TopTop
Begin typing your search above and press return to search.

രണ്ടു ദശാബ്ദങ്ങള്‍ക്കു മുമ്പ് വേര്‍പിരിഞ്ഞ ഹോളിവുഡ് ദമ്പതികളുടെ ക്വാറന്റൈന്‍ കുടുംബ ചിത്രം

രണ്ടു ദശാബ്ദങ്ങള്‍ക്കു മുമ്പ് വേര്‍പിരിഞ്ഞ ഹോളിവുഡ് ദമ്പതികളുടെ ക്വാറന്റൈന്‍ കുടുംബ ചിത്രം

ഒരു കുടുംബം! അച്ഛന്‍, അമ്മ, മൂന്നു പെണ്‍മക്കള്‍, അവരുടെ ആണ്‍ സുഹൃത്തുക്കള്‍, വളര്‍ത്തു മൃഗങ്ങള്‍... പച്ച വരയന്‍ പൈജമായിരുന്നു അവരെല്ലാവരും അണിഞ്ഞിരുന്നത്. ആഹ്ലാദം നിറഞ്ഞതായിരുന്നു അവരുടെ ശരീരഭാഷ. ലോകം ഏറെ ആഹ്ലാദത്തോടെയും അതിലേറെ അമ്പരപ്പോടെയും നോക്കിക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തില്‍ അവരുടെ എല്ലാ സന്തോഷങ്ങളും നിറഞ്ഞു കാണാം. ആശങ്കയുടെയും ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഈ ക്വാറന്റൈന്‍ കാലം ഇതുപോലെ ചില സുന്ദര മുഹൂര്‍ത്തങ്ങളും സമ്മാനിക്കും.

പ്രശസ്ത ഹോളിവുഡ് താരങ്ങളായ ബ്രൂസ് വില്ലീസും ഡെമി മൂറുമാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒരേ വസ്ത്രണമണിഞ്ഞ്, ഒരുമിച്ച് ചേര്‍ന്ന് നില്‍ക്കുകയാണവര്‍.

ഇനി എന്താണ് ഈ ചിത്രത്തിലെ അമ്പരപ്പ് എന്നല്ലേ... രണ്ടു ദശാബ്ദങ്ങള്‍ക്കു മുമ്പ് വിവാഹമോചിതരായവരാണ് ബ്രൂസും ഡെമിയും. പക്ഷേ, ഈ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്കത് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ഒരിക്കല്‍ പിരിഞ്ഞവര്‍ക്ക് വീണ്ടുമിതുപോലെ കൂടിച്ചേരാനാകുമോ? അതും മക്കള്‍ക്കും അവരുടെ സുഹത്തുക്കളുമെല്ലാം ഒപ്പം ഒരു കുടുംബത്തിന്റെ എല്ലാ ആഹ്ലാദങ്ങളോടെയും! കഴിയും, ഈ ചിത്രം അതിനുള്ള ഉത്തരമാണ്!

ഒരു കാലത്ത് ഹോളിവുഡിലെ പ്രശസ്തരായ ദമ്പതികളായിരുന്നു ബ്രൂസും ഡെമിയും. പരസ്പര സമ്മതത്തോടെ 2000 ല്‍ ഇവര്‍ വിവാഹമോചിതരായി. മൂന്നു പെണ്‍മക്കളാണ് ബ്രൂസ്-ഡെമി ദമ്പതികള്‍ക്ക്. അതിലൊരാളയ ടലുവ ആണ് ക്വാറന്റൈന്‍ കാലത്ത് തന്റെ അമ്മയും അച്ഛനും വീണ്ടും ഒത്തുചേര്‍ന്നതിന്റെ മനോഹര ചിത്രം ഇന്‍സ്റ്റ്ഗ്രാമിലുടെ ലോകത്തിനു കാണിച്ചു കൊടുത്തത്. ലോസ് ഏയ്ഞ്ചല്‍സില്‍ സാധാരണ പറയാറുള്ളത്, വിവാഹമോചനത്തിനുശേഷമാണ് രണ്ടുപേര്‍ തമ്മില്‍ മനോഹരമായ ബന്ധം ആരംഭിക്കുന്നതെന്നാണ്. ബ്രൂസും ഡെമിയും അതിന്റെ ഏറ്റവും മികച്ച മാതൃകയാണ്. പിരിഞ്ഞതിനെയോര്‍ത്ത് അഭിമാനിക്കുന്നുയേള്ളൂവെന്നാണ് എമ്മി തന്റെ ഓര്‍മക്കുറിപ്പില്‍ പറയുന്നത്. പക്ഷേ, ആ വേര്‍പിരിയലിനുശേഷം ഡെമി തന്റെ മോശം കാലത്തിലൂടെ കടന്നു പോയിരുന്നു. ഇന്നവര്‍ അതില്‍ നിന്നെല്ലാം പുറത്തു വന്നു. ബ്രൂസുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. ഇപ്പോള്‍ താനും മക്കളും പിന്തുടരുന്നത് ആത്മീയ ജീവിതമാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസിനോട് ഒരിക്കല്‍ സംസാരിക്കുമ്പോള്‍ ഡെമി വെളിപ്പെടുത്തിയത്.

ഡെമിയില്‍ നിന്നും വേര്‍പിരിഞ്ഞ ശേഷം ബ്രൂസ് 2009 ല്‍ എമ്മ ഹെമിംഗിനെ വിവാഹം കഴിച്ചിരുന്നു. തന്റെ ഭര്‍ത്താവ് മുന്‍ ഭാര്യയോടൊപ്പം ക്വാറന്റൈനില്‍ കഴിയുന്ന കാര്യം എമ്മയ്ക്ക് അറിയാത്തത്തല്ല. അവരതിനെക്കുറിച്ചോര്‍ത്ത് ഉത്കണ്ഠപ്പെടുകയോ വികാരം കൊള്ളുകയോ ചെയ്യുന്നില്ല. ബ്രൂസിന്റെയും ഡെമിയുടെയും ക്വാറന്റൈന്‍ ചിത്രം കണ്ട് അഭിനന്ദിക്കുകയാണ് എമ്മ ചെയ്തത്. എമ്മയും ഡെമിയും നല്ല സുഹൃത്തുക്കളാണ്. ബ്രൂസിന്റെയും എമ്മയുടെയും വിവാഹത്തില്‍ ഡെമി പങ്കെടുക്കുകയും ചെയ്തിരുന്നു.

ഈ കറുത്ത കാലത്ത് ഇങ്ങനെയൊരു ചിത്രത്തിന് എന്തു തെളിച്ചമാണ്.


Next Story

Related Stories