TopTop
Begin typing your search above and press return to search.

അതിസാഹസികമായ ഒരു സിനിമാസംരംഭമായിരുന്നു അഭയം-കെ ബി വേണു എഴുതുന്നു

അതിസാഹസികമായ ഒരു സിനിമാസംരംഭമായിരുന്നു അഭയം-കെ ബി വേണു എഴുതുന്നു


ചെമ്മീനിലൂടെ ദക്ഷിണേന്ത്യയിലേക്ക് പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ കൊണ്ടുവന്ന രാമു കാര്യാട്ട് മലയാളത്തിലെ മാസ്റ്റര്‍ സംവിധായകരില്‍ ഒരാളാണ്. കാല്‍ നൂറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തിനിടയില്‍ എണ്ണം പറഞ്ഞ ഒരു ഡസന്‍ സിനിമകള്‍ സംവിധാനം ചെയ്ത കാര്യാട്ടിന്റെ സമ്പൂര്‍ണ്ണ സാഹിത്യ സിനിമ എന്നറിയപ്പെടുന്ന ചലച്ചിത്രമാണ് അഭയം. 1970ല്‍ പുറത്തിറങ്ങിയ ചിത്രം പെരുമ്പടവം ശ്രീധരന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന അഭയത്തിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ് 'രാമു കാര്യാട്ടിന്റെ അഭയം 50 വര്‍ഷം' എന്ന പരമ്പരയിലൂടെ. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

അത്യുദാത്തം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഏതാനും ഗാനങ്ങള്‍ മാത്രം ബാക്കിവച്ചുകൊണ്ട് ഇല്ലാതായിപ്പോയ സിനിമയാണ് രാമു കാര്യാട്ടിന്‍റെ അഭയം (1970). മലയാളസിനിമ ബ്ലാക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേയ്ക്കു പരിണമിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ ഒരുപാടു സിനിമകള്‍ അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. ലൂമിയര്‍ സഹോദരന്‍മാരുടെ സിനിമകള്‍ മാത്രമല്ല, അവരുടെ മുന്‍ഗാമികള്‍ നടത്തിയ ചലച്ചിത്ര പരീക്ഷണങ്ങള്‍ പോലും ഇപ്പോഴും തെളിമയോടെ കാണാമെന്നിരിക്കെ അഭയം പോലെ വ്യത്യസ്തമായൊരു കലാസൃഷ്ടി മദിരാശിയിലെ ഒരു ഫിലിം ലബോറട്ടറിയുടെ ഷെഡ്ഡില്‍ കിടന്ന് വെയിലും മഴയുമേറ്റു നശിച്ച കഥ സങ്കടത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. അഭയം അടക്കം കുറേ നല്ല സിനിമകളുടെ നിര്‍മ്മാതാവായ ശോഭന പരമേശ്വരന്‍ നായര്‍ പതിമ്മൂന്നു വര്‍ഷം മുമ്പ് ഒരഭിമുഖത്തില്‍ അക്കാര്യം എന്നോടു പറഞ്ഞിട്ടുണ്ട് - "വിജയ ലാബിലാണ് സിനിമ സൂക്ഷിച്ചിരുന്നത്. അവര്‍ കളര്‍ ലാബ് തുടങ്ങിയപ്പോള്‍ ബ്ലാക് ആന്‍ഡ് വൈറ്റ് നെഗറ്റീവുകള്‍ മുഴുവന്‍ ഫ്ളോറിന്‍റെ വരാന്തയിലുള്ള ഒരു ഷെഡ്ഡിലേയ്ക്കു ഡംപ് ചെയ്തു. ആസ്ബസ്റ്റോസ് കൊണ്ടുള്ള റൂഫായിരുന്നു അതിന്. ചൂടും മഴയുമേറ്റ് സിനിമ നശിച്ചു. നന്നായി ഓടുന്ന സിനിമകളുടെ പ്രിന്‍റുകള്‍ കൃത്യമായി വീണ്ടുമെടുക്കും. ഓടാത്ത സിനിമകളുടെ പ്രിന്‍റുകള്‍ രണ്ടുമൂന്നു വര്‍ഷം കഴിഞ്ഞേ വേണ്ടിവരൂ. അത്രയും കാലം നമ്മള്‍ അതന്വേഷിച്ച് ലാബിലേയ്ക്കു പോകില്ല. നമ്മുടെ ഒരു സ്വഭാവമാണത്. തിയറ്ററുകളിലേയ്ക്കു പോകുന്ന പ്രിന്‍റുകള്‍ കാലക്രമേണ സ്ക്രാച്ചുകള്‍ വീണു കേടാകും. പഴയ പ്രൊജക്റ്ററുകള്‍ ഫിലിമില്‍ ധാരാളം പോറലുകളുണ്ടാക്കുമായിരുന്നു. സൗണ്ട് ട്രാക്കില്‍ കീറല്‍ വന്നാല്‍ ഫിലിം ഉപയോഗശൂന്യമാകും. ഒടുവില്‍ ഫിലിം പെട്ടികള്‍ നമുക്ക് തിരിച്ചയച്ചുതരും. പതിന്നാല് റീല്‍ ഫിലിം ഉണ്ടായിരുന്നത് തിരിച്ചുവരുമ്പോള്‍ ഏഴു റീലൊക്കെയായി കുറഞ്ഞിട്ടുണ്ടാകും.."

