TopTop
Begin typing your search above and press return to search.

കൈവിടില്ല, കരുതലേകി കൂടെയുണ്ടാകും; ബി. ഉണ്ണികൃഷ്ണന്‍ സംസാരിക്കുന്നു

കൈവിടില്ല, കരുതലേകി കൂടെയുണ്ടാകും; ബി. ഉണ്ണികൃഷ്ണന്‍ സംസാരിക്കുന്നു

കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക് ഡൗണ്‍ മലയാള സിനിമ മേഖലയേയും പൂര്‍ണമായി സ്തംഭിപ്പിച്ചിരിക്കുകയാണ്. ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ സിനിമ മേഖലയില്‍ ജോലി ചെയ്തുവരുന്ന ആയിരക്കണക്കിന് ദിവസവേതനക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തില്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് കരുതലുമായി രംഗത്തു വന്നിരിക്കുകയാണ് ഫെഫ്ക. സിനിമ മേഖലയില്‍ മാത്രമല്ല, അതീവഗുരതരമായൊരു ഘടത്തിലൂടെ കടന്നു പോകുന്ന സമൂഹത്തിനും തങ്ങളാല്‍ കഴിയുന്ന സേവനങ്ങള്‍ ചെയ്യാന്‍ തയ്യാറായിരിക്കുകയാണ് ഫെഫ്ക. ഇക്കാര്യങ്ങളെക്കുറിച്ച് സംഘടന ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍ അഴിമുഖത്തോട് സംസാരിക്കുന്നു. ഇതുപോലെ നീണ്ടകാലത്തെയൊരു സ്തംഭവനാവസ്ഥ ഓര്‍മയിലില്ല. പടൈപ്പാളി മൂവ്‌മെന്റിന്റെ കാലത്തൊക്കെ തമിഴ് സിനിമ സമാനമായ പ്രതിസന്ധി നേരിട്ടിട്ടുണ്ടെങ്കിലും മലയാള സിനിമയെ സംബന്ധിച്ച് ഇത് ആദ്യാനുഭവമാണ്. നമുക്കിത് ഒട്ടും പരിചയമില്ലാത്തൊരു അവസ്ഥയാണ്. അയ്യായിരത്തിലധികം ദിവസവേതനക്കാര്‍ ജോലിയെടുക്കുന്നൊരു വ്യവസായ മേഖലയാണ് മലയാള സിനിമ. ഫെഫ്കയുടെ കീഴിലുള്ള 19 സംഘടനകളിലുള്ള, ചീഫ് ടെക്‌നീഷ്യന്‍സ് എന്നു വിളിക്കാവുന്നവര്‍ ഉള്‍പ്പെടെ 70 ശതമാനത്തോളം അംഗങ്ങളും വലിയ സാമ്പത്തിക ഭദ്രതയില്ലാത്തവരാണ്. സംവിധായകര്‍, ഛായാഗ്രാഹകര്‍, എഴുത്തുകാരൊക്കെ ഇതില്‍പ്പെടും. ഒരു സിനിമ ചെയ്തിട്ട് വര്‍ഷങ്ങള്‍ക്കു മേലെയായ സംവിധായകരൊക്കെ ഈക്കൂട്ടത്തിലുണ്ട്. അതുകൊണ്ട്, നിലവിലെ പ്രതിസന്ധി ദിവസ വേതനക്കാരെ മാത്രമല്ല, എല്ലാവരെയും ബാധിക്കുന്നതാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം തേടാന്‍ പരിമിതികളുണ്ട്. സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ക്ഷേമനിധി രൂപീകരിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നുള്ള സഹായത്തിന് പരിമിതികളുണ്ട്. ക്ഷേമനിധി ബോര്‍ഡിനു കീഴിലുള്ള അംഗങ്ങള്‍ക്ക് പെന്‍ഷന്‍ മുന്‍കൂറായി ലഭിക്കും, ചികിത്സചെലുകള്‍ക്ക് സഹായം കിട്ടും എന്നൊക്കെയല്ലാതെ, ക്ഷേമനിധി ആക്ട് അനുസരിച്ച് മറ്റ് സൗകര്യങ്ങള്‍ ലഭിക്കുക ബുദ്ധിമുട്ടാണ്. ക്ഷേമനിധിയുമായി ബന്ധപ്പെട്ട് കൃത്യമായി നിര്‍വചിക്കപ്പെട്ട കാര്യങ്ങള്‍ക്കെ സഹായം കിട്ടൂ. ഇതുപോലെയൊരു ദുരന്തകാലത്ത് അനുവദിക്കുന്ന ഇടക്കാലാശ്വാസത്തിന്റെ വ്യവസ്ഥകള്‍ ക്ഷേമനിധി ആക്ടില്‍ ഇല്ല. സര്‍ക്കാരിനും ഇക്കാര്യത്തില്‍ പരിമിതികളുണ്ട്. ഈയൊരു ഘട്ടത്തില്‍ സംഘടനയ്ക്ക് ചെയ്യാന്‍ കഴിയുന്നത് സ്വയം പര്യാപ്തതയോടെ സാഹചര്യം കൈകാര്യം ചെയ്യുകയെന്നതാണ്. അതിന്റെയടിസ്ഥാനത്തിലാണ് ബുദ്ധിമുട്ടിലായ അംഗങ്ങളുടെ സഹായത്തിനായി ഒരു വെല്‍ഫെയര്‍ ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിക്കുന്നത്. മൂന്നു രീതിയിലാണ് ഫണ്ട് സമാഹരിക്കുന്നത്. ഫെഫ്കയുടെ കീഴില്‍ 19 ട്രേഡ് യൂണിയനുകളുണ്ട്. ഓരോ യൂണിയനും നിര്‍ബന്ധിതമായി സംഭവാന ചെയ്യണം. ഇതുവഴി 19 യൂണിയനുകളില്‍ നിന്നുള്ള ഒരു തുക ലഭിക്കും. യൂണിയനുകളിലെ സാമ്പത്തികഭദ്രതയുള്ള അംഗങ്ങള്‍ വ്യക്തിപരമായി സംഭാവന നല്‍കണം. അതായത്, ഡയറക്ടേഴ്‌സ് യൂണിയന്‍ സംഭാവന ചെയ്താലും, അതേ യൂണിയനില്‍പ്പെട്ട സാമ്പത്തിക ഭദ്രതയുള്ളൊരു സംവിധായകന്‍ തന്റെ വ്യക്തിപരമായ വിഹിതവും നല്‍കണം. സിനിമ വ്യവസായവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരായ, നിര്‍മാതാക്കള്‍, തിയേറ്റര്‍ ഉടമകള്‍ എന്നിവരില്‍ നിന്നും സംഭാവന സ്വീകരിക്കും. ഇതുകൂടാതെ, സിനിമ പ്രേമികളായ അഭ്യൂദയകാംക്ഷികള്‍ക്കും തങ്ങളാല്‍ കഴിയുന്നത് സംഭവാന ചെയ്യാം. ആരായാലും അവരവര്‍ക്ക് കഴിയുന്ന തുക, അതിന്റെ വലിപ്പ ചെറുപ്പം പ്രശ്‌നമല്ല, ഈ വെല്‍ഫെയര്‍ ഫണ്ടിലേക്ക് സംഭവനായായി നല്‍കാവുന്നതാണ്. ഈ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വിഷുവിനും, സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ജൂണില്‍ രണ്ടാമത്തെ ഗഡുവും നല്‍കാനാണ് തീരുമാനം. ലോക് ഡൗണ്‍ കാലം നീണ്ടുപോവുകയാണെങ്കില്‍, അതിനനുസരിച്ച് ഫണ്ട് വികസിപ്പിക്കേണ്ടതിനെ കുറിച്ച് ആലോചിക്കും.സമ്പത്തിക സഹായത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ അതാത് യൂണിയനുകളുടെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളുടെ വരുമാനം, ഭാര്യയുടെ വരുമാനം, ആശ്രിതരുടെ എണ്ണം, അവരുടെ ആരോഗ്യസ്ഥിതി തുടങ്ങി കാര്യങ്ങള്‍ പരിശോധിച്ചായിരിക്കും സഹായം നല്‍കുന്നത്. ഫെഫ്കയ്ക്ക് കീഴില്‍ വരാത്ത തൊഴിലാളികളും സഹായം അഭ്യര്‍ത്ഥിച്ച് സംഘടനയെ സമീപിക്കുന്നുണ്ട്. മനുഷ്യത്വപരമായ സഹായം അവര്‍ക്കും ലഭ്യമാക്കാന്‍ സംഘടന ആലോചിക്കുന്നുണ്ട്.

