TopTop

'അന്വേഷണം' ഒരു ഇമോഷണൽ ത്രില്ലര്‍, 'ലില്ലി' നല്‍കിയത് വലിയ ആത്മവിശ്വാസം -സംവിധായകന്‍ പ്രശോഭ് വിജയന്‍/അഭിമുഖം

'സത്യം എപ്പോഴും വിചിത്രമായിരിക്കും' എന്ന ടാഗ് ലൈനോടെയാണ് ജയസൂര്യ നായകനാവുന്ന പ്രശോഭ് വിജയൻ ചിത്രം 'അന്വേഷണം' തിയ്യറ്ററുകളിലേക്ക് എത്തുന്നത്. ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമായിട്ടാണ് സംവിധായകൻ തന്റെ പുതിയ ചിത്രം ഒരുക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ക്രൈം ത്രില്ലര്‍ ലില്ലിക്ക് ശേഷം പ്രശോഭ് ചെയ്യുന്ന സിനിമയാണ് അന്വേഷണം.

പത്രപ്രവർത്തകനായി കൊച്ചി നഗരത്തിലെത്തുന്ന ജയസൂര്യയുടെ അരവിന്ദും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബവും ഇവിടെ കണ്ടുമുട്ടുന്ന പഴയ സുഹൃത്ത് ഡോക്ടർ ഗൗതവും ഉൾപ്പെടുന്ന ചില സംഭവങ്ങളാണ് ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ അന്വേഷണം മുന്നോട്ട് വയ്ക്കുന്നത്. ത്രില്ലർ എന്ന് വിശേഷിക്കപ്പെടുമ്പോഴും ഇതൊതു ഇമോഷണൽ ത്രില്ലർ ഗണത്തിൽ പെട്ട സിനിമയാണെന്നാണ് സംവിധായൻ അഴിമുഖത്തോട് പറഞ്ഞത്.

ഇ4 എന്റര്‍ടൈന്‍മെന്റിസിന്റെ ബാനറില്‍ മുകേഷ്.ആര്‍.മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. തിരക്കഥ ഫ്രാന്‍സിസ് തോമസ്. സംഭാഷണങ്ങളും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേയും എഴുതിയിരിക്കുന്നത് രണ്‍ജീത് കമലാ ശങ്കറും സലില്‍ വിയുമാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി.

പുർണ ശുഭാപ്തി വിശ്വാസത്തോടെ ചികിൽസ തേടി ആശുപത്രിയിൽ എത്തുന്ന ഒരാൾ, രോഗിയോ, കൂട്ടിരിപ്പുകാരനോ ആരുമാകട്ടെ. ഇത്തരത്തിൽ ആശുപത്രി വരാന്തയിൽ ഇരിക്കുന്ന ഒരാളുടെ ചിന്ത, അയാളിലുണ്ടാക്കുന്ന ആശങ്ക. അതാണ് അന്വേഷണം എന്ന സിനിമ പറയാൻ ശ്രമിക്കുന്നതെന്നാണ് സംവിധായൻ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ

അഞ്ചാംപാതിര എന്ന ത്രില്ലറിന്റെ ഹാങ്ങോവർ അന്തരീക്ഷത്തില്‍ തങ്ങിനിൽക്കുന്ന സമയത്താണ് അന്വേഷണം പ്രദർശനത്തിന് എത്തുന്നത്

അഞ്ചാംപാതിര തികച്ചും ത്രില്ലർ ആണ്. പക്ഷേ 'അന്വേഷണം' ഒരു ഇമോഷണൽ ത്രില്ലറാണ്. തങ്ങൾ സിനിമയിൽ കൈകാര്യം ചെയ്യുന്നത് ജനങ്ങളുടെ വികാരങ്ങളാണ്. ആര് സത്യം പറയുന്നു, ആര് നുണപറയുന്നു; അതിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. തീര്‍ത്തും വ്യത്യസ്ഥമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്ന അശയവും ആവിഷ്ക്കാര രീതിയും.

ലില്ലിയിൽ നിന്നും അന്വേഷണത്തിലേക്ക്

ആദ്യ സിനിമ ലില്ലി പല കാര്യങ്ങൾകൊണ്ടും എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നു. വളരെ അടുത്ത് പരിചയമുള്ളവരുടെ കുടെയായിരുന്നു ആദ്യ സിനിമ സാധ്യമാക്കിയത്. എന്നാൽ അന്വേഷണം തിർത്തും വ്യത്യസ്ഥമാണ്, അത് ഒരു മികച്ച അനുഭവമായിരുന്നു.

