TopTop
Begin typing your search above and press return to search.

'പടയോട്ടം ചിത്രീകരണം കാണാനെത്തിയ അറബ് മന്ത്രി ജീവനും കൊണ്ടോടിയതു പറഞ്ഞ് അദ്ദേഹം ചിരിക്കുമായിരുന്നു': രാമചന്ദ്രബാബുവിനെക്കുറിച്ച് ജീവചരിത്രകാരൻ

പടയോട്ടം ചിത്രീകരണം കാണാനെത്തിയ അറബ് മന്ത്രി ജീവനും കൊണ്ടോടിയതു പറഞ്ഞ് അദ്ദേഹം ചിരിക്കുമായിരുന്നു: രാമചന്ദ്രബാബുവിനെക്കുറിച്ച് ജീവചരിത്രകാരൻ

മലയാള സിനിമയുടെ വഴിത്തിരിവുകളില്‍ നിറസാന്നിദ്ധ്യമായിരുന്ന രാമചന്ദ്രബാബുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹത്തിന്റെ ജീവചരിത്രം രചിച്ച ജിതേഷ് ദാമോദര്‍ അഴിമുഖവുമായി പങ്കുവെക്കുന്നു.

"ഉയർന്ന നർമബോധം കാത്തു സൂക്ഷിച്ചിരുന്നയാളാണ് രാമചന്ദ്ര ബാബു, വളരെ സൂക്ഷ്മതയുള്ള വ്യക്തിയും. സിനിമയിലെ സീനുകളില്‍ മറ്റാരും കാണാതെ പോകുന്ന പലതും അദ്ദേഹം കാണുമായിരുന്നു. അത്രയും സൂക്ഷ്മതയോടെയായിരുന്നു അദ്ദേഹം ഓരോ സീനും നിരീക്ഷിച്ചിരുന്നത്. ആകാശഗംഗയില്‍ യക്ഷിയായി അഭിനയിക്കുന്ന കഥാപാത്രം ആകാശത്തേക്ക് ഉയരുന്നൊരു സീനുണ്ട്. ഈ സീന്‍ ചിത്രീകരിച്ചിരുന്നത് കമ്പികെട്ടി അതില്‍ നടിയെ ഉയര്‍ത്തുന്ന രീതിയിലായിരുന്നു. കറുത്ത പെയ്ന്റ് അടിച്ച കമ്പി ആളുകള്‍ കാണാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ആ രംഗത്തില്‍ കാറ്റടിച്ച് ഇലകള്‍ പറന്ന് വരുന്നുണ്ട്. ഈ ഇലകള്‍ കമ്പിയില്‍ തട്ടിനിന്നാണ് പറന്നിരുന്നത്. ഇത് ആദ്യം കണ്ടെത്തിയത് രാമചന്ദ്രബാബുവായിരുന്നു. അത് മാറ്റണമെന്ന് വാശിപിടിച്ചതും അദ്ദേഹമാണ്. എന്നാല്‍ അത് വീണ്ടും ചിത്രീകരിക്കാന്‍ സാധിച്ചില്ല. ഇന്നും ആളുകള്‍ ആ രംഗം കാണുന്നത് അങ്ങനെ തന്നെയാണ്." ജീവചരിത്രമായ 'സെല്ലുലോയ്ഡി'ല്‍ കുറിക്കാൻ രാമചന്ദ്രബാബു പങ്കുവെച്ച ഓര്‍മ്മകളിലൊന്നാണിതെന്ന് ജിതേഷ് പറഞ്ഞു.എത്ര വലിയ സമ്മർദ്ദത്തിലായിരുന്നാലും അതൊന്നും പുറത്തു കാണിക്കാതിരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നെന്നും ജിതേഷ് ഓർക്കുന്നു.

ജീവിതത്തിലെ ഓരോ അനുഭവകഥകളും ജീവചരിത്രരചനയ്ക്കായി പറഞ്ഞുതന്നപ്പോള്‍ രാമചന്ദ്രബാബു പലപ്പോഴും ഒരുപാട് ചിരിച്ച ഒരുകാര്യം ജിതേഷ് ഓർമിക്കുന്നു. അതിലൊന്ന് പടയോട്ടത്തിന്റെ ഷൂട്ടിന്റെ ഓര്‍മ്മ പങ്കുവെച്ചപ്പോഴായിരുന്നു. പടയോട്ടം ഷൂട്ട് നടക്കുന്നതിനിടയില്‍ ഒരു അറബ് മന്ത്രി ഷൂട്ട് കാണാനെത്തുകയുണ്ടായി. അദ്ദേഹത്തെ സ്വീകരിക്കാനായി സിനിമയില്‍ പടയാളികളായും ഭടന്മാരായുമൊക്കെ അഭിനയിക്കുന്ന ആളുകള്‍ അതേ വേഷങ്ങളില്‍തന്നെ എത്തി. അറബ് മന്ത്രി വന്നിറങ്ങിയ ഉടനെ അവർ തങ്ങളുടെ കൈകളിലെ വാളുകളും കുന്തങ്ങളും ഉയർത്തി അദ്ദേഹത്തിന് ജയ് വിളിച്ചു. വിചിത്രമായ ഈ സ്വീകരണം അറബ് മന്ത്രിക്ക് മനസ്സിലായില്ല. അദ്ദേഹം ഭയന്ന് തിരിഞ്ഞോടുകയുണ്ടായി. പലപ്പോഴും അദ്ദേഹം ഈ സംഭവം വിവരിച്ച് ചിരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ നിര്‍ത്താതെ ചിരിച്ച് അദ്ദേഹത്തിന് തുടര്‍ന്ന് സംസാരിക്കാന്‍ കഴിയാത്ത അവസ്ഥ പോലുമുണ്ടായി. നർമം അത്രയും ഉൾക്കൊണ്ട് ആസ്വദിക്കുമായിരുന്നു രാമചന്ദ്രബാബു.

ഹരിപ്പാട് ജനിച്ച രാമചന്ദ്രബാബു ചെന്നൈയിലാണ് വളര്‍ന്നത്. ഡിഗ്രിക്ക് ശേഷം എന്താണ് പഠിക്കുക എന്ന സംശയം ഉണ്ടായിരുന്നെങ്കിലും ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടംമൂലം പൂനെ ഫിംലിം ഇന്‍സ്റ്റിട്യൂട്ടില്‍ പോവുകയായിരുന്നു. അവിടെ അഡ്മിഷന്‍ ലഭിച്ചു കഴിഞ്ഞിട്ടും വീട്ടുകാരോടക്കാര്യം പറയുകയുണ്ടായില്ല. പരീക്ഷ എഴുതാനാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അവിടേക്ക് പോയതെന്നും ജിതേഷ് പറയുന്നു. എന്താണ് പഠിക്കുന്നതെന്നുപോലും വീട്ടില്‍ പറഞ്ഞിരുന്നില്ല.

പഠിക്കുന്ന സമയത്തു തന്നെ സീനിയറായി പഠിച്ചിറങ്ങിയ ജോണ്‍ എബ്രഹാമിന്റെ 'വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ' എന്ന ചിത്രത്തിലെ സിനിമാറ്റോഗ്രാഫറായി രാമചന്ദ്ര ബാബു സിനിമയില്‍ തുടക്കം കുറിച്ചു. ജോണ്‍ എബ്രഹാം ഒരു കത്തുവഴി 'നിങ്ങളെ പ്രിന്‍സിപ്പല്‍ സിനിമാറ്റോഗ്രാഫറായി നിയമിക്കുന്നു'വെന്ന് അറിയിക്കുകയായിരുന്നു. രാമചന്ദ്രബാബു അന്ന് മലയാളത്തിലെ ഒരു സിനിമപോലും കണ്ടിരുന്നില്ല. ഒരു സിനിമാഷൂട്ടിനുപോലും പോയിരുന്നുമില്ല. എന്നാല്‍ ആ പടം ചെയ്തു കഴിഞ്ഞതിനു ശേഷം എം.ടി.യുടെ നിര്‍മ്മാല്യം, കെ. ജി. ജോര്‍ജ്ജിന്റെ സ്വപ്‌നാടനം തുടങ്ങിയ സിനിമകളിലേക്ക് വിളി വന്നു.

രാമചന്ദ്രബാബുവിന്റെ വിവാഹവും ആ നാട്ടിലുള്ള ആളുകള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരനുഭവമായി മാറിയിരുന്നു. കൊല്ലം ടൗണിലുള്ള വീട്ടിലേക്ക് മമ്മൂട്ടി എറണാകുളത്തു നിന്ന് കാറോടിച്ച് കല്യാണം കൂടാന്‍വന്നു. അക്കാലത്ത് അത് അവിടെയുള്ള ആളുകളെയെല്ലാം അതിശയപ്പെടുത്തിയിരുന്നെന്ന് രാമചന്ദ്രബാബു പറയുകയുണ്ടായി. ഇതുപോലുള്ള കഥകളും ഉപകഥകളും നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് ജിതേഷ് പറഞ്ഞു. ഇത്തരം അനുഭവങ്ങള്‍ പകര്‍ത്തിയെടുത്തതാണ് 'സെല്ലുലോയ്ഡ് സ്വപ്‌നാടകന്‍' എന്ന ജീവചരിത്ര ഗ്രന്ഥം.കറുപ്പ് നിറമുള്ള ആളുകളെ അഭിനയിപ്പിച്ചുകൊണ്ട് ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹമെന്നും, ഈ വിടവാങ്ങല്‍ ഉല്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും ജിതേഷ് പറയുന്നു.


Next Story

Related Stories