TopTop
Begin typing your search above and press return to search.

'കൊറോണ പ്യാര്‍ ഹേയ്; ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ബോളിവുഡ്, ലോകത്തെ പരിഹസിക്കരുതെന്ന് രാകേഷ് റോഷന്‍

കൊറോണ പ്യാര്‍ ഹേയ്; ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ബോളിവുഡ്, ലോകത്തെ പരിഹസിക്കരുതെന്ന് രാകേഷ് റോഷന്‍

ലോകം മുഴുവന്‍ കൊറോണ(കോവിഡ് 19) ഭീതിയിലാണ്. ഇന്ത്യയിലും കാര്യങ്ങള്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ്. രാജ്യം മുഴുവന്‍ ഏതാണ്ട് നിശ്ചലാവസ്ഥയിലെത്തി നില്‍ക്കുന്നു. വിവധ മേഖലകള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇന്ത്യന്‍ സിനിമ വ്യവസായവും വലിയ തിരിച്ചടിയാണ് നേരിടുന്നത്. എല്ലാ ഇന്‍ഡസ്ട്രികളും ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്. പലയിടങ്ങളിലും തിയേറ്ററുകളും അടച്ചു. വന്‍ സാമ്പത്തിക നഷ്ടത്തിലേക്കാണ് സിനിമാലോകം കൂപ്പു കുത്തുന്നതും. എന്നാല്‍ കൊറോണയെ ' വിറ്റു കാശാക്കാനും' കാത്തിരിക്കുന്നവര്‍ ഇതിനിടയില്‍ ഉണ്ടെന്നതാണ് ദുഖകരമായൊരു കാര്യം.

കൊറോണ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കാന്‍ വേണ്ടി മത്സരത്തിലാണ് നിര്‍മാതാക്കള്‍.ഇതിനിടയില്‍ ഇറോസ് ഇന്റര്‍നാഷണല്‍ കൊറോണയെ സിനിമ ടൈറ്റില്‍ ആക്കി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു; കൊറോണ പ്യാര്‍ ഹേയ്! കഴിഞ്ഞയാഴ്ച്ച ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഈ പേര് രജിസ്റ്റര്‍ ചെയ്തതായാണ് വാര്‍ത്തകള്‍. ഋത്വിക് റോഷന്റെ ആദ്യ ചിത്രമായ കഹോന പ്യാര്‍ ഹേയ് യുമായി സാമ്യമുള്ള പേര്. അതുകൊണ്ട് തന്നെ ഇപ്പോള്‍ വലിയ വിവാദത്തിനും കാരണമായിരിക്കുകയാണ്. കഹോന പ്യാര്‍ ഹേയുടെ സംവിധായകനും ഋത്വിക്കിന്റെ പിതാവുമായ രാകേഷ് റോഷന്‍ കടുത്ത വിമര്‍ശനവുമായാണ് രംഗത്ത് വന്നിരിക്കുന്നത്. കൊറോണയ്‌ക്കെതിരേ ലോകം മുഴുവന്‍ പോരാടുമ്പോള്‍ അതിനെ പരിഹസിക്കുകയാണ് ഇറോസ് ചെയ്യുന്നതെന്നായിരുന്നു രാകേഷ് റോഷന്‍ കുറ്റപ്പെടുത്തിയത്. ഇങ്ങനെയൊരു സമയത്ത് ഇത് തീര്‍ത്തും അപക്വവും ബാലിശവുമായ പ്രവര്‍ത്തിയാണെന്നും രാകേഷ് റോഷന്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

കൊറോണയെ പശ്ചാത്തലമാക്കി ഒരു ചിത്രത്തിന്റെ ജോലികള്‍ ഇറോസ് തുടങ്ങിയെന്നും വാര്‍ത്തയുണ്ട്. എന്നാല്‍, ഇങ്ങനെയൊരു പേര് ഉപയോഗിക്കുന്നതിനെതിരേ നിയമ നടപടി സ്വീകരിക്കാനൊന്നും താനില്ലെന്നാണ് രാകേഷ് റോഷന്‍ പറയുന്നത്. രണ്ടു സിനിമകളും തമ്മില്‍ യാതൊരു ബന്ധവുമില്ല. പേരുകളിലാണ് സാമ്യം. പക്ഷേ എനിക്കതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല; രാകേഷ് റോഷന്‍ പറയുന്നു. രാകേഷ് റോഷന്റെ അഭിപ്രായങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത് തനിക്കും ഇക്കാര്യത്തില്‍ വിമര്‍ശനാത്മക നിലപാട് തന്നെയാണ് നടി അമീഷ പട്ടീലും വ്യക്തമാക്കിയിട്ടുണ്ട്. അമീഷയുടെ ബോളിവുഡ് അരങ്ങേറ്റവും കഹോന പ്യാര്‍ ഹേയിലൂടെയായിരുന്നു.


Next Story

Related Stories