മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ നിര്‍ണായക വേഷമായിരുന്നു കിരീടത്തിലെ സേതുമാധവന്. ലാലിന്റെ സിനിമാ ജീവിതത്തില്‍ 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ ആ ചിത്രത്തിന് ശേഷം നിരവധി പ്രധാന കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ നിറഞ്ഞാടിയെങ്കിലുംകീരിടത്തിലെ സേതുമാധവന് ഇന്നും വേറിട്ടു നില്ക്കുന്നു. ആ ചിത്രത്തിന്റെ പേര് പിന്നെ സ്വന്തം പേരിനൊപ്പം ചേര്‍ക്കപ്പെട്ടയാളാണ് കിരീടത്തിന്റെ നിര്മ്മാതാവ്ഉണ്ണി. അദ്ദേഹം പിന്നീട് കിരീടം ഉണ്ണിയായാണ് അറിയപ്പെട്ടത്. മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ കിരീടം ഉണ്ണി കീരിടത്തിലെ സേതുമാധവനെ കുറിച്ചും ലാലിന്റെ മറ്റ് വേഷങ്ങളെ കുറിച്ചും അഴിമുഖത്തോട് സംസാരിക്കുന്നു.
കീരിടം മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. എങ്ങനെ ആയിരുന്നു കിരീടത്തിലേയ്ക്ക് എത്തിയത്?
തിരനോട്ടം എന്ന സിനിമ മുതല്‍ തുടങ്ങിയ ബന്ധമാണ് ഞാനും ലാലും തമ്മില്‍. ഏതു സിറ്റുവേഷനിലും അഡ്ജസ്റ്റ് ചെയ്യുന്ന ഒരു നടനാണ് ലാല്‍. ലാല്‍ ഒരു സെറ്റില്‍ വന്നാല്‍ ഡയറക്ഷന്‍, ക്യാമറ, പ്രൊഡകഷന്‍, ആര്‍ട്ട് തുടങ്ങി എല്ലാ മേഖലയിലുമുള്ളവരുമായും സൗഹൃദത്തിലാകും. വളരെ പെട്ടെന്ന് എല്ലാവരുമായും ഇണങ്ങുന്ന ഒരു പ്രകൃതം. ട്രോളി തള്ളാനും ഭക്ഷണം വിളമ്പാനുമൊക്കെ ലാല്‍ കൂടാറുണ്ട്. ലാലിന്റെ ശരിക്കുള്ള ആക്ടിങ്ങിനെ കണ്ടെത്തിയത് സത്യന് അന്തിക്കാടും പ്രിയദര്‍ശനുമാണ്. ഇവരുടെ സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് ലാലിന് മറ്റൊരു ഇമേജ് വന്നു തുടങ്ങിയത്. ഉണരൂ, രാജാവിന്റെ മകന് എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ താരമൂല്യം വര്‍ദ്ധിച്ചു തുടങ്ങി. ഐ.വി ശശിയുടെ ചിത്രങ്ങളിലൂടെയും ലാല്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പത്മരാജന്, എം.ടി വാസുദേവന്‍ നായര്‍, ടി.ദാമോദരന്‍, ലോഹിതദാസ് തുടങ്ങിയ മികച്ച എഴുത്തുകാരുടെ സിനിമകളില്‍ അഭിനയിക്കാന്‍ ലാലിന് ഭാഗ്യമുണ്ടായി. ലാല്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്തു നില്ക്കുന്ന സമയത്താണ് കിരീടം എന്ന ചിത്രം വരുന്നത്. ലാലിന്റെ അഭിനയജീവിതത്തെ തന്നെ കിരീടത്തിനു മുന്‍പും ശേഷവും എന്ന് വിലയിരുത്താം.