മലയാള സിനിമയിലെ ആദ്യ വനിത നിര്‍മാതാവ് ആരിഫ ഹസന് അന്തരിച്ചു. ആരിഫ എന്റര്‍പ്രൈസസിന്റെ ബാനറില്‍ 26 ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള ആരിഫ, അന്തരിച്ച സംവിധായകന് ഹസന്റെ ഭാര്യയാണ്. നടന് തിലകന്, സംവിധായകന് ജോഷി, ഗായിക സുജാത, നടി ഉണ്ണിമേരി എന്നിവര്‍ക്ക് സിനിമയില്‍ മേല്‍വിലാസം ഉണ്ടാക്കി കൊടുക്കുന്നത് മട്ടാഞ്ചേരി സ്വദേശിയായ ആരിഫയായിരുന്നു. ആരിഫ നിര്‍മിച്ച് പി ജെ ആന്റണി സംവിധാനം ചെയ്ത 'പെരിയാര്‍' എന്ന സിനിമയിലൂടെ അതുവരെ നാടകവേദികളില്‍ തിളങ്ങി നിന്നിരുന്ന തിലകന് വെള്ളിത്തിരയുടെ ലോകത്തേക്ക് എത്തുന്നത്. ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച ക്രാഫ്റ്റ്മാന് എന്ന വിശേഷണം പേറുന്ന ജോഷിക്ക് സംവിധായകന് എന്ന നിലയില്‍ പേരെടുക്കാന്‍ കഴിയുന്നത് ആരിഫ നിര്‍മിച്ച മൂര്ഖനിലൂടെയായിരുന്നു. ജോഷിയുടെ രണ്ടാമത്തെ സിനിമയായിരുന്നു ജയനും സീമയും പ്രധാന വേഷത്തില്‍ എത്തിയ മൂര്‍ഖന്‍. ഈ സിനിമയുടെ വന്‍ വിജയമാണ് ജോഷിയെ തിരക്കുള്ള സംവിധായകനാക്കി ഉയര്‍ത്തുന്നത്. മലയാളത്തില്‍ ഒരുകാലത്ത് ഏറ്റവും തിരക്കുള്ള നടിയായി മാറിയിരുന്ന ഉണ്ണിമേരി സിനിമയിലേക്ക് കടന്നു വരുന്നതിന് വഴിയൊരുക്കിയതും ആരിഫ ആയിരുന്നു. ആരിഫ നിര്‍മിച്ച അഷ്ടമിരോഹണി എന്ന ചിത്രത്തിലൂടെയായിരുന്നു ഉണ്ണിമേരിയുടെ വരവ്. തെന്നിന്ത്യന്‍ സിനിമാലോകത്താകെ പ്രശസ്തിയാര്‍ജ്ജിച്ച ഗായികയായി തീര്‍ന്ന സുജാത മോഹനും ആദ്യമായി സിനിമയില്‍ പാടാന്‍ അവസരമൊരുക്കിയതും ആരിഫയായിരുന്നു. അവര്‍ നിര്‍മിച്ച ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലാണ് സുജാത ആദ്യമായി ചലച്ചിത്ര പിന്നണി പാടുന്നത്. അതുപോലെ ഭീമന് രഘു സിനിമയിലേക്ക് വരുന്നതിനും വഴിയൊരുക്കിയത് ആരിഫയായിരുന്നു. രഘുവിന്റെ പേരിനു മുന്നില്‍ ഭീമന് എന്നൊരു പേരു കൂടി ചേരുന്നത് ആരിഫ നിര്‍മിച്ച ഭീമന് എന്ന സിനിമയില്‍ അഭിനയിക്കുന്നതിലൂടെയായിരുന്നു.
വനദേവത, കാമധേനു, അമ്മായിയമ്മ, സൊസൈറ്റി ലേഡി, ചക്രായുധം, അവള് നിരപരാധി, സ്നേഹബന്ധം, ബെന്‍സ് വാസു, കാഹളം,തടാകം, അനുരാഗ കോടതി, അസുരന്, ജനകീയ കോടതി, രക്ഷസ്, രാധയുടെ കാമുകന്, നേതാവ്, അഷ്ടബന്ധം, ശുദ്ധമദ്ദളം, സാമ്രാജ്യം എന്നിവയാണ് ആരിഫ നിര്‍മിച്ച മറ്റു ചിത്രങ്ങള്‍. മലയാളത്തിനു പുറമെ നാങ്കള് എന്ന തമിഴ് ചിത്രവും ആരിഫ നിര്‍മിച്ചിട്ടുണ്ട്. ആരിഫ നിര്‍മിച്ച സിനിമകളില്‍ ബെന്‍സ് വാസൂ, ഭീമന്, അസുരന്, നേതാവ്, രക്ഷസ് എന്നിവ സംവിധാനം ചെയ്തത് ഭര്‍ത്താവ് ഹസന് തന്നെയായിരുന്നു.