TopTop

പച്ച നിറമുള്ള ബാറും, കുറേ ദുരൂഹ കഥാപാത്രങ്ങളും; പൂത്തൻ പരീക്ഷണത്തിന്റെ 'ഈലം'

പച്ച നിറമുള്ള ബാറും, കുറേ ദുരൂഹ കഥാപാത്രങ്ങളും; പൂത്തൻ പരീക്ഷണത്തിന്റെ

ഈലം, മനുഷ്യ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മെസോപ്പൊട്ടാമിയന്‍ സംസ്‌ക്കാരത്തിന്റെ ഉത്ഭവനഗരത്തിന്റെ പേരാണിത്. ഇതേ പേരിൽ മലയാളത്തിലെ ആദ്യ സർറിയിസ്റ്റിക് സിനിമ ഒരുങ്ങിക്കഴിഞ്ഞു. കഥാകൃത്തായ വിനോദ് കൃഷ്ണയുടെ സംവിധാനത്തിൽ അദ്ദേഹത്തിന്റെ ഒരു കൂട്ടം സൃഹൃത്തുക്കളും ചേർന്നാണ് ഈലം ഒരുക്കിയിട്ടുള്ളത്. തമ്പി ആന്റണിയെ പ്രധാന കഥാപാത്രമാക്കി ഒരു മദ്യശാലയില്‍ നടക്കുന്ന സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്. നിർമാണത്തിൽ രണ്ട് വനിതകൾ കൂടി പങ്കാളികളാവുന്നു എന്ന പ്രത്യേകതയും ഈലത്തിനുണ്ട്.

വരും ദിവസങ്ങളിൽ കേരളത്തിൽ പ്രദർശനത്തിന് എത്താനിരിക്കുകയാണ് ഈലം. അതിന് മുൻപ് തന്നെ പോർട്ടോറിക്കോയിൽ വച്ചു നടന്ന ബായമോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പരീക്ഷണ ചിത്രമായി ഈലം തിരഞ്ഞെടുക്കപ്പെറ്റു കഴിഞ്ഞു. പരീക്ഷണ ചിത്രങ്ങളുടെ മത്സര വിഭാഗത്തിൽ ഇറാക്കിൽ നിന്നുള്ള റഹ്ഹാല, പോളണ്ടിൽ നിന്നുള്ള നൊസ്റ്റാൾജിയ വിത്തൌട്ട് ഡിലേ എന്നീ ചിത്രങ്ങൾക്കൊപ്പം മൽസരിച്ചാണ് ഈലം ഒന്നാമതെത്തിയത്.

സംവിധായകൻ വിനോദ് കൃഷ്മ എഴുതി ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ചെറുകഥയാണ് ഈലം എന്ന പേരിൽ സിനിമയാവുന്നത്. കേരളം പ്രളയത്തിന്റെ പിടിയിൽ അകപ്പെട്ട സമയത്തായിരുന്നു ഈലം പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നത് അധികമാരും വായിച്ചില്ല, പിന്നീട് സോഷ്യൽ മീഡിയയിൽ ഇത് പ്രചരിക്കുകയും വ്യാപകമായി വായിക്കപ്പെടുകയുമായിരുന്നു. ഒരു ഹാപ്പിഹവറിൽ ബാറിനെ കേന്ദ്രീകരിച്ച് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമ പങ്കുവയ്ക്കുന്നത്. ഒരു സർറിയൽ ബാറിൽ എത്തുന്നവരും അവിടെ ഉള്ള ഒരു വ്യക്തിയും തമ്മിലുള്ള മുൻ ബന്ധങ്ങളിലൂടെയും ഓർമ്മകളിലൂടെയുമാണ് 'ഈലം' പുരോഗമിക്കുന്നത്. ഗ്രീൻ കളർ സൈക്കോളജിയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ആദ്യമായാണ് സംവിധായകൻ വിനോദ് കൃഷ്ന ഒരു മുഴനീള സിനിമ ചെയ്യുന്നത്. 'മയ്യൻ‌കാലം' എന്ന പേരിൽ ഒരുക്കിയ ഷോർട്ട് ഫിലിമിന് ശേഷമാണ് വിനോദ് കൃഷ്ണ ഈലത്തിലേക്ക് എത്തുന്നത്. കഥ പറയുന്ന രീതി ചലച്ചിത്രഭാഷയ്ക്കു കൂടുതൽ ഉതകുമെന്നു വിനോദിന്റെ ചിന്തയാണ് സിനിമയിലേക്ക് എത്തിയതും. ഷോർട്ട് ഫിലിം എന്ന പ്ലോട്ടിൽ നിന്നും സിനിമയെന്ന വലിയ മാധ്യമത്തിലെത്തുമ്പോൾ നേരിട്ട വെല്ലുവിളികളും വലുതായിരുന്നു. വിനോദ് അഴിമുഖത്തോട് പ്രതികരിച്ചു.

