TopTop
Begin typing your search above and press return to search.

EXCLUSIVE: ആഷിഖ് അബു/അഭിമുഖം: സിനിമ നിലനില്‍ക്കുക എന്നതാണ് പ്രധാനം, ഒന്ന് മറ്റൊന്നിനെ തകര്‍ക്കുമെന്ന ഫോര്‍മുല തെറ്റ്

EXCLUSIVE: ആഷിഖ് അബു/അഭിമുഖം: സിനിമ നിലനില്‍ക്കുക എന്നതാണ് പ്രധാനം, ഒന്ന് മറ്റൊന്നിനെ തകര്‍ക്കുമെന്ന ഫോര്‍മുല തെറ്റ്

കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ ആഘാതത്തില്‍ വലയുന്നതിനിടയിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദവും മലയള സിനിമയില്‍ ഉണ്ടായിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന വാര്‍ത്തയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തിയേറ്റര്‍ ഉടമകള്‍ വലിയ പ്രതിഷേധത്തിലാണ്. വിജയ് ബാബുവിനെതിരേ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഒ ടി ടി (ഓണ്‍ലൈന്‍ സ്ട്രീമിംഗ് സര്‍വീസ്) പ്ലാറ്റ്‌ഫോമില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത് സിനിമ വ്യവസായം നിലനില്‍ക്കുന്നതിന് സഹായകമാകുമെന്ന നിലപാടാണ് ഒരു വിഭാഗത്തിനുള്ളത്. തിയേറ്റര്‍ ഉടമകളുടെ വാശി അനാവശ്യമാണെന്നാണ് അവര്‍ പറയുന്നത്. ആശങ്കപ്പെടുന്നതുപോലെ തിയേറ്റര്‍ വ്യവസായത്തിന് തകര്‍ച്ചയുണ്ടാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സംവിധായകന്‍ ആഷിഖ് അബു മുന്നോട്ടു വയ്ക്കുന്ന വാദവും ഇതാണ്. സിനിമ നിലനില്‍ക്കുകയെന്നതാണ് പ്രധാനം. ഒന്ന് മറ്റൊന്നിനെ നശിപ്പിക്കുമെന്ന ഫോര്‍മുല തള്ളിക്കളയേണ്ടതാണെന്നും ആഷിഖ് അബു അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.? ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ സിനിമ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ക്ക് അടിസ്ഥാനമുണ്ടോ?

പ്രതിസന്ധികള്‍ എല്ലാവര്‍ക്കുമുണ്ട്. അതില്‍ നിന്നും ഒരാളെങ്കിലും രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അയാളെ തടയുന്നത് എന്തിനാണ്? നിയമം വച്ച് ആര്‍ക്കും ആരെയും തടയാനോ വിലക്കാനോ കഴിയില്ല. മൊത്തത്തില്‍ ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകളുടെ പേരില്‍ ആരെയെങ്കിലും വിലക്കുന്നതിലോ ബഹളം വയ്ക്കുന്നതിലോ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഓരോരുത്തരും അവരുടെ വഴി നോക്കുകയാണ്. അത് തടയാന്‍ നോക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഓരോരോരുത്തരെയും അവരുടെ സ്വാതന്ത്ര്യത്തിന് കാര്യങ്ങള്‍ ചെയ്യാന്‍ വിടുകയാണ് വേണ്ടത്.

? തിയേറ്റര്‍ ഉടമകളുടെ ആശങ്ക ഗൗരവമുള്ളതല്ലേ?

വലിയൊരു മാര്‍ക്കറ്റ് ആണ് ഇവിടെ കട്ട് ആയിരിക്കുന്നത്. അത് തിരിച്ച് പിടിക്കേണ്ടുണ്ട്. രാജ്യത്ത് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം കിട്ടയാല്‍ ആദ്യം തുറക്കുക കേരളത്തിലായിരിക്കാം. സാമൂഹിക അകലം പാലിച്ചൊക്കെ ഇവിടെ തിയേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുമായിരിക്കും. അതിനൊരു സമയം എടുക്കും. അതിനുള്ളില്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരു നിര്‍മാതാവിന് മുന്നില്‍ ഇത്ര പണം തരാം, സിനിമ തരണമെന്നു പറഞ്ഞാല്‍ അയാള്‍ ആ സിനിമ കൊടുക്കും. അങ്ങനെയൊരു സിനിമയോ അല്ലെങ്കില്‍ പത്ത് സിനിമകളോ കൊടുത്താല്‍ ഇവിടുത്തെ തിയേറ്റര്‍ വ്യവസായം തകരാന്‍ പോകുന്നില്ല.

