കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന 'മോഹന്‍കുമാര്‍ ഫാന്‍സി'ന്റെ ട്രെയ്ലര് പുറത്ത്. സിനിമാലോകത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ കഥ ബോബി-സഞ്ജയ്യുടേതാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന് തന്നെ.
സിനിമയ്ക്കുള്ളിലെ സിനിമയെക്കുറിച്ചാണ് ചിത്രം പറയുന്നത്. സിദ്ധിഖ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖ താരം അനാര്‍ക്കലിയാണ് നായിക. മോഹന്‍ലാലും മമ്മൂട്ടിയും കളം നിറഞ്ഞപ്പോള്‍ വാഷ്ഓട്ടായി പോയ ഒരു നടന്റെ ജീവിതവും അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള ശ്രമവുമാണ് ചിത്രത്തില്‍ പറയുന്നത്. സിദ്ധിഖാണ് പഴയകാല നടനായി എത്തുന്നത്. ഗായകന്റെ റോളിലാണ് കുഞ്ചാക്കോ ബോബന് എത്തുന്നത്. ബോബി-സഞ്ജയ് കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിന് സ്റ്റീഫനാണ്.
കുഞ്ചാക്കോ ബോബനും സിദ്ധിഖിനുമൊപ്പം കെപിഎസി ലളിത, സൈജു കുറുപ്പ്, രമേശ് പിഷാരടി, സേതുലക്ഷ്മി, വിനയ് ഫോര്‍ട്ട്, മുകേഷ്, ശ്രീനിവാസന്, അലന്‍സിയര്‍, ആസിഫ് അലി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം ബാഹുല്‍ രമേശ്. എഡിറ്റിംഗ് രതീഷ് രാജ്. സംഗീതം പ്രിന്‍സ് ജോര്‍ജ്. പിആര്‍ഒ വാഴൂര്‍ ജോസ്. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിസ് ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.