TopTop
Begin typing your search above and press return to search.

കെഞ്ചിര, ഒരു സമരം - സംവിധായകന്‍ മനോജ് കാന/അഭിമുഖം

കെഞ്ചിര, ഒരു സമരം - സംവിധായകന്‍ മനോജ് കാന/അഭിമുഖം

ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ വിട്ടുവീഴ്ച്ചയില്ലാതെ ക്യാമറയിലൂടെ പകര്‍ത്തിയെടുത്ത സംവിധായകനാണ് മനോജ് കാന. അദ്ദേഹത്തിന്റെ ചായില്യം,അമീബ എന്നീ ചിത്രങ്ങള്‍ ഇരുകൈയ്യും നീട്ടിയായിരുന്നു നല്ല ചിത്രങ്ങളെ സ്നേഹിക്കുന്നവര്‍ സ്വീകരിച്ചത്. ജീവിതത്തിന്റെ വേദനകളെ ഒപ്പിയെടുത്ത രണ്ട് ചിത്രവും കണ്ണീര്‌നിറഞ്ഞ കണ്ണുകളാലും വിങ്ങിയ ഹൃദയത്താലുമായിരുന്നു പ്രേക്ഷകര്‍ കണ്ടത്. കനോജ് കാനയുടെ പുതിയ ചിത്രമായ കെഞ്ചിരയ്ക്കും രാജ്യാന്തര കേരള ചലച്ചിത്രമേളയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കെഞ്ചിര എന്ന സിനിമയെ കുറിച്ചും, സിനിമ ജീവിതത്തെ കുറിച്ചും മനോജ് കാന സംസാരിക്കുന്നു.

എന്തുകൊണ്ട് കെഞ്ചിര?

കെഞ്ചിര എന്ന സിനിമ ഒരു സമരത്തിന്റെ ഭാഗമാണ്. ഭൂമി പ്രശ്‌നം, വനാവകാശ പ്രശ്‌നം തുടങ്ങിയവയിലും കോളനിക്കകത്തെ പ്രശ്‌നങ്ങളിലും ആദിവാസികള്‍ക്കൊപ്പം പണ്ടുമുതലെ ഇടപെടുമായിരുന്നു. അതൊന്നും ഇത്തരമൊരു സിനിമയോ നാടകമോ ഉണ്ടാവും എന്ന പ്രതീക്ഷയിലുള്ള പ്രവര്‍ത്തനങ്ങളായിരുന്നില്ല. എന്നാല്‍ അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ അതിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തുവാനും അത് പൊതു സമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുവാനുമുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലായിരുന്നു സിനിമ എന്ന വഴി സ്വീകരിച്ചത്. കാണാന്‍ എത്തുന്ന ഓരോ പ്രേക്ഷകനോടും സംസാരിക്കാന്‍ കഴിയുമെന്ന തീര്‍ത്തും രാഷ്ട്രീയമായൊരു ലക്ഷ്യം മാത്രമാണ് ഈ സിനിമ മുന്‍പോട്ട് വെക്കുന്നത്. തീര്‍ത്തും പൊതുസമൂഹത്തിനാല്‍ അടിച്ചമര്‍ത്തപ്പെട്ട് തന്നെക്കൊണ്ട് ഒന്നിനും കഴിയില്ല എന്ന മനോഭാവം ഉള്ളില്‍ പേറി നടക്കുന്ന ആദിവാസി വിഭാഗത്തിലെ ഓരോ വ്യക്തിക്കും ഒരു മാറ്റം ഉണ്ടാവുന്നതിനൊപ്പം പൊതുസമൂഹത്തിന്റെ മനോഭാവത്തിലും മാറ്റമുണ്ടാവുക എന്നതാണ് ഈ സിനിമ ലക്ഷ്യം വെക്കുന്നത്.

കെഞ്ചിരയിലേക്കുള്ള എത്തിച്ചേരല്‍

നേരിട്ട് കണ്ടതും അനുഭവിച്ചതും ഇടപെട്ടതുമായ വിഷയങ്ങളാണ് സിനിമയ്ക്ക് അടിസ്ഥാനമായിരിക്കുന്നത്. ആദ്യം ഊരിലാണ് സിനിമ തുടങ്ങുന്നത് പിന്നീട് കെഞ്ചിര എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ സഞ്ചരിച്ച് വീണ്ടും കോളനിയിലെ ആളുകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളിലേക്ക് സിനിമ സഞ്ചരിക്കുന്നു.

സിനിമയിലെ വിശപ്പ്

യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. കോളനികളിലെ യുവാക്കളും അമ്മമാരുമൊക്കെ ജോലി ചെയ്യാന്‍വേണ്ടിയും ജോലി അന്വേഷിച്ചും കാട്ടില്‍ വിറക് പെറുക്കാനായും കിഴങ്ങ് പറിക്കാനായുമൊക്കെ പോയിക്കഴിഞ്ഞാല്‍ പ്രായമായവരും കൂട്ടികളുമൊക്കെ വീട്ടില്‍ തനിച്ചാവും. പലപ്പോഴും ഇവര്‍ക്ക് ഭക്ഷണം കഴിക്കാനില്ലാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. വിശപ്പിനെ പ്രതിരോധിക്കാന്‍വേണ്ടി അവര്‍ വളരെ പണ്ടുമുതല്‍ ചെയ്തിരുന്ന ഒന്നായിരുന്നു ചിതല്‍പ്പുറ്റിന്റെ മണ്ണുകൊണ്ടുള്ള മണ്ണപ്പമുണ്ടാക്കി കഴിക്കല്‍.

