തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പകര്‍ത്തുന്ന 'തലൈവി' എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കങ്കണ റണാവത്താണ്. ഇതിനായി ശരീരഭാരം താരം 20കിലോയാണ് കൂട്ടിയത്. ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പഴയ ലുക്കിലേക്ക് തിരികെ പോവാനുള്ള തയ്യാറെടുപ്പുകളിലാണ് കങ്കണ. നേരത്തെ ഉണര്‍ന്ന് വ്യായാമം ശീലമാക്കേണ്ടതുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം കുറിച്ചത്. സിനിമയുടെ മേക്കോവറിന് മുന്‍പുള്ള ചിത്രവും കങ്കണ പങ്കുവെച്ചു.
ലൊക്കേഷനില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവര്‍ന്നിരുന്നു.
തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ജീവചരിത്രസിനിമയ്ക്കായി 24 കോടി രൂപയാണ് കങ്കണ പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'തലൈവി' എന്ന പേരില്‍ തമിഴിലും 'ജയ' എന്ന പേരില്‍ ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന് എ എല്‍ വിജയ് ആണ്.
'തലൈവി' എന്ന ഈ ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവന് ദീപകില്‍ നിന്നും എന്‍ഒസി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു.