TopTop
Begin typing your search above and press return to search.

ആട് തോമ ഇപ്പോള്‍ എന്തു ചെയ്യുകയാണ്? കാത്തിരിക്കാന്‍ പറഞ്ഞ് ഭദ്രന്‍

ആട് തോമ ഇപ്പോള്‍ എന്തു ചെയ്യുകയാണ്? കാത്തിരിക്കാന്‍ പറഞ്ഞ് ഭദ്രന്‍

അക്ഷരം പഠിക്കാത്ത ഒരു കുട്ടിയുടെ നാവിന്റെ തുമ്പത്തുനിന്ന് വരെ, ഇന്നും കേട്ടുകൊണ്ടിരിക്കുന്ന ഒരു ശബ്ദമാണ് 'ആടുതോമ'. 'ചെന്തീയില്‍ ചാലിച്ച ചന്ദനപൊട്ടിന്റെ' സുഗന്ധവും കുളിരും മലയാളി പ്രേക്ഷകന്റെ ഇടനെഞ്ചില്‍, ഒരു കടലിന്റെ ആഴത്തോളം കൊണ്ടുനടക്കുന്ന വികാരമാണ് 'ആടുതോമ', എന്ന് ഞാന്‍ തിരിച്ചറിയുന്നു...എന്നെ സ്നേഹിക്കുന്ന ഒരോ പ്രേക്ഷകനോടും എത്ര നന്ദി പറഞ്ഞാലും തീര്‍ക്കാനാവാത്ത കടപ്പാട് ഉണ്ട് എനിക്ക്... പകരം നിങ്ങള്‍ക്ക് എന്ത് വേണം...? മലയാളത്തിലെ ക്ലാസിക് ചിത്രം സ്ഫടികം റിലീസ് ചെയ്ത് 25 വര്‍ഷം പൂര്‍ത്തിയായ 2020 മാര്‍ച്ച് 30 ന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലായിരുന്നു ആടുതോമയുടെ പേരില്‍ തനിക്ക് തന്ന സ്നേഹത്തിന് പകരമെന്താണ് തിരിച്ചു തരേണ്ടതെന്ന സംവിധായകന്‍ ഭദ്രന്‍ ചോദിച്ചത്. തിരിച്ചു നല്‍കേണ്ടത് എന്താണെന്നും ഭദ്രന് നിശ്ചയിച്ചുറപ്പിച്ചിരുന്നു. ആട് തോമയ്ക്ക് പകരം ആടു തോമയല്ലാതെ മറ്റൊന്നുമില്ലെന്ന് ഭദ്രന് അറിയാമായിരുന്നു, പ്രേക്ഷകനും. അതറിഞ്ഞു തന്നെയാണ് സ്ഫടികം വീണ്ടു വെള്ളിത്തിരിയിലേക്ക് എത്തിക്കാന്‍ സംവിധായകനെ പ്രേരിപ്പിച്ചതും. 'തുളസി ചോദിച്ച ആ കറുത്ത കണ്ണാടിയെ... നിങ്ങള്‍ എക്കാലവും ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു തീയറ്റര്‍ എക്സ്പീരിയന്‍സിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. അതിന് വേണ്ടി ഞാന്‍ സിനിമയില്‍ ആര്‍ജിച്ചതു മുഴുവന്‍, സ്ഫടികം 4K Dolby Atoms ന്റെ technical excellence ന് വേണ്ടി സമര്‍പ്പിക്കുന്നതായി ഭദ്രന്‍ അറിയിച്ചപ്പോള്‍ ആഘോഷത്തിലായത് സ്ഫ്ടികം പിറന്ന കാലത്തെ പ്രേക്ഷകര്‍ മാത്രമായിരുന്നില്ല, തലമുറകള്‍ക്കിപ്പുറമുള്ള ആടുതോമയുടെ ആരാധകരുമായിരുന്നു.

പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷതമായി കോവിഡ് മഹാമാരിയെത്തുന്നത്. സിനിമലോകം മൊത്തം അനശ്ചിത്വത്തിലായി. ഇനിയെന്നാണ് പഴയ നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നതെന്നും അറിയില്ല. എങ്കിലും ഭദ്രന്‍ കാത്തിരിക്കുകയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ മലയാളസിനിമയും തയ്യാറായി മുന്നോട്ടു വരുമ്പോഴും ഭദ്രന്റെ മനസില്‍ മാറ്റമില്ല. ലക്ഷക്കണക്കിന് രൂപ ചെലവാക്കിയിട്ടിരിക്കുകയാണെങ്കിലും സിനിമ ലോകത്തത്തെ ചുറ്റിയിരിക്കുന്ന അനിശ്ചിതത്വം എന്നുമാറുമെന്നറിയില്ലെങ്കിലും സ്ഫ്ടികം വീണ്ടുമെത്തുകയാണെങ്കില്‍ അത് വൈഡ് സ്‌ക്രീനില്‍ തന്നെയായിരിക്കുമെന്നാണ് ഭദ്രന്‍ ഉറപ്പിച്ചു പറയുന്നത്. 'സ്ഫിടകം ഇറങ്ങിയിട്ട് 25 വര്‍ഷം കഴിയുന്നു. വളരെ സത്യസന്ധമായി പറയുകയാണ്, ഈ 25 വര്‍ഷത്തിനുള്ളില്‍ അതെത്ര തവണ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു, എന്നാല്‍ ഞാന്‍ ഇന്നേവരെ ആ സിനിമ ടി വി സ്‌ക്രീനില്‍ കണ്ടിട്ടില്ല. ഒരുപക്ഷേ സ്ഫടികം ടിവിയില്‍ കാണാത്ത ഒരു മലയാളി ഞാന്‍ ആയിരിക്കാം. ഞാന്‍ മന:പൂര്‍വം കാണാത്തതാണ്. സ്ഫടികത്തിന്റെ മാഗ്നം ഓപസ് ഞാന്‍ വൈഡ് സ്‌ക്രീനില്‍ കണ്ടതാണ്. എനിക്കതൊരു ചെറിയ സ്‌ക്രീനില്‍ പറ്റില്ല. അതുകൊണ്ടാണ് കാണാത്തത്. വീണ്ടും തിയേറ്ററുകളില്‍ എത്തിക്കാന്‍ വേണ്ടിയുള്ള വര്‍ക്കുകള്‍ക്കിടയില്‍ ഞാനതിന്റെയൊരു മൂന്നു റീലുകള്‍ കണ്ടു. അതുണ്ടാക്കിയ അത്ഭുതം ഒന്നുവേറെയാണ്. മോഹന്‍ലാലിനെയും തിലകനെയുമൊക്കെ സ്‌ക്രീനില്‍ കാണുമ്പോള്‍ നമുക്ക് കിട്ടുന്നൊരു ആനന്ദമുണ്ട്. അതൊരിക്കലും ചെറിയ സ്‌ക്രീനില്‍ കിട്ടില്ല' എന്നാണ് ഭദ്രന്‍ പറയുന്നത്.ആട് തോമ ഇപ്പോള്‍ എന്തു ചെയ്യുകയാണ്?സ്ഫടികത്തിന്റെ രണ്ടാം വരവ് കൊണ്ട്് താന്‍ ലക്ഷ്യമിടുന്നത് കറുത്ത മുട്ടനാടിന്റെ ചങ്കിലെ ചോര കുടിച്ച് തുണിപറിച്ചടിക്കുന്ന ആട് തോമയെ ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിച്ചു വില്‍ക്കുക എന്നതിനുപരി, ആ കറുത്ത കണ്ണടകള്‍ക്കകത്തെ തകര്‍ക്കപ്പെട്ട കണ്ണുകളെ കാണാതെ പോയ മാതാപിതാക്കള്‍ക്ക് അവരെ തന്നെ ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനില്‍ കാണുവാന്‍ ഒരവസരം ഒരുക്കലാണെന്ന് ഭദ്രന്‍ ഇതിനു മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഈ മഹാമാരിയൊഴിഞ്ഞുപോയി എല്ലാം പഴയപടിയാകുന്നതുവരെ താന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നു ഭദ്രന്‍ പറയുന്നതിനു പിന്നില്‍ ഇങ്ങനെയൊരു വൈകാരികതലം കൂടിയുണ്ട്.