ചിതല്‍പ്പുറ്റിന്റെ മണ്ണ് പൊടിയാക്കി കുഴച്ച് തീയില്‍ ചുട്ടെടുക്കുന്നതായിരുന്നു അത്. ഇതും കട്ടന്‍ ചായയും ആദിവാസി വിഭാഗക്കാര്‍ വിശപ്പ് മാറ്റാന്‍ കഴിച്ചിരുന്നു. ഇത് കഴിച്ച് കഴിഞ്ഞാല്‍ കുടലില്‍ മണ്ണിന്റെ ഒരു അടരുതന്നെ ഉണ്ടായിവരും എന്നാല്‍ താല്‍ക്കാലികമായി വിശപ്പ് മാറ്റാന്‍ കണ്ടെത്തിയ ഈ മാര്‍ഗ്ഗം മരണം സംഭവിക്കാന്‍വരെ കാരണമായിരുന്നു. ഒരു ഘട്ടം കഴിയുമ്പോള്‍ വയറിളക്കം വരികയും വയറ്തന്നെ ദ്രവിച്ച് ഇല്ലാതാവുന്ന സാഹചര്യവുമാണ് ഇതിലൂടെ ഉണ്ടാവുക. ഇതിന് ചികിത്സ ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടായപ്പോള്‍ അതിനെതിരെ ഞങ്ങള്‍ ഏഴുപേരടങ്ങുന്ന സംഘം കേരളത്തിലെ പല ഇടങ്ങളിലും തെരുവ് നാടകം കളിച്ചിരുന്നു. പട്ടിണിമരണം ഇല്ല എന്ന് പറയുന്ന ഇടത്ത് തന്നെയാണ് മധുവിന്റെ മരണം നടന്നത്. ഇന്നും മണ്ണപ്പം കഴിക്കുന്നവര്‍ കോളനികളില്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.

വാളയാര്‍ കേസുമായുള്ള സാമ്യത

വാളയാര്‍ സംഭവം നടക്കുന്നതിന്റെ രണ്ട് വര്‍ഷം മുന്‍പ് ഷൂട്ട് കഴിഞ്ഞ ഒരു സിനിമയാണ് കെഞ്ചിര. നമുക്ക് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ് മക്കള്‍ പീഡിപ്പിക്കപ്പെടുന്നത് ഒരമ്മയ്ക്ക് നോക്കിനില്‍ക്കേണ്ടി വരുന്നു എന്നത്. എന്നാല്‍ ഒരമ്മയ്ക്ക് ഇത്തരമൊരു സാഹചര്യത്തില്‍ പ്രതികരിക്കാന്‍ പറ്റാതെ നോക്കി നില്‍ക്കേണ്ടി വരുന്നു എന്ന സാഹചര്യത്തിലെ വേദനകൂടി നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. ഈ വേദനയും അതിന് കാരണമായ സാഹചര്യവും ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ യാഥാര്‍ത്ഥ്യമാണ് രണ്ട് വര്‍ഷം മുന്‍പ് കെഞ്ചിര എന്ന സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതുതന്നെയാണ് വാളയാറിലും നടന്നിട്ടുള്ളത്. അടിച്ചമര്‍ത്തലും സര്‍വ്വ അധികാരത്തിന്റെ പീഡനവും ഏറ്റുവാങ്ങിയ ഒരാള്‍ക്ക് ചിലപ്പോള്‍ നിശബ്ദരാവേണ്ടി വരും എന്ന അവസ്ഥയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.

സിനിമയില്‍ പകര്‍ത്തിയത് പൊതുസമൂഹത്തിന്റെ മനോഭാവം

ആദിവാസി ജനതയെ മുഖത്ത് നോക്കി അപമാനിക്കുകയും അധിഷേപിക്കുകയും ചെയ്യുന്ന ഒരു സമൂഹംതന്നെയാണ് ഇവിടെയുള്ളത്. നിങ്ങളെ എന്തിനാണ് കൊള്ളുക, എന്തുപറഞ്ഞാലും നന്നാവാത്ത ജാതിയാണ് നിങ്ങള്‍ തുടങ്ങിയ അപഹസിക്കലുകള്‍ നിരന്തരം കേള്‍ക്കുന്നവരാണ് അവര്‍. ഒന്നിനും കൊള്ളാത്തവരാണ് ഞങ്ങളെന്നും സ്വയം ഒതുങ്ങേണ്ടവരാണെന്നുമുള്ള ബോധ്യം ആദിവാസി ജനതയ്ക്കിടയില്‍ നിര്‍മ്മിച്ചത് പൊതുസമൂഹമാണ്. ഇത്തരം പരാമര്‍ശങ്ങളാണ് ആദിവാസി ജനതയുടെ മാനസിക ഘടനയെ രൂപപ്പെടുത്തിയിരിക്കുന്നത്.