കിരീടത്തിന്റെ നിര്‍മ്മാണ പങ്കാളിയായ ദിനേശ് പണിക്കര്‍ക്ക് സത്യത്തില്‍ ഈ പ്രോജെക്റ്റിനോട് അത്ര താല്പര്യം ഉണ്ടായിരുന്നില്ല. കാരണം ഹീറോ പരാജയപ്പെടുന്ന സ്ഥലത്താണ് ചിത്രം അവസാനിക്കുന്നത്. അന്നത്തെ കാലത്തു മോഹന്‍ലാലിനെ വച്ച് അത്തരം ഒരു കഥ സിനിമായി കാണാന്‍ പൊതുവെ നിര്‍മ്മാതാക്കള്‍ക്കു താല്പര്യം ഉണ്ടായിരുന്നില്ല. തനിയാവര്‍ത്തനം കണ്ടതിനു ശേഷമാണ് ലോഹിതദാസിന്റെ തിരക്കഥകളോട് എനിക്ക് താല്പര്യം തോന്നിത്തുടങ്ങിയത്. കിരീടത്തിന്റെ ക്ലൈമാക്സ് മാറ്റണം എന്ന് എല്ലാവര്ക്കും അഭിപ്രായമുണ്ടായിരുന്നു. ക്ലൈമാക്സ് മാറ്റിയിട്ട് ഈ സിനിമ ചെയ്യാന്‍ ഞാനില്ല എന്ന് തീര്‍ത്തു പറഞ്ഞു. ഹോട്ടല്‍ ഗീതില്‍ വച്ചുള്ള അവസാനവട്ട ചര്‍ച്ചയിലും ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റണമെന്ന് എല്ലാവരും പറഞ്ഞു. ആര്‍ക്കൊക്കെ ഇതില്‍ നിന്ന് മാറണമെങ്കിലും മാറാം ഞാന്‍ ഈ കഥ മാത്രമേ സിനിമയാക്കുകയുള്ളൂ എന്ന് തീര്‍ത്തു പറഞ്ഞു. പക്ഷെ മോഹന്‍ലാലിന് മാത്രം യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്റെ നിര്‍ബന്ധത്തിനു വഴങ്ങിക്കൊണ്ടു തന്നെ കിരീടത്തിന്റെ ചിത്രീകരണം തുടങ്ങി. കിരീടം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും എന്നതില്‍ എനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു. പക്ഷെ ഇത്രയും വലിയൊരു വിജയത്തിലേക്ക് സിനിമ പോകുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ വിചാരിച്ചില്ല. ലാലിന്റെ അഭിനയ ജീവിതത്തിലും മലയാള സിനിമ ചരിത്രത്തിലും ഒരു നാഴികക്കല്ലായിരുന്നുകിരീടം. അതിനു ശേഷം കിരീടം ഉണ്ണി എന്ന് എനിക്ക് പേരും കിട്ടി.
കിരീടത്തിന്റെ ലൊക്കേഷന്‍ തിരുവനന്തപുരം ആയിരുന്നല്ലോ?
സത്യത്തില്‍ ഞങ്ങള്‍ ലൊക്കേഷനായി തീരുമാനിച്ചിരുന്നത് പാലക്കാടായിരുന്നു. എന്നാല്‍ പെട്ടെന്ന് നമുക്ക് മറ്റൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നു. ലാലിന്റെ അച്ഛന് വേഷം ചെയ്യുന്ന തിലകന് ചേട്ടന് തിരുവനന്തപുരത്തു രണ്ട് സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ഒരു തരത്തിലും ആ സമയത്തു പാലക്കാട് വന്നു അഭിനയിക്കാന്‍ കഴിയില്ലെന്ന് തിലകന് ചേട്ടന് തീര്‍ത്തു