TopTop

പത്തുരൂപപോലും കൈയിലില്ലാത്ത അവസ്ഥയിലാണവര്‍, കൈവിടരുത്; മുഖ്യമന്ത്രിക്ക് സംവിധായകന്‍ വിനയന്റെ കത്ത്

പത്തുരൂപപോലും കൈയിലില്ലാത്ത അവസ്ഥയിലാണവര്‍, കൈവിടരുത്; മുഖ്യമന്ത്രിക്ക് സംവിധായകന്‍ വിനയന്റെ കത്ത്

നാടക കലാകാരന്‍മാര്‍, സിനിമാ തൊഴിലാളികള്‍, ഫിലിം റെപ്രസന്‍േററ്റീവുമാര്‍, മറ്റു ദിവസവേതക്കാരായ കലാകാരന്‍മാര്‍ക്കും ഉള്‍പ്പടെ ഉള്ളവര്‍ക്ക് 5000 രൂപയുടെ ധനസഹായം നല്‍കണമെന്നഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് സംവിധായകന്‍ വിനയന്റെ കത്ത്. കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദുരിതക്കയത്തിലേക്ക് വീണപോയവരാണിവരെന്നാണ് വിനയന്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നത്. ഇവര്‍ക്കായുള്ള ധനസഹായത്തിന് മുന്നു രൂപ വീതം ഓരോ സിനിമാ ടിക്കറ്റില്‍ നിന്നും സ്വരൂപിച്ചുണ്ടാക്കിയിരിക്കുന്ന സാംസ്‌കാരിക ക്ഷേമനിധിയില്‍ നിന്നും നല്‍കണമെന്നും വിനയന്‍ ചൂണ്ടികാണിക്കുന്നു. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ കൂടിയായ വിനയന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിന്റെ കോപ്പി താഴെ കൊടുക്കുന്നു;

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അറിയുന്നതിന്.

സര്‍,

കൊറോണ വൈറസിന്റെ ഭീതീജനകമായ അന്തരീക്ഷത്തില്‍ സംസ്ഥാനം ലോക്ക് ഔട്ടിലേക്ക് പോയിരിക്കുന്ന സാഹചര്യമാണല്ലോ ഇന്നുള്ളത്. ഈ മഹാമാരിയെ അതിജീവിക്കാനും ലോക്ക് ഔട്ട് കാലം തൊഴില്‍ നഷ്ടപ്പെട്ട സാധാരണക്കാര്‍ക്ക് സമാശ്വാസമേകാനും അക്ഷീണം പരിശ്രമിക്കുന്ന കേരള സര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെയും ആദ്യമായ് അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗിക്കട്ടെ.

എല്ലാ വിഭാഗം ജനങ്ങളും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ അവസ്ഥയില്‍ സാംസ്‌കാരിക ക്ഷേമനിധിയുമായി ചേര്‍ന്ന് കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാന്‍ പറ്റുന്ന ഒരു സാഹചര്യം അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താനും, കഴിയുമെങ്കില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ട നടപടി എത്രയും പെട്ടെന്ന് എടുക്കണമെന്ന് നിര്‍ദ്ദേശം കൊടുക്കുവാന്‍ അങ്ങയോടു വിനീതമായി അഭ്യര്‍ത്ഥിക്കാനും വേണ്ടിയാണ് ഇപ്പോള്‍ ഈ കത്തെഴുതുന്നത്.

ക്ഷേമനിധി പെന്‍ഷനോ അല്ലെങ്കില്‍ സാംസ്‌കാരിക ക്ഷേമനിധി പെന്‍ഷനോ ഒന്നും ലഭിക്കാത്ത നാടക കലാകാരന്മാരും, സിനിമ മേഖലയില്‍ ദിവസക്കൂലിക്കാരായ തൊഴിലാളികളും (ഇതില്‍ സിനിമയില്‍ ഡെയിലി ബാറ്റ മേടിക്കുന്ന നിര്‍മ്മാണ തൊഴിലാളികളും, ഫിലിം റെപ്രെസന്റേറ്റീവുമാരും, മറ്റനുബന്ധ തൊഴിലാളികളും ഉള്‍പെടുന്നതാണ്) പത്തുരൂപാ പോലും കയ്യില്‍ ഇല്ലാതെ വളരെയേറെ ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് ഇന്നുള്ളത്. പ്രത്യേകിച്ചും നാടക കലാകാരന്‍മാര്‍ ഒരുവര്‍ഷത്തെ അവരുടെ ഉപജീവനത്തിന് വരുമാനം കണ്ടെത്തുന്നത് ഉത്സവ സീസണുകളില്‍ അവര്‍ നടത്തുന്ന പരിപാടികളിലൂടെയാണ്. ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ തന്നെ കൊറോണ എന്ന മഹാദുരന്തം വന്നതിനാല്‍ അവരൊക്കെ ജീവിക്കുന്നത് ഭീതീജനകമായ ദുരന്തമുഖത്താണ്.

കലാകാരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നമ്മുടെ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡില്‍ ഏറ്റവും കുറഞ്ഞത് പത്തു കോടിക്ക് മുകളിലുള്ള ഫണ്ട് ഉണ്ടെന്നാണ് അറിയുന്നത്. ഇതു കൃത്യമായ കണക്കല്ല പതിനഞ്ചു കോടിക്കടുത്ത് ചിലപ്പോള്‍ ഉണ്ടായേക്കാം ഇപ്പോള്‍ സിനിമാ തീയേറ്ററുകള്‍ പൂട്ടിയിരിക്കുകയാണ് എങ്കിലും അത് തുറന്നു കഴിയുമ്പോള്‍ വീണ്ടും പ്രതിമാസം ഒരുകോടിയോളം വരുമാനം സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡില്‍ വന്നു ചേരുന്നതാണ്. ആയതിനാല്‍ നാളെ ആരൊക്കെ ഉണ്ടാകും, എങ്ങനെയാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി എന്നൊക്കെ പോലും ആശങ്കകള്‍ ഉണര്‍ത്തുന്ന ഈ സാഹചര്യത്തില്‍ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തെ താല്‍ക്കാലികമായി സഹായിക്കാന്‍ തീയറ്ററുകളിലെ ഓരോ ടിക്കറ്റില്‍ നിന്നും പിരിച്ചെടുത്ത ഈ തുക ഉപയോഗിക്കണം എന്നഭ്യര്‍ത്ഥിക്കുകയാണ്. അടുത്ത നാലു മാസത്തേക്ക് പെന്‍ഷന്‍ കൊടുക്കാനുള്ള തുക (പരമാവധി 4കോടി രൂപ, കഴിഞ്ഞ മാസം 86 ലക്ഷം രൂപയാണ് പെന്‍ഷന്‍ കൊടുത്തതെന്ന് സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറിയോട് ചോദിച്ചപ്പോള്‍ പറഞ്ഞിരുന്നു.) മാറ്റി വെച്ചിട്ട് ബാക്കി തുകയില്‍ അഞ്ചോ ആറോ കോടി രൂപ ഉപയോഗിച്ച് അര്‍ഹതയുള്ള കലാകാരന്മാര്‍ക്കും ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു തൊഴിലാളികള്‍ക്കും ഒരു 5000 രൂപ വെച്ച് സഹായധനമായി നല്‍കാന്‍ കഴിയും.

ഞാന്‍ പറഞ്ഞ തുകയ്ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ചെറിയ മാറ്റം ഉണ്ടാകുമെങ്കില്‍ അതനുസരിച്ച് സഹായധനം തിട്ടപ്പെടുത്തി കൊണ്ട് ഇങ്ങനെ ഒരു മഹത്തായ സഹായം ഈ ദുരന്തഘട്ടത്തില്‍ നമ്മുടെ നാട്ടിലെ കലാകാരന്മാര്‍ക്കും ആ രംഗത്തുള്ള തൊഴിലാളികള്‍ക്കും വേണ്ടി സഖാവ് പിണറായി വിജയന്റെ സര്‍ക്കാര്‍ ചെയ്യുകയാണെങ്കില്‍ അത് ചരിത്രത്തിന്റെ താളുകളില്‍ നന്മയുടെ നേര്‍രേഖയായി എന്നും തിളങ്ങി നില്‍ക്കും. ഈ നാടിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് മാറ്റം കുറിച്ച നാടകരംഗത്തിനും അതുപോലെയുള്ള ജനകീയ കലകള്‍ക്കും, കോടിക്കണക്കിനു രുപ ഈ ഫണ്ടിലേക്കെത്താന്‍ ഇടയായ സിനിമയ്ക്കും ഒക്കെ താങ്ങായി ഈ സര്‍ക്കാര്‍ ഉണ്ടാകുമെന്ന് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരിക്കും ഈ സഹായം.

ഇത്രമാത്രം ഇച്ഛാശക്തിയും ഭരണാധികാരിക്ക് വേണ്ട കരുത്തും ആര്‍ജിച്ച അങ്ങേയ്ക്ക് അത് സാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു., കോവിഡ് 19നെ ചെറുത്ത് തോല്‍പ്പിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സ്റ്റേറ്റ് ഹോര്‍ട്ടി കോര്‍പ് ചെയര്‍മാന്‍ എന്ന നിലയിലും, ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തകനും, ചലച്ചിത്ര സംവിധായകനും എന്ന നിലയിലും എല്ലാവിധ പിന്തുണയും ആശംസയും അറിയിച്ചു കൊണ്ട് നിര്‍ത്തുന്നു.

സ്‌നേഹാദരങ്ങളോടെ..

വിനയന്‍

ചലച്ചിത്രസംവിധായകന്‍

ചെയര്‍മാന്‍ ഹോര്‍ട്ടി കോര്‍പ്

26-3-2020


Next Story

Related Stories