Top

ഗുരു മാ - സംഗീത ഇതിഹാസം അന്നപൂര്‍ണ ദേവിയ്ക്കുള്ള പ്രണാമമായി ഡോക്യുമെൻ്ററി

ഗുരു മാ - സംഗീത ഇതിഹാസം അന്നപൂര്‍ണ ദേവിയ്ക്കുള്ള പ്രണാമമായി ഡോക്യുമെൻ്ററി

മുംബയ് മലബാര്‍ ഹില്ലിലെ അപ്പാര്‍ട്ട്‌മെന്റില്‍ അന്നപൂര്‍ണ ദേവിയുടെ ഫ്‌ളാറ്റിന്റെ വാതിലിന് പുറത്ത് ഇങ്ങനെ കുറിച്ചിരുന്നു - മൂന്ന് തവണ ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ലെങ്കില്‍ പറയാനുള്ള കാര്യം കടലാസിലെഴുതി പുറത്ത് വച്ചിട്ട് പോവുക. എന്നോടുള്ള പരിഗണനയ്ക്ക് നന്ദി. ആറ് പതിറ്റാണ്ടോളം കാലം അവരുടെ ജീവിതം ഇങ്ങനെയായിരുന്നു. 2018 ഒക്ടോബര്‍ 13ന് 91ാം വയസില്‍ മുംബൈയിലെ ആശുപത്രിയില്‍ അന്നപൂര്‍ണ അന്തരിച്ചു. അന്നപൂര്‍ണയുടെ മൃതദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളുടെ വീഡിയോയോടെയാണ് ഡോക്യുമെന്ററി തുടങ്ങുന്നത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സംഗീതത്തിന്റെ പൊതുവേദികളില്‍ നിന്നകന്ന് വീടിനുള്ളിലേയ്ക്ക് ഒതുങ്ങിയ സുര്‍ബഹാര്‍ വാദക അന്നപൂര്‍ണ ദേവിയ്ക്ക് ആദരമായാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. സംഗീത് നാടക് അക്കാദമി നിര്‍മ്മിക്കുന്ന 69 മിനുട്ട് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നിര്‍മ്മല്‍ ചന്ദ്ര ദാന്‍ദ്രിയാലാണ്. അന്നപൂര്‍ണ ദേവിയുടെ ജീവിതവും സംഗീതവും സമഗ്രമായി കാണാന്‍ ശ്രമിക്കുകയാണ് ഈ ഡോക്യുമെന്ററിയില്‍ ഒക്ടോബര്‍ 13, 14 തീയതികളില്‍ മുംബൈയില്‍ പ്രദര്‍ശിപ്പിക്കും.

മെയ്ഹര്‍ ഘരാനയുടെ സ്ഥാപകനും വിവിധ സംഗിതോപകരണങ്ങളില്‍ വിദഗ്ധനുമായിരുന്ന ഉസ്താദ് അലാവുദ്ദീന്‍ ഖാന്റെ മകള്‍, സിതാര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യ ഭാര്യ, സരോദ് വാദകന്‍ ഉസ്താദ് അലി അക്ബര്‍ ഖാന്റെ സഹോദരി എന്നതിനെല്ലാം അപ്പുറം സ്വതന്ത്രവും സവിശേഷവുമായ വ്യക്തിത്വം അന്നപൂര്‍ണയ്ക്കുണ്ടായിരുന്നു എന്ന് ലോകത്തെ അറിയിച്ചത് അവരുടെ സംഗീതത്തെ അറിഞ്ഞിരുന്നവരായിരുന്നു. ഓടക്കുഴല്‍ വാദകന്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ അടക്കം ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഇക്കാലത്തെ ജീവിതത്തിനിടെ അവര്‍ തന്റെ വീട്ടില്‍ പ്രവേശനം അനുവദിച്ചതും ശിഷ്യരാകാന്‍ അനുവദിച്ചതും. പ്രായമായ അന്നപൂര്‍ണയുടെ ഫോട്ടോകള്‍ വളരെ അപൂര്‍വമായി ഒരു ചിത്രമോ മറ്റോ ആണ് പുറത്തുവന്നിട്ടുള്ളത്. അവര്‍ തന്റെ ഫോട്ടോയെടുക്കാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല.

അതേസമയം എന്തുകൊണ്ട് അന്നപൂര്‍ണ ആര്‍ക്കും മുഖം കൊടുക്കാത്ത തരത്തില്‍ സ്വയം ഒതുങ്ങി എന്നത് സംബന്ധിച്ച് യാതൊരു നിഗമനങ്ങളിലേയ്ക്കും പ്രസ്താവനകളിലേയ്ക്കും ഗുരു മാ പോകുന്നില്ല. അന്നപൂര്‍ണയുടെ തീരുമാനം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന് എന്ത് നഷ്ടമുണ്ടാക്കി എന്നത് സംബന്ധിച്ച് ഉത്തരങ്ങളൊന്നും ഗുരു മാ തേടുന്നില്ല.

ALSO READ: രാഗം സമ്പൂര്‍ണം, 'അന്നപൂര്‍ണം': പ്രകാശം പരത്തിയ സുര്‍ ബഹാറിനെക്കുറിച്ച്


Next Story

Related Stories