TopTop
Begin typing your search above and press return to search.

"വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കള്ളക്കടത്തുകാരനാണ്, ഗ്ലോറിഫൈ ചെയ്യാന്‍ നോക്കരുതെന്ന് അച്ഛനോട് ബിജെപി നേതാക്കള്‍ പറഞ്ഞു", 1921 എഴുതുമ്പോള്‍ ടി ദാമോദരനും കേട്ടിരുന്നു മുന്നറിയിപ്പുകള്‍

"വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കള്ളക്കടത്തുകാരനാണ്, ഗ്ലോറിഫൈ ചെയ്യാന്‍ നോക്കരുതെന്ന് അച്ഛനോട് ബിജെപി നേതാക്കള്‍ പറഞ്ഞു", 1921 എഴുതുമ്പോള്‍ ടി ദാമോദരനും കേട്ടിരുന്നു മുന്നറിയിപ്പുകള്‍

മലബാര്‍ കലാപം ആസ്പദമാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കാനുള്ള ആഷിഖ് അബു-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. വാരിയംകുന്നന്‍ എന്ന പേരില്‍ ചെയ്യുന്ന സിനിമയിലൂടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെള്ളപൂശാനാണ് അണിയറക്കാര്‍ ശ്രമിക്കുന്നതെന്നാണ് സംഘപരിവാര്‍ ആരോപണം. മലബാര്‍ കലാപം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദു വിരുദ്ധ കലാപമായിരുന്നുവെന്നും ഹിന്ദുക്കളെ കൊന്നൊടുക്കിയ ഇസ്ലാം വര്‍ഗീയ വാദിയായിരുന്നു കുഞ്ഞഹമ്മദ് ഹാജിയെന്നൊക്കെയാണ് ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്. സിനിമയുടെ പേരില്‍ ആഷിഖ് അബു, പൃഥ്വിരാജ്, റിമ കല്ലിങ്കല്‍ എന്നിവര്‍ക്കെതിരേ സോഷ്യല്‍ മീഡിയ വഴി വന്‍തോതിലുള്ള ആക്ഷേപങ്ങളും അസഭ്യവര്‍ഷങ്ങളുമാണ് സംഘപരിവാര്‍ അണികളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ഇതാദ്യമായിട്ടല്ല അഭ്രപാളിയില്‍ തെളിയാന്‍ പോകുന്നത്. 1988 ല്‍ ഐ വി ശശി- ടി ദാമോദരന്‍ ടീം 1921 എന്ന പേരില്‍ മലബാര്‍ കലാപം ആസ്പദമാക്കി എടുത്ത സിനിമയിലും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് പ്രധാനകഥാപാത്രമായിരുന്നു. ടി ജി രവിയായിരുന്നു 1921 ല്‍ വാരിയംകുന്നത്തിനെ അവതരിപ്പിച്ചത്. മലബാര്‍ കലാപത്തെ ഹിന്ദുവിരുദ്ധ കലാപമായി ചിത്രീകരിക്കുന്ന ഹിന്ദുത്വ അജണ്ട അന്നും ശക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്നതുപോലെയൊരു വര്‍ഗീയാക്രമണം ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. തര്‍ക്കങ്ങളും വാഗ്വാദങ്ങളും നടന്നിരുന്നു;ആരോഗ്യകരമായ തര്‍ക്കങ്ങള്‍. സിനിമയ്ക്ക് മുമ്പ്. 1921 റിലീസ് ചെയ്തശേഷം ഇന്നിപ്പോള്‍ നടക്കുന്നതുപോലെ ഏതെങ്കിലും ഒരു ഭാഗത്തെ വെള്ളപൂശാന്‍ ശ്രമിച്ചെന്നോ ചരിത്രം വളച്ചൊടിച്ചെന്നോ എന്ന തരത്തിലുള്ള ബഹളമൊന്നും ഉണ്ടായില്ല. രണ്ട് ഭാഗത്തെയും(ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍) ഒരുപോലെ ബാലന്‍സ് ചെയ്യാന്‍ ടി ദാമോദരന്റെ രചനയ്ക്ക് കഴിഞ്ഞതുതന്നെ കാരണം.