അഭയം പുറത്തു വന്നിട്ട് അരനൂറ്റാണ്ടു കഴിയുന്നു. 1965 ല്‍, മുപ്പത്തിയഞ്ചാം വയസ്സില്‍ ആത്മഹത്യയില്‍ അഭയം തേടിയ എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവിതദുരന്തത്തെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരന്‍ രചിച്ച നോവലായിരുന്നു സിനിമയ്ക്കാധാരം. നോവലില്‍ നായികയുടെ പേര് സേതുലക്ഷ്മിയെന്നാണ്. ഷീലയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. എറണാകുളത്ത് മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ സേതുലക്ഷ്മി താമസിക്കുന്ന വീട്ടില്‍ മുരളി എന്നൊരു ചെറുപ്പക്കാരനുണ്ട്. കാലു തളര്‍ന്ന് വീല്‍ ചെയറില്‍ കഴിയുന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അന്നു തുടക്കക്കാരനായിരുന്ന രാഘവനെയാണ് രാമു കാര്യാട്ട് തെരഞ്ഞെടുത്തത്. വളരെ ഗൗരവസ്വഭാവമുള്ള ആ റോളില്‍ അഭിനയിക്കാനവസരം ലഭിച്ചതിനെപ്പറ്റി രാഘവന്‍ ഈയിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ ആവേശപൂര്‍വ്വം വിവരിക്കുകയുണ്ടായി. വിഖ്യാതമായ ചെമ്മീന്‍ (1965) എന്ന സിനിമയുടെ പ്രിവ്യൂ ഷോ ഡല്‍ഹിയില്‍ നടന്നപ്പോള്‍ അന്ന് അവിടെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥിയായിരുന്ന രാഘവന്‍ രാമു കാര്യാട്ടിനെ പരിചയപ്പെട്ടിട്ടുണ്ട്. "മദ്രാസില്‍ വരുമ്പോള്‍ എന്നെ വന്നു കാണണം" എന്ന് കാര്യാട്ട് ആ ചെറുപ്പക്കാരനോടു പറഞ്ഞിരുന്നു. മദിരാശിയിലെ കൊട്ടാരസദൃശമായ വീടിന്‍റെ അതിവിശാലമായ സ്വീകരണമുറിയില്‍ പ്രൗഢമായ സ്വതഃസിദ്ധ ഭാവഹാവാദികളോടെ പൈപ്പും പുകച്ചിരിക്കുന്ന രാമു കാര്യാട്ടിനു മുന്നിലേയ്ക്ക് അത്രയും കാലം ചെറിയ വേഷങ്ങളുമായി സിനിമാഭിനയത്തിലെ ഭാഗ്യപരീക്ഷണങ്ങളില്‍ മുഴുകിക്കഴിഞ്ഞിരുന്ന രാഘവന്‍ കടന്നു ചെന്നു. അഭയത്തിന്‍റെ തിരക്കഥയിലെ ഏതാനും സീനുകള്‍ കാര്യാട്ട് രാഘവനു വായിക്കാന്‍ കൊടുത്തു. മുരളി എന്ന കഥാപാത്രത്തെ ഇപ്പോഴത്തെ നിലയില്‍ ഏതു നടന്‍ അവതരിപ്പിച്ചാല്‍ നന്നാകും എന്ന് കാര്യാട്ട് അഭിപ്രായം ചോദിച്ചു. ശാരീരിക ദൗര്‍ബ്ബല്യമുണ്ടെങ്കിലും അറിവു കൊണ്ടു കരുത്തനായ ആ കഥാപാത്രത്തെ പക്വതയും അനുഭവസമ്പത്തുമുള്ള ഒരു നടനാണ് അവതരിപ്പിക്കേണ്ടത് എന്ന് രാഘവന്‍ മറുപടി പറഞ്ഞു. "രാഘവന് ആ വേഷം അഭിനയിച്ചുകൂടേ?" എന്നായി കാര്യാട്ട്. അപ്രതീക്ഷിതമായ ആ ചോദ്യത്തിനു മുന്നില്‍ ആദ്യമൊന്നു പകച്ചെങ്കിലും രാഘവന്‍ വെല്ലുവിളി ഏറ്റെടുത്തു. ദീര്‍ഘകാലം മലയാളസിനിമയില്‍ തിളങ്ങിനില്‍ക്കാനുള്ള രാഘവന്‍റെ നിയോഗം അവിടെ ആരംഭിക്കുകയായിരുന്നു.

