TopTop

സിനിമ തർക്കം: ഇന്ന് സാംസ്കാരിക മന്ത്രിയുമായി ചർച്ച, ഷെയിൻ വിഷയത്തിൽ മഞ്ഞുരുകുന്നു?

സിനിമ തർക്കം: ഇന്ന് സാംസ്കാരിക മന്ത്രിയുമായി ചർച്ച, ഷെയിൻ വിഷയത്തിൽ മഞ്ഞുരുകുന്നു?

സിനിമ രംഗത്തെ പ്രശ്നങ്ങൾ ചർ‌ച്ച ചെയ്യാൻ സാംസ്കാരിക മന്ത്രി എകെ ബാലൻ വിളിച്ച് ചേർത്ത യോഗം ഇന്ന് തിരുവനന്തപുരത്ത്. സിനിമ ടിക്കറ്റിന് അധിക നികുതിയെന്ന വിഷയത്തിൽ ഉൾപ്പെടെയാണ് ചർച്ച. കഴിഞ്ഞ ദിവസം വിവാദമായ സിനിമ സെറ്റുകളിലെ മയക്ക് മരുന്ന ഉപയോഗം എന്ന ആരോപണവും ചർ‌ച്ച ആയേക്കും. നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരുടെ സംഘടനകളുമായാണ് ഇന്ന് മന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

അതേസമയം, യുവതാരം ഷെയിൻ‌ നിഗവുമായി സഹകരിക്കേണ്ടന്നെ പൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഷെയിനിന് പിന്തുണ പ്രഖ്യാപിച്ച് താര സംഘടന കൂടി കഴിഞ്ഞ ദിവസം രംഗത്തെത്തിയതോടെ ഒത്തു തീർപ്പിനുള്ള ശ്രമങ്ങൾ ശക്തമായതായും റിപ്പോർട്ടുകൾ പറയുന്നു. ഷെയ്ൻ നിഗമിനെ വിലക്കാൻ ആർക്കും അധികാരമില്ലെന്ന് നടീനടന്മാരുടെ സംഘടനയായ എഎംഎംഎ. സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഷെയ്‍‌നിന്റെ കുടുംബം സംഘടനയുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ ആയിരുന്നു പ്രതികരണം. വിഷയത്തിൽ ഷെയ്ൻ എഎംഎംഎക്ക് പരാതി നൽകികുയും ചെയ്തിട്ടുണ്ട്.

ഒരാളെയും ജോലിയിൽ നിന്നു വിലക്കുന്നതിനോടു സർക്കാരിനു യോജിപ്പില്ലെന്നും മലയാള സിനിമയിലെ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാർ ഇടപെടുമെന്ന് മന്ത്രി എ.കെ.ബാലനും പ്രതികരിച്ചതോടെയാണ് വിഷയത്തിൽ മഞ്ഞുരുകൽ സൂചനകൾ പുറത്ത് വരുന്നത്. ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു തീർക്കേണ്ട പ്രശ്നത്തെ മലയാള സിനിമാമേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേയ്ക്ക് എത്തിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം വിലക്കല്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും വ്യക്തമാക്കി.

ചര്‍ച്ചയ്ക്കുമുന്‍പ് ഷെയ്ന്‍ പാതിയില്‍ ഉപേക്ഷിച്ചുപോന്ന ഡബ്ബിങ് പൂര്‍ത്തിയാക്കട്ടെയെന്ന് പ്രമുഖ നിർമ്മാതാവ് സിയാദ് കോക്കർ പറയുന്നു. മനോരമ ന്യൂസിലെ വാർത്താ ചർച്ചയ്ക്കിടെ ആയിരുന്നു പ്രതികരണം. തർക്കിത്തിൽ ഒത്തുതീർപ്പിനുള്ള സാധ്യതകൾ ഇപ്പോഴും ബാക്കിയുണ്ടെന്നതാണ് സിയാദ് കോക്കറിന്റെ പ്രതികരണമെന്നാണ് സൂചനകൾ.

വിലക്ക് വിഷയത്തിൽ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സുഹൃത്തുക്കൾ മുഖേന മുതിർന്ന താരങ്ങളുമായി ബന്ധപ്പെട്ടാണ് ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കാൻ തയ്യാറാണെന്ന് കാട്ടി ഷെയ്‍നിന്‍റെ സുഹൃത്തുക്കൾ ഡയറക്ടേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി അനൗപചാരിക ചർച്ചകൾ കൊച്ചിയിൽ നടത്തി വരികയാണ്. ഇതിനിടെ സിനിമ പൂർത്തിയാക്കാൻ സഹായിക്കണമെന്നും, തന്റെ 12 വർഷത്തെ അധ്വാനമാണ് ചിത്രമെന്നും ചൂണ്ടിക്കാട്ടി ഉപേക്ഷിക്കപ്പെട്ട വെയിൽ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ശരത് ഡയറക്ടേഴ്സ് അസോസിയേഷനെ സമീപിച്ചു.

