TopTop
Begin typing your search above and press return to search.

വിലക്കുകള്‍കൊണ്ട് മലയാള സിനിമയിലെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കരുത്; വിജയ് ബാബുവിന് പിന്തുണയുമായി ആഷിഖ് അബു

വിലക്കുകള്‍കൊണ്ട് മലയാള സിനിമയിലെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കരുത്; വിജയ് ബാബുവിന് പിന്തുണയുമായി ആഷിഖ് അബു

ഓണ്‍ലൈന്‍ സ്ട്രീമിംഗ് സര്‍വീസുകളില്‍(ഒ ടി ടി) സിനിമകള്‍ റിലീസ് ചെയ്യുന്നതിനെതിരേയുള്ള തിയേറ്റര്‍ ഉടമകളുടെ പ്രതിഷേധം അനാവശ്യമാണെന്ന് സംവിധായകന്‍ ആഷിഖ് അബു. എല്ലാവരും പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്നും ഒരാളെങ്കിലും രക്ഷപ്പെടുന്നുവെങ്കില്‍ അയാളെ രക്ഷപ്പെടട്ടെ എന്നുവേണം കരുതാന്‍. അല്ലാതെ വിലക്കിന്റെ രാഷ്ട്രീയം പറഞ്ഞ് സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കരുത് എന്നായിരുന്നു അഴിമുഖത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ആഷിഖ് ചൂണ്ടിക്കാണിച്ചത്. സൂഫിയും സുജാതയും എന്ന ജയസൂര്യ ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിര്‍മാതാവ് വിജയ് ബാബുവിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന തിയേറ്റര്‍ ഉടമകളുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. ഒരു സിനിമ ഒ ടി ടിയില്‍ കാണണോ തിയേറ്ററില്‍ കാണണോ എന്ന ചോയ്സ് പ്രേക്ഷകനുള്ളതാണെന്നും അവിടെ മറ്റാരും വാശി പിടിച്ചിട്ട് കാര്യമില്ലെന്നും സംവിധായകന്‍ ഇപ്പോഴത്തെ വിവാദങ്ങളെ തള്ളിക്കൊണ്ട് വ്യക്തമാക്കി.

"പ്രതിസന്ധികള്‍ എല്ലാവര്‍ക്കുമുണ്ട്. അതില്‍ നിന്നും ഒരാളെങ്കിലും രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അയാളെ തടയുന്നത് എന്തിനാണ്? നിയമം വച്ച് ആര്‍ക്കും ആരെയും തടയാനോ വിലക്കാനോ കഴിയില്ല. മൊത്തത്തില്‍ ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകളുടെ പേരില്‍ ആരെയെങ്കിലും വിലക്കുന്നതിലോ ബഹളം വയ്ക്കുന്നതിലോ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഓരോരുത്തരും അവരുടെ വഴി നോക്കുകയാണ്. അത് തടയാന്‍ നോക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഓരോരോരുത്തരെയും അവരുടെ സ്വാതന്ത്ര്യത്തിന് കാര്യങ്ങള്‍ ചെയ്യാന്‍ വിടുകയാണ് വേണ്ടത്", ആഷിഖ് അബു അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ മലയാള സിനിമ വ്യവസായത്തിനുണ്ടാക്കിയിരിക്കുന്നത് അഞ്ഞൂറ് കോടിയലിധികം രൂപയുടെ നഷ്ടമാണ്. നിലച്ചിരിക്കുന്ന ചിത്രീകരണം എന്നു തുടങ്ങുമെന്നോ അടച്ചിട്ടിരിക്കുന്ന തിയേറ്റുകള്‍ എന്നു തുറക്കുമെന്നോ എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ കണക്കുകൂട്ടിയിരിക്കുന്നതിന്റെ പതിന്മടങ്ങിലേക്ക് നഷ്ടത്തിന്റെ ഗ്രാഫ് ഉയരുമെന്നാണ് സിനിമ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്ന ആശങ്ക. ഇത്തരമൊരു സങ്കീര്‍ണഘട്ടത്തിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മലയാള സിനിമ കടക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ അഭിനേതാവ് കൂടിയായ വിജയ് ബാബു നിര്‍മിച്ച സൂഫിയും സുജാതയും എന്ന ജയസൂര്യ ചിത്രം ആമസോണ്‍ പ്രൈം വാങ്ങിയതോടെയാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള മലയാള സിനിമയുടെ വരവിന് തുടക്കമായിരിക്കുന്നത്. കോവിഡ് കാലത്ത് ഒ ടി ടി (ഓണ്‍ലൈന്‍ സ്ട്രിമിംഗ് സര്‍വീസ്) പ്ലാറ്റ്‌ഫോമുകള്‍ക്കുണ്ടായ വന്‍ കുതിച്ചു ചാട്ടം തന്നെയാണ്, നഷ്ടത്തില്‍ മുങ്ങി നില്‍ക്കുന്ന മലയാള സിനിമയേയും പുതുവഴിയിലേക്ക് ആകര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതിനെതിരേ തിയേറ്റര്‍ ഉടമകള്‍ രംഗത്തു വന്നത് ഈ പ്രതിസന്ധികാലത്തും മലയാള സിനിമയെ വിവാദത്തിലേക്ക് തള്ളിവിടുകയാണ്.