വിഷയങ്ങളുടെ രൂപപ്പെടല്‍

2012ലാണ് ആദ്യ സിനിമയായ ചായില്യം ഉണ്ടായത്. 2015ലാണ് അമീബ പുറത്തിറങ്ങുന്നത്. 2019ലാണ് കെഞ്ചിര ഉണ്ടായത്. സമൂഹത്തിന് അത്യാവശ്യമെന്ന് തോന്നുന്ന വിഷയങ്ങള്‍ എന്നെ തൊടുമ്പോഴാണ് ഞാന്‍ ഒരു സിനിമയിലേക്ക് എത്തിച്ചേരുന്നത്. ഒരു സിനിമ ഉണ്ടാക്കണമല്ലോ എന്ന് വിചാരിച്ച് വിഷയം അന്വേഷിച്ച് പോകാറില്ല. നാടകം കളിക്കാന്‍ തോന്നുമ്പോള്‍ നാടകം കളിക്കും. പല വിഷയങ്ങള്‍ ഉണ്ടാവുമ്പോഴും മനസില്‍ രൂപപ്പെടുന്ന അസ്വസ്ഥതയില്‍ നിന്നാണ് എന്റെ നാടകവും സിനിമയും രൂപപ്പെടുന്നത്. സിനിമയ്ക്കും സമരം ചെയ്യാനുള്ള ആരോഗ്യമുണ്ട് എന്നാല്‍ പലപ്പോഴും നമ്മളത് ഉപയോഗപ്പെടുത്താറില്ല.

കഥാപാത്രങ്ങളിലൂടെ ഒരു ജനതയിലേക്ക്

പൊതുസമൂഹത്തില്‍ ഒരു വ്യക്തിയുടെ പ്രശ്‌നങ്ങള്‍ മറ്റൊരാള്‍ക്ക് ഉണ്ടാവണമെന്നില്ല. എന്നാല്‍ ആദിവാസി മേഖലയില്‍ സമാനമായ ദുരിതങ്ങളും പ്രശ്‌നങ്ങളുമൊക്കെയാണ് അവര്‍ അനുഭവിക്കുന്നത്. കെഞ്ചിരയിലേക്ക് എത്തിപ്പെടുമ്പോള്‍ കേന്ദ്രകഥാപാത്രത്തിലൂടെ കോളനിയിലേക്കുതന്നെയാണ് നാം എത്തിപ്പെടുന്നത്. കോളനിതന്നെയാണ് കേന്ദ്ര കഥാപാത്രം.

സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ

ഇരുപത്തിമൂന്ന് വര്‍ഷമായി ആദിവാസി ഊരുകളില്‍ പ്രവര്‍ത്തിക്കുകയും ഇടപെടുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. എനിക്ക് പണിയ ഭാഷ അറിയാം. എന്നാല്‍ മലയാളത്തില്‍ സംസാരിക്കുമ്പോഴാണ് എന്റെ ഊര്‍ജവും വികാരവുമൊക്കെ നല്ലരീതിയില്‍ പ്രകടിപ്പിക്കാന്‍ പറ്റുന്നത്. ഇതേപോലെ പണിയ വിഭാഗത്തിലുള്ള ആളുകള്‍ക്ക് അവരുടെ തനത് ഭാഷയില്‍ സംസാരിക്കുമ്പോഴാണ് കഥാപാത്രങ്ങള്‍ക്ക് ഇരട്ടി ഊര്‍ജജം ഉണ്ടാവുന്നത്. പണിയ വിഭാഗത്തിന്റെ വിഷയമാണ് സിനിമയ്ക്ക് അടിസ്ഥാനമാവുന്നത്. അവര്‍തന്നെയാണ് സിനിമയില്‍ അഭിനയിക്കുന്നത്. അതിനാല്‍തന്നെ അവര്‍ അവരുടെ ഭാഷ സംസാരിക്കുന്നതാവും ഏറ്റവും ഉചിതമാവുക എന്ന തോന്നലിലാണ് ഈ ഭാഷ അതില്‍ ഉപയോഗിച്ചത്.

കേന്ദ്രമാവുന്ന സ്ത്രീകഥാപാത്രങ്ങള്‍

ഏത് സമൂഹത്തിലാണെങ്കിലും ആ സമൂഹത്തിന്റെ എല്ലാവിധ ദുരിതങ്ങളും എത്തിച്ചേരുന്നത് ആ സമൂഹത്തിലെ സ്ത്രീകളിലേക്കാണ്. എല്ലാ പ്രതിസന്ധികളേയും മുഖാമുഖം കാണുന്നത് സ്ത്രീകളാണ്. അവര്‍ക്ക് ഒരു പ്രതിസന്ധിയില്‍നിന്നും ഒളിച്ചോടാന്‍ കഴിയുകയില്ല. ഈ സാഹചര്യങ്ങളെ പകര്‍ത്തുകയാണ് സിനിമ ചെയ്തിരിക്കുന്നത്.


Next Story

Related Stories