Top

ഐഎഫ്എഫ്ഐയിൽ കേരളത്തില്‍ നിന്ന് പണിയ, ഇരുള ആദിവാസി ഭാഷകളിലെ സിനിമകള്‍

ഐഎഫ്എഫ്ഐയിൽ കേരളത്തില്‍ നിന്ന് പണിയ, ഇരുള ആദിവാസി ഭാഷകളിലെ സിനിമകള്‍

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ) കേരളത്തില്‍ നിന്ന് പണിയ, ഇരുള ആദിവാസി ഭാഷകളിലെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. മനോജ് കാനയുടെ കെഞ്ചിറ ആണ് പണിയ ഭാഷയിലെ സിനിമ. ചായില്യം, അമീബ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് മനോജ് കാന.

സിങ്ക് സൗണ്ട് വഴി തത്സമയം തന്നെയാണ് പണിയ ഭാഷയിലെ ഡബ്ബിംഗ് നടത്തിയിരിക്കുന്നത്. നേര് ഫിലിം സൊസൈറ്റിയും മങ്ങാട്ട് ഫൗണ്ടേഷനും ചേര്‍ന്നാണ് കെഞ്ചിറ നിര്‍മ്മിച്ചിരിക്കുന്നത്. മുന്നൂറോളം ആദിവാസി കലാകാരന്മാരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഐഎഫ്എഫ്‌കെയിലും ചിത്രം പ്രദര്‍ശിപ്പിക്കും.

വിജീഷ് മണിയുടെ നേതാജി ആണ് ഇരുള ഭാഷയിലെ സിനിമ. ഇരുള ഭാഷയിലെ ആദ്യ സിനിമയാണ് നേതാജി. പ്രമുഖ വ്യവസായി ഗോകുലം ഗോപാലനാണ് കേന്ദ്ര കഥാപാത്രമായ നേതാജിയെ അവതരിപ്പിക്കുന്നത്. അന്തരിച്ച എം ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ഉയരെ, ജല്ലിക്കട്ട്, കോളാമ്പി എന്നീ മൂന്ന് മലയാള സിനിമകളാണ് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുക.


Next Story

Related Stories