TopTop
Begin typing your search above and press return to search.

തോമ ചുമ്മാതങ്ങ് വച്ചതല്ല ആ റെയ്ബന്‍ ഗ്ലാസ്, മോഹന്‍ലാലിനൊപ്പം ഒരു സിനിമയെന്നത് ഒരു മിഷനാണ്; ഭദ്രന്‍ പറയുന്നു

തോമ ചുമ്മാതങ്ങ് വച്ചതല്ല ആ റെയ്ബന്‍ ഗ്ലാസ്, മോഹന്‍ലാലിനൊപ്പം ഒരു സിനിമയെന്നത് ഒരു മിഷനാണ്; ഭദ്രന്‍ പറയുന്നു

തലമുറകളെ ആവേശത്തിലാക്കിയ ആട് തോമ വീണ്ടും തിയേറ്റുകളില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ ഭദ്രന്‍. 4K Dolby Atmos ന്റെ technical excellence ഓടുകൂടി പുതിയൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആണ് ഭദ്രന്‍ പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവാക്കി ഇതുടങ്ങിയ ജോലികള്‍ അപ്രതീക്ഷിതമായി വന്ന ലോക് ഡൗണ് മൂലം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും സ്ഫടികം വീണ്ടും വൈഡ് സ്‌ക്രീനില്‍ കാണാനാകുമെന്ന കാര്യത്തില്‍ ആശങ്കവേണ്ടെന്നാണ് അഴിമുഖവുമായി സംസാരിച്ചപ്പോള്‍ ഭദ്രന്‍ ഉറപ്പ് നല്‍കുന്നത്. സ്ഫടികത്തിന് രണ്ടാം ഭാഗം ഒരുക്കാത്തതിന്റെ കാരണവും ആട് തോമയെന്ന കഥാപാത്രത്തിന്റെ പ്രത്യേകതകളും ഒപ്പം മോഹന്‍ലാലുമൊത്ത് സിനിമ ചെയ്യുന്നതിന്റെ അനുഭവവും ഭദ്രന്‍ ഈ സംസാരത്തിനിടയില്‍ പങ്കുവയ്ക്കുന്നുണ്ട്.'സ്ഫടികം ഒരു റൗഡിയുടെ കഥയായിരുന്നില്ല. തോമ ഒരു റൗഡിയല്ല. പ്രതികരിക്കുന്നൊരു യോദ്ധാവാണയാള്‍. അയാളുടെ വേഷവിധാനങ്ങളൊന്നും തന്നെ ഒരു റൗഡിക്ക് വേണ്ടിയുണ്ടാക്കിയ അലങ്കാരവസ്തുക്കളായിരുന്നില്ല. അയാള്‍ വയ്ക്കുന്ന റെയ്ബന്‍ ഗ്ലാസ് തന്നെ ഉദ്ദാഹരണം. ഒരു റൗഡിക്കിരിക്കട്ടെ റെയ്ബാന്‍ ഗ്ലാസ് എന്നു കരുതി തോമായുടെ കണ്ണില്‍ വച്ചുകൊടുത്തതല്ല. റെയ്ബാന്‍ തോമായുടെ ഉള്ളില്‍ അന്തര്‍ലീനമായി കിടന്നിരുന്ന ഒരു ബ്രാന്‍ഡ് ആയിരുന്നു. ലോകപ്രശസ്ത ഹൃദരോഗ വിദഗ്ധനായ Dr.Denton Cooley യെ പോലുള്ളവര്‍ ഉപയോഗിച്ചരുന്നത് റെയ്ബന്‍ ഗ്ലാസ് ആയിരുന്നു. ചന്ദ്രനില്‍ പോയവര്‍, യുദ്ധവിമാനങ്ങള്‍ പറപ്പിച്ചവര്‍, സൈനികോദ്യോഗസ്ഥര്‍ എന്നിവരുടെയൊക്കെ പ്രിയപ്പെട്ട ബ്രാന്‍ഡ്. റെയ്ബനെക്കാള്‍ പതിന്മടങ്ങ് വിലയുള്ള മറ്റ് ബ്രാന്‍ഡുകളുണ്ട്. പക്ഷേ, അവയ്‌ക്കൊന്നും റെയ്ബാനോളം പോപ്പുലാറ്റി കിട്ടിയില്ല. ആ റെയ്ബാനെ പോപ്പുലാറാക്കിയതില്‍ തോമായ്ക്കും വലിയ പങ്കുണ്ട്‌''; സ്ഫ്ടികത്തിന്റെ ഓര്‍മകള്‍ ഭദ്രന്‍ പങ്കുവയ്ക്കുന്നു.