1921 ല്‍ രചന കാലത്തെക്കുറിച്ച് ടി ദാമോദരന്റെ മകളും തിരക്കഥകൃത്തുമായ ദീദി ദാമോദരന്‍ ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിങ്ങനെയാണ്; ഏതെങ്കിലും ഒരു വശം മാത്രം എടുത്തുകാണിച്ചൊരു സിനിമയായിരുന്നില്ല അത്. രണ്ട് ഭാഗങ്ങളും ബാലന്‍സിംഗ് ആയിരുന്നു. ചരിത്രത്തോടെ വലിയ പ്രതിപത്തിയുള്ളൊരാളായിരുന്നു അച്ഛന്‍. അച്ഛന്റെ ഗസ്റ്റ് ഹൗസില്‍ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് നിറയെ ചരിത്രപുസ്തകങ്ങള്‍ ഉണ്ടായിരുന്നു. എഴുത്തിന് മുമ്പ് എല്ലാ വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാരെയും അച്ഛന്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. ചരിത്രകാരനായ എം ഗംഗാധരന്‍, എം എന്‍ കാരശ്ശേരി മാഷ്, അതുപോലെ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെപ്രതിനിധി, അച്ഛന്റെ സഹോദരിയുടെ മകനായ ഒരു ബിജെപി നേതാവ് എന്നിവരൊക്കെയുള്‍പ്പെട്ട ഒരു സദസ്സിനോട് അച്ഛന്‍ സംവദിച്ചിരുന്നു. മലബാര്‍ കലാപത്തെ ഒരു വിഭാഗം അതിനെ സ്വാതന്ത്ര്യസമരമായി പറയുമ്പോള്‍ മറ്റൊരു വിഭാഗം അതിനെ മാപ്പിള ലഹളയായി പറയുന്നു. വലിയ വാദപ്രതിവാദങ്ങള്‍ അവിടെ നടന്നിരുന്നു. ഉച്ചത്തിലുള്ള ബഹളങ്ങള്‍ കേള്‍ക്കാമായിരുന്നു. അച്ഛന്‍ ഒരു മോഡറേറ്ററുടെ റോളിലായിരുന്നു. ഓരോരോരുത്തരും അവരവരുടെ വാദങ്ങളും വിയോജിപ്പുകളും പറയുന്നുണ്ടായിരുന്നു. അച്ഛനതെല്ലാം കേള്‍ക്കുകയും സ്വീകരിക്കുകയുമുണ്ടായി.

അന്ന് തമാശയെന്നപോലെ പറഞ്ഞിരുന്നൊരു കാര്യമുണ്ടായിരുന്നു, സിനിമയിറങ്ങിക്കഴിഞ്ഞാല്‍ ഒന്നുകില്‍ അച്ഛനെ ബിജെപിക്കാര്‍ കൊല്ലും അല്ലെങ്കില്‍ ഏതെങ്കിലും മുസ്ലിം സംഘടനക്കാര്‍ കൊല്ലും അതുമല്ലെങ്കില്‍ മാര്‍ക്‌സിസ്റ്റുകാര്‍ കൊല്ലുമെന്ന്. പക്ഷേ, ഒന്നുമുണ്ടായില്ല. വളരെ ബാലന്‍സിംഗ് ആയിട്ടായിരുന്നു ആ സിനിമ. രണ്ട് വശവും അച്ഛന്‍ പറഞ്ഞു. തര്‍ക്കങ്ങളൊന്നും സിനിമയുടെ പേരില്‍ ഉണ്ടായിട്ടില്ല. കാരണം, ആരെയും ആ സിനിമ വേദനിപ്പിച്ചിട്ടില്ല. രണ്ട് വശങ്ങളും പറയുന്നുണ്ടല്ലോ, ഓരോരുത്തരുടെയും ആംഗളില്‍ കാര്യങ്ങള്‍ പറയുന്നുണ്ട്. ഒരു കൊമേഴ്‌സ്യല്‍ സിനിമയായതുകൊണ്ട് അതിന്റെതായ ചില കാര്യങ്ങള്‍ ചേര്‍ത്തിരുന്നുവെങ്കിലും (മമ്മൂട്ടിയുടെ കഥാപാത്രം ഒരു ഫിക്ഷണല്‍ ആണ്. അത് കൊമേഴ്‌സ്യല്‍ ചേരുവയായിരുന്നു) ബാക്കി കഥാപാത്രങ്ങളെല്ലാം തന്നെ ചരിത്രത്തിലുള്ളവരായിരുന്നു. അവര്‍ക്കെല്ലാം തന്നെ, ഓരോ കഥാപാത്രത്തിനും അവരുടെതായ കാഴ്ച്ചപ്പാടും വ്യക്തിത്വവുമുണ്ടായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അച്ഛന്‍ പോസിറ്റീവായിട്ടാണ് അവതരിപ്പിച്ചത്. അദ്ദേഹമൊരു കള്ളക്കടത്തുകാരനാണ് ഗ്ലോറിഫൈ ചെയ്യാന്‍ നോക്കരുതെന്നൊക്കെ അന്ന് അച്ഛനോട് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വാരിയംകുന്നത്തിന് നെഗറ്റീവ് ഷെയ്ഡ് അദ്ദേഹത്തിന്റെ തന്നെ ഡയലോഗുകളില്‍ കൂടിയാണ് അച്ഛന്‍ വ്യക്തമാക്കിയിരുന്നത്. എല്ലാവരും ഒന്നിച്ച് നില്‍ക്കണം, പരസ്പരം അടികൂടിയതുകൊണ്ടാണ് അല്ലെങ്കില്‍ നമുക്ക് നേരത്തെ ഇവര്‍ക്കെതിരേ പോരാടമെന്നൊക്കെയാണ് വാരിയംകുന്നത് പറഞ്ഞിരുന്നത്. 1921 ന്റെ ക്ലൈമാക്‌സില്‍ ആ കഥാപാത്രത്തിന്റെ ഡയലോഗുകള്‍ കേട്ടാല്‍ മനസിലാകും.

