TopTop
Begin typing your search above and press return to search.

മുതലാളിയും തിയേറ്റര്‍ ഉടമയും സിനിമാ നിര്‍മ്മാതാവുമായി വിലസുന്ന മലയാള സിനിമയിലെ വൃത്തികേടുകളുടെ സൂത്രധാരാ....സത്യം ജയിച്ചിരിക്കുന്നു: വിനയന്‍

മുതലാളിയും തിയേറ്റര്‍ ഉടമയും സിനിമാ നിര്‍മ്മാതാവുമായി വിലസുന്ന മലയാള സിനിമയിലെ വൃത്തികേടുകളുടെ സൂത്രധാരാ....സത്യം ജയിച്ചിരിക്കുന്നു: വിനയന്‍

സംവിധായകന്‍ വിനയന് മലയാള ചലച്ചിത്ര സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കി കൊണ്ട് രണ്ടു വര്‍ഷം മുമ്പ് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ് ശരിവച്ച് നാഷണല്‍ കോംപറ്റീഷന്‍ കമ്മിഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലും. വിലക്ക് റദ്ദാക്കിയ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവിനെതിരേ ചലച്ചിത്ര സംഘടനകളായ എ എം എം എ, ഫെഫ്ക എന്നിവര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് എന്‍ സി സി എ ടിയും വിനയന്റെ കാര്യത്തില്‍ അനുകൂല വിധി പറഞ്ഞരിക്കുന്നത്. നാല് അപ്പീലുകളാണ് വിനയന്റെ വിലക്ക് നീക്കിയതിനെതിരേ സംഘടനകള്‍ നല്‍കിയിരുന്നത്. ഇവ നാലും ട്രൈബ്യൂണല്‍ തള്ളുകയായിരുന്നു. വര്‍ഷങ്ങളായി മലയാള സിനിമയില്‍ വിലക്ക് നേരിടേണ്ടി വന്ന വിനയന്‍ ചാലക്കുടക്കാരന്‍ ചങ്ങാതി, ആകാശഗംഗ 2 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് വീണ്ടും തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനിടയിലാണ് ഇരട്ടി വിജയമെന്നപോലെ നാഷണല്‍ കോംപറ്റീഷന്‍ കമ്മിഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ വിധിയും വന്നിരിക്കുന്നത്. അതേസമയം, ഈ വിധിയിലൂടെ എഎംഎംഎ, ഫെഫ്ക സംഘടന നേതൃത്വത്തിന് വന്‍തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

സത്യത്തിന്റെ വിജയമെന്നാണ് തനിക്കനുകൂലമായി അപ്പീലുകള്‍ തള്ളിക്കൊണ്ട് നാഷണല്‍ കോംപറ്റീഷന്‍ കമ്മിഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലില്‍ നിന്നുണ്ടായ വിധിയെ വിനയന്‍ സ്വാഗതം ചെയ്യുന്നത്. കുറേ ബുദ്ധിമുട്ടേണ്ടി വന്നാലും സത്യം എന്നെങ്കിലും ജയിക്കുമെന്നും ഇനി ജയിച്ചില്ലെങ്കില്‍ പോലും സത്യത്തിനു വേണ്ടി പോരാടുന്നതിന്റെ സുഖം ഒന്നുവേറെയാണെന്നും വിനയന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിക്കുന്നുണ്ട്. ആരെയും പേരെടുത്ത് പറഞ്ഞു വിമര്‍ശിക്കുന്നില്ലെങ്കിലും സംഘടനയിലെ ഉന്നതന്നെ ലക്ഷ്യംവച്ചുകൊണ്ട് കടുത്ത വിമര്‍ശനവും വിനയന്‍ ഉയര്‍ത്തുന്നുണ്ട്. മുതലാളിയും തിയേറ്റര്‍ ഉടമയും സിനിമാ നിര്‍മ്മാതാവും ഒക്കെ ആയി വിലസുന്ന മലയാള സിനിമയിലെ ഇത്തരം വൃത്തികേടുകളുടെ സൂത്രധാരന്‍ ഒന്നോര്‍ക്കുക നുണകള്‍ പറഞ്ഞും, പ്രചരിപ്പിച്ചും, കുതികാലു വെട്ടിയും, അതിലുടെ കിട്ടുന്ന ബന്ധം ഉപയോഗിച്ചും നേടുന്ന പണവും സ്ഥാനമാനവും എല്ലാം താല്‍ക്കാലികമാണു സുഹൃത്തേ എന്ന വരികളിലൂടെയാണ് വിനയന്‍ പരോക്ഷമായി ഫെഫ്ക ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കുന്നത്.

വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം; കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി മലയാള സിനിമാരംഗത്തെ നീതിക്കു വേണ്ടിയുള്ള എന്റെ പോരാട്ടത്തിന് വീണ്ടും ഒരംഗീകാരവും മറ്റൊരു വിജയവും ലഭിച്ചതിന്റെ സന്തോഷം എന്റെ സുഹൃത്തുക്കളോടൊപ്പം പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് 'കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ' മലയാള സിനിമാ സംഘടനകളായ ഫെഫ്കയ്കും അമ്മയ്ക്കും അതിന്റെ ഭാരവാഹികള്‍ക്കും എതിരെ ലക്ഷക്കണക്കിനു രൂപയുടെ ഫൈന്‍ ചുമത്തിക്കൊണ്ട്, അസൂയയുടെയും അനാവശ്യ വൈരാഗ്യത്തിന്റെയും പേരില്‍ എന്നെക്കൊണ്ടു സിനിമ ചെയ്യിക്കാതിരിക്കാന്‍ നടത്തിയ ഹീനമായ ശ്രമങ്ങള്‍ കുറ്റകരവും ശിക്ഷാര്‍ഹവുമാണന്ന് വിധിച്ച കാര്യം ഏവരും ഓര്‍ക്കുന്നുണ്ടാവുമല്ലോ..? ഞാന്‍ മലയാള സിനിമയിലെ ദുഷിച്ച വ്യവസ്ഥിതിക്കെതിരെ പോരാടിയെങ്കില്‍, വിനയനെ ഒതുക്കി അതിന്റെ മുഴുവന്‍ നേട്ടവും വ്യക്തിപരമായി നേടി എടുത്ത ഒരു സിനിമാ നേതാവിന്റെ നേതൃത്വത്തില്‍ അന്നത്തെ cci വിധിക്കെതിരെ നല്‍കിയ അപ്പീല്‍ കോംപറ്റീഷന്‍ കമ്മീഷന്റെ അപ്പലേറ്റ് ട്രൈബ്യൂണല്‍ തള്ളിക്കൊണ്ട് (നാല് അപ്പീലുകള്‍ ഒരുപോലെ തള്ളുകയാണുണ്ടായത്)ഇന്നലെ പുറപ്പെടുവിച്ച ഓര്‍ഡറിലെ അവസാന പേജിന്റെ കോപ്പിയാണ് ഇതിനോടൊപ്പം പോസ്‌ററ് ചെയ്തിരിക്കുന്നത്..ഇന്ത്യയിലെ തന്നെ വിലകൂടിയ വക്കീലന്‍മാരെ വച്ചാണ് നമ്മുടെ സുഹൃത്തുക്കള്‍ എനിക്കെതിരെ വാദിച്ചത്..കാശിന് യാതൊരു പഞ്ഞവുമില്ലാത്ത മുതലാളിമാര്‍ക്ക് അതൊക്കെ നിസ്സാരമാണല്ലോ? ഇപ്പോ മുതലാളിയും തീയറ്റര്‍ ഉടമയും സിനിമാ നിര്‍മ്മാതാവും ഒക്കെ ആയി വിലസുന്ന മലയാളസിനിമയിലെ ഇത്തരം വൃത്തികേടുകളുടെ സൂത്രധാരന്‍ ഒന്നോര്‍ക്കുക നുണകള്‍ പറഞ്ഞും, പ്രചരിപ്പിച്ചും, കുതികാലു വെട്ടിയും, അതിലുടെ കിട്ടുന്ന ബന്ധം ഉപയോഗിച്ചും നേടുന്ന പണവും സ്ഥാനമാനവും എല്ലാം താല്‍ക്കാലികമാണു സുഹൃത്തേ.,, കൂറേ സ്ട്രഗിളു ചെയ്യേണ്ടി വന്നാലും സത്യം എന്നെങ്കിലും ജയിക്കും..

ഇനി ജയിച്ചില്ലെങ്കിലും സത്യത്തിനു വേണ്ടി പോരാടുന്നതിന്റെ സുഖം ഒന്നുവേറെയാണ്, ഇതൊക്കെ എന്നെങ്കിലും നിങ്ങള്‍ക്കു മനസ്സിലാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.. ഈ വിലക്കുകളിലും പ്രതിസന്ധിയിലും ഒക്കെ കൂടെ നിന്ന മലയാളി പ്രേക്ഷകര്‍ക്കും എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കും കൂടാതെ അഡ്വ. ഹര്‍ഷദ് ഹമീദിനും അഡ്വ. ദിലീപിനും ആയിരം നന്ദി വാക്കുകള്‍ പ്രകാശിപ്പിക്കട്ടെ..


Next Story

Related Stories