ആദ്യം പെരുമ്പടവം ശ്രീധരനും പിന്നീട് എസ് എല്‍ പുരം സദാനന്ദനുമാണ് അഭയത്തിന്‍റെ തിരക്കഥയെഴുതിയത്. ഇവര്‍ രണ്ടുപേരെയും കൂടാതെ മറ്റൊരാളെക്കൂടി തിരക്കഥയില്‍ രാമു കാര്യാട്ട് ഇടപെടുത്തിയ കഥ ശോഭന പരമേശ്വരന്‍ നായര്‍ അന്നത്തെ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. "മുരളി എന്ന കഥാപാത്രം ഹൈലി കള്‍ചേഡ് ആയാണ് സംസാരിക്കേണ്ടത്. ഇംഗ്ലീഷിലും മലയാളത്തിലും ഫ്ളുവന്‍റായ, ഇന്‍റലക്ച്വലായ കഥാപാത്രം. ഈ ക്യാരക്റ്ററിനു വേണ്ടി എഴുതിയ സംഭാഷണങ്ങള്‍ രാമുവിനിഷ്ടപ്പെട്ടില്ല. കഥാപാത്രത്തിനനുസരിച്ചുള്ള ഡെപ്ത് സംഭാഷണങ്ങള്‍ക്കില്ല, ഒരു ഫ്ളേവര്‍ ഇല്ല എന്നൊക്കെയായിരുന്നു രാമുവിന്‍റെ അഭിപ്രായം." കാര്യാട്ട് പരിഹാരവും നിര്‍ദ്ദേശിച്ചു: "നീയൊരു കാര്യം ചെയ്യ്. കോഴിക്കോട്ടു ചെന്ന് ആ വാസുവിനെക്കൊണ്ട് ഇതൊന്നു മാറ്റിയെഴുതിച്ചു കൊണ്ടു വാ.." വാസു എന്നാല്‍ സാക്ഷാല്‍ എം ടി വാസുദേവന്‍ നായരാണ്. എം ടി സ്ക്രിപ്റ്റ് വായിച്ചു. ഭേദപ്പെട്ട തിരക്കഥയാണെന്ന് അഭിപ്രായം പറഞ്ഞു. കാര്യാട്ടിനും പരമേശ്വരന്‍ നായര്‍ക്കും തൃപ്തി തോന്നാത്ത ഭാഗങ്ങളെക്കുറിച്ചു സൂചിപ്പിച്ചപ്പോള്‍ ആ സീനുകള്‍ ഒന്നുകൂടി മെച്ചപ്പെടുത്താവുന്നതാണെന്ന് എം ടി പറഞ്ഞു. "എന്നാല്‍പ്പിന്നെ വാസു തന്നെ അതങ്ങ് തിരുത്തിത്തന്നേക്കൂടേ?" എന്നാ
യി പരമേശ്വരന്‍ നായര്‍. ഒരുപാടു നിര്‍ബ്ബന്ധിച്ചപ്പോള്‍ എം ടി ഏഴു സീനുകള്‍ തിരുത്തിയെഴുതിക്കൊടുത്തു. "പത്രക്കാരും മറ്റും അറിയരുത്. പേര് എഴുതിക്കാണിക്കരുത് എന്നൊക്കെ ചട്ടം കെട്ടിയാണ് പറഞ്ഞു വിട്ടത്" പരമേശ്വരന്‍ നായര്‍ പറഞ്ഞു.

