TopTop
Begin typing your search above and press return to search.

'വിജയശ്രീയുടെ ആത്മാവ് അവിടെ ഉണ്ടായിരുന്നോ?' ഉദയ സ്റ്റുഡിയോയില്‍ നിന്നുണ്ടായ വ്യത്യസ്ത അനുഭവത്തെക്കുറിച്ച് സംവിധായകന്‍ ആലപ്പി അഷറഫ്

വിജയശ്രീയുടെ ആത്മാവ് അവിടെ ഉണ്ടായിരുന്നോ? ഉദയ സ്റ്റുഡിയോയില്‍ നിന്നുണ്ടായ വ്യത്യസ്ത അനുഭവത്തെക്കുറിച്ച് സംവിധായകന്‍ ആലപ്പി അഷറഫ്

മലയാളത്തിലെ പ്രശസ്തന സിനിമ ബാനറായിരുന്ന ഉദയായുമായി ബന്ധപ്പെട്ട വ്യത്യസ്തമായൊരു അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. ഉദയ സ്റ്റുഡിയോ ആധുനീകവത്കരിക്കാന്‍ കുഞ്ചാക്കോയുടെ മകനും കുഞ്ചാക്കോ ബോബന്റെ പിതാവുമായ ബോബന്‍ കുഞ്ചാക്കോയുമായി ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ ഉണ്ടായ അനുഭവങ്ങളാണ് അഷറഫ് ഫെയ്‌സ്ബുക്ക് പോസ്റ്റായി പങ്കുവച്ചിരിക്കുന്നത്.

ആലപ്പി അഷറഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;


പൊതുവേ അന്ധവിശ്വാസങ്ങള്‍ മറ്റുള്ള മേഖലയെ അപേക്ഷിച്ച് വളരെ കൂടുതലാണ് സിനിമാകാര്‍ക്കിടയില്‍. ഞാന്‍ ഈ വിഷയത്തില്‍ പലപ്പോഴും യുക്തിയുടെയും ശാസ്ത്രത്തിന്റെയും പക്ഷംപിടിച്ചു പലരെയും കളിയാക്കാറുമുണ്ടായിരുന്നു. എന്നാല്‍ ചില അപൂര്‍വ്വ അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നേരിട്ടു അവതരിക്കുമ്പോള്‍ നമ്മള്‍ അന്തംവിട്ടു പകച്ചു പോകും. നടന്‍ കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബച്ചന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. നാട്ടിലുണ്ടെങ്കില്‍ മിക്കവാറും ഒരുമിച്ചായിരിക്കും ഞങ്ങള്‍. അല്ലങ്കില്‍ ദിനവും മിനിമം ഒരു

അഞ്ചു പ്രാവിശ്യമെങ്കിലും ഫോണില്‍ ബന്ധപ്പെടും. അത്രയ്ക്ക് ആഴത്തിലുള്ള സ്‌നേഹബന്ധം. സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ ബോബച്ചന്‍ ഉദയാ സ്റ്റുഡിയോ വില്‍ക്കാനായ് തീരുമാനിച്ചു. സുഹൃത്തയാ അദ്ദേഹത്തോട് ഞാന്‍ ഒരു നിര്‍ദ്ദേശം വെച്ചു...

നമ്മള്‍ ഉദയ വില്ക്കുന്നില്ല ...പകരം സ്റ്റുഡിയോ ആധുനികവത്കരിക്കുക...ഡിജിറ്റല്‍ സംവിധാനങ്ങള്‍...മോഡേണ്‍ ഡബ്ബിംഗ് തിയേറ്റര്‍..

