TopTop
Begin typing your search above and press return to search.

'മത സംഘടനാ ബോധത്തില്‍ ജീവിക്കുന്ന മനുഷ്യരെ സിനിമ ബോധപൂര്‍വ്വം നിഷ്‌കളങ്കരാക്കുന്നു'

മത സംഘടനാ ബോധത്തില്‍ ജീവിക്കുന്ന മനുഷ്യരെ സിനിമ ബോധപൂര്‍വ്വം നിഷ്‌കളങ്കരാക്കുന്നു

അതിരുകള്‍ക്ക് അപ്പുറമുള്ള സ്‌നേഹത്തിന്റെ കഥ പറയുന്ന സുഡാനി ഫ്രം നൈജീരയിലൂടെ ദേശീയ സംസ്ഥാനപുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ സംവിധായകനാണ് സക്കറിയ. എന്നാല്‍ ഹലാല്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിലൂടെ ചില അതിരുകള്‍ സൃഷ്ടിക്കുകയാണ് അദ്ദേഹം. മലബാര്‍ പ്രദേശങ്ങളില്‍ സജീവമായിരുന്ന ഹോം സിനിമകളുടെ പശ്ചാത്തലത്തിലാണ് ഹലാല്‍ ലവ് സ്റ്റോറി കഥ പറയുന്നത്. കഥ നടക്കുന്ന ഭൂമികയില്‍ പാത്ര സൃഷ്ടിയാണ് മുഴച്ചു നില്‍ക്കുന്നത്. മതാധിഷ്ഠിതമായ സംഘടനയുടെ ചട്ടക്കൂടില്‍ ജീവിക്കുന്ന നിഷ്‌കളങ്കമായ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയെന്നോണമാണ് സിനിമ അവതരിപ്പിക്കുന്നത്.

സുഡാനി ഫ്രം നൈജീരിയയ്ക്ക് സമാനമായ മലബാര്‍ മുസ്ലീം പശ്ചാത്തലമുള്ള ഗ്രാമത്തിലാണ് ഹലാല്‍ ലൗ സ്റ്റോറിയുടേയും കഥ നടക്കുന്നത്. എന്നാല്‍ ആദ്യ സിനിമയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ആഖ്യാന ശൈലിയിലാണ് സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്.

ജമാ അത്തെ ഇസ്ലാമിയോട് സാദൃശ്യം തോന്നിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകനും നാട്ടിലെ സ്ഥിരം സാന്നിധ്യവുമായ റഹീം സാഹിബിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മുസ്ലിം സമൂഹത്തിലെ പുരോഗമന മുഖമുള്ള സംഘടന ജനകീയമാകുന്നതിന്റെ ഭാഗമായി സിനിമ നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുന്നു. ഇതിനായി പൊതുധാരയില്‍ നിന്നും ഒരു സംവിധായകനെ തീരുമാനിക്കുന്നു. അങ്ങനെ പൊതു സ്വീകാര്യന്‍ എന്ന് സംഘടന കണ്ടെത്തുന്ന സിറാജ് എന്ന (ജോജു ജോര്‍ജ്) സംവിധായകനെ കണ്ടെത്തുന്നു. സംഘടനാപ്രവര്‍ത്തകനും നാടക നടനുമായ ഷെരീഫ് (ഇന്ദ്രജിത്ത്), ഭാര്യ സുഹ്‌റ (ഗ്രേസ് ആന്റണി) എന്നിവരാണ് ടെലിസിനിമയില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സംഘടനയുടെ വിശ്വാസ പ്രമാണങ്ങള്‍ ലംഘിക്കാതിരിക്കാന്‍ യഥാര്‍ത്ഥ ജീവിതത്തിലെ ഭാര്യ ഭര്‍ത്താക്കന്മാരായ സുഹറയും ഷെരീഫും തന്നെ സിനിമയിലെ ഭാര്യ ഭര്‍ത്താക്കന്മാരാകാന്‍ തീരുമാനിക്കുന്നു. പിന്നീട് സിനിമ യാഥാര്‍ഥ്യമാകുവാന്‍ വേണ്ടി സംഘടനയുടെ ചട്ടക്കൂടില്‍ നിന്നും ആ നിഷ്‌കളങ്കരായ മനുഷ്യര്‍ നടത്തുന്ന പോരാട്ടത്തോടെ സിനിമ അവസാനിക്കുന്നു. എല്ലാ നന്മകളോടെയും സംഘടനാബോധ്യത്തോടെയും ജീവിക്കുന്ന പുരോഗമനപരമായ മുസ്ലിം സിനിമയായി പര്യവസാനിക്കുകയും ചെയ്യുന്നു. ഇടക്കിടക്ക് സംഘടനയെ ആത്മവിമര്‍ശനത്തിന് ഇരയാക്കാനും തിരക്കഥാകൃത്തുക്കളായ മുഹ്സിന്‍ പെരാരിയും സക്കറിയയും മടിച്ചിട്ടില്ല എന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ഒരു സിനിമയായി അല്ല ഹലാല്‍ ലവ് സ്റ്റോറിയെ അടയാളപ്പെടുത്തേണ്ടത്.

കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ജമാ അത്തെ ഇസ്ലാമിക്കും അവരുടെ പോഷക സംഘടനക്കും വ്യക്തമായ ഇടം നല്‍കുകയാണ് സിനിമ. സാമ്രാജ്യത്വത്തിനും, മുതലാളിത്തത്തിനും, കോള കമ്പനിക്കുമെതിരെ സന്ധിയില്ലാത്ത സമരം നയിക്കുന്ന പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി എന്ന് പറഞ്ഞു വെക്കുകയാണ് സിനിമ. പൂര്‍ണമായും മത രാഷ്ട്രബോധം പറയുന്ന സംഘടനക്ക് ഒരു കള്‍ച്ചറല്‍ സ്‌പേസ് ഉണ്ടാക്കുവാന്‍ വല്ലാതെ ശ്രമിക്കുന്നുണ്ട് ഹലാല്‍ ലവ് സ്റ്റോറി. മലയാള സിനിമയെ വരച്ചു കാട്ടുന്നതില്‍ സോഫ്റ്റ് പോണ്‍ സിനിമ മാത്രം പരിചയപ്പെടുന്നിടത്ത് സിനിമ ഹറാമാണെന്നും ഹലാലായ സിനിമകളുടെ ആവശ്യകതയുണ്ടെന്നും പറഞ്ഞു വെക്കുകയാണ് ഹലാല്‍ ലൗ സ്റ്റോറി . സംഘടന അനുശാസിക്കുന്ന രീതിയില്‍ ജീവിക്കുന്ന മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കും വിഭിന്നമായി പൊതു ധാരയില്‍ നിന്നും സിനിമ സംവിധായകനായി വരുന്ന ജോജുവിന്റെ സിറാജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലും ബോധപൂര്‍വമായ ചില രാഷ്ട്രീയ കടത്തലുകള്‍ കാണുവാന്‍ കഴിയും. മത ബോധത്തമില്ലാത്ത, മദ്യപിക്കുന്ന, സംഘടനയെ അനുസരിക്കാത്ത സിറാജ് ഒരു 'പൊതു' മനുഷ്യന്റെ സങ്കല്പം ആകുന്നതും അയാള്‍ കുടുംബ ജീവിതത്തില്‍ പരാജിതനാകുന്നതും മനപൂര്‍വമായ തരം തിരിക്കലുകളാണ്.

കാലാ കാലങ്ങളായി തങ്ങളുടെ വേദികളിലും, സ്ഥാപനങ്ങളിലും പരിചിത മുഖങ്ങളെയും, ലിബറലുകളെയും മുന്‍നിര്‍ത്തി ഞങ്ങളും പുരോഗമനവാദികളാണെന്ന് വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ തനി പകര്‍പ്പാണ് സിനിമയിലും പ്രകടമാകുന്നത്. മലയാള സിനിമ ചരിത്രത്തില്‍ സാഹചര്യങ്ങളോട് സമരസപ്പെടാതെ സിനിമയില്‍ എത്തിയ ഒരുപാട് മുസ്ലിം ജീവിതങ്ങളുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും അതിനെ പരാമര്‍ശ വിധേയമാക്കാതെയാണ് സിനിമ മുന്‍പോട്ട് പോകുന്നത്. സംഘടനാ ബോധത്തില്‍ ജീവിക്കുന്ന എല്ലാ മനുഷ്യരെയും സിനിമ ബോധപൂര്‍വ്വം നിഷ്‌കളങ്കരായി മാറ്റുന്നു. അതിലൂടെ ആ സംഘടന പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയും മറച്ചു പിടിക്കുകയാണ് സിനിമ. പൊതു ധാരയില്‍ നിന്നും വരുന്ന സിറാജു ആ നിഷ്‌കളങ്കതയോട് സമരസപ്പെടാത്തിടത്താണ് സിനിമ അവസാനിക്കുന്നതെന്നതും പ്രസക്തമാണ്.