ശോഭന പരമേശ്വരന്‍ നായര്‍

സേതുലക്ഷ്മി പഠിക്കുന്ന കോളേജിലെ അദ്ധ്യാപകനായ പ്രൊഫസര്‍ ബാലകൃഷ്ണന്‍റെ വേഷമായിരുന്നു മധുവിന്. ഒരു ഔട്ടിങ്ങിനിടെ ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെടുന്ന സീനിന്‍റെ പശ്ചാത്തലത്തില്‍ ചങ്ങമ്പുഴയുടെ ഒരു കവിതയുണ്ടായിരുന്നു.

ചുംബനങ്ങളനുമാത്രം വെമ്പി വെമ്പിത്തുളുമ്പും നിന്‍
ചുണ്ടു രണ്ടുമെന്നെന്നേയ്ക്കുമടഞ്ഞാല്‍പ്പിന്നെ
നിന്നെയോര്‍ക്കാനാരു കാണും, നീയതിനാല്‍ നിനക്കുള്ള
നിര്‍വൃതികളൊന്നു പോലും ബാക്കി വയ്ക്കൊല്ലേ..

രതിയെ മൃത്യുവുമായി ബന്ധിപ്പിക്കുന്ന കവിതയായതു കൊണ്ടാകണം സെക്സിന്‍റെ അതിപ്രസരമില്ലാതെയായിരുന്നു ആ ഗാനത്തിന്‍റെ ചിത്രീകരണം. "ഇരുവരും പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ചിരിക്കുന്നു. ഉറങ്ങാന്‍ കിടക്കുന്നു. പിന്നെ ക്യാമറാ മൂവ്മെന്‍റ്സ് മാത്രം. ഓവര്‍ലാപ് ചെയ്ത് ഈ കവിതയും.." പരമേശ്വരന്‍ നായര്‍ പറഞ്ഞു.

രാമു കാര്യാട്ട്
പൂര്‍ണ്ണമായും സാഹിത്യപശ്ചാത്തലമുള്ള മലയാളത്തില ആദ്യസിനിമയാണ് അഭയം. എഴുത്തിനോടും എഴുത്തുകാരോടും രാമു കാര്യാട്ടിനും പരമേശ്വരന്‍ നായര്‍ക്കുമുണ്ടായിരുന്ന ഒടുങ്ങാത്ത അഭിനിവേശത്തിനു നിദര്‍ശനമായിത്തീര്‍ന്ന ഈ സിനിമയില്‍ പതിമ്മൂന്നു പാട്ടുകളുണ്ടായിരുന്നു. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കവിതകള്‍ തന്നെയായിരുന്നു അവയെല്ലാം. മേല്‍പ്പറഞ്ഞ ചങ്ങമ്പുഴക്കവിത കൂടാതെ ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തം, എരിയും സ്നേഹാര്‍ദ്രമാം, നീരദലതാഗൃഹം (ജി ശങ്കരക്കുറുപ്പ്), പാരസ്പര്യ ശൂന്യമാകും (ചങ്ങമ്പുഴ), രാവു പോയതറിയാതെ (പി ഭാസ്ക്കരന്‍), പാവം മാനവഹൃദയം (സുഗതകുമാരി), താരത്തിലും തരുവിലും, എന്‍റെയേക ധനമങ്ങ് (ശ്രീകുമാരന്‍ തമ്പി), മാറ്റുവിന്‍ ചട്ടങ്ങളെ (കുമാരനാശാന്‍), നമ്മുടെ മാതാവ് കൈരളി പണ്ടൊരു (വള്ളത്തോള്‍), കാമ ക്രോധ ലോഭ മോഹ മദമാത്സര്യങ്ങള്‍ (വയലാര്‍), അമ്മതന്‍ നെഞ്ചില്‍ നിസ്വാര്‍ത്ഥ തപസ്സിന്‍റെ (ബാലാമണിയമ്മ) എന്നീ കാവ്യങ്ങളും സിനിമയുടെ ഭാഗമായി. മലയാള സാഹിത്യലോകത്ത് അതിവിപുലമായ സുഹൃദ് വലയമുണ്ടായിരുന്ന രാമു കാര്യാട്ടിന് ഇത്രയും സമൃദ്ധമായൊരു കാവ്യമേള തന്‍റെ സിനിമയിലൊരുക്കാന്‍ തെല്ലും പണിപ്പെടേണ്ടി വന്നിട്ടുണ്ടാകില്ല.