"ഷോർട്ട് ഫിലിം എന്നത് തീർത്തും പേഴ്സണലായ ഒന്നാണ്. ടെൻഷന്‍ നൽകാത്ത ഒന്നാണ്. അവിടെ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു എന്ന് വേണം കരുതാൻ. പക്ഷേ സിനിമ അത് എന്ന് ചിന്തിച്ച് തുടങ്ങുന്നുവോ അവിടെ മുതൽ പ്രതിസന്ധികളും ആരംഭിക്കുകയാണ്'. ഈലം ഒരു എക്പിരിമെന്റൽ സിനിമയാണ് അതുകൊണ്ട് വളരെ അധികം ടെന്‍ഷൻ തന്നിരുന്നു.

സിനിമയിൽ നേരിട്ട എറ്റവും വലിയ വെല്ലുവിളിയെന്നത് ഫിലിം മേക്കിങ്ങ് അല്ല, മാൻ മാനേജ്മെന്റ് ആണ്. ഒരു സിനിമയിൽ നമുക്ക് ഒപ്പം ജോലിചെയ്യുന്നത് നിരവധി പേരാണ്. എല്ലാവരും വ്യത്യസ്ഥ തലങ്ങളില്‍‌ ജീവിക്കുന്നവർ, ചിന്തിക്കുന്നവർ, വികാരങ്ങൾ ഉള്ളവർ. ഇവരെ നിയന്ത്രിക്കുക അല്ലെങ്കിൽ ഒരുമിച്ച് നിർത്തുക എന്നതാണ് വെല്ലുവിളി. ഒരാളുടെ വികാരം ചിലപ്പോൾ എല്ലാവരെയും, നമ്മുടെ സൃഷ്ടിയെ പോലൂം ബാധിച്ചേക്കും.

സിനിമയില്‍ ഒന്നരമണിക്കൂറോളം ഒരു ബാറിലാണ് കഥ നടക്കുന്നത്. അതിലെ ആളുകളെ എൻഗേജഡ് ആക്കുക എന്നത് വലിയ ടാസ്കായിരുന്നു. സാധാരണ പറയുന്നത് പോലെ ചുവന്ന ലൈറ്റുകൾ ഇല്ല, പച്ച നിറത്തിനു പ്രാമുഖ്യം കൊടുത്തുള്ള തീമാണ് ഉപയോഗിച്ചത്. എടുത്ത് പറയേണ്ട മറ്റൊന്ന് സിനിമയിലെ വസ്ത്രാലങ്കാരമാണ്. മലയാളിത്തം ഒട്ടും ഇല്ലാത്ത കോസ്റ്റ്യുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കളർ തീം തിരക്കഥയിൽത്തന്നെ നിർണയിച്ച ശേഷമാണു ഷൂട്ട് തുടങ്ങിയത്. ഏതോ ഒരു വൻ നഗത്തിൽ നടക്കുന്ന ഒരു കഥ. കഥാപാത്രങ്ങൾക്കൊന്നും പേരില്ല എന്ന പ്രത്യേകതയുമുണ്ട്. കഥ എവിടെയാണു നടക്കുന്നതെന്ന സൂചനകളും സിനിമയിലില്ല." സംവിധായകൻ പറയുന്നു.

കൊച്ചിയിലായിരുന്നു ‌ഈലത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്. ഈഗോ പ്ലാനറ്റ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജയ മേനോൻ, ഷിജി മാത്യു ചെറുകര, വിനയൻ നായർ എന്നിവരാണു ചിത്രം നിർമിക്കുന്നത്. ഇവരുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈലം. നിർ‌മ്മാതാക്കളായി ഒരു പുതിയ സംഘം മലയാള സിനിമയിൽ ഈലത്തിലൂടെ ഭാഗമാവുമ്പോൾ അതിൽ സൗഹൃദത്തിന്റ ഒരു കഥകൂടി ബാക്കിയുണ്ട്.

ജയ മേനോനും വിനയന്‍ നായർ എന്നവർ സംവിധായകന്‍ വിനോദിന്റെ സുഹൃത്തുക്കളാണ്. ഇവരുടെ സുഹൃത്തായ ഷിജി കൂടി നിർമാണത്തിൽ സഹകരിക്കാൻ തയാറായി മുന്നോട്ടു വരികയും ചെയ്തതോടെയാണ് സിനിമ യാഥാർഥ്യമായത്. ഒരു ഘട്ടത്തിൽ സിനിമ നിന്നു പോവുന്ന അവസ്ഥയെത്തുകയായിരുന്നു അന്ന് തന്നെ സഹായിക്കാനാണ് സുഹൃത്തുകളായ ഇവർ സിനിമയിൽ ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാവുന്നത്. സംവിധായകനും നിർമ്മാതാക്കളും സിനിമയയിൽ പുതുമുഖങ്ങളാണ്, ഇതിനൊപ്പം അഭിനേതാക്കളിൽ 80 ശതമാനവും സിനിമയിൽ അദ്യമായാണ് എത്തുന്നത്.