നീണ്ട നിര തന്നെയുണ്ട് സിനിമയ്ക്ക് പിന്നിൽ, അതൊരു അനുഭവം തന്നെയാണ്. ഒരു ഫിലം മേക്കർ എന്ന നിലയിൽ ഭാവിയിൽ ഇടപെടേണ്ടിരുന്നത് ഇതുപോലുള്ള ആക്ടേഴ്സിന് ഒപ്പമാണ്. ജയസൂര്യയുൾപ്പെടെ എല്ലാവരും കഴിവ് തെളിയിച്ച നടൻമാരാണ്. വിജയ് ബാബു മികച്ച താരമാണ്. ഇവർ‌ക്കൊപ്പമുള്ള അനുഭവങ്ങൾ ശരിക്കും മുതൽക്കൂട്ടാണ്.

വെല്ലുവിളി/ കരുത്ത്

ത്രില്ലർ സിനിമകള്‍ ചെയ്യുമ്പോഴുള്ള വെല്ലുവിളി അതിലേക്ക് ആളുകളെ ഉൾക്കൊള്ളിക്കുക എന്നതാണ്. തൃപ്തികരമായി അത് പൂർത്തിയാക്കുക, അതിനായി നമുക്ക് നല്ല നടൻമാരുണ്ട്. കൂടാതെ മികച്ച ഒരു ക്യാമറമാൻ അതായിരുന്നു കരുത്ത്. സുജിത്ത് വാസുദേവ് മികച്ച പിന്തുണയാണ് നൽകിയത്.

ഒരു ത്രില്ലർ സിനിമയുടെ എറ്റവും പ്രധാനപ്പെട്ട ഒന്നാണ് പശ്ചാത്തല സംഗീതം. അതാണ് അന്വേഷണത്തിന്റെ കരുത്ത്. എവിടെയാണ് മ്യൂസിക്ക്, എവിടെയാണ് നിശബ്ദത വരുന്നത് എന്നതൊക്കെ വളരെ പ്രധാനമാണ്. ജേക്ക്സ് ബിജോയ് ആണ് അന്വേഷത്തിൽ സംഗീതം കൈകാര്യം ചെയ്യുന്നത്. അത് അദ്ദേഹം വളരെ മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ സിനിമയുടെ നട്ടെല്ലാണ് പശ്ചാത്തല സംഗീതം, അതുകൊണ്ട് തന്നെ സിനിമയുടെ മുഴുവൻ ക്രഡിറ്റും ഇതിന്റെ മ്യൂസിക്കിന് നൽകും.

കുടാതെ എഡിറ്റർ അപ്പു (അപ്പു ഭട്ടതിരി) വിന്റെ വര്‍ക്ക്. അപ്പൂവിന്റെ കൂടെ ഇത് രണ്ടാമത്തെ സിനിമയാണ്. വലിയ പിന്തുണയാണ് അദ്ദേഹത്തിന്റെത്. സിനിമ തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ, ഇപ്പോഴും കൂടെയുണ്ട്. ഇവരെല്ലാം നൽകിയ പിന്തുണ കൂടി കണക്കിലെടുക്കുമ്പോൾ തീർച്ചയായും ഇതൊരു നല്ല ത്രില്ലർ സിനിമ ആയിരിക്കുമെന്ന് അവകാശപ്പെടാൻ കഴിയും.

പ്രതീക്ഷകൾ

ലില്ലി പോലെ, ക്യാരക്ടർ, അല്ലെങ്കിൽ എതെങ്കിലും സന്ദർഭങ്ങളെ ബെയ്സ് ചെയ്ത് സിനിമകൾ ചെയ്യാനാണ് താൽപര്യം. അത്തരത്തിൽ തന്നെ മുന്നോട്ട് പോവാൻ തന്നെയാണ് താൽപര്യം. വർഷത്തിൽ ഒരു സിനിമ എന്ന രീതിയിൽ തുടരാനാണ് ശ്രമം. ലില്ലി നൽകിയ ആത്മവിശ്വാസം വലുതാണ്. അതുകൊണ്ട് തന്നെ പുതിയ ആൾകൾക്കൊപ്പം, വളരെ ചെറിയ രീതിയിൽ സിനിമ ചെയ്യുക എന്ന് തന്നെയാണ് ഇഷ്ടപ്പെടുന്നത്. കുറേ പേർക്ക് നമ്മൾ മുഖേന ഒരു സഹായം എന്നുള്ള ഒരു താൽപര്യം കൂടി ഇതിന് പിന്നിലുണ്ട്.

ഇനിയുള്ള പ്രോജക്റ്റുകൾ

തീർച്ചയായും കുടുതൽ പ്രോജക്റ്റുകൾ പണിപ്പുരയിലാണ്. എന്നാൽ ഒരു പൂർണ രൂപം ആവാത്തിടത്തോളം വെളിപ്പെടുത്താൻ കഴിയാത്ത അവസ്ഥയുണ്ട്. പക്ഷേ അടുത്ത് തന്നെ പുതിയ സിനിമ പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.


Next Story

Related Stories