പുതുമുഖ സംവിധായകരോടൊപ്പം ഏറ്റവുമധികം സിനിമ ചെയ്തിരിക്കുന്ന മലയാളത്തിലെ നടന് ഒരു പക്ഷെ മമ്മൂട്ടിയായിരിക്കാം. അറുപതോളം പുതുമുഖ സംവിധായകരുടെ കൂടെയാണ് മമ്മൂട്ടി സിനിമകള്‍ ചെയ്തിരിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയും അവരെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന മമ്മൂട്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സംവിധായകന് ജി. മാര്‍ത്താണ്ഡന്‍ സംസാരിക്കുന്നു. 19 വര്‍ഷം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച മാര്‍ത്താണ്ഡന്റെ ആദ്യം ചിത്രം മമ്മൂട്ടി നായകനായ 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' ആയിരുന്നു.
എന്നെ സംവിധായകനാക്കിയത് മമ്മൂട്ടി സാറാണ്
പത്തൊമ്പത് വര്‍ഷമായി സിനിമയില്‍ അസിസ്റ്റന്റും അസോസിയേറ്റുമെല്ലാമായി നില്‍ക്കുകയായിരുന്നു ഞാന്‍. സിനിമ കളിച്ചു നടക്കുന്നു എന്ന കളിയാക്കലുകളായിരുന്നു ആ വര്‍ഷങ്ങളിലെല്ലാം കേള്‍ക്കേണ്ടി വന്നിരുന്നത്. നമ്മള് ചെയ്യുന്ന ജോലി എന്താണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അങ്ങനെയിരുന്ന എന്നെ സംവിധായകനാക്കിയത് മമ്മൂട്ടിസാറാണ്. ഒരിക്കലും സാറിനെ വെച്ചൊരു സനിമ ചെയ്യാന്‍ കഴിയുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അറുപതോളം സംവിധായകരെ സിനിമയിലേക്ക് കൊണ്ടുവന്നയാളാണ് മമ്മൂട്ടി സാര്‍. അതില്‍ ഒരാളാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും ഉണ്ട്.
ആരാണ് എന്താണെന്നൊന്നും നോക്കാതെ മുഖത്തു നോക്കി കാര്യം പറയുന്ന ആളാണ് മമ്മൂട്ടി സാര്‍. എന്തെങ്കലും കണ്ടാല്‍, വീട്ടില്‍ നമ്മുടെ അച്ഛനും ഏട്ടനുമെല്ലാം വഴക്കു പറയുന്നത് പോലെ മമ്മൂട്ടി സാര്‍ കാര്യങ്ങള്‍ പറയും. അങ്ങനെയുള്ള ആളുകള്‍ വളരെ ഹൃദയശുദ്ധി ഉള്ളവരായിരിക്കും. അല്ലെങ്കില്‍ എന്നെയൊക്കെ ഡയറക്ടര്‍ ആക്കുമോ. ചങ്ങനാശ്ശേരിയില്‍ എവിടെയോ കിടന്ന എന്നെ സംവിധായകനാക്കി, എനിക്കൊരു അഡ്രസുണ്ടാക്കി തന്നയാളാണ് അദ്ദേഹം.
ആദ്യ ചിത്രം
ഞാന്‍ സിനിമയില്‍ വന്നതിന് ശേഷം അസോസിയേറ്റായി ഏറ്റവും കൂടുതല്‍ സിനിമ ചെയ്തിട്ടുള്ളത് മമ്മൂട്ടി സാറിന്റെ പടങ്ങളിലാണ്. ആ ഒരു പരിചയം വെച്ചാണ് ഒന്നാമത്തെ ചിത്രത്തില്‍ അഭിനയിക്കാമോ എന്ന് അദ്ദേഹത്തോട് ചോദിക്കുന്നത്. പിന്നെ ബെന്നി പി നായരമ്പലം എന്നൊരു തിരക്കഥാകൃത്ത് ഒപ്പമുണ്ടായിരുന്നത് കൊണ്ട് കഥ പറച്ചില് എഴുപ്പമായിരുന്നു. കഥ കേട്ട് അപ്പോള്‍ തന്നെ അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഷൂട്ടിങ് തുടങ്ങി പത്താം ദിവസമാണ് മമ്മൂട്ടിസാര്‍ ജോയിന്‍ ചെയ്യുന്നത്. എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ ആദ്യത്തെ ഷോട്ടെടുത്തു കഴിഞ്ഞതോടെ ഭയം ഏറെക്കുറെ മാറി. പിന്നെ സാര്‍ എന്നെ അടുത്തു വിളിച്ചു ആശ്വസിപ്പിക്കുകയും ചെയ്തു. എന്തെങ്കിലും ഉണ്ടെങ്കില്‍ പറയണമെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. അതൊരു കോണ്‍ഫിഡന്‍സ് തന്നെയായിരുന്നു.
മാസ് മമ്മൂട്ടിയെ ഒരുക്കാന്‍ ആഗ്രഹം
എന്റെ വലിയൊരു ആഗ്രഹമാണ് നല്ലൊരു മാസ് പടം അദ്ദേഹത്തെ വെച്ചു ചെയ്യുക എന്നത്. അടിയും ഇടിയും പെര്ഫോമെന്സുമെല്ലാം ഉള്ള ഒന്ന്. അടിപൊളി ഒരു ഉത്സവ ചിത്രം എന്നു വേണമെങ്കില്‍ പറയാം. മാസ് മമ്മൂട്ടിയെ ഒന്നുകൂടി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞാന്‍. സാറിനോട് പറഞ്ഞിട്ടില്ല. എങ്കിലും ഞാന്‍ കഥയും മറ്റും ആലോചിക്കുന്നുണ്ട്. എല്ലാം റെഡിയായതിനു ശേഷമേ സാറിനോട് പറയുകയുള്ളൂ. പെട്ടന്ന് തന്നെ ഉണ്ടാകുമെന്നൊന്നും പറയുന്നില്ല. എന്നാല്‍ ആഗ്രഹം അതാണ്.