മോഹന്‍ലാലിനൊപ്പം ഒരു സിനിമയെന്നത് ഒരു മിഷനാണ്സ്ഫ്ടികം വീണ്ടും വെള്ളിത്തിരിയില്‍ എത്തുന്നതുപോലെ തന്നെ പ്രേക്ഷകരെ ആഘോഷത്തിലാക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഭദ്രനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്. യന്ത്രം എന്ന പേരിട്ടിരിക്കുന്ന ചിത്രം ജൂതനുശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. മേയ് 26 ന് ജൂതന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ തീരുമാനച്ചിരുന്നതാണെങ്കിലും ലോക് ഡൗണ്‍ മൂലം മാറ്റിവച്ചിരിക്കുകയാണ്. ലോറി ഡ്രൈവറായിട്ടാണ് യന്ത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. കണ്ട് പരിചയിച്ച ലോറി ഡ്രൈവര്‍ ആയിരിക്കില്ല യന്ത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം എന്ന് ഉറപ്പിച്ചു പറയുന്നു ഭദ്രന്‍. ' മോഹന്‍ലാലുമൊത്തൊരു സിനിമ ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ഒരു മിഷനാണ്. ഏത് രീതിയിലും നമുക്ക് ഉപയോഗിക്കാവുന്നൊരു നടനാണ് അദ്ദേഹം. എങ്ങനെയും വഴങ്ങും. അദ്ദേഹത്തിന്റെ ശരീരഭാഷ അങ്ങനെയാണ്. നമുക്ക് വേണ്ടതുപോലെ വഴക്കിയെടുക്കാം. കളിമണ്ണ് പോലെ. കളിമണ്ണ് കൊണ്ട് പതിനായിരക്കണക്കിന് രൂപങ്ങള്‍ ഉണ്ടാക്കാം. ലാലും അങ്ങനെയാണ്. ഏതു കഥാപാത്രത്തെ വേണമെങ്കിലും ലാലില്‍ നിന്നുണ്ടാക്കാം. ലാലിനുവേണ്ടി ഒരു തിരക്കഥയൊരുക്കുക എന്നത് പ്രത്യേകമായൊരു അനുഭവമാണ്. ഞാന്‍ ഇതുവരെ മറ്റാറുടെയും സ്‌ക്രിപ്റ്റില്‍ സിനിമ ചെയ്തിട്ടില്ലാത്തൊരാളാണ്. നിരവധി പേരാണ് മോഹന്‍ലാലിനു പറ്റുന്ന കഥയാണ്,കഥാപാത്രാമാണ് എന്നൊക്കെ പറഞ്ഞ് എന്റെയടുത്ത് വരുന്നത്. ഞാനതൊക്കെയിരുന്ന് കേള്‍ക്കും. പക്ഷേ, ഒന്നുപോലും എന്റെ മനസില്‍ കയറിയിട്ടില്ല.

എന്നെ സംബന്ധിച്ച് ഒരു സിനമ ഉണ്ടാക്കുകയല്ല, ഉണ്ടാവുകയാണ്. ആഗ്രഹിക്കുന്ന സമയത്ത് സിനിമയുണ്ടാക്കാന്‍ എനിക്കാവില്ല. അങ്ങനെ ഉണ്ടാക്കുന്നവര്‍ കാണും, എനിക്ക് പറ്റില്ല. സമയമെടുത്ത് തന്നെയാണ് എന്റെയോരോ സിനിമയും വന്നിരിക്കുന്നത്. എല്ലാം അതിന്റെ പെര്‍ഫക്ഷനോടു കൂടി ചെയ്യണം, പ്രേക്ഷകനെ കാണിക്കണം. അതിനുവേണ്ടി കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്. സ്്ഫ്ടികവും വരും, യന്ത്രവും വരും. വരേണ്ട രീതിയില്‍ വരും.


Next Story

Related Stories