എല്ലാ കവിതകള്‍ക്കും സംഗീതം പകര്‍ന്നത് ദക്ഷിണാമൂര്‍ത്തിയാണ്. ജി ശങ്കരക്കുറുപ്പിന്‍റെ പാഥേയം എന്ന സമാഹാരത്തിലുള്ള "ശ്രാന്തമംബരം" എന്ന കവിതയാണ് രാമു കാര്യാട്ട് ദക്ഷിണാമൂര്‍ത്തിക്ക് ആദ്യം കൊടുത്തത്.

ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തം
താന്തമാരബ്ധ ക്ലേശ രോമന്ഥം മമ സ്വാന്തം


എന്നു തുടങ്ങുന്ന കവിതയിലെ സംസ്കൃത ജടിലമായ പദാവലി കണ്ടപ്പോള്‍ ദക്ഷിണാമൂര്‍ത്തി പിന്‍വാങ്ങാന്‍ നോക്കിയത്രേ. പഞ്ചാംഗവും വര്‍ത്തമാനപ്പത്രവും പോലും പാട്ടാക്കി മാറ്റാന്‍ കഴിയുന്നയാളാണ് സ്വാമി എന്നറിയാവുന്ന കാര്യാട്ട് അങ്ങനെ വിട്ടുകൊടുക്കാനൊരുക്കമായിരുന്നില്ല. ഒടുവില്‍ ദക്ഷിണാമൂര്‍ത്തി വഴങ്ങി. ജി യുടെ കവിതയിലെ മിസ്റ്റിക് സൗന്ദര്യം മുഴുവന്‍ പാട്ടിലാവാഹിച്ച് അദ്ദേഹം പകര്‍ന്ന ഈണം യേശുദാസിന്‍റെ ശബ്ദത്തില്‍ അനശ്വരമായി. ഏറ്റവും പ്രിയപ്പെട്ട ഗാനമായി ജി "ശ്രാന്തമംബരത്തെ" ഹൃദയത്തോടു ചേര്‍ത്തു. യേശുദാസിനെ 'ഗാനഗന്ധര്‍വ്വന്‍' എന്ന് ആദ്യമായി വിശേഷിപ്പിച്ചത് മഹാകവിയാണ് എന്നോര്‍ക്കുക.

ക്ഷുദ്രമാമെന്‍ കര്‍ണ്ണത്താല്‍ കേള്‍ക്കുവാനാകാത്തൊരു
ഭദ്രനിത്യതയുടെ മോഹന ഗാനാലാപാല്‍
ഉദ്രസം ഫണല്ലോല്ല കല്ലോലജാലം പൊക്കി
രൗദ്രഭംഗിയിലാടി നിന്നിടും ഭുജംഗമേ
വാനം തന്‍ വിശാലമാം ശ്യാമവക്ഷസ്സില്‍ക്കൊത്തേ-
റ്റാനന്ദ മൂര്‍ഛാധീനമങ്ങനെ നില കൊള്‍വൂ
തത്തുകെന്നാത്മാവിങ്കല്‍, കൊത്തുകെന്‍ ഹൃദന്തത്തില്‍
ഉത്തുംഗഫണാഗ്രത്തിലെന്നെയും വഹിച്ചാലും..

മൃത്യുപൂജയുടെ അനിര്‍വ്വചനീയ ലഹരി പകരുന്ന "ശ്രാന്തമംബര"ത്തിന്‍റെ ഗണത്തില്‍പ്പെടുന്ന മറ്റൊരു ഗാനവും മലയാളത്തില്‍ പിന്നീടുണ്ടായിട്ടില്ല. ജി ശങ്കരക്കുറുപ്പിന്‍റെ തന്നെ "നീരദലതാഗൃഹ"വും പി ഭാസ്കരന്‍റെ "രാവുപോയതറിയാതെ"യും സുഗതകുമാരിയുടെ "പാവം മാനവഹൃദയ"വും നിത്യഹരിതഗാനങ്ങളായി നിലകൊള്ളുന്നു.


