TopTop
Begin typing your search above and press return to search.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുകയല്ല, പ്രസിഡന്റിന് പരാതി നല്‍കുകയായിരുന്നു പാര്‍വതി ചെയ്യേണ്ടിയിരുന്നത്; വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്ന് ബാബുരാജ്

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുകയല്ല, പ്രസിഡന്റിന് പരാതി നല്‍കുകയായിരുന്നു പാര്‍വതി ചെയ്യേണ്ടിയിരുന്നത്; വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്ന് ബാബുരാജ്

അതിജീവിച്ച നടിയെ മനഃപൂര്‍വം വേദനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണെങ്കില്‍ ഇടവേള ബാബു നടത്തിയ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗം ബാബു ബാബുരാജ്. താന്‍ അവള്‍ക്കൊപ്പം ആണെന്നും ബുധനാഴ്ച്ചയും അവരോട് സംസാരിച്ചിരുന്നുവെന്നും ബാബുരാജ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശവും പാര്‍വതിയുടെ രാജിയും ചര്‍ച്ച ചെയ്യാന്‍ എക്‌സിക്യൂട്ടീവ് യോഗം ഉടന്‍ ചേരുമെന്നാണ് ബാബുരാജ് പറയുന്നത്. എഎംഎംഎ യുടെ അടുത്ത സിനിമയില്‍ അക്രമിക്കപ്പെട്ട നടിയുണ്ടാകുമോ എന്ന ചോദ്യത്തിന് ' മരിച്ചുപോയവര്‍ തിരിച്ചുവരില്ല' എന്ന ബാബുവിന്റെ പരാമര്‍ശമാണ് വിവാദമായത്. സംഘടന ജനറല്‍ സെക്രട്ടറിയുടെ നിലപാടിനെ പരസ്യമായി കുറ്റപ്പെടുത്തിക്കൊണ്ടാണ് നടി പാര്‍വതി എഎംഎംഎയില്‍ നിന്നും രാജിവച്ചത്. ഇതിനു പിന്നാലെ വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) അംഗങ്ങളും ജനറല്‍ സെക്രട്ടറിക്കെതിരേ രംഗത്തു വന്നതോടെ വിവാദം പൊതുസമൂഹത്തിലേക്കും എത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് എഎംഎംഎയുടെ നിലപാട് വ്യക്തമാക്കി ബാബുരാജ് സംസാരിച്ചിരിക്കുന്നത്.

വിവാദ പരാമര്‍ശത്തെക്കുറിച്ച് ഇടവേള ബാബുവിനോട് സംസാരിച്ചിരുന്നുവെന്നാണ് ബാബുരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്.' ട്വന്റി-20 യുടെ തുടര്‍ച്ചയായ സിനിമയെക്കുറിച്ച് ചോദിച്ചോഴായിരുന്നു ഇക്കാര്യം പറഞ്ഞതെന്നാണ് ബാബു പറഞ്ഞത്. അടുത്ത സിനിമ ട്വന്റി-20യുടെ തുടര്‍ച്ചയല്ല. പല സിനിമകളിലും സ്റ്റേജ് ഷോകളിലും എഎംഎംഎയില്‍ അംഗങ്ങളല്ലാത്ത പലരും പങ്കെടുക്കുന്നുണ്ട്. അക്കാര്യങ്ങളില്‍ ഉണ്ടാകുന്നത് പൂര്‍ണമായും സംവിധായകന്റെയും നിര്‍മാതാവിന്റെയും തീരുമാനങ്ങളാണ്' ബാബുരാജ് പറയുന്നു.

നടന്‍ സിദ്ദിഖിനെതിരായ ലൈംഗികാരോപണത്തെക്കുറിച്ചും പോഷ് ആക്ട്( ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും സംരക്ഷണം ഉറപ്പു വരുത്തുന്നതിനുമുളള നിയമം) നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് 'പരാതി കിട്ടിയാല്‍ മാത്രമെ നടപടിയെടുക്കാന്‍ സാധിക്കൂ' എന്നായിരുന്നു ബാബുരാജിന്റെ മറുപടി. പാര്‍വതിയുടെ രാജിസംബന്ധിച്ചും ബാബുരാജും അഭിമുഖത്തില്‍ പറയുന്നുണ്ട്. സംഘടനയില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാതെ പ്രസിഡന്റിന് പരാതി നല്‍കിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും അക്കാര്യത്തില്‍ നടപടിയെടുക്കുമായിരുന്നുവെന്നാണ് എക്‌സിക്യൂട്ടീവ് മെംബറായ ബാബുരാജ് പറയുന്നത്. പരസ്യമായി ഇക്കാര്യത്തില്‍ സംസാരിച്ചശേഷം ഇനി സംഘടനയില്‍ പരാതി നല്‍കിയിട്ട് കാര്യമില്ലെന്നാണ് ബാബുരാജ് വാദിക്കുന്നത്.

ഏഴോ എട്ടോ പേര്‍ അല്ലാതെ എഎംഎംഎയില്‍ ഉള്ള മറ്റു സ്ത്രീകള്‍ ആരും തന്നെ സംഘടനയ്‌ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടില്ലെന്നും ബാബുരാജ് പറയുന്നുണ്ട്. സ്ത്രീകളുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ എഎംഎംഎ പരാജയമാണെന്ന ഡബ്ല്യുസിസിയുടെ ആരോപണത്തിലുള്ള മറുപടിയായിട്ടാണ് ബാബുരാജ് സംസാരിച്ചത്. 'അമ്മ' എന്നതിനു പകരം 'എ എം എം എ' എന്ന് പാര്‍വതി ഫെയ്‌സ്ബുക്കില്‍ പരാമര്‍ശിച്ചിരിക്കുന്നത്, അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് കാണിക്കുന്നതെന്ന വിമര്‍ശനവും ബാബുരാജിനുണ്ട്. എന്നാല്‍ അവര്‍ മനസിലാക്കേണ്ടത് ഞങ്ങള്‍ അവരോടും അവരുടെ പ്രശ്‌നങ്ങള്‍ക്കുമൊപ്പമാണ് നില്‍ക്കുന്നതെന്നാണെന്നാണ് ബാബുരാജ് പറയുന്നത്.


Next Story

Related Stories