TopTop
Begin typing your search above and press return to search.

വിറ്റാമിന്‍ സി കോവിഡിന് പ്രതിവിധിയെന്ന് ശ്രീനിവാസന്‍; ഇത്തരം മണ്ടത്തരങ്ങള്‍ വിശ്വസിച്ച് പണി വാങ്ങിക്കരുതെന്ന് ഡോക്ടര്‍മാര്‍

വിറ്റാമിന്‍ സി കോവിഡിന് പ്രതിവിധിയെന്ന് ശ്രീനിവാസന്‍; ഇത്തരം മണ്ടത്തരങ്ങള്‍ വിശ്വസിച്ച് പണി വാങ്ങിക്കരുതെന്ന് ഡോക്ടര്‍മാര്‍

കൊവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണജനകമായ പ്രസ്താവനകളുമായി നടന്‍ ശ്രീനിവാസന്‍. മാധ്യമം പത്രത്തില്‍ എഴുതിയ കുറിപ്പില്‍ ശ്രീനിവാസന്‍ പറയുന്ന കാര്യങ്ങള്‍ സമൂഹത്തോട് ചെയുന്ന ദ്രോഹമാണെന്നാണ് ഡോക്ടര്‍മാര്‍ അടക്കം ആക്ഷേപിക്കുന്നത്. വിറ്റാമിന്‍ സി കോവിഡിന് പ്രതിവിധിയാണെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ശ്രീനിവാസന്‍ മാധ്യമത്തിലെഴുതിയ കുറിപ്പില്‍ അവകാശപ്പെടുന്നുണ്ട്. ലോകാരോഗ്യസംഘടനയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രോഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന വിമര്‍ശനവും നടന്‍ ഉയര്‍ത്തുന്നുണ്ട്. ശ്രീനിവാസന്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്; 'പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരടക്കം വിദഗ്ധര്‍ വിറ്റാമിന്‍ സി കോവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ട്. വിറ്റാമിന്‍ സി ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആക്കി മാറ്റും. അപ്പോള്‍ ഒരു വൈറസിനും നിലനില്‍ക്കാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.പക്ഷേ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ആദ്യം തന്നെ ഈ വാദത്തെ എതിര്‍ത്തു. മരുന്നുണ്ടാക്കി വില്‍ക്കുന്നതിലാണ് അവര്‍ക്ക് താത്പര്യം. അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റിയിലെ ഭൂരിഭാഗം പേരും കൈക്കൂലിക്കാരാണ്. ലോകാരോഗ്യ സംഘടനയും നമ്മുടെ ഐഎംഎയും അതിനെ പ്രോത്സാഹിപ്പിക്കുന്നു. ചികിത്സയില്‍ നമ്മള്‍ പിന്തുടരുന്നത് മേരിക്കന്‍ സമ്പ്രദായമാണ്. അത് സാമ്പത്തികലാഭത്തില്‍ അധിഷ്ഠിതമാണ്. ചൈനയ്ക്ക് തൊട്ടടുത്തുള്ള ജപ്പാനെ കൊവിഡ് കാര്യമായി ബാധിച്ചില്ല. എന്തുകൊണ്ടാണെന്ന് നമ്മള്‍ പഠിക്കണം. ചെന്നൈയില്‍ ഒരു സ്‌കാനിംഗ് മെഷീന്‍ കണ്ടു. ജപ്പാന്റേതാണ്. കൈപ്പത്തി മാത്രം വെച്ച് ദേഹം മുഴുവന്‍ സ്‌കാന്‍ ചെയ്യാം. നമ്മുടെ നാട്ടില്‍ വലിയ ഗുഹക്കുള്ളില്‍ എന്നതുപോലെ ആളുകളെ കയറ്റിയാണ് സ്‌കാന്‍ ചെയ്യുന്നത്. അങ്ങനെ പേടിപ്പിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ നല്ല പണം വാങ്ങാം. ഇവിടെ നഖത്തിനും മുടിക്കും വരെ വേറെവേറെ ഡോക്ടര്‍മാരാണ്. ജപ്പാനില്‍ ഫാമിലി ഡോക്ടര്‍മാരാണ്. എല്ലാ രോഗവും ഒരു ഡോക്ടര്‍ തന്നെയാണ് ചികിത്സിക്കുന്നത്. ഹോമിയോപതി ഡോക്ടര്‍മാര്‍ പലരും പറയുന്നു കൊവിഡിന് അവരുടെ കൈയില്‍ മരുന്നുണ്ടെന്ന്.ശരിയോ തെറ്റോ ആകാം. പക്ഷേ, ഇതൊന്നും പരീക്ഷിച്ചു നോക്കാന്‍ പോലും നമ്മുടെ രാഷ്ട്രീയം തയ്യാറാല്ല. ഇതൊക്കെ തുറന്നു പറയുന്നവര്‍ തെറ്റുകാരാകുന്ന അവസ്ഥയാണ്. ജയിലില്‍ കിടക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ ഞാനും കൂടുതല്‍ പറയുന്നില്ല. നല്ലതിനായി മാത്രം കാത്തിരിക്കാം. ശ്രീനിവാസന്‍ ഈ കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ തന്നെ അസംബന്ധമാണെന്നാണ് നടനെതിരേ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത്. വിറ്റാമിന്‍ സി കൊവിഡിന് പ്രതിവിധിയാണെന്ന് പരിയാരം മെഡിക്കല്‍ കോളേജിെല ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടെന്ന അവകാശവാദം തെറ്റാണെന്നും ഏതോ വ്യാജപ്രചാരണം ഏറ്റുപിടിച്ചാണ് ഇത്തരം അബദ്ധങ്ങള്‍ എഴുതുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പരിയാരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍ എസ് എം അഷറഫിന്റെ പേരിലാണ് ഇത്തരമൊരു വ്യാജസന്ദേശം ഇറങ്ങിയത്. ഇതിനെതിരേ ഡോക്ടര്‍ സൈബര്‍ സെല്ലില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇതൊന്നുമറിയാതെയാണോ ശ്രീനിവാസന്‍ അതേ വ്യാജസന്ദേശം കൂട്ടുപിടിച്ച് സാമൂഹ്യദ്രോഹം നടത്തുന്നതെന്നാണ് ഡോക്ടര്‍ ജിനേഷ് പി എസ് ചോദിക്കുന്നത്. ശ്രീനിവാസന് മറുപടിയെന്നോണമുള്ള ഡോക്ടര്‍ ജിനേഷ് പി എസിന്റെ ഫെയയ്‌സ്ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു;