പറഞ്ഞു. തിരുവന്തപുരത്താണെങ്കില്‍ ഈ രണ്ടു സിനിമകളുടെയും ഇടവേളകളില്‍ ഷൂട്ട് പ്ലാന്‍ ചെയ്താല്‍ അഭിനയിക്കാം എന്ന് തിലകന് ചേട്ടന് പറഞ്ഞു. ലാലിന്റെ അച്ഛന് അച്യുതന് നായരായി തിലകന് ചേട്ടനെ അല്ലാതെ മറ്റാരെയും നമുക്ക് സങ്കല്പ്പിക്കാന് പോലും കഴിയുമായിരുന്നില്ല. അങ്ങനെ ഞങ്ങള്‍ പാലക്കാട് നിന്ന് പൂര്‍ണ്ണമായും കിരീടത്തെ തിരുവനന്തപുരത്തേയ്ക്കു പറിച്ചുനട്ടു. കാഴ്ചയില്‍ പാലക്കാടന്‍ ദൃശ്യഭംഗിയുമായി സാദൃശ്യമുള്ള ലൊക്കേഷനുകള്‍ ഞങ്ങള്‍ കണ്ടുപിടിച്ചു. തിരുവനന്തപുരത്തെ ആര്യനാട്, നേമം, വെള്ളായണി,കവടിയാര്‍ തുടങ്ങിയ ലൊക്കേഷനുകളില്‍ വച്ചാണ് കിരീടം ചിത്രീകരിച്ചത്. വെള്ളായണിയിലെ പാലത്തിനു പിന്നീട് കിരീടം പാലമെന്നു പേരും വന്നു. അത്രമേല്‍ പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞുപോയി കിരീടത്തിലെ ഓരോ സീനും കഥാപാത്രങ്ങളും ലോക്കെഷനുകളും. രാമപുരം പോസ്റ്റ് ഓഫീസ് ആയി ചിത്രീകരിച്ചിരിക്കുന്നത് ജഗതി ഡി.പി.ഐ ജംഗ്ഷന് മുന്നിലുള്ള പോസ്റ്റ് ഓഫീസായിരുന്നു. വെള്ളയമ്പലം കവടിയാര്‍ റോഡിലെ പെട്രോള്‍ പമ്പിനു അടുത്തുള്ള വീടാണ് രാമപുരത്തു ട്രാന്സ്ഫെര് ആയി വരുന്ന വീടായി കാണിച്ചിരിക്കുന്നത്. കീരിക്കാടനും സേതുമാധവനും തമ്മില്‍ സംഘട്ടനം നടക്കുന്നത് ആര്യനാട് ചന്തയില്‍ വച്ചാണ്. പ്രേക്ഷകന് തിരിച്ചറിയാതെ ലൊക്കേഷനെ എങ്ങനെ ചീറ്റ് ചെയ്തു കാണിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് കിരീടം. 24 ദിവസംകൊണ്ടാണ് കിരീടം ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അന്നത്തെ നിലയില്‍ 23 ലക്ഷം രൂപയായിരുന്നു നിര്‍മ്മാണ ചെലവ്. ആറുമണിക്ക് ലൊക്കേഷനില്‍ എത്തിയാല്‍ 7 മണിക്ക് ആദ്യഷോട്ട് എടുത്തിരിക്കും. അതിനുശേഷമാണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത്. അന്ന് മോഹന്‍ലാലിന്റെ പ്രതിഫലം അഞ്ചു ലക്ഷം രൂപയായിരുന്നു. പക്ഷേ എന്റെ കയ്യില്‍ നിന്ന് നാലര ലക്ഷം രൂപയെ വാങ്ങിയുള്ളൂ.
ചെങ്കോലില്‍ തിലകന് അവതരിപ്പിക്കുന്ന അച്യുതന് നായര്‍ എന്ന കഥാപാത്രം എന്ത് സാഹചര്യത്തിന്റെ പേരില്‍ ആണ് തന്റെ മകളെ മറ്റൊരാള്ക്ക്കാഴ്ച വയ്ക്കാന്‍ പോകുന്നത്? ഇത്തരം ഒരു കഥാ സന്ദർഭത്തെ നിര്‍മ്മാതാവ് എന്ന നിലയില്‍ എങ്ങനെയാണ് താങ്കള്‍ വിലയിരുത്തുന്നത്?