? പരിഹരിക്കപ്പെടാവുന്ന തര്‍ക്കം മാത്രമാണോ ഇപ്പോഴുള്ളത്?

പരിഹാരം തീര്‍ച്ചയായും ഉണ്ടാകും. കുറച്ച് സമയമെടുക്കുമായിരിക്കും. അതുവരെ നമ്മള്‍ അഡ്‌ജസ്റ്റ്മെന്റുകള്‍ക്ക് തയ്യാറാകണം. കഴിഞ്ഞ രണ്ടു മാസം മുമ്പ് വരെ ഉണ്ടായിരുന്ന ജീവിതമല്ല ഇപ്പോള്‍ നമ്മുടേത്. വിട്ടുവീഴ്ച്ചകള്‍ക്കും സമരസപ്പെടലുകള്‍ക്കും നാം വിധേയരായേ പറ്റൂ. അതിനിടയില്‍ തര്‍ക്കങ്ങളും വിലക്കുകളുമൊക്കെ എന്തിനാണ്? അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലെന്താണ് ലാഭം? യോജിപ്പില്‍ എത്തണം. അനാവശ്യമായി വാശിപിടിക്കരുത്, ആരായാലും.

? ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് സിനിമകള്‍ മാറിയാല്‍ തിയേറ്ററുകള്‍ ശൂന്യമാകും, ആ ഭയം തിയേറ്റര്‍ ഉടമകള്‍ക്കുണ്ടാകും. തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുമ്പോള്‍ സ്വഭാവികമായും അവര്‍ പ്രതികരിക്കുമല്ലോ, അതിലൊരു ന്യായവുമുണ്ട്.

ഒരു നിര്‍മാതാവിന് ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ സിനിമ എടുക്കണമെങ്കില്‍ എടുക്കട്ടെ. അതൊരിക്കലും തിയേറ്ററുകള്‍ക്ക് എതിരായ തീരുമാനമാകില്ല. ഇവിടെ ഉണ്ടാകുന്ന സിനിമകളിലും കൂടുതലും തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ വേണ്ടിയുള്ളവയാണ്. എല്ലാ സിനിമകളും ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ കഴിയില്ല. അവിടെ നിന്നും കിട്ടുന്ന തുകയ്ക്ക് വില്‍ക്കാന്‍ കഴിയാത്ത സിനിമകളുണ്ട്. വലിയ ബഡ്ജറ്റില്‍ ചെയ്യുന്ന സിനിമകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് വില്‍ക്കാന്‍ കഴിയില്ല. നഷ്ടം സഹിച്ച് ഏതെങ്കിലും നിര്‍മാതാവ് തന്റെ സിനിമ വില്‍ക്കുമോ? എല്ലാ സിനിമകളും ഒ ടി ടി പ്ലാറ്റ്‌ഫോമിലേക്ക് പോകുമെന്നാണ് ഭയം. അനാവശ്യമായ ഭയമാണത്. അങ്ങനെ ഒരിക്കലും സംഭവിക്കില്ല.

Also Read: വിലക്കുകള്‍കൊണ്ട് മലയാള സിനിമയിലെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കരുത്; വിജയ് ബാബുവിന് പിന്തുണയുമായി ആഷിഖ് അബു

ഒന്ന് വരുമ്പോള്‍ മറ്റൊന്ന് നശിക്കുമെന്ന ഫോര്‍മുല തെറ്റാണെന്ന് പല കാര്യത്തിലും നമുക്ക് ബോധ്യമായിട്ടുള്ളതല്ലേ. ഒന്ന് ഒന്നിനെ നശിപ്പിക്കുമെന്നു കരുതാതെ, മറ്റൊന്നു വന്നാല്‍ രണ്ടും നന്നാകുമെന്ന വാദത്തില്‍ നമുക്ക് നില്‍ക്കാം. മുന്‍പ് കണ്ടിരുന്നതിനേക്കാള്‍ കൂടുതല്‍ വീഡിയോ കണ്ടന്റുകള്‍ നമ്മളിപ്പോള്‍ കാണുന്നില്ലേ. ടെലിവിഷന്‍ വന്നതുകൊണ്ട് ആളുകള്‍ തിയേറ്ററില്‍ പോകുന്നത് നിര്‍ത്തിയോ? സിനിമകള്‍ നമുക്കിപ്പോള്‍ പല പ്ലാറ്റ്‌ഫോമുകളില്‍ കാണാന്‍ അവസരമുണ്ടല്ലോ, ഏതെങ്കിലുമൊന്നിനെ അത് തകര്‍ത്തോ? നമുക്ക് മുന്നിലുള്ള സ്റ്റാറ്റിസ്റ്റിക്സ് പരിശോധിച്ചാല്‍ വ്യക്തമാകുന്നൊരു കാര്യമുണ്ട്, ഇവിടുത്തെ തിയേറ്റര്‍ വ്യവസായം വളര്‍ച്ചയുടെ പാതയിലായിരുന്നു. അതുപോലെ തന്നെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും.