കവിതാ നായർ, തമ്പി ആന്റണി എന്നിവരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. സിനിമ രംഗത്ത് മേക്കപ്പ്മാനായി പ്രവർത്തിച്ച് വന്നിരുന്ന റോഷനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. എടുത്ത് പറയേണ്ട പ്രകടനം തന്നെയാണ് റോഷന്‌റേതെന്നും വിനോദ് കൃഷ്ണൻ പറയുന്നു.

ആദ്യമായി ഒരു സിനിമയുടെ ഭാഗമാവുന്നു, അതും നിർ‌മ്മാതാവായി, ഇത്തരത്തിൽ ഒരു സംരംഭത്തെ മലയാളികൾ എങ്ങനെ സ്വീകരിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ഡൽഹിയില്‍ വ്യവസായിയായ ജയ മേനോൻ. നിർമ്മാതാക്കൾ എന്ന നിലയിൽ തികഞ്ഞ ആത്മ വിശ്വാസമാണ് ജയാ മേനോനും മറ്റ് നിർമാണ പങ്കാളികളും. സിനിമ പ്രേക്ഷകർ എത് തരത്തിൽ വിലയിരുത്തും എന്ന് കാത്തിരിക്കുകയാണ് തങ്ങൾ.

"ഡയറക്ടറും സുഹൃത്തുമായ വിനോദിൽ പൂർണ വിശ്വാസമുണ്ട്, അദ്ദേഹം നന്നായി ചെയ്യുമെന്ന് അറിയാം, അത് തന്നെയാണ് സിനിമയുടെ ഭാഗമാവാൻ കാരണമായതും. ബായമോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പരീക്ഷണ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് തങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. പരീക്ഷണങ്ങളെ എന്നും പിന്തുണച്ചിട്ടുള്ള മലയാളികളും സിനിമ അംഗീകരിക്കുമെന്ന് കരുതുന്നു." ജയാ മേനോന്‍ പറഞ്ഞു.


തീർത്തും യാദൃശ്ചികമായാണ് സിനിമയുടെ ഭാഗമാവുന്നതെന്നും ജയമേനോൻ പറയുന്നു. ചെറുകഥ വായിച്ചിരുന്നു, ഇത് സിനിമയാക്കാനുള്ള പദ്ധതിയും വിനോദ് പങ്കുവച്ചിരുന്നു. ഇതിനിടെയാണ് അപ്പോഴത്തെ നിര്‍മാതാക്കൾ പിന്‍മാറുന്നത്. അങ്ങനെ ഞങ്ങൾ‌ കുറച്ച് പേർ‌ ചിത്രം നിർമ്മിക്കാൻ പദ്ധതിയിടുകയായിരുന്നു. അപ്പോഴാണ് സിനിമാ നിർമ്മാണം എന്നതിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ. അതിന് കുടുംബത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് മുന്നോട്ട് പോവാൻ തീരുമാനിച്ചതെന്നും ജയമേനോൻ പറയുന്നു. തങ്ങളുടെ കടന്ന് വരവ് മലയാള സിനിമയിലേക്ക് കൂടുതൽ വനിതകള്‍‌ക്ക് ശക്തമായി കടന്ന് വരാനുള്ള പ്രചോദനം ആവുമെന്ന് തന്നെയാണ് പ്രതീഷയെന്നും ജയമേനോൻ വ്യക്തമാക്കി.

ബിജി ബാലിന്റെ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഓരോ കഥാപാത്രത്തിനും പ്രത്യേക സംഗീതോപകരണങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികൾക്ക് ഈണം പകർന്നത് രമേശ്‌ നാരായൺ. പാടിയത് ഷഹബാസ് അമൻ. ജയ മേനോൻ, ഷിജി മാത്യു ചെറുകര. വിനയൻ എന്നിവരാണ് ഈഗോ പ്ലാനറ്റിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

തമ്പി ആന്റണി, കവിത നായർ, ജോസ് കുട്ടി മഠത്തിൽ, റോഷൻ എൻ.ജി, വിനയൻ ജി.എസ്, രാധാകൃഷ്ണൻ തലചാങ്ങാട് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തരുൺ ഭാസ്കരൻ ആണ് ക്യാമറ. എഡിറ്റിംഗ് ഷൈജൽ. കോസ്റ്റ്യൂമർ സുനിൽ ജോർജ്.


Next Story

Related Stories