അതിലൊരു വിശദീകരണത്തിന്റെ കുറവ് വന്നിട്ടുണ്ട് എന്ന് ഞാന്‍ തുറന്നു സമ്മതിക്കുന്നു. അത്തരം ഒരു കഥാസന്ദർഭം സിനിമയെ വളരെ ദോഷകരമായി ബാധിച്ചു എന്ന് പറയാം. അച്യുതന് നായര്‍ക്ക് ഇതൊന്നും അറിയില്ലായിരുന്നു എന്ന് കാണിക്കുന്ന ഒരു ചെറിയ ഡയലോഗിലോ മറ്റോ ആ പ്രശ്നം അന്ന് പരിഹരിക്കാമായിരുന്നു. ഞാനും അത്തരം ചില നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നു. പക്ഷെ അന്ന് അത് ആരും ചെവി കൊണ്ടില്ല. ഈ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞാനും സിബിയും തമ്മില്‍ ചെറുതല്ലാത്ത ഒരു ഉടക്ക് നടന്നു. സേതുമാധവനെ ഹോട്ടലില്‍ വച്ച് കാണുമ്പോള്‍ അച്യുതന് നായര്‍ ഓടി റൂമില്‍ കയറി വാതില്‍ അടയ്ക്കുന്നുണ്ട്. സേതു വാതിലില്‍ ഉച്ചത്തില്‍ മുട്ടുന്നു. ശബ്ദം കേട്ട് അടുത്ത റൂമില്‍ നിന്ന് ആളുകള്‍ വാതില്‍ തുറന്നു നോക്കുന്നു. വാതിലില്‍ മുട്ട് കേട്ട് റൂം തുറന്നു ലോഹി വരട്ടെ എന്ന് സിബിമലയില്‍ പറഞ്ഞു. ഞാന്‍ അതിനെ എതിര്‍ത്തു. കാരണം ലോഹി ആണെന്ന് പ്രേക്ഷന് അറിഞ്ഞാല്‍ ആ സീനിന്റെു ഇമോഷന് പോകും എന്ന് ഞാന്‍ പറഞ്ഞു. ഉടനെ കാമറമാന്‍ വേണു അതിനെ എതിര്‍ത്തു. അവസാനം തർക്കം ചെറിയ ബഹളം ആയി. അവസാനം അവര്‍ ലോഹിയെ തന്നെ വച്ച് ആ സീന്‍ തീർത്തു . തീയേറ്ററില്‍ വന്നപ്പോള്‍ പ്രേക്ഷകന് അത് ലോഹിതദാസ് ആല്ലേ എന്ന് പറയുന്നുണ്ടായിരുന്നു. ദൂരദര്‍ശനില്‍ ഇന്നും ചെങ്കോല്‍ ടെലികാസ്റ്റ് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ മരിക്കുന്ന രംഗം കാണിക്കുന്നില്ല. ദൂരദര്ശന് ആയതുകൊണ്ട് അത്തരം സീനുകള്‍ കാണിക്കില്ല. അതുകൊണ്ട് വീണ്ടും സെൻസര്‍ ചെയ്തായിരുന്നു ദൂരദർശന് നൽകിയത്.വില്ലനായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച മോഹൻരാജിനെ എങ്ങനെയാണ് കണ്ടെത്തിയത്? പ്രദീപ് ശക്തി എന്ന നടനെയായിരുന്നു കീരിക്കാടന്റെ വേഷത്തിനായി ഞങ്ങള്‍ ആദ്യം സമീപിച്ചത്. എന്നാല്‍ ഡേറ്റ് സംബന്ധിച്ച ചില പ്രശ്നങ്ങള്‍ വന്നതുകൊണ്ട് നമുക്ക് മറ്റൊരു നടനെ തേടേണ്ടി വന്നു. സഹ സംവിധായകനായ കല അടൂരാണ് മോഹന്‍രാജിനെ പരിചയപ്പെടുത്തിയത്. അന്ന് മോഹന്‍രാജ് ഏതോ ഒരു സിനിമയില്‍ ചെറിയ വേഷം ചെയ്തിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ മോഹന്‍രാജിനെ ഞങ്ങള്‍ക്കിഷ്ടമായി. ആറടി പൊക്കവും ഇരുമ്പുപോലത്തെ കാലും കയ്യും എന്നായിരുന്നു തിരക്കഥയില്‍ കീരിക്കാടനെ വര്‍ണിച്ചിരിക്കുന്നത്. ഏകദേശം അതുപോലെ തന്നെ ആയിരുന്നു മോഹന്‍രാജിനെ കാണാനും. പക്ഷേ ലോഹിയുടെ തിരക്കഥയുടെ മികവാണ് കീരിക്കാടനെ ഇത്രയധികം ബില്‍ഡ്അപ്പ് ചെയ്യാന്‍ സഹായിച്ചത്.
കിരീടവും ചെങ്കോലും കഴിഞ്ഞിട്ട് എന്തുകൊണ്ടാണ് താങ്കള്‍ മോഹന്ലാലിനെനായകനാക്കി ഒരു സിനിമ ചെയ്യാത്തത്?