? ഈ വാദങ്ങളാണ് ശരിയെങ്കില്‍ പിന്നെന്തിനാണ് ഇവിടെയൊരു തര്‍ക്കത്തിന്റെ ആവശ്യകത?

ഒരു പ്രതിസന്ധി വരുമ്പോള്‍ എല്ലാവരുടെയും മനസില്‍ സ്വാഭാവികമായ അരക്ഷിതാവസ്ഥയുണ്ടാകും. വാദപ്രതിവാദങ്ങള്‍ ഉണ്ടാകാം. അത് അവസാനിപ്പിക്കാന്‍ നമുക്ക് സമാധാനപരമായ ചര്‍ച്ചകള്‍ നടത്താം. നമുക്ക് മുന്നോട്ടു പോകണം. അതിന് ശ്രമിക്കുന്നവരെ തടയരുത്. വൈകാരിക പ്രതികരണങ്ങളാണ് വരുന്നത്. അതവര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തില്‍ നിന്നാകാം. പക്ഷേ, വിലക്ക് പോലുള്ള വെല്ലുവിളികള്‍ അനാവശ്യമാണ്. ഒരാള്‍ തന്റെ സിനിമ ഒ ടി ടിയില്‍ റിലീസ് ചെയ്താല്‍ മൊത്തം സിനിമ വ്യവസായവും തകര്‍ന്നുപോകുമെന്ന് പറയുന്നത് സിനിമയെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യലാണ്. കലയോട് കാണിക്കുന്ന അനാദരവാണത്. ലോകമഹായുദ്ധം കടന്നു വന്നിട്ടുള്ള ആര്‍ട്ട് ആണ് സിനിമ.

മനുഷ്യന് ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന എന്റര്‍ടെയ്ന്‍മെന്റാണ് സിനിമ. അതിന് പകരം വയ്ക്കാന്‍ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിനും ഒന്നിനും കഴിയല്ല. സിനിമ, അത് തേടിവരുന്നവന്റെ ആവശ്യമാണ്. അതാണ് സിനിമയുടെ പവര്‍.

? ഈയൊരു പ്രതിസന്ധിയിലാണോ മലയാളസിനിമ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തേടി പോകുന്നത്? അതിനു മുന്നേ ആ വഴിക്കുള്ള സഞ്ചാരം തുടങ്ങിയിരുന്നതല്ലേ. ഇപ്പോഴത് കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുന്നു. അങ്ങനെ വന്നാല്‍ പൂര്‍ണാധിപത്യം അവര്‍ നേടും, അതല്ലേ വരാനിരിക്കുന്ന യാഥാര്‍ത്ഥ്യം?

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ കാഴ്ച്ചക്കാര്‍ ഉണ്ടായിരുന്നു. ആ രംഗം വളരുകയായിരുന്നു. തിയേറ്ററുകളെ പൂര്‍ണമായി പരാജയപ്പെടുത്താന്‍ വേണ്ടിയായിരുന്നില്ല. തിയേറ്ററിലും ആളുണ്ടായിരുന്നു, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലുമുണ്ടായിരുന്നു. ലോക്ഡൗണിനു മുമ്പുള്ള തിയേറ്റര്‍ ഷെയറുകളും മറ്റ് ഷെയറുകളും നോക്കിയാല്‍ ഓരോ വര്‍ഷവും ആനുപാതികമായ വളര്‍ച്ച കാണാം. ഓരോ മൂന്നുമാസം കൂടുമ്പോഴും ഒരു പുതിയ തിയേറ്റര്‍ തുറക്കുന്ന നിലയില്‍ നിന്നാണ് നമ്മള്‍ ലോക്ഡൗണിലേക്ക് പോകുന്നത്. തീയേറ്റര്‍ വ്യവസായം ഇവിടെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ഒ ടി ടി പ്ലാറ്റ്‌ഫോമിലും ആളുകളുണ്ട്. ഒന്ന് നശിച്ചതുകൊണ്ടാണ് മറ്റൊന്നിലേക്ക് ആളുകള്‍ വന്നതെന്ന് പറയാന്‍ കഴിയില്ലല്ലോ.