ഇപ്പോള്‍ നടക്കുന്നതുപോലെയുള്ള എതിര്‍പ്പുകളൊന്നും അന്നുണ്ടായിരുന്നില്ലെന്നാണ് ദീദി പറയുന്നത്. മാഗസിനുകളില്‍ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന നിരൂപണങ്ങളില്‍ ചില വിമര്‍ശനങ്ങളൊക്കെ വന്നിരുന്നു. മധു അവതരിപ്പിച്ച ആലി മുസ്ലിയാരുടെ ഭാഷയ്ക്ക് മലപ്പുറം സ്ലാംഗ് ഇല്ലാതെ പോയി എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു. അതിന് ടി ദാമോദരന്‍ നല്‍കിയ മറുപടി, ആലി മുസ്ലിയാര്‍ റിഫൈന്‍ഡ് ആയിട്ടുള്ള വിദ്യാഭ്യാസം നേടിയൊരാളാണ് അദ്ദേഹം പ്രാദേശിക മുസ്ലിം സ്ലാംഗില്‍ തന്നെ സംസാരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നായിരുന്നു. 1921 ഇറങ്ങിക്കഴിഞ്ഞ് നാട്ടുകാര്‍ക്കിടയില്‍ നിന്നും യാതൊരു തരത്തിലുള്ള പ്രതിഷേധങ്ങളോ വിമര്‍ശനങ്ങളോ അച്ഛനു നേരെ ഉണ്ടായിരുന്നില്ലെന്നും ദീദി ചൂണ്ടിക്കാണിക്കുന്നു.' ബേപ്പൂര്‍, എലന്തൂര്‍ ഭാഗങ്ങളില്‍ അച്ഛന്‍ മത്സ്യം വാങ്ങാന്‍ പോകുമായിരുന്നു. അവിടെയുള്ള മത്സ്യത്തൊഴിലാളികളുമായി അച്ഛന് നല്ല അടുപ്പമായിരുന്നു. അവര്‍ അച്ഛന്റെ ഏതു സിനിമയിറങ്ങിയാലും കാണും, അതേക്കുറിച്ച് ചര്‍ച്ച ചെയ്യും, വിമര്‍ശനമുണ്ടെങ്കില്‍ അതും പറയും. 1921 കണ്ടിട്ട് അവരാരും തന്നെ യാതൊരു ഏതിര്‍പ്പും അതെക്കുറിച്ച് അച്ഛനോട് പറഞ്ഞിരുന്നില്ല.'ഇപ്പോള്‍ ഈ ചര്‍ച്ച നടക്കുമ്പോള്‍ അച്ഛന്‍ ഉണ്ടായിരുന്നുവെങ്കിലെന്നാണ് ദീദി പറയുന്നത്. 'മലബാര്‍ കാലാപത്തെ കുറിച്ചുള്ള പുസ്തകങ്ങള്‍ ഇപ്പോഴും ബുക്ക് ഷെല്‍ഫില്‍ ഇരിപ്പുണ്ട്. സിനിമയില്‍ പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടെ അച്ഛന്‍ വിശദീകരിച്ചുകൊടുക്കുമായിരുന്നു. പിഎച്ച്ഡി ചെയ്യുന്നവരൊക്കെ പുസ്തകങ്ങള്‍ ഇവിടെ വന്ന് ഉപയോഗിക്കുന്നുണ്ട്. ചരിത്രപശ്ചാത്തലത്തില്‍ സിനിമകള്‍ ചെയ്യുമ്പോള്‍ അതിനെ ആഴത്തില്‍ പഠിച്ചു തന്നെയായിരുന്നു അച്ഛനത് ചെയ്തിരുന്നത്. ചിലപ്പോള്‍ അച്ഛനെഴുതിവച്ചത് പോലെ സിനിമയില്‍ വന്നിട്ടുണ്ടാകില്ല. കാലാപാനിയുടെ മാനുസ്‌ക്രിപ്റ്റ് ഇപ്പോഴും എന്റെ കൈവശമുണ്ട്. അതുപോലെയല്ല സിനിമ വെളിയില്‍ വന്നത്. കൊമേഴ്‌സ്യല്‍ ആക്കാന്‍ വേണ്ടത് ചെയ്യുമ്പോള്‍ സംഭവിക്കുന്നതാണ്. അച്ഛനെ പല സിനിമകളുടെയും പേരില്‍ ഹിന്ദുവര്‍ഗ്ഗീയവാദിയെന്നൊക്കെ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശിക്കുന്നതു കാണാം. അച്ഛന്‍ തികഞ്ഞൊരു നിരീശ്വരവാദിയും മാര്‍ക്‌സിസ്റ്റും തന്നെയായിരുന്നു.'1921 എഴുതുമ്പോഴും ഇറങ്ങുമ്പോഴും ഉണ്ടായിരുന്ന സാമൂഹിക പശ്ചാത്തലത്തില്‍ നിന്നും കേരളം ഏറെ മാറിയിട്ടുണ്ടെന്നു തന്നെയാണ് ആഷിഖ്-പൃഥ്വി ടീം വാരിയംകുന്നനെ പ്രഖ്യാപിച്ചപ്പോഴുണ്ടായിരിക്കുന്ന വിമര്‍ശനങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യകരമായ തര്‍ക്കങ്ങളുടെയും ചര്‍ച്ചകളുടെയും സ്ഥാനത്ത് അതിരുകള്‍ ഭേദിക്കുന്ന കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നു, മുസ്ലിം ഭീകരരെ വെള്ളപൂശൂന്നു, ജമാ അത്തെ ഇസ്ലാമിക്ക് വേണ്ടി സിനിമ പിടിക്കുന്നു എന്നൊക്കെയാണ് ആഷിഖ് അബു ചിത്രത്തിനെതിരേ സംഘപരിവാര്‍ അണികള്‍ പ്രതിഷേധിക്കുന്നത്. ആഷിഖ് അബുവിനെ വ്യക്തിപരമായി അധിക്ഷേപിച്ചാണ് ഓരോ കമന്റും. ആഷിഖ് ഇസ്ലാം വര്‍ഗീയവാദിയാണെന്നും ഹിന്ദു സമൂഹത്തെ അപമാനിക്കുന്ന കമ്യൂണിസ്റ്റ് ആണെന്നും പട്ടം ചാര്‍ത്തിക്കൊടുന്നവരുമുണ്ട്. മലബാര്‍ കലാപം ഹിന്ദുക്കളെ കൊന്നൊടുക്കിയ മുസ്ലിം ഭീകരതയാണെന്നാണ് സംഘപരിവാര്‍ ആവര്‍ത്തിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പൃഥ്വിരാജ് ഇങ്ങനെയൊരു ചിത്രത്തില്‍ അഭിനയിക്കരുതെന്നും പിന്മാറണമെന്നം ഇല്ലെങ്കില്‍ ചരിത്രം മാപ്പ് തരില്ലെന്നും പറയുന്നത് മുതിര്‍ന്ന ബിജെപി നേതാക്കളാണ്.