മോഹൻലാലിൻ്റെ ജേഷ്ടന് പ്യാരീലാലും ഞാനും സുഹൃത്തുക്കളായിരുന്നു. മോഡല്‍ സ്കൂളില്‍ ഞങ്ങളിരുവരും ഒരേ ക്ലാസില്‍ ആണ് പഠിച്ചത്. ആ ബന്ധമാണ് എനിക്ക് ലാലിന്റെ വീടുമായുള്ളത്. ലാല്‍ നടനായി ആദ്യം അഭിനയിച്ച തിരനോട്ടത്തില്‍ ഞാന്‍ പ്രവർത്തിച്ചു. തുടർന്ന് മോഹൻലാൽ അഭിനയിച്ച പൂച്ചയ്ക്ക് ഒരു മൂക്കുത്തിയില്‍ ഞാന്‍ അസിസ്റ്റന്റ്റ് ഡയറക്ടര്‍ ആയിരുന്നു. ലാല്‍ എന്നോട് ഇങ്ങോട്ട് പറഞ്ഞാണ് കിരീടത്തിനു വേണ്ടി എനിക്ക് ഡേറ്റ് നല്‍കിയത്. പെട്ടെന്ന് ഞാന്‍ കാശ് പലരില്‍ നിന്നും സംഘടിപ്പിച്ചാണ് കിരീടം നിര്‍മ്മിക്കുന്നത്. ലാലിന്റെ കാരുണ്യം കൊണ്ട് മാത്രമാണ് ഞാന്‍ സിനിമ നിർമ്മാതാവായത്. അല്ലാതെ കാശുകാരനായ ഒരു മുതലാളി ഒന്നും ആയിരുന്നില്ല ഞാന്‍. അതുകൊണ്ട് തന്നെ കിരീടംപോലെയോ ചെങ്കോലു പോലെയോ ഒരു സിനിമയുടെ സബ്ജക്റ്റ് വന്നാല്‍ മാത്രമേ ഞാന്‍ ഇനി ലാലിനെ വച്ച് ഒരു പടം ചെയ്യുകയുള്ളൂ. എന്നാല്‍ ഇതിനിടയില്‍ ഞാന്‍ ലാലിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയായിരുന്നു ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്ര. പദ്മരാജന്റെ ഓർമ്മ എന്ന ചെറുകഥയെ ആസ്പദമാക്കിയായിരുന്നു തന്മാത്ര എഴുതിയത്. ആ കഥയുടെ റൈറ്റ് വാങ്ങിയതും ഞാനായിരുന്നു. എന്നാല്‍ പിന്നീടു ആ സിനിമ സെഞ്ച്വറി പ്രൊഡക്ഷന്സിവന്റെ രാജൂ മാത്യു നിര്‍മ്മിക്കുന്നതായി കേട്ടു. ഒരു ക്രിസ്മസ് ദിവസം ബ്ലസിയ്ക്ക് ഞാന്‍ അഡ്വാൻസ് വരെ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ബ്ലസ്സി എന്നോട് ഒരു വാക്കുപോലും പിന്നീട് പറഞ്ഞില്ല. ഞാനാണ് തിരുവല്ലം ടി.ബി യില്‍ റൂം എടുപ്പിച്ചു തിരക്കഥയുടെ കുറെ ഭാഗം എഴുതിച്ചത്. അതാലോചിക്കുമ്പോള്‍ ഇന്നും ബ്ലസിയോടു എനിക്ക് ചെറിയ നീരസം ഉണ്ട്.. കാരണം ബ്ലസ്സി ആദ്യമായി സ്റ്റാർട്ടും കട്ടും പറയുന്നത് എന്റെ സിനിമയായ സമ്മാനത്തിനു വേണ്ടിയാണ്. ആനയുടെ ഭാഗമുള്ള സെക്കന്റ് യൂണിറ്റ് സഹസംവിധായകനായ ബ്ലസിയെ ആയിരുന്നു ഏല്‍പ്പിച്ചത്. ഞാന്‍ ഇതുവരെ ബ്ലസിയോടു അതിനെക്കുറിച്ച് ചോദിച്ചിട്ടില്ല. പിന്നീടു കഥയുടെ റൈറ്റിന് കൊടുത്ത കാശും അഡ്വാന്‍സും തിരിച്ചു അയച്ചു തന്നു.കിരീടത്തിനു ശേഷം?ജയറാമും മുകേഷും നായകന്മാരായ മാലയോഗം എന്ന ചിത്രമായിരുന്നു കിരീടത്തിനു ശേഷം ഞാന്‍ നിർമ്മിച്ചത്. സ്ത്രീധനത്തെ എതിർക്കുന്ന ചിത്രമായതുകൊണ്ട് സംസ്ഥാന സർക്കാരിൻറെ ടാക്സ് ഫ്രീ ഉണ്ടായിരുന്നു മലയോഗത്തിന്. അതിനു ശേഷം മുരളി നായകനായ ആധാരം എന്ന ചിത്രം. ഹിന്ദു - മുസ്ലീം മത മൈത്രി പ്രമേയമാക്കിയതുകൊണ്ട് തന്നെ അധാരത്തിനും എനിക്ക് ടാക്സ് ഫ്രീ ലഭിച്ചു. മുരളിയ്ക്ക് മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡും സംവിധായകന് ജോര്‍ജ്ജ് കിത്തുവിനു മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു. കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോല്‍ കിരീടത്തോളം വിജയം നേടിയില്ലെങ്കിലും സാമാന്യ വിജയം നേടിയിരുന്നു. കിരീടം പോലെ തന്നെ മനസ്സിനെ ഉലയ്ക്കുന്ന ഒരു കഥ തന്നെ ആയിരുന്നു ചെങ്കോലും.