ഫ്‌ളോറുകള്‍ പുതുക്കി അത്യാവശ്യ സെറ്റുകള്‍ ഒരുക്കുക...താമസ സൗകര്യങ്ങള്‍...അങ്ങിനെ അടിമുടി മാറ്റി പരിഷ്‌ക്കരിക്കുക. ബോബച്ചന് സന്തോഷവും സമ്മതവും.. ഇന്‍വസ്റ്ററെ ഞാന്‍ കണ്ടു പിടിക്കണം. 51/49 പ്രിപ്പോഷന്‍ നിലനിര്‍ത്തണം. ഞാന്‍ ശ്രമം ആരംഭിച്ചു. പലരെയും സമീപിച്ചു. ഒടുവില്‍ ദുബായില്‍ രാജകുടുബത്തിലെ ആള്‍ക്കാരുമായ് ചേര്‍ന്ന് വമ്പന്‍ ബിസിനസ്സുകള്‍ നടത്തുന്ന എന്റെയൊരു സ്‌നേഹിതന്റെയടുക്കല്‍ ഈ പ്രോജക്റ്റ് ഞാന്‍ അവതരിപ്പിച്ചു. അയാള്‍ക്ക് ഇതിനോട് വളരെ താല്പര്യമായ്. ബോബച്ചനുമായ് ആലപ്പുഴയില്‍

കൂടികാഴ്ചയ്ക്ക് ഏര്‍പ്പാടുണ്ടാക്കി. അവര്‍ തമ്മില്‍ കണ്ടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഡബിള്‍ ഓക്കേ..

എത്ര നല്ല ആള്‍ക്കാര്‍. ബാര്‍ഗയിനിംഗ് ഒന്നും വേണ്ട കാര്യങ്ങള്‍ നീക്കി കൊള്ളു. എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ നോക്കി നടത്തണം.

എനിക്കതില്‍ രണ്ടു പേരും ചേര്‍ന്ന് 15% ഷെയര്‍ തരും. എന്റെ മനസ്സില്‍ നൂറുകണക്കിന് ലഡ്ഡുവാണ് ഒറ്റയടിക്ക് പൊട്ടിയത്. എന്റെ സമയം തെളിഞ്ഞു തുടങ്ങീ. ദുബായ്ക്കാരന്‍ എന്നോട് ഒരു കാര്യം പറഞ്ഞു. അയാള്‍ എന്തു ബിസിനസ് തുടങ്ങുന്നതിന് മുന്‍പ് അയാളുടെ ഒരു ജോത്സ്യനോട് അനുവാദം വാങ്ങും. അയാള്‍ക്കതിന് കാരണങ്ങളുമുണ്ട്. അയാള്‍ക്ക് ഒരിക്കല്‍ അസുഖം വന്നു മരിച്ചു പോകുമെന്ന് വൈദ്യശാസ്ത്രം വിധി എഴുതിയപ്പോള്‍, തന്റെ മരണ കിടക്കയില്‍ തന്നെ കാണാന്‍ വന്ന ആ ജോത്സ്യന്‍ പറഞ്ഞു പോലും, നിനക്കിനിയും ആയുസ്സു ധാരാളം ബാക്കിയുണ്ട്് ഒന്നും സംഭവിക്കില്ല. അയാളുടെ ജീവിതത്തില്‍ അവിശ്വസനീയമായത് സംഭവിച്ചു.

ശാസ്ത്രം യാദൃശ്ചികമായ് ജോത്സ്യന്റെ മുന്നില്‍ തോറ്റു പോലും. അയാള്‍ പിന്നീടെന്തു ചെയ്യണമെങ്കിലും ആ ജോത്സ്യനോട് ആലോചിച്ചേ ചെയ്യു.

അതു മാത്രമേയുള്ളു ഇനി. അതിനെന്താ അങ്ങനായിക്കോട്ടെ. ഓരോരുത്തരുടെ വിശ്വാസമല്ലേ. അയാള്‍ ദുബായ്ക്കു പോയി.

രണ്ടു ദിവസം കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു, ജോത്സ്യനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് സ്ഥലം കാണണമെന്ന്. അതിനുള്ള ഏര്‍പ്പാട് ചെയ്യണം. അദ്ദേഹം ബാംഗ്ലൂരില്‍ നിന്നുമാണ് വരിക. ഞാന്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ ചെന്നു അദ്ദേഹത്തെ സ്വീകരിച്ചു.

ഒരു 80 വയസ് തോന്നിക്കുന്ന ആള്‍. പ്രശസ്ത ചിത്രകാരന്‍ എംഎഫ് ഹുസൈനോട് രൂപസാദൃശ്യമുള്ള ഏകദേശം 80 വയസ്സു തോന്നിക്കുന്ന ഒരാള്‍. കര്‍ണാടകക്കാരനാ... സിലോണ്‍, നേപ്പാള്‍, ബര്‍മ്മ എന്നിവിടങ്ങളിലെ രാജകുടുബങ്ങളുടെ സ്ഥിരം ജോത്സ്യനാണന്നും അറിയാന്‍ കഴിഞ്ഞു.

