TopTop
Begin typing your search above and press return to search.

കൊവിഡ് 19: മാര്‍ച്ച് 31 വരെ തിയേറ്റുകള്‍ അടച്ചിട്ടേക്കും, സര്‍ക്കാര്‍ നിര്‍ദേശത്തിനൊപ്പം നില്‍ക്കണമെന്ന അഭിപ്രായത്തിന് സിനിമാ വ്യവസായത്തില്‍ മുന്‍തൂക്കം

കൊവിഡ് 19: മാര്‍ച്ച് 31 വരെ തിയേറ്റുകള്‍ അടച്ചിട്ടേക്കും, സര്‍ക്കാര്‍ നിര്‍ദേശത്തിനൊപ്പം നില്‍ക്കണമെന്ന അഭിപ്രായത്തിന് സിനിമാ വ്യവസായത്തില്‍ മുന്‍തൂക്കം

കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള ഭാഗമായി സംസ്ഥാനത്ത് പുറപ്പെടുവിച്ചിരിക്കുന്ന ജാഗ്രത നിര്‍ദേശങ്ങളില്‍ കേരളത്തിലെ സിനിമ തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ തീരുമാനം എടുക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗം ചേരുന്നു. യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് അറിയിക്കുമെന്നാണ് ബി. ഉണ്ണികൃഷ്ണന്‍ അഴിമുഖത്തോട് പ്രതികരിച്ചിരിക്കുന്നത്. തിയേറ്റുകള്‍ അടച്ചിടുന്ന കാര്യത്തില്‍ നിര്‍മാതാക്കളുടെ സംഘടനയാണ് തീരുമാനം എടുക്കേണ്ടതെന്നാണ് താരസംഘടനയായ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും അഴിമുഖത്തോട് പ്രതികരിച്ചത്. അതേസമയം, കൊറോണയ്‌ക്കെതിരേ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് പൊതുവില്‍ സിനിമ മേഖലയുടെ താത്പര്യം. എങ്കില്‍ തന്നെ, ഇത്രയും നീണ്ട നാള്‍ തിയേറ്റുകള്‍ അടച്ചിടുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം കനത്തതായിരിക്കുമെന്ന ആശങ്കയും സിനിമ മേഖലയ്ക്കുണ്ട്. ഈ സന്നിദ്ധഘട്ടം എങ്ങനെ നേരിടാം എന്നതിലാണ് ഇപ്പോള്‍ നിര്‍മാതാക്കളുടെ സംഘടന യോഗം ചേര്‍ന്ന് ആലോചിക്കുന്നത്. പൊതുവില്‍ മാര്‍ച്ച് മാസം പരീക്ഷ കാലമായതിനാല്‍ സിനിമ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് ഇത് ഓഫ് സീസണ്‍ ആണെങ്കിലും ആഴ്ച്ചകളോളം തിയേറ്ററുകള്‍ അടച്ചിടുന്നത് നിര്‍മാതാക്കള്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. ഇപ്പോള്‍ തിയേറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചില സിനിമകള്‍ ആളുകളെ തിയേറ്ററുകളിലേക്ക ആകര്‍ഷിക്കുന്നുമുണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കും ഇന്‍ഡസ്ട്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പോകുന്നതെന്നാണ് വിവരം. എങ്കിലും പൊതുവെ എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കുന്ന സാഹചര്യത്തില്‍ മറുത്തൊരു തീരുമാനം വിമര്‍ശനങ്ങള്‍ കൊണ്ടുവന്നേക്കാമെന്ന സംശയം സംഘടന ഭാരവാഹികള്‍ക്കുണ്ട്. ആളുകള്‍ കൂട്ടമായി എത്തുന്ന സ്ഥലം എന്ന നിലയിലാണ് സിനിമ തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന നിര്‍ദേശം മുഖ്യമന്ത്രി ഇന്നു മുന്നോട്ടു വച്ചത്. സംസ്ഥാനത്ത് ഇതുവരെ 15 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരികരിച്ചിട്ടുണ്ട്. കൂടുതല്‍ പേരിലേക്ക് വൈറസ് പകരാതിരിക്കാന്‍ വേണ്ടി കനത്ത ജാഗ്രതയാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകള്‍ കൂട്ടാമയി എത്തിച്ചേരുന്ന പരിപാടികളെല്ലാം ഒഴിവാക്കണമെന്നാണ് ആവശ്യം. സര്‍ക്കാരും ഈ മാസം 31 വരെയുള്ള എല്ലാ പൊതുപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് 19 വൈറസ് പെട്ടെന്ന് പകരാന്‍ സാധ്യതയുള്ളതുകൊണ്ട് തന്നെ തിയേറ്റകള്‍ പോലുള്ള സ്ഥലങ്ങളില്‍ അപകട സാഹചര്യം വളരെ കൂടുതലുമാണ്. ഇക്കാര്യം മനസിലാക്കി കൊണ്ടുള്ള തീരുമാനം സിനിമ മേഖലയില്‍ നിന്നുമുണ്ടാകുമെന്നു തന്നെയാണ് സര്‍ക്കാരും പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച്ച റിലീസ് പ്രഖ്യാപിച്ചിരുന്ന ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രം കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്നു. ടൊവിനോ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 'COVID19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ പുതിയ സിനിമ -''കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ' -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്. ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങള്‍ക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്. നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാം'. എന്നായിരുന്നു ടൊവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സര്‍ക്കാര്‍ നിര്‍ദേശം വരുന്നതിനും മുന്നേ തന്നെ ഇങ്ങനെയൊരു തീരുമാനം എടുത്ത് സിനിമയുടെ അണിയര്‍ക്കാര്‍ക്കും അഭിനേതാക്കള്‍ക്കും സോഷ്യല്‍ മീഡിയയുടെ വലിയ അഭിനന്ദനവും ലഭിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രി ഇതേ കാര്യം മുന്നോട്ടുവച്ചതുമായി ബന്ധപ്പെട്ട് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ സംവിധായകന്‍ ജോ ബേബിയുടെ പ്രതികരണവും, ഇത്തരമൊരു തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു. ' ഇങ്ങനെയൊരു സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ തീയേറ്ററുകള്‍ അടച്ചിടണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നു. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ജാഗ്രത നിര്‍ദേശങ്ങളോട് സഹകരിക്കേണ്ടതുണ്ട്. അതേസമയം സിനിമയ്ക്ക് ഒരു ബിസിനസ് വശവുമുണ്ട്. വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ അനുകൂലമായി മാറുകയാണെങ്കില്‍ ഇപ്പോഴുള്ള നിര്‍ദേശത്തില്‍ ഒരു പുനരാലോചനയും സാധ്യമാകണം; ജോ ബേബി അഴിമുഖത്തോട് പറയുന്നു. തീയേറ്റുകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനം എങ്ങനെ ആയാലും ഈ ആഴ്ച്ചകളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെയാണെങ്കില്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 'മരയ്ക്കാര്‍' ഈ മാസം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തില്ല. മാര്‍ച്ച് 26 ന് ആയിരുന്നു ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസ് പറഞ്ഞിരുന്നത്. വി കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശം സംവിധാനം ചെയ്ത വാങ്കും ഈ മാസം തിയേറ്റുകളില്‍ എത്തേണ്ടതായിരുന്നു. ഈ സിനിമയും മാറ്റി വയ്ക്കാനാണ് സാധ്യത. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന മൂന്നു സിനിമകളും ഈ മാസം തിയേറ്ററുകളില്‍ എത്താന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത വളരെ കുറവാണ്. പ്രേക്ഷകരുടെ ഭാഗത്തു നിന്നും പുതിയ സിനിമ റിലീസുകള്‍ ഈ മാസം വേണ്ട എന്ന പ്രതികരണമാണ് വരുന്നത്. ആളുകളില്‍ രോഗഭീതി നിറഞ്ഞിരിക്കുന്നതുകൊണ്ട് തന്നെ പൊതുസ്ഥലങ്ങളില്‍ പോകുന്നതില്‍ നിന്നും ബഹുഭൂരിപക്ഷവും പിന്നാക്കം നില്‍ക്കുന്ന സാഹചര്യമാണിപ്പോള്‍. അങ്ങനെയുള്ളപ്പോള്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്താല്‍ തന്നെ തിയേറ്ററുകളിലേക്ക് ആളുകള്‍ വരണമെന്നില്ല. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള ഒരു തീരുമാനമായിരിക്കും സിനിമ മേഖലയില്‍ നിന്നും വരികയെന്നതാണ് പ്രതീക്ഷ.


Next Story

Related Stories