TopTop
Begin typing your search above and press return to search.

വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ ഡബ്ല്യുസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു - വിധു വിൻസെന്റ്

വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ ഡബ്ല്യുസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു - വിധു വിൻസെന്റ്

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) വിടുകയാണെന്ന് സംവിധായിക വിധു വിൻസെന്റ്. ഡബ്ല്യുസിസി ആത്മവിമർശനം നടത്തണം എന്ന സൂചനയും വിധു നൽകുന്നു. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു - വിധു വിൻസെൻ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഡബ്ല്യുസിസിയ്ക്കകത്തുള്ള രൂക്ഷമായ ഭിന്നതയുടെ സൂചനയാണ് വിധു വിൻസെന്റിന്റെ വിട്ടുപോകൽ നൽകുന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ ഡബ്ല്യുസിസി നിലപാടുകൾ പലപ്പോഴും വിശദീകരിച്ചിരുന്നത് വിധു വിൻസെൻ്റ് ആണ്.

2018 ആദ്യം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് സിനിമ സംഘടനകളുടെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തിയും സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയുമാണ് ഡബ്ല്യുസിസി രൂപീകരിച്ചത്. മഞ്ജുവാര്യർ, റിമ കല്ലിങ്കൽ, പാർവതി, രേവതി, ബീന പോൾ, പദ്മപ്രിയ, സജിത മഠത്തിൽ, രമ്യ നമ്പീശൻ തുടങ്ങിയവർ നേതൃനിരയിലുണ്ടായിരുന്നു. അഭിനേതാക്കളും സാങ്കേതികപ്രവർത്തകരുമടക്കം സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളാണ് സംഘടന രൂപീകരിച്ചത്. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഡബ്ല്യുസിസി പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. താരസംഘടനയായ എഎംഎംഎയ്ക്ക് വലിയ പ്രതിസന്ധിയാണ് ഡബ്ല്യുസിസി ഉണ്ടാക്കിയത്. എന്നാൽ മഞ്ജു വാര്യർ അടക്കമുള്ളവർ പിന്നീട് സിനിമ മേഖലയിലെ സമ്മർദ്ദം മൂലം ഡബ്ല്യുസിസി പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുന്നതായി സൂചനകളുണ്ടായിരുന്നു.

സിനിമ മേഖലയിലെ സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടന എന്ന നിലയിൽ ഡബ്ല്യുസിസിക്ക് സോഷ്യൽമീഡിയയിൽ വലിയ പിന്തുണ ലഭിച്ചിരുന്നു. അതേസമയം എഎംഎംഎ അടക്കമുള്ള സംഘടനകളിൽ നിന്ന് വലിയ വിമർശനവും ഡബ്ല്യുസിസി നേരിട്ടിരുന്നു. വിധു വിൻസെൻ്റിന്റെ സ്റ്റാൻഡ് അപ്പ് എന്ന സിനിമ ബി ഉണ്ണികൃഷ്ണൻ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്നിരുന്നു. 2019ൽ പുറത്തിറങ്ങിയ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ബി ഉണ്ണികൃഷ്ണൻ സിനിമയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ് ആയിരുന്നു നായകൻ. 2016ലെ മാൻഹോൾ എന്ന സിനിമയിലൂടെ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം വിധു വിൻസെൻ്റ് നേടിയിരുന്നു.

വിധു വിൻസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.


Next Story

Related Stories