അല്പ മലയാളവും ഹിന്ദിയും ചേര്‍ത്ത ഒരു ഭാഷ എനിക്ക് വേണ്ടി അദ്ദേഹം രൂപപ്പെടുത്തി. അദ്ദേഹത്തെ ഞാന്‍ ആലപ്പുഴയിലേക്ക് കൂട്ടികൊണ്ടു വന്നു പ്രിന്‍സ് ഹോട്ടലില്‍ താമസമൊരുക്കി. അടുത്ത ദിവസം രാവിലെ 8 മണിക്ക് സ്ഥലം സന്ദര്‍ശനം.

അടുത്ത ദിനം ഞാനദ്ദേഹത്തെയും കൂട്ടി ഉദയായിലേക്ക് കടക്കുമ്പോള്‍...അവിടെ ഗേറ്റിനടുത്തുള്ള ഓഫീസിന് മുന്നില്‍ ബോബച്ചനും ഭാര്യയും ഞങ്ങളെയും കാത്തുനില്പുണ്ടായിരുന്നു. കാറിലിരുന്നു തന്നെ അദ്ദേഹം അവരെ അഭിവാദ്യമര്‍പ്പിച്ച് ,അതിന് ശേഷം കാര്‍ മുന്നോട്ട് പോകാന്‍ അദ്ദേഹം എന്നോട് നിര്‍ദ്ദേശിച്ചു. കുറെ മുന്നോട്ട് നീങ്ങി അവിടെയുള്ള ഒരു തിയേറ്ററിന് മുന്‍പില്‍ നിര്‍ത്താന്‍ പറഞ്ഞു. അവിടെ ഇറങ്ങി ഒരുമുഴം നീളമുള്ള ഒരു വടിയും പിടിച്ച് വളരെ വേഗത്തില്‍ അദ്ദേഹം നടന്നു തുടങ്ങി. പല വശങ്ങളിലേക്കും അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടന്നു.

ബോബച്ചനും ഭാര്യയും അകലെ നിലക്കുന്നത് എനിക്ക് കാണാമായിരുന്നു. ഒടുവില്‍ ഒരു ഇരുപത് മിനിട്ടുകള്‍ക്ക് ശേഷം അയാള്‍ കിതച്ച് കൊണ്ട് എന്റടുക്കല്‍ വന്നു പറഞ്ഞു. ' ഇതു വാങ്ങുന്നവന്‍ ആറുമാസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ല'. ഒരു നിമിഷം ഞാന്‍ പകച്ചുപോയി, എന്റെ മനസ്സിലെ ചില്ലു കൊട്ടാരം ഉടഞ്ഞു തകര്‍ന്നു വീണു. നിരാശകൊണ്ട് വാടിക്കരിഞ്ഞ, എന്റെ മുഖത്തു നോക്കി അയാള്‍ പറഞ്ഞു ..

'അഷ്‌റഫിന് വിഷമമായോ..? മറ്റൊന്നുമല്ല.. ' അദ്ദേഹം തുടര്‍ന്നു 'ജീവന്‍ വെടിഞ്ഞ ഒരു പെണ്ണിന്റെ ദയനീയമായ നിലവിളി ഞാനിവിടെ കേള്‍ക്കുന്നു.. 'പെട്ടെന്ന് എന്റെ മനസ്സില്‍ ആത്മഹത്യ ചെയ്ത നടി വിജയശ്രീയുടെ മുഖം തെളിഞ്ഞു വന്നു...വേറെയും ഒരു പാട് സ്ത്രീ ശാപമുണ്ട് ഇവിടെ...അദ്ദേഹം തുടര്‍ന്നു. എന്തെങ്കിലും പരിഹാരമുണ്ടോന്നു നോക്കി അറിയിക്കാം. പിന്നീട് കൂടുതലൊന്നും പറഞ്ഞില്ല.

