TopTop
Begin typing your search above and press return to search.

സത്യന്‍ അന്തിക്കാടിന്റെ പിടിവാശിയും മമ്മൂട്ടിയുടെ ഫോര്‍മുലയും, ഒടുവില്‍ പവനായി ശവമായി

സത്യന്‍ അന്തിക്കാടിന്റെ പിടിവാശിയും മമ്മൂട്ടിയുടെ ഫോര്‍മുലയും, ഒടുവില്‍ പവനായി ശവമായി

കൊറോണ മലയാള സിനിമയ്ക്ക് ഉണ്ടാക്കിയ അപ്രതീക്ഷ തിരിച്ചടികളെ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മാതൃഭൂമിയില്‍ എഴുതിയ കുറിപ്പലാണ് കൊറോണമൂലം മലയാള സിനിമയ്ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധിയും അനിശ്ചിതത്വവും സത്യന്‍ രസകരവും ചിന്തോദ്ദീപകവുമായി വിവരിക്കുന്നത്. ഞാന്‍ പ്രകാശനു ശേഷം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് എപ്രിലില്‍ തുടങ്ങാനിരിക്കുകയായിരുന്നു സത്യന്‍. അതും മുടങ്ങി. അതേക്കുറിച്ചും സത്യന്‍ അ്ന്തിക്കാട് കുറിപ്പില്‍ പറയുന്നുണ്ട്. പത്രത്തില്‍ എഴുതിയ കുറിപ്പ് സത്യന്‍ അന്തിക്കാട് തന്റെ ഫെയ്‌സ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്.

സത്യന്‍ അന്തിക്കാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്നും;

എന്തൊക്കെ ബഹളങ്ങളായിരുന്നു!

മലപ്പുറം കത്തി, മെഷീന്‍ ഗണ്ണ്, ബോംബ്, ഒലക്കേടെ മൂട് - എന്നിട്ടിപ്പോള്‍ പവനായി ശവമായി '.

നാടോടിക്കാറ്റിലെ അനന്തന്‍ നമ്പ്യാരെ നമിച്ചുപോകുന്ന കാലമാണിത്. ലോകത്ത് പൊതുവേയും നമ്മള്‍ മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ചും എന്തൊക്കെ കണക്കുകൂട്ടലുകളായിരുന്നു.

ഈ വിഷുക്കാലം ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പ്രിയദര്‍ശന്‍ കഷ്ടപ്പെട്ടൊരുക്കിയ സിനിമയാണ് 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം'. പട്ടിണികിടന്ന് സ്വന്തം രൂപത്തില്‍പ്പോലും മാറ്റങ്ങള്‍ വരുത്തി ഫഹദ് ഫാസില്‍ അഭിനയിച്ച, മഹേഷ് നാരായണന്റെ 'മാലിക്ക്' ഉന്നംവെച്ചതും വിഷു റിലീസാണ്. അതൊക്കെ അനിശ്ചിതകാലത്തേക്ക് മാറി. സിനിമയുടെ കൊയ്ത്തുകാലം എന്നറിയപ്പെടുന്ന ഏപ്രില്‍, മേയ് മാസങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ കാര്യമവിടെ നില്‍ക്കട്ടെ. 'ഞാന്‍ പ്രകാശന്‍' എന്ന പടത്തിനുശേഷം പുതിയ സിനിമ ഏപ്രില്‍ 10-ന് തുടങ്ങാനാണ് ഞാന്‍ പദ്ധതിയിട്ടത്. മമ്മൂട്ടി പറഞ്ഞു: ''പത്താം തീയതി വരാന്‍ പറ്റില്ല. അതിനുമുമ്പ് തുടങ്ങുന്ന സിനിമ തീരില്ല. മേയ് പകുതിയെങ്കിലുമാകും ഞാന്‍ ഫ്രീയാകാന്‍''. അതു പറ്റില്ലെന്നും അടുത്ത ഓണത്തിന് തിയേറ്ററുകളൊക്കെ ബുക്കുചെയ്തുകഴിഞ്ഞെന്നും ഏപ്രില്‍ പതിനഞ്ചിനെങ്കിലും സെറ്റിലെത്തണമെന്നും എന്റെ പിടിവാശി. അവസാനം മമ്മൂട്ടി ആന്റോ ജോസഫുമായി കൂടിയാലോചിക്കുന്നു. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഫോര്‍മുല തയ്യാറാകുന്നു. ആദ്യത്തെ പടം ഒരു ഷെഡ്യൂള്‍ ഷൂട്ട് ചെയ്ത് നിര്‍ത്തിവെക്കുക. അതിനുശേഷം എന്റെ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിട്ട് മറ്റേത് വീണ്ടും തുടങ്ങാം. അതിനിടയ്ക്ക്, 'ഓണപ്പടം നമുക്കുതന്നെയല്ലേ' എന്ന് ചോദിച്ച് കാഞ്ഞാണി ബ്രഹ്മകുളം തിയേറ്ററിലെ ജേക്കബ്ബിന്റെ വിളി. ഒരു മാറ്റവുമുണ്ടാകില്ലെന്നും 'ഞാനൊരുതവണ പറഞ്ഞാല്‍ അത് നൂറുതവണ പറഞ്ഞതുപോലെ'യാണെന്നും എന്റെ അഹങ്കാരം. എന്നാല്‍, നിമിഷനേരംകൊണ്ട് പവനായി ശവമായി.