'സ്ഫ്ടികത്തിന് ഇനിയൊരു രണ്ടാം ഭാഗം ഉണ്ടാക്കാന്‍ കഴിയില്ല. രണ്ടാം ഭാഗം വേണമെന്നു പറയുന്നവര്‍ ഈ കഥ മനസിലാക്കാത്തവരാണ്. തോമായ്ക്ക് ഇനിയൊരിക്കലും ആട് തോമയാകാന്‍ കഴിയില്ല. ഇനിയും തോമായെ കൊണ്ടുവന്നാല്‍, അവന്‍ ചുവപ്പും കറുപ്പും ഇടണം, മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കണം,ആനപ്പുറത്ത് കയറണം, തുണി പറിച്ചടിക്കണം... ഇതൊന്നും ചെയ്യാന്‍ തോമായ്ക്ക് ഇനി പറ്റില്ല. തന്റെ മകളെ കൈയിലേല്‍പ്പിക്കുമ്പോള്‍, ഇനിയൊരിക്കലും നീ മുണ്ട് പറിക്കരുതെന്നു പറഞ്ഞാണ് രാവുണ്ണി മാഷ് തോമായ്ക്കുടുക്കാന്‍ കസവ് മുണ്ട് കൊടുക്കുന്നത്. മകനേ....ഞാനാണ് നിന്റെ ആടു തോമായാക്കിയത്, നീ സ്ഫടികമാണ് എന്നു പറഞ്ഞ് തീരുവ ഉറപ്പിച്ച് അവന്റെ നെറ്റിയില്‍ എഴുതുന്ന ചാക്കോ മാഷ് എന്ന അപ്പനെ കണ്ടവനാണ് തോമ. അങ്ങനെയുള്ള തോമായ്ക്ക് തിരിച്ച് ആടു തോമയാകാന്‍ കഴിയില്ല. തോമ ആപാദചൂഢം മാറി. എന്റെ മൂക്ക് മൂടിയെന്നവന്‍ തുളസിയോട് പറയുന്നുണ്ട്. നിന്റെ മൂക്കല്ലേ മൂടിയുള്ളൂ, നിന്റെ കൈകള്‍ ഇപ്പോഴും സ്വതന്ത്രമല്ലേ എന്നാണ് തുളസി തിരിച്ചു പറയുന്നത്. പൊലീസ് ജീപ്പില്‍ കയറി പോകുന്നതിനു മുമ്പ് തന്റെ കഴുത്തില്‍ കിടന്ന പുലിനഖം പറിച്ചെടുത്ത് തുളസിയെ ഏല്‍പ്പിക്കുമ്പോള്‍, അവന് അവള്‍ക്ക് മുന്നില്‍ കീഴടങ്ങുകയാണ്. തോമയുടെ ജീവിതം അങ്ങനെയെല്ലാം മാറിക്കഴിഞ്ഞിരുന്നു': ഭദ്രന്‍ അഴിമുഖത്തോട് പറയുന്ന കാര്യങ്ങളാണിത്.സഫ്ടികം വീണ്ടും വെള്ളിത്തിരിയില്‍ എത്തുമ്പോള്‍ തോമ ഇപ്പോള്‍ എന്തു ചെയ്യുകയാണെന്നു കൂടി പ്രേക്ഷകര്‍ക്ക് കാണാമെന്നും ഭദ്രന്‍ പറയുന്നു.


Next Story

Related Stories