TopTop
Begin typing your search above and press return to search.

മഞ്ജുവിന് പകരമെത്തിയ ഐശ്വര്യ റായി, ആശുപത്രിക്കിടയില്‍ വച്ച് കൈ തന്ന അജിത്ത്; കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ കാസ്റ്റിംഗിനെക്കുറിച്ച് രാജീവ് മേനോന്‍

മഞ്ജുവിന് പകരമെത്തിയ ഐശ്വര്യ റായി, ആശുപത്രിക്കിടയില്‍ വച്ച് കൈ തന്ന അജിത്ത്; കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ കാസ്റ്റിംഗിനെക്കുറിച്ച് രാജീവ് മേനോന്‍

മമ്മൂട്ടി-അജിത്- തബു-ഐശ്വര്യ റായി എന്നിവര്‍ ഒരുമിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു 2000 ല്‍ റിലീസ് ചെയ്ത 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍'. ചിത്രത്തില്‍ എ ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഇന്നും ആസ്വാദകരുടെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തുണ്ട്. ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലെ കാസ്റ്റിംഗില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് ഇപ്പോള്‍ സംവിധായകന്‍ രാജീവ് മേനോന്‍ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. ആദ്യം നിശ്ചയിച്ചിരുന്നവര്‍ മാറി പകരം വന്നവരാണ് ഐശ്വര്യ റായിയും അജിത്തുമെന്നുമാണ് രാജീവ് മോനോന്‍ പറയുന്നത്.

ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളാണ് സൗമ്യയും മീനാക്ഷിയും. സൗമ്യ എന്ന കഥാപാത്രമായി തബുവിനെ ആദ്യം തന്നെ ഫിക്‌സ് ചെയ്തിരുന്നു. എന്നാല്‍ മീനാക്ഷിയെ ആരു ചെയ്യുമെന്ന കാര്യം വലിയ വെല്ലുവിളിയായിരുന്നുവെന്നാണ് രാജീവ് മേനോന്‍ പറയുന്നത്. ഈ കഥാപാത്രമായി സംവിധായകന്റെ മനസില്‍ ആദ്യം വന്ന മുഖം മഞ്ജു വാര്യരുടെതായിരുന്നു. മഞ്ജുവിനെ കണ്ട് സംസാരിക്കുകയും ചെയ്തു. മഞ്ജുവിന് കഥാപാത്രം ഇഷ്ടമായെങ്കിലും അഭിനയിക്കുന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ താമസമെടുത്തു. അതോടെ മഞ്ജുവിന് പകരം സൗന്ദര്യയെക്കൊണ്ട് ആ വേഷം ചെയ്യിക്കാമെന്നായി അടുത്ത തീരുമാനം. സൗന്ദര്യയുമായി ഒരുമിച്ച് വര്‍ക്ക് ചെയ്തതിന്റെ പരിചയവുമുണ്ട്. എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സ് എന്താണെന്ന് അറിയണമെന്ന സൗന്ദര്യയുടെ സഹോദരന്റെ ആവശ്യം ആ ആഗ്രഹവും മുടക്കി. ആ സമയം ക്ലൈമാക്‌സിനെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ലെന്നാണ് രാജീവ് മേനോന്‍ പറയുന്നത്. ഷൂട്ടിംഗ് തുടങ്ങാനുള്ള സമയവുമായി കാസ്റ്റിംഗും നടന്നിട്ടില്ല എന്നത് തന്നെ ഒരുപാട് വിഷമിപ്പിച്ചതായി രാജീവ് മോനോന്‍ പറയുന്നു. ഇനിയാര് എന്ന അന്വേഷണത്തിനിടയിലാണ് ഐശ്വര്യ റായിയുടെ പേര് തന്റെ ഭാര്യ നിര്‍ദേശിക്കുന്നതെന്ന് രാജീവ് മോനോന്‍ അഭിമുഖത്തില്‍ പറയുന്നു. തിരക്കു പിടിച്ച ഷൂട്ടിംഗ് ഷെഡ്യൂള്‍ ആയിരുന്നുവെങ്കിലും കഥാപാത്രത്തെ ഇഷ്ടപ്പെട്ട ഐശ്വര്യ ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്.

അതുപോലെ, തബുവിന്റെ ജോടിയായി അജിത്ത് വരുന്നതിനെക്കുറിച്ച് രാജീവ് മേനോന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. മനോഹര്‍ എന്ന ആ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് പ്രശാന്തിനെ ആയിരുന്നു. എന്നാല്‍ തനിക്ക് തബുവിന്റെ ജോടിയാകാന്‍ താത്പര്യമില്ലെന്നും ഐശ്വര്യ റായിയ്‌ക്കൊപ്പമാണെങ്കില്‍ ചെയ്യാമെന്നുമായിരുന്നു പ്രശാന്തിന്റെ മറുപടി. അതിനുശേഷമാണ് അജിത്തിനെ സമീപിക്കുന്നത്. അജിത് ആ സമയത്ത് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രി കിടക്കയില്‍ വച്ചാണ് അജിത് കഥ കേള്‍ക്കുന്നത്. അവിടെവച്ച് തന്നെ മനോഹര്‍ ആകാന്‍ അജിത് സമ്മതവും അറിയിച്ചെന്ന് രാജീവ് മേനോന്‍ പറയുന്നു.


Next Story

Related Stories