EXCLUSIVE: ആഷിഖ് അബു/അഭിമുഖം: സിനിമ നിലനില്‍ക്കുക എന്നതാണ് പ്രധാനം, ഒന്ന് മറ്റൊന്നിനെ തകര്‍ക്കുമെന്ന ഫോര്‍മുല തെറ്റ്

ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ തിയേറ്റര്‍ വ്യവസായത്തെ തകര്‍ക്കുമെന്നാണ് ഉടമകളുടെ ഭയവും ആശങ്കയും. അതിനാല്‍, ശക്തമായ പ്രതിഷേധമാണ് ഇക്കാര്യത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്. തിയേറ്റര്‍ ഉടമകളെയും മലയാള സിനിമയെയും വഞ്ചിക്കുകയാണ് വിജയ് ബാബു ചെയ്തിരിക്കുന്നതും വിജയ് ബാബു അഭിനയിക്കുന്നതോ നിര്‍മിക്കുന്നതോ ആയ ഒരു സിനിമകളും കേരളത്തിലെ തിയേറ്ററുകളില്‍ കളിക്കില്ലെന്നുമാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്) ജനറല്‍ സെക്രട്ടറി എം സി ബോബി അഴിമുഖത്തോട് പറഞ്ഞത്. എല്ലാവരും ഒരുപോലെ ബുദ്ധിമുട്ട് നേരിടുമ്പോള്‍ ചിലര്‍ മാത്രം വഞ്ചനാപരമായ സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഫിയോക് പറയുന്നത്.

എന്നാല്‍, ഇത്തരം ആശങ്കകള്‍ക്കോ, വിലക്കിന്റെ രാഷ്ട്രീയം സംസാരിക്കുന്നതിലോ അര്‍ത്ഥമില്ലെന്നാണ് ആഷിഖ് ചൂണ്ടിക്കാണിക്കുന്നത്. ഒ ടി ടി റിലീസുകൊണ്ട് തിയേറ്റര്‍ വ്യവസായം പൂര്‍ണമായി തകര്‍ന്നു പോകുമെന്ന് പറയുന്നതില്‍ കാര്യമില്ലെന്നാണ് ആഷിഖ് അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരാള്‍ തന്റെ സിനിമ ഒ ടി ടിയില്‍ റിലീസ് ചെയ്താല്‍ മൊത്തം സിനിമ വ്യവസായവും തകര്‍ന്നുപോകുമെന്ന് പറയുന്നത് സിനിമയെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യലാണ്. കലയോട് കാണിക്കുന്ന അനാദരവാണത്. ലോകമഹായുദ്ധം കടന്നു വന്നിട്ടുള്ള ആര്‍ട്ട് ആണ് സിനിമ എന്നും ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ആഷിഖ് പറയുന്നു. ഇപ്പോഴത്തെ വിവാദങ്ങള്‍ സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിച്ച് എല്ലാവരും യോജിപ്പിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.


രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories