ഐഎഫ്എഫ്കെയിൽ ആരാധകരുടെ മനം കവർന്ന ചിത്രം പാരസൈറ്റിന്റെ അവസാന പ്രദർശനവും കാണാൻ കഴിയാതെ പ്രകോപിതരായി പ്രേക്ഷകർ. വേൾഡ് ക്ലാസിക് വിഭാഗത്തിലുള്ള കൊറിയൻ സിനിമ കാണാൻ തൊള്ളായിരത്തോളം സീറ്റുകളുള്ള ടാഗോർ തിയ്യേറ്ററിൽ ഒന്നര മണിക്കൂറോളം ക്യൂ നിന്നിട്ടും കാണാൻ കഴിയാതിരുന്നതാണ് പ്രേക്ഷകരെ നിരാശരാക്കിയത്.
റിസർവേഷൻ കഴിഞ്ഞ് അതിഥികൾകൂടി ഉണ്ടായിരുന്നതിനാലാണ് അൺ റിസർവ്ഡ് ക്യാറ്റഗറിയിൽ എത്തിയ ഭൂരിഭാഗം പ്രേക്ഷകർക്കും മടങ്ങേണ്ടി വന്നതെന്ന് സംഘാടകർ പറയുന്നു. എന്നാൽ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വൻ ആരോപണമാണ് ഉയരുന്നത്. സ്പോൺസേഴ്സിനേയും തിരുവനന്തപുരം മേയറുടെ ഒപ്പം വന്നവരേയും കയറ്റിയതിനാലാണ് സിനിമ കാണാൻ കഴിയാതിരുന്നതെന്ന് പ്രേക്ഷകർ ആരോപിക്കുന്നു. എന്നാൽ സംഘാടകർ ഇത് നിഷേധിച്ചു.
ചിത്രം കഴിഞ്ഞ ദിവസങ്ങളായി രണ്ട് തവണ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ആ ദിവസങ്ങളിൽ കാണാൻ കഴിയാതിരുന്ന പ്രേക്ഷകരായിരുന്നു കൂടുതലും ചിത്രം കാണാൻ കാത്തിരുന്നത്. കൊറിയൻ സംവിധായകനായ ബോൺ ജോൻ ഹോയുടെ ചിത്രമാണ് പാരസൈറ്റ്.