അദ്ദേഹത്തെ തിരിച്ചു എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കി . രണ്ടു ദിവസം കഴിഞ്ഞു ദുബായില്‍ നിന്നും മറ്റെയാള്‍ വിളിച്ച് അയാളുടെ നിസ്സഹായവസ്ഥ അറിയിച്ചു. ഈ വിവരങ്ങള്‍ ബോബച്ചനോട് പറയാനുള്ള മാനസിക ബുദ്ധിമുട്ടു കാരണം ഞാന്‍ അത് അദ്ദേഹത്തില്‍ നിന്നും മറച്ചുവെച്ചു.

പിന്നീട് കുറച്ചു മാസങ്ങള്‍ക്ക് ശേഷം ബോബച്ചന്‍ ഉദയാ സ്റ്റുഡിയോ കൊച്ചിയിലെ ഒരു ബിസിനസുകാരന് വില്പന നടത്തി. 52 വയസോളം വരുന്ന ആരോഗ്യ ദൃഢഗാത്രനായ ഒരാളായിരുന്നു അത് വാങ്ങിയത്. 6 മാസം കഴിഞ്ഞയുടന്‍ ഉദയ സ്റ്റുഡിയോ വാങ്ങിയ വ്യക്തി നിന്ന നില്‍പ്പില്‍ വീണ് മരിക്കുന്നു... അതറിഞ്ഞ ഞാന്‍ ഞെട്ടി. ആ ജോത്സ്യന്റ പ്രവചനം...എന്റെ മനസ്സിനെ അത് വല്ലാതെ അലോരസപ്പെടുത്തി. കൊച്ചിയിലെ ആ മരണ വീട്ടിലേക്ക് അടിയന്തിരത്തിന് ബോബച്ചനോടൊപ്പം കൂട്ടു പോയത് ഞാനായിരുന്നു. തിരിച്ചു ആലപ്പുഴക്ക് വരുന്ന വഴി ചേര്‍ത്തല കാര്‍ത്ത്യാനി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. അവിടെ വെച്ച് , എനിക്ക് ഒരു രഹസ്യം പറയാനുണ്ടന്ന് ബോബച്ചനോട് ഞാന്‍ പറഞ്ഞു ....

എന്റെ മനസ്സിലെ മറച്ചുവെച്ചിരുന്ന ആ വിങ്ങല്‍ ഞാന്‍ ബോബച്ചന്റെ മുന്നില്‍ നിരത്തി..അന്നു വന്ന ജോത്സ്യന്‍ പറഞ്ഞത് മുഴുവന്‍ അദ്ദേഹത്തോട് വിവരിച്ചു , എന്റെ മനസ്സിലെ ഭാരമിറക്കി വെച്ചു. എല്ലാം വളരെ ശ്രദ്ധയോടെ കേട്ട ബോബച്ചന്‍ അല്പനേരം ഒന്നും മിണ്ടിയില്ല.

ഒരു സിഗററ്റ് എടുത്ത് കത്തിച്ച് എന്റെ മുഖത്ത് തുറിച്ചു നോക്കിക്കൊണ്ടു ബോബച്ചന്‍. 'എന്നാല്‍ ഒരു കാര്യം ഞാന്‍ അങ്ങോട്ടു പറയട്ടെ...'

കേള്‍ക്കാന്‍ ഞാന്‍ കാതോര്‍ത്തു. ഞങ്ങടെ ജോത്സ്യന്‍ പറഞ്ഞത് എന്താണന്നറിയാമോ...? എനിക്ക് ആകാംഷ...'ഈ സ്ഥലം നിങ്ങളുടെ തലയില്‍ നിന്നു പോയാലെ നിങ്ങള്‍ രക്ഷപ്പെടുകയുള്ളു എന്നു...'ഉദയാ സ്റ്റുഡിയോ വിറ്റതിന് ശേഷം ആ കുടുബം, മകന്‍ കുഞ്ചാക്കോ ബോബന്‍ വഴി പ്രശസ്തിയും പണവുമായ് ഉയരങ്ങളിലേക്ക് പറന്നുയര്‍ന്നു.

ചിന്തിച്ചാല്‍ ഒരന്തവുമില്ല. ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ല.

ആലപ്പി അഷറഫ്
Next Story

Related Stories