മലയാള സിനിമയില്‍ ലോഹിതദാസിന്റെ വിടവ് വലിയൊരു ശൂന്യതയായി ഇന്നും നിലനില്ക്കുന്നു. ലോഹിതദാസുമായുള്ള സൌഹൃദത്തെക്കുറിച്ച്?
ലോഹിതദാസിന്റെ തിരക്കഥയില്‍ ഞാന്‍ ഏഴു ചിത്രങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. എന്റെ ഒരു കൂടപ്പിറപ്പ് പോലെ തന്നെയായിരുന്നു ലോഹിതദാസ്. ലോഹിതദാസ് എഴുതുമ്പോള്‍ കൂടെപ്പോയിരിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് മാത്രമേയുള്ളൂ. ഞാന്‍ ഒറ്റപ്പാലത്ത് പോകുമ്പോള്‍ എല്ലാം ലോഹിയുടെ കൂടെത്തന്നെ ആയിരിക്കും. പിന്നെ ഒന്നിച്ചായിരിക്കും ഞങ്ങളുടെ യാത്രകള്‍. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും നല്ല അടുപ്പമായിരുന്നു. ചിലപ്പോള്‍ നമ്മള് കണ്ടു കളയുന്ന ഒരു കാഴ്ചയില്‍ നിന്നായിരിക്കും ലോഹി കഥയുണ്ടാക്കുക. ഒരിക്കല്‍ ഞാനും ലോഹിയും കൂടെ ഗുരുവായൂർ അമ്പലത്തിൽ പോയി. ക്ഷേത്രത്തിനടുത്തായി ഒരു തെരുവ് സർക്കസ് നടക്കുന്നുണ്ട്. ലോഹി എന്നോട് പറഞ്ഞു ''എടോ താന്‍ ക്ഷേത്രത്തില്‍ കയറിക്കോ ..ഞാന്‍ ഇപ്പോ വാരം'' ഞാന്‍ ദീപാരാധന കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ഒരു കടയിലിരുന്നു ലോഹി ചായ കുടിക്കുന്നു. ഞാന്‍ ചോദിച്ചു ലോഹി ''എന്താ ദീപാരാധനയ്ക്കു വരാത്തെ''. ഉടനെ ലോഹിയുടെ മറുപടി ''അതിനെക്കാളും വലിയ ഈശ്വരനെ ഞാന്‍ ഇവിടെ കണ്ടെടോ. ഒരു കൊച്ചു പെൺകുട്ടി ഡോലക്കിലെ താളത്തിനൊത്ത് ഇരുമ്പ് കമ്പി വളയ്ക്കുന്നു....ഇവിടെയാണടോ ജീവിതം'' ഈ കുഞ്ഞു സംഭവത്തെ മുൻ നിർത്തി ലോഹി മെനെഞ്ഞെടുത്ത കഥയാണ് ജോക്കര്‍.