മുരളി ഗോപി സിനിമകളില്‍ പ്രകടമായ രാഷ്ട്രീയ ഒളിച്ചു കടത്തലുകള്‍ തന്നെയാണ് ഹലാല്‍ ലവ് സ്റ്റോറിയിലും കാണുവാന്‍ സാധിക്കുന്നത്. 'ഈ അടുത്ത കാലത്ത്' എന്ന സിനിമയിലെ രക്ഷകനായ ആര്‍ എസ് എസ്‌കാരനും 'ടിയാന്‍' സിനിമ പറഞ്ഞു വെക്കുന്ന ആര്‍ഷ ഭാരത സംസ്‌കാരത്തിലേക്കുള്ള മടങ്ങിപോക്കും, ലൂസിഫറിലെ രാഷ്ട്രീയ വിരുദ്ധതയും എല്ലാം മുരളി ഗോപി സിനിമകളിലെ ഒളിച്ചു കടത്തലായി തന്നെ പറയാം. പൂര്‍ണമായും മത രാഷ്ട്രവാദത്തില്‍ അധിഷ്ഠിതമായ രണ്ടു പ്രത്യാശശാസ്ത്രത്തെയാണ് മുരളി ഗോപിയും ,സക്കറിയയും ,മുഹ്സിന്‍ പെരാരിയും ഒരേപോലെ സാമാന്യവത്കരിക്കുന്നത് എന്നതില്‍ ഒരു സംശയവും വേണ്ട.

ഇത്തരം രാഷ്ട്രീയ പ്രത്യയശാസ്ത്ര വിശ്വാസികളെ നിഷ്‌കളങ്കരായും സാമ്രാജ്യത്വ വിരുദ്ധ പോരാളികളായും നന്മ മരങ്ങളായും പ്രതിഷ്ഠിക്കുമ്പോള്‍ വര്‍ഗീയതയുടെ യഥാര്‍ത്ഥ മുഖം മറച്ചുവെക്കപ്പെടുകയാണ്. ഇടതുപക്ഷ രാഷ്ട്രീയ വേദികളിലെ സ്ഥിരം സാന്നിധ്യമായ ആഷിക്ക് അബുവാണ് സിനിമയുടെ മുഖ്യ നിര്‍മാതാവെന്നത് മറ്റൊരു രാഷ്ട്രീയ വൈരുദ്ധ്യം കൂടിയാണ്. അറിഞ്ഞോ അറിയാതയോ ഇത്തരം ഹലാല്‍ കട്ടുകള്‍ക്ക് കൈയ്യടിക്കുമ്പോള്‍ അതിനു പിന്നിലെ രാഷ്ട്രീയം അറിഞ്ഞിരിക്കേണ്ടതാണ്.

അതേസമയം സിനിമയിലെ ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളുടെയും മികച്ച പ്രകടനത്തെ കുറിച്ചും പറയേണ്ടതുണ്ട്. കുമ്പളങ്ങി നൈറ്റ്‌സിലെ സിമിയില്‍ നിന്ന് ഹലാല്‍ ലൗ സ്റ്റോറിയിലെ സുഹ്‌റയിലേക്ക് എത്തുമ്പോള്‍ ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കാം എന്ന് ഗ്രേസ് ആന്റണി പ്രേക്ഷകര്‍ക്ക് ഉറപ്പ് നല്‍കുകയാണ്. തൗഫീക് എന്ന കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിക്കാന്‍ ഷറഫൂദ്ദീനും സാധിച്ചു. ഷെരീഫ് എന്ന കഥാപാത്രം ഇന്ദ്രജിത്ത് കൈയടക്കത്തോടെ കൈകാര്യം ചെയ്തു. സിനിമ സംവിധായകനായും കുടുംബപ്രശ്‌നങ്ങളില്‍ മാനസികസംഘര്‍ഷം അനുഭവിക്കുന്ന മനുഷ്യനായും ഒരേകഥാപാത്രത്തിന്റെ രണ്ടുമുഖങ്ങളെ ജോജു ജോര്‍ജ് അനായാസം പകര്‍ന്നാടി. റഹീം സാഹിബിന്റെതും മികവുറ്റ പ്രകടനവും എടുത്ത് പറയേണ്ടതുണ്ട്.


Next Story

Related Stories