ഒരൊറ്റ വൈറസ് ലോകത്തിന്റെ താളംമുഴുവന്‍ തെറ്റിച്ചു. മഴ വരുംപോലെയായിരുന്നു കൊറോണയുടെ വരവ്. ദൂരെയെവിടെയോ ഇടിമുഴക്കവും മിന്നലും. പിന്നീടൊരു തണുത്ത കാറ്റ്. എവിടെയോ മഴ പെയ്യുന്നുണ്ട്. ഇങ്ങോട്ടൊന്നും വരില്ലെന്ന് നമ്മള്‍ ആശ്വസിക്കുന്നു. ആ തോന്നലിനെ തെറ്റിച്ചുകൊണ്ട് പതുക്കെപ്പതുക്കെ നമ്മുടെ മുന്നില്‍ മഴ ചാറാന്‍ തുടങ്ങുന്നു. 'ചാറിയങ്ങ് പൊയ്‌ക്കോളും' എന്ന് സമാധാനിക്കാന്‍ തുടങ്ങുമ്പോഴേക്കും അത് പെരുമഴയായിമാറുന്നു. കലിതുള്ളി ആര്‍ത്തലച്ചുപെയ്യുന്ന പെരുമഴ. കയറിനില്‍ക്കാന്‍ ഇടമില്ലാതെ നമ്മളാകെ പരക്കംപായുകയാണ്.

പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിക്കുംമുമ്പേ അപകടം മണത്ത് ഞാന്‍ നിര്‍മാതാക്കളോട് പറഞ്ഞു: ''വിചാരിച്ചതുപോലെയല്ല കാര്യങ്ങള്‍. ഇത് പെട്ടെന്നൊന്നും തീരുമെന്ന് തോന്നുന്നില്ല. എല്ലാ പരിപാടികളും നമുക്ക് മാറ്റിവെക്കാം. തത്കാലത്തെ വിലക്ക് കഴിഞ്ഞാലും തിരക്കുകൂട്ടി ഷൂട്ടിങ് നടത്തിയിട്ട് കാര്യമില്ല. സെപ്റ്റംബര്‍ അവസാനംവരെ റിലീസ് ചെയ്യാനുള്ള സിനിമകള്‍ ഇപ്പോള്‍തന്നെ ക്യൂവിലാണ്. അതുകൊണ്ട് നമ്മുടെ പദ്ധതി ഒന്നു പുനരാലോചിക്കണം. തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറവുമായും ഞാനാലോചിച്ചു. ഈ കൊറോണാ ഭീഷണിയൊന്നു കടന്നുപോട്ടെ. അതിനുശേഷം തീരുമാനിക്കാം. എന്തുചെയ്യണമെന്ന്.'' അല്ലെങ്കിലും അറിവുള്ളവര്‍ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ- ജീവിതം ഒരു മഹാദ്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നമുക്കായി എപ്പോഴും കാത്തുവെക്കുന്നു.


Next Story

Related Stories