ഈ വിമര്‍ശനങ്ങള്‍ക്കിടയിലും ശ്രദ്ധേയമായ മറ്റൊരു കാര്യം ആഷിഖ്-പൃഥ്വി ടീം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ പി ടി കുഞ്ഞുമുഹമ്മദ് ഷഹീദ് വാരിയംകുന്നന്‍ എന്ന പേരിലും ഇബ്രാഹിം വേങ്ങര ദ ഗ്രേറ്റ് വാരിയന്‍കുന്നന്‍ എന്ന പേരിലും തങ്ങളുടെ സിനിമകളുടെ പ്രഖ്യാപനങ്ങളും നടത്തിയെന്നതാണ്. തൊട്ടു പിന്നാലെ അലി അക്ബറും മലബാര്‍ കലാപത്തെ ആസ്പദമാക്കി സിനിമ പ്രഖ്യാപിച്ചു. ഒരു പ്രത്യേകതയെന്തെന്നാല്‍ മറ്റു മൂന്നു സിനിമകളിലും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നായകസ്ഥാനത്താണെങ്കില്‍ അലി അക്ബര്‍ വാരിയന്‍കുന്നത്തിനെ പ്രതിനായകസ്ഥാനത്ത് നിര്‍ത്തിയാണ് സിനിമയൊരുക്കുന്നത്. എന്തായാലും ഒരു ചരിത്രപുരുഷനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു നൂറ്റാണ്ടിനിപ്പുറം വീണ്ടും ചര്‍ച്ചയാകുന്നുവെന്നത് സ്വാഗതാര്‍ഹമാണ്. പ്രത്യേകിച്ചും 2021 ല്‍ മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമാകുമ്പോള്‍.


Next Story

Related Stories