അതിസാഹസികമായ ഒരു സിനിമാസംരംഭമായിരുന്നു അഭയം. ചെമ്മീന്‍ പോലെ അതിബൃഹത്തായ, ജനപ്രിയതയും നിരൂപകപ്രശംസയും നേടിയ ഒരു സിനിമ സൃഷ്ടിച്ച രാമു കാര്യാട്ട് വ്യത്യസ്തതയുള്ള പ്രമേയങ്ങള്‍ തേടി നടന്ന ചലച്ചിത്രകാരനായിരുന്നു. ചെമ്മീനിനും അഭയത്തിനുമിടയില്‍ കാലടി ഗോപിയുടെ നാടകത്തെ ആസ്പദമാക്കി കാര്യാട്ട് സംവിധാനം ചെയ്ത ഏഴു രാത്രികള്‍ എന്ന ചിത്രം സാമ്പത്തിക പരാജയമായിരുന്നു. അഭയവും ബോക്സോഫീസില്‍ വിജയം വരിച്ചില്ല. നിര്‍മ്മാതാവും സംവിധായകനും ഈ പരാജയം മുന്‍കൂട്ടിക്കണ്ടിരുന്നു. "പാട്ടുകള്‍ റെക്കോഡ് ചെയ്യുമ്പോള്‍ത്തന്നെ പടം സാമ്പത്തികവിജയമായിരിക്കില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. നല്ലൊരു ആശയം രൂപമെടുത്താല്‍ അതു സിനിമയാകുന്നതുവരെ ഒരസ്വസ്ഥതയാണ്. ഒരു കുരു വന്നാല്‍ അതു പൊട്ടാന്‍ കാത്തിരിക്കുമ്പോലെ.. ശരിക്കും അതു ഫീല്‍ ചെയ്യും. അന്നത്തെ ആവേശത്തിന്‍റെയും എടുത്തു ചാട്ടത്തിന്‍റെയുമൊക്കെ ഫലമായിരുന്നു അഭയം പോലെയുള്ള സിനിമകള്‍.." ശോഭന പരമേശ്വരന്‍ നായരുടെ വാക്കുകള്‍.

സേതുലക്ഷ്മിയുടെ മരണം ചിത്രീകരിച്ചത് വളരെ വ്യത്യസ്തമായാണ്. "അവളുടെ ശരീരത്തില്‍ ആയിരം പൂക്കള്‍ വിരിയുന്നു എന്നാണ് തിരക്കഥയില്‍ എഴുതിയിരുന്നത്.." സിനിമയുടെ കാല്‍പ്പാടുകള്‍ എന്ന ഡോക്യുമെന്‍ററിയില്‍ (സംവിധാനം എം ആര്‍ രാജന്‍) പരമേശ്വരന്‍ നായര്‍ ആ മരണത്തിന്‍റെ ചിത്രീകരണത്തെക്കുറിച്ചു പറയുന്നുണ്ട്. തിരക്കഥയോടു നീതി പുലര്‍ത്തണമെന്ന കാര്യത്തില്‍ സംവിധായകനു നിര്‍ബ്ബന്ധമുണ്ടായിരുന്നു. കുറേയധികം റോസാപ്പൂക്കള്‍ കൂടക്കണക്കിനു കൊണ്ടു വന്നു. നായികയുടെ ശരീരത്തില്‍ പല ഘട്ടങ്ങളായി പൂക്കള്‍ ചൊരിഞ്ഞു. എന്നിട്ട് ക്യാമറ റിവേഴ്സില്‍ ഓടിച്ചും മറ്റു സാങ്കേതിക വിദ്യകളുപയോഗിച്ചും യു രാജഗോപാല്‍ ആ സീന്‍ ഷൂട്ടു ചെയ്തു. ആ സീന്‍ മാത്രം കളറിലാണ് ഷൂട്ട് ചെയ്തത്.