ഒരു മെഡിക്കല്‍ സൊല്യൂഷന്‍ ഉണ്ടാകുന്നതവരെ സാമൂഹിക സമ്പര്‍ക്കത്തില്‍ നിന്നും നാം ഒഴിഞ്ഞ് നില്‍ക്കും. ഈ സങ്കീര്‍ണതയ്‌ക്കൊരു പരിഹാരം ഉണ്ടായിക്കഴിഞ്ഞാല്‍ മനുഷ്യര്‍ വീണ്ടുമൊത്തുകൂടും. അല്ലാതെയവര്‍ക്ക് പറ്റില്ല. സോഷ്യലൈസിംഗില്‍ നിന്നും അവര്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ല. പൊതുവിടങ്ങളലേക്ക് തിരിച്ചുവരുമെല്ലാവരും. ഈ കാലഘട്ടം നാം മറികടക്കും, അതുവരെയുള്ള പ്രതിസന്ധി മാത്രമാണ് നമുക്ക് മുന്നിലുള്ളത്.Also Read: വിജയ് ബാബു/അഭിമുഖം: അടുത്ത ചിത്രം നിര്‍മ്മിക്കാന്‍ ഞാന്‍ ഉണ്ടായിരിക്കണമെങ്കില്‍ ഈ ചിത്രം വിറ്റു പോണം, മലയാള സിനിമ മാറിയേ തീരൂ

? ചെറിയ സിനിമകള്‍ക്ക് ഇനിയുള്ള കാലത്ത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായിരിക്കുമോ നല്ല ചോയ്‌സ്?

വലിയ സിനിമകള്‍ ആളുകള്‍ തിയേറ്റുകളില്‍ പോയി തന്നെ കാണും. ചെറിയ സിനിമകളുമുണ്ടല്ലോ, അത് അവര്‍ക്ക് ഇഷ്ടമുള്ള പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യട്ടെ. നിലനില്‍പ്പിന്റെ കാര്യം കൂടി നോക്കണമല്ലോ. അതിനു ശ്രമിക്കുന്നവരെ തടയാതിരിക്കാം. എല്ലാവരും പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്നും ഒരാളെങ്കിലും രക്ഷപ്പെടുന്നുവെങ്കില്‍ അയാള്‍ രക്ഷപ്പെടട്ടെ എന്നുവേണം കരുതാന്‍. അല്ലാതെ വിലക്കിന്റെ രാഷ്ട്രീയം പറഞ്ഞ് സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കരുത്. ഒരാളുടെ തീരുമാനം അയാളുടെ സ്വാതന്ത്ര്യമാണ്. സിനിമ എവിടെ കാണണം എന്നു തീരുമാനിക്കുന്നത് പ്രേക്ഷകരാണല്ലോ. ഒ ടി ടിയില്‍ കാണണോ തിയേറ്ററില്‍ കാണണോ എന്ന ചോയ്‌സ് പ്രേക്ഷകര്‍ക്കുള്ളതാണ്. അവിടെ മറ്റാരും വാശി പിടിച്ചിട്ട് കാര്യമില്ല.

? ആഷിഖിന് ഇക്കാര്യത്തില്‍ വ്യക്തിപരമായ നിലപാട് എന്താണുള്ളത്?

നമ്മുടെ മുന്നില്‍ വന്നതാണ്. പക്ഷേ, നമ്മള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമ പെട്ടെന്ന് തീര്‍ത്ത് പുറത്തിറക്കാനോ തിയേറ്ററുകള്‍ വേണ്ടെന്നു വയ്ക്കാനോ കഴിയില്ല. അതുകൊണ്ട് വേണ്ടെന്നു വച്ചതാണ്. എന്റെ അഭിപ്രായത്തില്‍, രണ്ട് പ്ലാറ്റ്‌ഫോമുകളും സിനിമയ്ക്ക് വേണം. ഒ ടി ടി യാണ് ഇനി കുറച്ച് കാലത്തേക്കുള്ള മികച്ച പ്ലാറ്റ്‌ഫോം എങ്കില്‍ ആ പ്ലാറ്റ്‌ഫോമിലേക്കുള്ള സിനിമകള്‍ ഉണ്ടാകണം.

? ഈ വിവാദം നമുക്കിവിടെ അവസാനിപ്പിക്കാം എന്നാണോ?

അതാണ് വേണ്ടത്. എന്തായാലും സിനിമ ഇവിടെ നിന്നുപോകില്ല. അക്കാര്യത്തില്‍ ആരും പേടിക്കേണ്ട. സിനിമ നമ്മുടെയെല്ലാം ആവശ്യമാണ്. ആരെന്തു പ്രശ്‌നം ഉണ്ടാക്കിയാലും സിനിമയ്ക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല.


Next Story

Related Stories