ഈ തൊഴിലാളി സംഘടന രൂപം കൊണ്ടിട്ടിത് പന്ത്രണ്ടാമത്തെ വര്‍ഷമാണ്. ഇത്രയും വര്‍ഷംകൊണ്ട് ഈ സംഘടനയില്‍പ്പെട്ട എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറുപത് വയസ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇതെല്ലാം സ്വയം പര്യാപ്തതയിലൂടെ സാധ്യമാക്കിയതാണ്. എല്ലാ യൂണിയനുകള്‍ക്കും അവരുടെതായ ആസ്തിയുണ്ട്. സ്വന്തമായി ആസ്തിയില്ലെന്നു പറയാവുന്നത് അപെക്‌സ് ബോഡിയായ ഫെഫ്കയ്ക്ക് മാത്രമാണ്. ബാക്കിയുള്ള സ്വതന്ത്ര യൂണിയനുകളെല്ലാം ഭദ്രമാണ്. അതുകൊണ്ട് തന്നെ സിനിമ മേഖലയില്‍ ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ സംഘടനയ്ക്കു കഴിഞ്ഞിട്ടുമുണ്ട്. ആ മാറ്റത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സംഘടനയിലെ അംഗങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം, ഈ പ്രത്യേക ചുറ്റുപാടില്‍ എന്താണ് സമൂഹത്തിനുവേണ്ടി ചെയ്യാന്‍ കഴിയുന്നതെന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. പ്രളയകാലത്ത്, മാതൃകപരമായ സേവനം സംഘടന നടത്തിയിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തി അവശ്യമായ സാധനങ്ങള്‍ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു. കൂടാതെ, സംഘടന പിരിച്ചെടുത്ത 25 ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനയും ചെയ്തിരുന്നു. ഇപ്പോള്‍ എന്താണ് നമുക്ക് ചെയ്യാന്‍ പറ്റുന്നതെന്നാണ് ഞങ്ങള്‍ ആലോചിച്ചത്. നിലവില്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സമയത്ത് സംഘടനയുടെ മാനവശേഷിയും അടിസ്ഥാനസൗകര്യങ്ങളും സമൂഹത്തിന് സഹായകരമായ രീതിയില്‍ ഉപയോഗപ്പെടുത്താം. ഇങ്ങനെയൊരു ആശയം യൂണിയന്‍ സെക്രട്ടറിമാരോട് പങ്കുവച്ചു. അതിന്റെ ഭാഗമായിട്ടായിരുന്നു, പ്രധാനപ്പെട്ട ടെക്‌നീഷ്യന്മാരെല്ലാം ചേര്‍ന്ന് കൊറോണ ബോധവത്കരണത്തിലൂന്നിയ ഒമ്പത് ഹൃസ്വ ചിത്രങ്ങള്‍ ചെയ്തത്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് അവയ്ക്ക് സമൂഹത്തില്‍ നിന്നും കിട്ടിയത്. അടിസ്ഥാനവര്‍ഗ തൊഴിലാളി യൂണിയനുകളും ഈ ഉദ്യമത്തില്‍ പങ്കു ചേര്‍ന്നു. ഡ്രൈവേഴ്‌സ് യൂണിയന്‍, അവരുടെ കൈവശമുള്ള നാന്നൂറിനടുത്ത് വാഹനങ്ങളും അതിലെ ഡ്രൈവര്‍മാരും സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറാണെന്നു അറിയിച്ചു. എപ്പോള്‍ വേണമെങ്കിലും ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങാന്‍ തങ്ങള്‍ തയ്യാറാണെന്ന് അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയും സര്‍ക്കാര്‍ ഈ വാഗ്ദാനം സ്വീകരിക്കുകയും ചെയ്തു. മെസ് വര്‍ക്കേഴ്‌സ് യൂണിയനും പ്രൊഡക്ഷന്‍ അസിസ്റ്റന്റ് യൂണിയനും ഇതുപോലെ രംഗത്തു വന്നു. അവരുടെ കൈവശം പാത്രങ്ങളുണ്ട്, തൊഴിലാളികളുണ്ട്. വലിയ സ്ഥലങ്ങളുണ്ട്. ഷൂട്ടിംഗിന് ഭക്ഷണം തയ്യാറാക്കുന്നവരാണ് തങ്ങളെന്നും, ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുന്ന സമയമാതുകൊണ്ട്, സാധനങ്ങള്‍ എത്തിച്ചു നല്‍കിയാല്‍ നിരലാംബരായവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാമെന്നവര്‍ അറിയിച്ചു.അവര്‍ ആവശ്യപ്പെട്ടതുപോലെ സാധനങ്ങള്‍ വാങ്ങി നല്‍കി. അന്നം എന്നു പേരിട്ടിരിക്കുന്ന ഭക്ഷണ വിതരണ പദ്ധതി അഞ്ഞൂറ് പേര്‍ക്ക് ആദ്യദിവസം ഭക്ഷണം നല്‍കി എറണാകുളത്ത് തുടക്കവും കുറിച്ചു അടുത്ത ദിവസം ആയിരം പേര്‍ക്ക് ഭക്ഷണ വിതരണം ചെയ്യാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ തിരുവനന്തപുരത്തും ഭക്ഷണ വിതരണം ആരംഭിക്കും. ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യും. കൂടെയുള്ളവര്‍ക്കായാലും ഈ നാടിനായാലും. കൈവിടാതെ കരുതലായി കൂടെ നില്‍ക്കാനാണ് ഫെഫ്ക ആഗ്രഹിക്കുന്നതും തയ്യാറാകുന്നതും.


Next Story

Related Stories