റീലീസ് ചെയ്ത കാലത്ത് പ്രേക്ഷകരെ അഭയം അമ്പരപ്പിച്ചിരുന്നു. പരമ്പരാഗത സമ്പ്രദായങ്ങള്‍ക്കു വിപരീതമായിരുന്നതു കൊണ്ട് അക്കാലത്ത് സ്വീകരിക്കപ്പെട്ടില്ലെങ്കിലും പിന്നീട് അഭയം നല്ല സിനിമയാണെന്ന് പലരും പറയാന്‍ തുടങ്ങി. കാലത്തിനു മുന്നേ നടക്കുന്ന ചില സിനിമകളുടെ വിധി അതാണല്ലോ.

സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ടു സിനിമ ചമയ്ക്കുന്ന സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മുന്നില്‍ എക്കാലത്തും പരീക്ഷണങ്ങള്‍ക്കു മുതിരാന്‍ ധൈര്യം കാണിച്ചുകൊണ്ട് തലയെടുപ്പോടെ നടന്നവരാണ് രാമു കാര്യാട്ടും ശോഭന പരമേശ്വരന്‍ നായരും. എക്കാലത്തും അവര്‍ അങ്ങനെയായിരുന്നു.

അഭയത്തോടൊപ്പം തന്‍റെ മറ്റൊരു സിനിമയായ നഗരമേ നന്ദിയും (1967) വിജയ ലാബിന്‍റെ ചായ്പ്പില്‍ക്കിടന്നു നശിച്ചുപോയെന്ന് ശോഭന പരമേശ്വരന്‍ നായര്‍ അന്നു പറഞ്ഞിരുന്നു. പക്ഷേ നഗരമേ നന്ദി ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഏതോ ഒരു സഹൃദയന്‍ വീണ്ടെടുത്തു. അപ്പോഴേയ്ക്കും അതിന്‍റെ നിര്‍മ്മാതാവ് കഥാവശേഷനായിരുന്നു. തിരക്കഥാരചയിതാവും കഥാകൃത്തും മാദ്ധ്യമപ്രവര്‍ത്തകനുമായ എന്‍റെ സ്നേഹിതന്‍ പി അനന്തപത്മനാഭന്‍ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ നഗരമേ നന്ദിയെക്കുറിച്ചെഴുതിയ ഒരു ലേഖനമാണ് ആ വീണ്ടെടുപ്പിനു വഴി തെളിയിച്ചത്. അല്‍പം കേടുപാടുകളോടെയാണെങ്കിലും നഗരമേ നന്ദി കാണാന്‍ എനിക്കും ഭാഗ്യമുണ്ടായി. അങ്ങനെയൊരു തിരിച്ചുവരവ് അഭയത്തിനും ഉണ്ടായിക്കൂടെന്നില്ല. ആ സിനിമ കണ്ടവരുടെ മനസ്സില്‍ ഇപ്പോഴും ഹരിതാഭമായ ഓര്‍മ്മകള്‍ അവശേഷിക്കുന്നുണ്ടാകും. പക്ഷേ, കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക് വീണ്ടെടുപ്പുകളിലാണ് പ്രതീക്ഷ. കാരണം, ശോഭന പരമേശ്വരന്‍ നായരെയും രാമു കാര്യാട്ടിനെയും പോലെ ഒരുപാടു പേരുടെ സര്‍ഗ്ഗ ദീപ്തമായ സങ്കല്പങ്ങള്‍ക്കൊപ്പം ചോരയും നീരും കൂടി കലര്‍ന്ന ഭൗതികയാഥാര്‍ത്ഥ്യമാണല്ലോ സിനിമ.

റെഫറന്‍സ്:
1. അന്നന്നത്തെ കഥകള്‍ അന്നന്നത്തെ ജീവിതം (ശോഭന പരമേശ്വരന്‍ നായരുമായി കെ ബി വേണു നടത്തിയ അഭിമുഖം. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, 2007 ഏപ്രില്‍ 22-28)
2. ചരിത്രം എന്നിലൂടെ - രാഘവന്‍ (സഫാരി ടി വി)
3. സിനിമയുടെ കാല്‍പ്പാടുകള്‍ (എം ആര്‍ രാജന്‍റെ ഡോക്യുമെന്‍ററി)

കെ ബി വേണു

കെ ബി വേണു

ചലച്ചിത്ര സംവിധായകന്‍, എഴുത്തുകാരന്‍, അഭിനേതാവ്, മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories