിലില്‍ അവളുടെ കൈ ചേര്‍ത്തു പിടിച്ച് ഷേര്‍ലി, തന്റെ വേദന സുഹൃത്തിനോടെന്നപോലെ നിക്കിയോട് തുറന്നു പറയുന്നു. ആ സമയവും അവരുടെ കൈകളും കണ്ണുകളും പരതുകയാണ്. തന്റെ മകന്‍ അവന്റെ അച്ഛനെപ്പോലെയാണ് എന്നു പറയുന്ന നിമിഷം അവര്‍ വല്ലാതെ ചിതറിത്തെറിക്കുന്നു. ഒരുപക്ഷേ ഷേര്‍ലി നിക്കിയുടെ കൈപിടിച്ചത് നിക്കിയെ ആശ്വസിപ്പിക്കാന്‍ ആയിരിക്കില്ല, പകരം തന്റെ പ്രതീക്ഷകള്‍ക്കൊപ്പം എത്താതെ നഷ്ടപ്പെട്ടു പോയ മകനെ എവിടെയോ നഷ്ടപ്പെട്ടുപോയി എന്ന വേദന ആരോടെങ്കിലും ഒന്ന് തുറന്നു പറഞ്ഞ് ആശ്വാസം കണ്ടെത്താനായിരിക്കും. അവിടെയൊക്കെയും കണ്ണുകള്‍ പരതി നടന്നിട്ടും, നീ അങ്ങോട്ട് വരണ്ട എന്ന് ഷേര്‍ലി നിക്കിയുടെ കണ്ണില്‍ നോക്കി ദൃഢമായി തന്നെയാണ് പറയുന്നത്. തന്റെ ജീവിതത്തിന്റെ ആവര്‍ത്തനം ഇനി ഉണ്ടാകണ്ട എന്നോ, ഒരുപക്ഷേ നിന്നെ എബി അര്‍ഹിക്കുന്നില്ല എന്നോ ആയിരിക്കാം അതിന്റെ അര്‍ത്ഥം.

മകളെപ്പോലെ, സുഹൃത്തിനെപ്പോലെ, മരുമകളെപ്പോലെ കണ്ട ഒരിഷ്ടത്തെ വേദനിപ്പിക്കാതിരിക്കാന്‍ ഒരു ചിരി കൂടി ഷേര്‍ലി അതിലേക്ക് ഇടുന്നു. ഒരേസമയം മകനെയും മരുമകളെയും നഷ്ടപ്പെട്ട വേദനയില്‍ അറിയാതെ കണ്‍പോളകളുടെ വിലക്ക് ലംഘിച്ച് കണ്ണീര്‍ ഊര്‍ന്നു വീഴുന്നുണ്ട്. ഒടുവില്‍ തന്നോട് യാത്ര പറഞ്ഞ് പോകാന്‍ ഒരുങ്ങുന്ന നിക്കിയ്ക്ക് കുറച്ചുനേരം കൂട്ടു നില്‍ക്കാനും, വിഷമിച്ചു നില്‍ക്കുന്ന ഹോട്ടല്‍ വെയിറ്റര്‍ക്ക് ആശ്വാസമാകാനും അവര്‍ തന്റെ വേദനയ്ക്ക് കടിഞ്ഞാണിട്ടു ഒരു കള്ളം പറഞ്ഞ് നിക്കിയെ തടുക്കുന്നു. അവസാനം പറഞ്ഞ ആ കള്ളത്തെ ഒരു ചെരുപ്പുകടയില്‍ ഉപേക്ഷിച്ച് അവര്‍ യാത്ര പറയുമ്പോള്‍ കെട്ടിപ്പിടിച്ചതിനു ശേഷം ഓട്ടോയില്‍ കയറിയ ഷേര്‍ലി തിരിഞ്ഞു നോക്കാതെ കൈ പുറത്തേക്കിട്ട് യാത്ര പറയുന്നു. അത്രമേല്‍ പ്രിയപ്പെട്ട, സ്വന്തമെന്നു കരുതിയ ഒന്നിനെ ഒറ്റയ്ക്കാക്കി പോകുന്ന നൊമ്പരം, അവ്യക്തമായ ഷേര്‍ലിയുടെ മുഖത്തേക്കാള്‍ ഉപരി ആ കൈവിരലുകളില്‍ തെളിയുന്നുണ്ട്.

എനിക്കുറപ്പാണ് നീങ്ങിമറയുന്ന ആ ഓട്ടോയ്ക്കുള്ളില്‍ ഷേര്‍ലി കരയുകയായിരിക്കാം. നഷ്ടപ്പെട്ടതിന്റെ, തോറ്റുപോയതിന്റെ, ഒറ്റയ്ക്കായിപോയതിന്റെ ഒക്കെ വേദനകള്‍ ഒഴുകിയിറങ്ങുമ്പോള്‍, ചീറിപ്പായുന്ന ഓട്ടോയ്ക്കുള്ളിലേക്ക് അനുവാദമില്ലാതെ ഇരുവശത്തുനിന്നും കയറി വന്ന കാറ്റ് ആ കണ്ണീര് തുടച്ചിട്ടുണ്ടാകും.

പരുക്കനായ, വന്യമായ കഥാപാത്രങ്ങള്‍ ഇല്ലാതെ കഥകളില്‍ മലയാളി സ്ത്രീയെ ഒരു മായവുമില്ലാതെ അഭിനയിച്ച ഉര്‍വശി എന്ന നടിയുടെ, ആറ് തവണ സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയ കൈകളില്‍ തെളിഞ്ഞു കിടപ്പുണ്ട് അവരുടെ അഭൂതപൂര്‍വമായ ചരിത്രം.

*ഫേസ്ബുക്ക് പോസ്റ്റ്


Next Story

Related Stories