പ്രിയപ്പെട്ട ശ്രീനിവാസന്‍,

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് താങ്കളാണ്. എന്നെപ്പോലെ നിരവധി കുറവുകള്‍ ഉള്ള ധാരാളം കഥാപാത്രങ്ങളെ അഭ്രപാളികളില്‍ രേഖപ്പെടുത്തിയ നടനാണ് താങ്കള്‍.

പക്ഷേ നിങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് എന്ന് പറയാതെ വയ്യ.

വൈറ്റമിന്‍ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം പറഞ്ഞു എന്നാണ് നിങ്ങള്‍ മാധ്യമം പത്രത്തില്‍ എഴുതിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന അസുഖ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് നിങ്ങള്‍ എഴുതിയിരിക്കുന്നത്.

സുഹൃത്തേ, വൈറ്റമിന്‍ സി ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആക്കി മാറ്റും എന്ന്, അങ്ങനെ വൈറസ് നശിക്കുമെന്ന്... ഇതൊക്കെ നിങ്ങളോട് ആരു പറഞ്ഞു തന്നതാണ് ???

പരിയാരം മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറുടെ പേരിലിറങ്ങിയ വ്യാജ സന്ദേശം. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ എസ് എം അഷ്‌റഫിന്റെ പേരിലിറങ്ങിയ വ്യാജസന്ദേശം... ഇതിനെതിരെ ഡോക്ടര്‍ തന്നെ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു കഴിഞ്ഞു എന്ന വാര്‍ത്ത വായിച്ചിരുന്നു. അതാണോ താങ്കള്‍ കേട്ടത് ???

മുന്‍പൊരിക്കല്‍ മരുന്നുകള്‍ കടലില്‍ വലിച്ചെറിയണം എന്ന് പത്രത്തില്‍ എഴുതിയ വ്യക്തി ആണ് നിങ്ങള്‍. എന്നിട്ട് നിങ്ങള്‍ക്ക് ഒരു അസുഖം വന്നപ്പോള്‍ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നില്‍ ഏറ്റവും മികച്ച ചികിത്സ തേടിയ വ്യക്തിയാണ് നിങ്ങള്‍.

ആ നിങ്ങളാണ് ഇപ്പോള്‍ വീണ്ടും വ്യാജപ്രചരണങ്ങള്‍ നടത്തുന്നത്.

ലോകത്തില്‍ ആകെ മുക്കാല്‍ ലക്ഷത്തോളം പേര്‍ മരിച്ച അസുഖമാണ്. അതിനെ തടയാന്‍ ലോകം പരമാവധി പൊരുതുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്താകമാനമുള്ള ആരോഗ്യപ്രവര്‍ത്തകരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്. അപ്പോഴാണ് നിങ്ങളെ പോലെ ഒരാള്‍ മണ്ടത്തരങ്ങള്‍ പറയുന്നത്. കഷ്ടമാണ് കേട്ടോ...

നിങ്ങള്‍ക്ക് അറിയില്ലാത്ത വിഷയങ്ങള്‍ പറയാതിരുന്ന് കൂടേ ? നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. ആരോഗ്യ വിഷയങ്ങളില്‍ നിങ്ങളുടെ അഭിപ്രായം ചോദിച്ച മാധ്യമം പത്രത്തോടാണ് പറയേണ്ടത്. എവിടെയാണ് നിങ്ങളുടെ ഒക്കെ മാധ്യമ ധര്‍മ്മം എന്ന് അറിഞ്ഞാല്‍ കൊള്ളാം.

ജനങ്ങളോട്,

ദയവുചെയ്ത് ഈ മണ്ടത്തരങ്ങള്‍ വിശ്വസിച്ച് പണി വാങ്ങരുത്.

വ്യക്തിഗത ശുചിത്വ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അത് മാത്രമേ പറയാനുള്ളൂ. നിങ്ങള്‍ വൈറ്റമിന്‍ സി കഴിച്ചാലും ഇല്ലെങ്കിലും വ്യക്തിഗത ശുചിത്വ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ മറക്കരുത്. എന്ത് ഭക്ഷണം കഴിക്കണം എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ ഇതൊക്കെ വിശ്വസിച്ച്, ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാല്‍ പണി വാങ്ങും. അപ്പോള്‍ ശ്രീനിവാസന്‍ കൂടെ കാണില്ല എന്നുമാത്രമേ പറയാനുള്ളൂ.

തനിക്ക് അസുഖം വരുമ്പോള്‍ ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങള്‍ സ്വീകരിക്കുന്ന ഒരാള്‍ ജനങ്ങളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കരുത് എന്ന് ഒരിക്കല്‍ കൂടി പറയാതെ വയ്യ.


Next Story

Related Stories