ഒരു സമയത്ത് ലോഹിയ്ക്ക് വല്ലാതെ ആത്മഹത്യ പ്രവണതയുണ്ടായിരുന്നു. ചെറിയ വിഷമം പോലും താങ്ങാന്‍ കഴിയാത്ത ലോഹിയുടെ അവസ്ഥ ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഉള്ളുലയ്ക്കുന്ന ഒരുപാട് വേദനകള്‍ ഉള്ള ഒരു ബാല്യകാലമായിരുന്നു ലോഹിയുടെത്. എപ്പോഴും ജീവിതത്തില്‍ ഒറ്റപ്പെട്ട അവസ്ഥ. സിനിമയില്‍ വരുന്നതിനു മുമ്പ് ലാബ് അസിസ്റ്റന്റ് ആയി ജോലി നോക്കുന്ന സമയം. ഒരിക്കല്‍ ലാബില്‍ നിന്ന് കുറച്ച് വിഷം എടുത്തു ഒരു കുപ്പിയിലാക്കി വാതിലിനു മുകളില്‍ വച്ചിരുന്നു. രാത്രി കഞ്ഞിയില്‍ ചേര്‍ത്തു കുടിക്കാനായി വിഷം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ തട്ടി കുപ്പി താഴെ വീണു പൊട്ടി. അല്ലായിരുന്നെങ്കില്‍......ആ മനുഷ്യനാണ് വളരെ ചെറിയ കാലയളവ് കൊണ്ട് നീറ്റലോടെ ഓര്‍ക്കാവുന്ന ഒരുപിടി കഥാപാത്രങ്ങളെ നമുക്ക് തന്നിട്ടുപോയത്. അനാവശ്യമായി ഒരു വാക്കുപോലും ലോഹിയുടെ തിരക്കഥയില്‍ നമ്മള് കാണില്ല. വളരെയധികം ആത്മസംഘര്‍ഷം അനുഭവിച്ചാണ് ലോഹി തിരക്കഥ എഴുതുന്നത്. എഴുതുന്ന സമയത്ത് മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കരയുന്ന ലോഹിയെ ഞാന്‍ കണ്ടിട്ടുണ്ട്. ജീവിതം നൽകിയ അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് ലോഹി തൂലിക ചലിപ്പിച്ചു തുടങ്ങിയത്. ഇപ്പോഴും ഒറ്റപ്പാലം വഴി പോകുമ്പോൾ ലോഹിയുടെ വീട്ടില്‍ പോയി അടക്കം ചെയ്ത സ്ഥലത്ത് കുറച്ചുനേരം നില്ക്കും . അപ്പോള്‍ ,മനസ്സ് വല്ലാതെ ശാന്തമാകും. ലോഹിയുടെ കുടുംബവുമായി ഇപ്പോഴും ബന്ധമുണ്ട്.
ലോഹിതദാസിന്റെ് ആദ്യ സംവിധാന സംരംഭമായ ഭൂതകണ്ണാടി താങ്കളാണല്ലോ നിർമ്മിച്ചത്?
പലപ്പോഴും ലോഹി എന്നോട് പറയുമായിരുന്നു എടോ എനിക്കൊരു പടം സംവിധാനം ചെയ്യണമെന്നുണ്ട്. അപ്പോഴെല്ലാം ഞാന്‍ പറഞ്ഞത് അത് പൂർണമായും ലോഹിയുടെ ഇഷ്ട്ടത്തിനു അനുസരിച്ചുള്ള ഒരു ചിത്രമായിരിക്കണം എന്നാണ്. ദിലീപും മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന സല്ലാപം ഞാനായിരുന്നു നിർമ്മിച്ചത്. എനിക്ക് ഏറ്റവും കൂടുതല്‍ കാശുണ്ടാക്കിത്തന്ന ചിത്രമായിരുന്നു സല്ലാപം. സല്ലാപം കഴിഞ്ഞപ്പോള്‍ ആണ് ഞാന്‍ ലോഹിയോട് പറഞ്ഞത് ഇനി തന്റെ ഇഷ്ടം പോലൊരു സിനിമ സംവിധാനം ചെയ്തോളു എന്ന്. ഒരു നിർമ്മതാവ് എന്ന നിലയില്‍ ഞാന്‍ ലോഹിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒരു കാര്യത്തിൽ പോലും ഇടപെട്ടില്ല. അങ്ങനെ ലോഹിയുടെ ആദ്യ സിനിമയായ ഭൂതകണ്ണാടി ഞാന്‍ നിർമ്മിച്ചു. അനവധി പുരസ്ക്കാരങ്ങള്‍ ലഭിച്ച ഒരു സിനിമയായിരുന്നു ഭൂതക്കണ്ണാടി.