അതിനിടെ ഷെയിൻ വിഷയത്തിൽ തുടങ്ങിയ ചർച്ചകൾ ഇപ്പോൾ അതും മറികടന്ന് സിനിമ സെറ്റുകളിലെ മയക്ക് മരുന്ന് ഉപയോഗത്തിലേക്ക് എത്തി നിൽക്കുകയാണ്. ഷെയിൻ നിഗത്തെ വിലക്കിക്കൊണ്ട് വാർത്താ സമ്മേളനം വിളിച്ച നിർമ്മാതാക്കൾ ആരോപിച്ച് സിനിമ സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗം എന്ന പരാമർ‍ശം വിവാദമാവുകയായിരുന്നു. സെറ്റുകളിൽ പല പുതിയ താരങ്ങളും മയക്കുമരുന്ന് ഉപയോഗിക്കുന്നെന്ന് ആരോപണമാണ് പുതിയ വാക് പോരിലേക്ക് തിരിഞ്ഞത്. സെറ്റുകളിൽ പോലീസ് പരിശോധന വേണമെന്നും നിർ‌മ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, സിനിമാമേഖലയില്‍ ലഹരി ഉപയോഗിക്കുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മന്ത്രി എ.കെ.ബാലന്‍ പ്രതികരിച്ചു. നിർമ്മാതാക്കൾ ഇക്കാര്യം അറിഞ്ഞിട്ടും നേരത്തെ പറയാതിരുന്നത് തെറ്റാണെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രശ്നം വരുമ്പോഴല്ല കാര്യം പുറത്തുപറയേണ്ടത്. ആധികാരമായി തെളിവോടെ ഇക്കാര്യം വ്യക്തമാക്കിയാൽ സർക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വര്‍ത്തമാനം മാത്രം പോരാ സിനിമാമേഖലയില്‍ കുറേ അരാജകത്വമുണ്ടെന്നും മന്ത്രി എ.കെ.ബാലന്‍ തുറന്നടിച്ചു.

എന്നാല്‍, വിവാദം കത്തുന്നതിനിടെ നടന്മാര്‍ മാത്രമല്ല നടിമാരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജിന്റെ പരാമർശം. 2012നു ശേഷമാണ് ഇങ്ങനെയുള്ള മയക്കുമരുന്നുകളുടെ ദുരുപയോഗം സിനിമാരംഗത്തേയ്ക്കു കടന്നുവരുന്നതെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട് ആരോപിച്ചു. ഇത് മൂലം പലപ്പോഴും ഷൂട്ടിങ്ങുകൾ മുടങ്ങുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. യുവനടന്മാർ ഷൂട്ടിങിന് വരാതിരുന്ന സാഹചര്യത്തിൽ ഒരു സ്ത്രീ നിർമാതാവ് കാരവാനിൽ കയറി പരിശോധിച്ചു. അതിൽ ഉണ്ടായിരുന്ന നടന്മാർ ഈ യുവതിയെ അക്രമിക്കാൻ വരെ ശ്രമിച്ചു. ഇങ്ങനെ പല സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം മനോരമയോട് പ്രതികരിച്ചു.

എന്നാൽ, സിനിമാ രംഗത്ത് വ്യാപകമായി ലഹരി ഉപയോഗമുണ്ടെന്ന നിർമാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്ന് ഫെഫ്ക ചൂണ്ടിക്കാട്ടി. ഷൂട്ടിങ് സെറ്റുകളിലെല്ലാം റെയ്ഡ് നടത്തുക അപ്രായോഗികമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. ഷെയ്ൻ നിഗത്തിനെ വിലക്കിയ സംഭവത്തില്‍ കൂട്ടായ ചര്‍ച്ച വേണമെന്നും ഷെയ്നുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ നിര്‍മ്മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുതെന്നും ബി. ഉണ്ണികൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. ഷെയ്ൻ നിഗം പെരുമാറിയ രീതിയില്‍ തെറ്റുണ്ട്. സിനിമയിൽ കഷ്ടപ്പാട് അനുഭവിക്കുന്നവരെ ഷെയ്ൻ പരിഗണിക്കണമെന്നും അദ്ദേഹം പറയുന്നു.


ഷെയിൻ വിഷയത്തിൽ തെറ്റ് ആര് ചെയ്താലും തെറ്റാണെന്ന് താര സംഘടന സെക്രട്ടറി ഇടവേള ബാബുവും പ്രതികരിച്ചു. താര സംഘടനയുടെ ബൈലോ അമെന്റ്‌മെന്റില്‍ സെറ്റിൽ മയക്കുമരുന്നുപയോഗവും മദ്യപിച്ചു വരുന്നതും പാടില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. അടുത്ത യോഗത്തില്‍ അത് പാസ്സാക്കുമെന്നും അദ്ദേഹത്തിന്റെ പ്രതികരിച്ചു. പ്രൊഡ്യൂസര്‍ പണം മുടക്കുന്നത് ഒരു വിശ്വാസത്തിന്റെ പുറത്താണ്. പക്വതയോടെ പെരുമാറേണ്ട ഘട്ടമായിരുന്നു മുടി വെട്ടിയതിന് ന്യായീകരണങ്ങളില്ല. പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തുന്നതിന് പരിമിതി ഉണ്ടെന്നും ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും ഇടവേള ബാബവും പറയുന്നു.


Next Story

Related Stories