TopTop
Begin typing your search above and press return to search.

ഞാന്‍ സൈറ വാസിം അല്ല, ഭീഷണി എന്നോടു വേണ്ട; കൊവിഡുമായി ബന്ധപ്പെട്ട മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളെ ന്യായീകരിച്ച് ഗുസ്തി താരം ബബിത ഫോഗട്ട്

ഞാന്‍ സൈറ വാസിം അല്ല, ഭീഷണി എന്നോടു വേണ്ട; കൊവിഡുമായി ബന്ധപ്പെട്ട മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളെ ന്യായീകരിച്ച് ഗുസ്തി താരം ബബിത ഫോഗട്ട്

കൊവിഡുമായി ബന്ധപ്പെടുത്തി നടത്തിയ ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവും പ്രശസ്ത ഗുസ്തി താരവുമായ ബബിത ഫോഗട്ട്. നിസ്സമൂദിനില്‍ നടന്ന തബ്ലീഗി ജമാ അത്ത് പരിപാടിയാണ് ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനത്തിന് മുഖ്യ കാരണമെന്നായിരുന്നു ബബിതയുടെ ട്വീറ്റുകള്‍. ' നിങ്ങളുടെ നാട്ടില്‍ അത് പരത്തുന്നത് വവ്വാലുകള്‍ ആയിരിക്കാം, ഇന്ത്യയില്‍ അത് ചെയ്യുന്നത് വിവരമില്ലാത്ത പന്നികളാണ്' നിസ്സമുദ്ദീന്‍ ഇഡിയറ്റ്‌സ് എന്ന ഹാഷ്ടാഗോടുകൂടി ബബിത ട്വീറ്റ് ചെയ്തിരുന്നു. കൊറോണ ഇന്ത്യയുടെ രണ്ടാമത്തെ വലിയ പ്രശ്‌നമാണെന്നും ജാഹില്‍ ജമാ അത്ത് ആണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് എന്നൊരു ട്വീറ്റും ബിജെപി നേതാവ് കൂടിയായ ബബിത ചെയ്തിരുന്നു. ഈ ട്വീറ്റുകള്‍ക്കെതിരേ വ്യാപക വിമര്‍ശനമാണ് ഗുസ്തി താരത്തിനെതിരേ ഉയര്‍ന്നത്. ബബിതയുടെ അകൗണ്ട് സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ ട്വിറ്ററിനോട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം തന്നെ ബബിതയെ പിന്തുണച്ചുകൊണ്ടും ആളുകള്‍ രംഗത്തു വരുന്നുണ്ട്.

ഈ വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ യാതൊരു തെറ്റും ഇല്ലെന്ന് ബബിത ആവര്‍ത്തിക്കുന്നത്. തബ്ലീഗി ജമാ അത്തിനെതിരേ ചില ട്വീറ്റുകള്‍ ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കൂടി ധാരാളം പേര്‍ എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എനിക്കവരോട് പറയാനുള്ളത്, ഞാന്‍ സൈറ വാസിം ഇല്ല, ഞാന്‍ ഭീഷണിക്ക് വഴങ്ങുകയുമില്ല. ഞാനെന്റെ രാജ്യത്തിനു വേണ്ടി എപ്പോഴും പോരാടിക്കൊണ്ടിരിക്കും.' ഞാനെന്റെ ട്വീറ്റുകളില്‍ ഉറച്ചു നില്‍ക്കുന്നു. തെറ്റായിട്ട് ഒന്നും ചെയ്തിട്ടില്ല.

അമീര്‍ ഖാന്‍ ചിത്രമായ ദംഗല്‍ മഹാവീര്‍ ഫോഗട്ടിന്റെയം അദ്ദേഹത്തിന്റെ മക്കളായ ബബിത-ഗീത ഫോഗട്ട് സഹോദരിമാരുടെയും ജീവിതമായിരുന്നു. ഇതില്‍ ഗീതയുടെ കൗമാര കാലം അവതരിപ്പിച്ച നടിയാണ് കശ്മീര്‍ സ്വദേശിയായ സൈറ വാസിം. ദംഗലിലൂടെ ദേശീയ പുരസ്‌കാരം നേടിയ സൈറയെ തേടി സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ വന്നെങ്കിലും അപ്രതീക്ഷിതമായൊരു തീരുമാനത്തിലൂടെ അവര്‍ സിനിമ രംഗത്തു നിന്നും പിന്‍വാങ്ങുകയായിരുന്നു. മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്നാണ് സൈറയുടെ പിന്മാറ്റം എന്നാണ് വാര്‍ത്തകള്‍. ഈ വിഷയം ഓര്‍മപ്പെടുത്തിയാണ് ബബിത, താനൊരു ഭീഷണിക്കും വഴങ്ങില്ലെന്നു പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ഹരിയാന നിയമസഭ തെരഞ്ഞെടപ്പില്‍ ദാദ്രി മണ്ഡലത്തില്‍ ബിജെപി ബബിതയെ മത്സരിപ്പിച്ചെങ്കിലും സ്വതന്ത്രസ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത അനുയായിയാണ് ബബിത ഫോഗട്ട്. കോവിഡുമായി ബന്ധപ്പെട്ട് മുസ്സിം വിരുദ്ധ ട്വീറ്റുകള്‍ ചെയ്തതിന്റെ പേരില്‍ നടി കങ്കണ റണൗട്ടിന്റെ സഹോദരി രംഗോലി ചന്ദേലിയുടെ അകൗണ്ട് കഴിഞ്ഞ ദിവസം ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.


Next Story

Related Stories