TopTop
Begin typing your search above and press return to search.

ചിത്രീകരണ സ്ഥലത്ത് ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് ഫെഫ്ക, തിയറ്റര്‍ അടച്ചിടാനുള്ള തീരുമാനത്തിന് എല്ലാ സംഘടനകളുടെയും പിന്തുണ

ചിത്രീകരണ സ്ഥലത്ത് ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് ഫെഫ്ക, തിയറ്റര്‍ അടച്ചിടാനുള്ള തീരുമാനത്തിന് എല്ലാ സംഘടനകളുടെയും പിന്തുണ

സംസ്ഥാനത്ത് കോവിഡ് 19 നെതിരേയുള്ള ജാഗ്രത നിര്‍ദേശങ്ങളുടെ ഭാഗമായി തീയേറ്ററുകള്‍ അടച്ചിടണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിചച്ച് ഫെഫ്കയും പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും. നേരത്തെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള(ഫിയോക്)യും തീരുമാനിച്ചിരുന്നു. നാളെ മുതല്‍(മാര്‍ച്ച് 11) തിയേറ്ററുകള്‍ അടച്ചിടുമെന്നും ഇതിനുള്ള നിര്‍ദേശങ്ങള്‍ സംഘടനയുടെ കീഴിലുള്ള എല്ലാ തിയേറ്റര്‍ ഉടമകള്‍ക്കും നല്‍കിയിട്ടുണ്ടെന്നും ഫിയോക് ജനറല്‍ സെക്രട്ടറി എം സി ബോബി അറിയിച്ചിരുന്നു. മറ്റ് സംഘടനകളോട് ആലോചിച്ചശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നതെന്നും ഫിയോക് അറിയിച്ചിരുന്നു. തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കാന്‍ തീരുമാനിച്ചതിനോട് യോജിച്ചുകൊണ്ടാണ് കോവിഡ് 19 നെതിരേ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവുമായി ഫെഫ്കയും പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും രംഗത്തു വന്നിരിക്കുന്നത്. ഇങ്ങനെയൊരു ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മുന്നോട്ടുവച്ചതിനു പിന്നാലെ തന്നെ സിനിമ സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സര്‍ക്കാരിനോട് സഹകരിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചത്. അതേസമയം ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമകളുടെ കാര്യത്തില്‍ എന്ത് നിലപാട് എടുക്കണമെന്നത് അതാത് നിര്‍മാതാക്കളും സംവിധായകനും തീരുമാനിക്കാമെന്നും ഫെഫ്ക അറിയിച്ചിട്ടുണ്ട്. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് ഇത്തരമൊരു അവകാശം നിര്‍മാതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍. ചിത്രീകരണ സ്ഥലത്ത് ആവശ്യമായ ജാഗ്രത പാലിക്കണമെന്നും എല്ലാ മുന്‍കരുതലുകളോടെയും മാത്രമെ ഷൂട്ടിംഗ് നടത്താവൂ എന്ന കര്‍ശന നിര്‍ദേശവും സംഘടന നല്‍കിയിട്ടുണ്ട്. സെറ്റില്‍ ഉള്ള ആര്‍ക്കെങ്കിലും രോഗലക്ഷണം കണ്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കണമെന്നും ഫെഫ്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. "സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ (കോവിഡ് 19) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സിനിമാ തീയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്, ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമകള്‍ക്ക് അത് നിര്‍ത്തി വെച്ചാല്‍ ഉണ്ടാകുന്ന നഷ്ടം കണക്കിലെടുത്തുകൊണ്ട് ഷൂട്ടിംഗ് തുടരണമോ വേണ്ടയോ എന്നത് ആ സിനിമയുടെ സംവിധായകന്റയും പ്രൊഡ്യൂസറുടെയും വിവേചനാധികാരത്തിന് വിട്ടുകൊടുത്തിരിക്കുന്നു, അതിനാല്‍ അവരാണ് തീരുമാനമെടുക്കേണ്ടത് എന്ന് ഫെഫ്കയും, പ്രൊഡ്യൂസര്‍ അസോസിയേഷനും അറിയിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും എടുക്കണമെന്നും, ഏതെങ്കിലും സെറ്റുകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഗവണ്‍മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം പാലിക്കുവാനും, ആ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കാനും പറഞ്ഞിട്ടുണ്ട്." വളരെ ജാഗ്രതയോടു കൂടി ഫെഫ്കയുടെ എല്ലാ അംഗങ്ങളും ഈ വിഷയത്തെ കാണണമെന്നും ഫെഫ്ക പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. അതേസമയം ഈ മാസം 16 ന് വീണ്ടും സിനിമ സംഘടനകളുടെ യോഗം ചേരുമെന്നും വിവരമുണ്ട്. അതുവരെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് തിയേറ്ററുകള്‍ തുറക്കണമെങ്കില്‍, അതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് സംഘടന ഭാരവാഹികള്‍ പറയുന്നത്. മാര്‍ച്ചിനുശേഷമുള്ള റിലീസുകളുടെ കാര്യത്തിലും അന്ന് തീരുമാനമെടുക്കും. നിലവില്‍ മാര്‍ച്ച് 31 വരെ സിനിമ വ്യവസായം ഏതാണ്ട് പൂര്‍ണമായി സ്തംഭിക്കാനാണ് സാധ്യകള്‍. നേരത്തെ താരസംഘടനയായ എഎംഎംഎയെ ബന്ധപ്പെട്ടപ്പോള്‍ നിര്‍മാതാക്കളുടെ അടക്കമുള്ള സംഘടനകളാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബു അഴിമുഖത്തോട് പറഞ്ഞിരുന്നത്.

സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് സിനിമാ സംഘടനകള്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സിനിമ-സാസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനും പറഞ്ഞിരുന്നു. കിലോമീറ്റേര്‍സ് ആന്റ് കിലോമീറ്റേര്‍സ് സിനിമയുടെ റിലീസ് തീയ്യതി ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റുന്നതായി നടന്‍ ടോവിനോ തോമസ് നേരത്തെ അറിയിച്ചിട്ടുള്ള കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. തിയേറ്ററുകള്‍ അടച്ചിടുന്നത് സിനിമാ മേഖലയ്ക്ക് താല്‍ക്കാലിക പ്രതിസന്ധി ഉണ്ടാക്കുമെങ്കിലും ജനങ്ങളുടെ സുരക്ഷയ്ക്കായി സിനിമകളുടെ റിലീസിംഗ് മാറ്റി നിശ്ചയിക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഉചിതമായിരിക്കുമെന്നാണ് എ കെ ബാലന്‍ അഭിപ്രായപ്പെട്ടത്. വലിയ സാമൂഹ്യ പ്രാധാന്യമുള്ള ഒരു സല്‍ക്കര്‍മ്മം കൂടിയായിരിക്കും ഇതെന്നും സിനിമാ മേഖലയിലെ എല്ലാവരും ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് സഹകരിക്കണം എന്നും വകുപ്പ് മന്ത്രി അഭ്യാര്‍ത്ഥിച്ചിരുന്നു.


Next Story

Related Stories