TopTop
Begin typing your search above and press return to search.

'സിനിമ സെറ്റുകണ്ടാല്‍പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം: ആഷിഖ് അബു

സിനിമ സെറ്റുകണ്ടാല്‍പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം: ആഷിഖ് അബു

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയ്ക്കായി തയ്യാറാക്കിയിരുന്ന സെറ്റ് തകര്‍ത്തതിനെ ശക്തമായി അപലപിച്ച് സംവിധായകന്‍ ആഷിഖ് അബു. സിനിമ സെറ്റുകണ്ടാല്‍പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണമെന്നാണ് ആഷിഖ് ആഹ്വാനം ചെയ്തത്. ഹിന്ദു വര്‍ഗീയവാദികളായിരുന്നു കാലടി മണപ്പുറത്ത് നിര്‍മിച്ച സിനിമ സെറ്റ് തകര്‍ത്തത്. പള്ളിയുടെ മാതൃകയില്‍ നിര്‍മിച്ച സെറ്റ് മതവികാരം വൃണപ്പെടുത്തുമെന്നാരോപിച്ചായിരുന്നു സെറ്റ് തകര്‍ത്തത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മലയാള സിനിമ ഒറ്റക്കെട്ടായി ഈ ഭീകര പ്രവര്‍ത്തനത്തെ പ്രതിരോധിക്കുമെന്നുമാണ് മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആഷിഖ് അബു പറഞ്ഞത്.

ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സിനിമ സെറ്റുകണ്ടാല്‍പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധിക്കും. മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം.

മിന്നല്‍ മുരളിയുടെ സംവിധായകന്‍ ബേസില്‍ ജോസഫും സെറ്റ് തകര്‍ത്തതിനെതിരെ രംഗത്തു വന്നിരുന്നു. കേരളം പോലൊരു സ്ഥലത്ത് ഒരു വലിയ മഹാമാരിക്കെതിരേ നാട് പൊരുതിക്കൊണ്ടിരിക്കുന്ന സമയത്ത് ഇങ്ങനെ സംഭവിച്ചതില്‍ വിഷമവും ആശങ്കയുമുണ്ടെന്നാണ് സംവിധായകന്‍ ബേസില്‍ പറയുന്നത്. എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്ത്, ഒരുമിച്ചു നില്‍ക്കേണ്ട സമയത്ത്, ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ബേസില്‍ പറയുന്നു. ബേസിലിന്റെ വാക്കുകള്‍; എന്താ പറയേണ്ടത് എന്നറിയില്ല. ചിലര്‍ക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം, രാഷ്ട്രീയം ആവാം, പക്ഷെ ഞങ്ങള്‍ക്ക് ഇതൊരു സ്വപ്നം ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോള്‍ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോര്‍ത്തു അഭിമാനവും, ഷൂട്ടിങ്ങിനു തൊട്ടു മുന്‍പ് ലോക്ക്‌ഡൌണ്‍ സംഭവിച്ചതിനാല്‍ 'ഇനി എന്ന്' എന്നോര്‍ത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു. ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വര്‍ഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാന്‍ തുടങ്ങിയിട്ട്. ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആര്‍ട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്‍മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നില്‍ക്കേണ്ട സമയത്ത്, ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തില്‍. നല്ല വിഷമമുണ്ട്. ആശങ്കയും

രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്നവരാണ് ഷൂട്ടിംഗ് സെറ്റ് തകര്‍ത്തത്. മതവികാരം വൃണപ്പെടുത്തുന്നു എന്നാരോപിച്ചാണ് വിദേശ പള്ളിയുടെ മാതൃകയില്‍ നിര്‍മിച്ച സെറ്റ് തകര്‍ത്തത്. ലോക് ഡൗണ്‍ മൂലം ചിത്രീകരണം നിര്‍ത്തിവച്ചരിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു അക്രമണം. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ലക്ഷങ്ങള്‍ മുടക്കി സെറ്റ് നിര്‍മിച്ചത്.

സെറ്റ് തകര്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ ബജ്‌റംഗ്ദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് തകര്‍ത്തത്. ക്ഷേത്ര പരിസരത്ത് പള്ളിയുടെ മാതൃകയില്‍ സെറ്റ് നിര്‍മക്കുന്നത് തങ്ങള്‍ ആദ്യം തന്നെ എതിര്‍ത്തതാണെന്നും അത് അനുസരിക്കാതെ നിര്‍മിച്ചതുകൊണ്ടാണ് പൊളിച്ചു നീക്കിയതെന്നുമാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത് (എഎച്ച്പി) ജനറല്‍ സെക്രട്ടറി ഹരി പാലോട് പറയുന്നു. 'കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍,ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്,പരാതികള്‍ നല്‍കിയിരുന്നു.യാജിച്ച് ശീലം ഇല്ല.ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു.സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം.സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കും,മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്‌റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍. മഹാദേവന്‍ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു സിനിമ സെറ്റ് തകര്‍ത്തകുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം കൂടാതെ, തമിഴ്. തെലുഗ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. അജു വര്‍ഗീസ്, ഗുരുസോമസുന്ദരം, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിനിമയുടെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കാന്‍ വേണ്ടി നിര്‍മിച്ച കൂറ്റന്‍ സെറ്റാണ് ഹിന്ദുത്വവാദികള്‍ തകര്‍ത്തത്. വലിയ മുതല്‍ മുടക്കില്‍ നിര്‍മിച്ച സെറ്റില്‍ ആണ് സിനിമയുടെ അവസാനഘട്ട ചിത്രീകരണം അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരുന്നത്. ഷൂട്ടിംഗ് തുടങ്ങാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിരിക്കുമ്പോഴാണ് ലോക് ഡൗണ്‍ വന്നതും എല്ലാ ചിത്രീകരണങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. രണ്ടു വര്‍ഷമായി മിന്നല്‍ മുരളിയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരികയായിരുന്നു.


Next Story

Related Stories