TopTop
Begin typing your search above and press return to search.

'പരമാവധി കിട്ടുന്നത് 2500 രൂപയാണ്, ഒരു സീസണ്‍ കൊണ്ടുവേണം ഒരു വര്‍ഷം ജീവിക്കാന്‍, അതിനിടെയാണ് അപ്രതീക്ഷിത കഥാപാത്രം പോലെ കൊറോണ'; ദുരിതക്കയത്തിലായ നാടക മേഖല

പരമാവധി കിട്ടുന്നത് 2500 രൂപയാണ്, ഒരു സീസണ്‍ കൊണ്ടുവേണം ഒരു വര്‍ഷം ജീവിക്കാന്‍, അതിനിടെയാണ് അപ്രതീക്ഷിത കഥാപാത്രം പോലെ കൊറോണ; ദുരിതക്കയത്തിലായ നാടക മേഖല

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മുന്നേറ്റത്തില്‍ നിര്‍ണായക സ്ഥാനമാണ് നാടക പ്രസ്ഥാനങ്ങള്‍ക്കുള്ളത്. പ്രൊഫഷണല്‍-അമേച്വര്‍ നാടകങ്ങള്‍ കാണികള്‍ക്കിടയില്‍ ചെലുത്തിയ സ്വാധീനം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതാന്‍ കാരണമായിട്ടുണ്ട്. ഒരുകാലത്ത് ഏറ്റവും ജനകീയമായിരുന്ന ഈ കലാരൂപം ഇന്ന് പ്രതിസന്ധികളുടെ തട്ടില്‍ നിലനില്‍പ്പിനായി പാടുപെടുകയാണ്. അതിനുമേലെയാണ് ഇപ്പോള്‍ കൊറോണ വൈറസ് എന്ന മഹാമാരിയും ലോക്ഡൗണും വന്നു മൂടിയിരിക്കുന്നത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം സമ്പൂര്‍ണ അടച്ചുപൂട്ടലില്‍ ആയതോടെ നാടക പ്രസ്ഥാനം സമാനതകളില്ലാത്ത തിരിച്ചടിയാണ് നേരിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി പൊതുവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന നാടകരംഗത്ത് കോവിഡ്-19 കാലം വന്‍ തകര്‍ച്ചയിലേക്കു തള്ളിയിടുകയാണ്. ഭാവിയെന്തെന്ന് പോലും അറിയാത്ത തരത്തില്‍ പകച്ചു നില്‍ക്കുകയാണ് നാടക കലാകാരന്മാരും സാങ്കേതിക പ്രവര്‍ത്തകരും.

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലു മാസമാണ് നാടക സീസണ്‍. നാലു മാസത്തെ വരുമാനം കൊണ്ടുവേണം ഒരു നാടക കലാകാരന് ഒരു വര്‍ഷം മുന്നോട്ടു കൊണ്ടു പോകാന്‍. ഇത്തവണ പ്രതീക്ഷയുടെ സീസണ്‍ ആയിരുന്നു. നാടക രംഗത്തിന് പൊതുവിലൊരു ഊര്‍ജ്ജം കഴിഞ്ഞ കുറെ നാളുകളിലായി കൈവന്നിട്ടുണ്ട്. കാഴ്ച്ചക്കാരുടെ കുറവായിരുന്നില്ല, വേദികള്‍ ഉണ്ടാകാതെ പോവുന്നതായിരുന്നു നാടക പ്രസ്ഥാനം നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധി. നല്ല നാടകങ്ങള്‍ക്ക് കാഴ്ച്ചക്കാരെപ്പോഴുമുണ്ട്.

മോശമല്ലാത്ത ബുക്കിംഗുകളോടെയാണ് ഈ സീസണ്‍ ആരംഭിച്ചത്. അപ്രതീക്ഷിതമായൊരു കഥാപാത്രം പോലെ കൊറോണ ഭീതി കടന്നതു വരും വരെ രംഗം ശാന്തമായിരുന്നു. ഇനിയിപ്പോള്‍ എന്താണ് ക്ലൈമാക്സ് എന്നറിയാത്ത അവസ്ഥയാണ്. നാടക രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ എഴുപത്തിയഞ്ച് ശതമാനത്തിലേറെയും ഈയൊരൊറ്റ വരുമാനം കൊണ്ടു മാത്രം ജീവിക്കുന്നവരുമാണ്. ജീവിതത്തില്‍ ബാധ്യകള്‍ മാത്രം നീക്കിയിരിപ്പുള്ളവര്‍. തട്ടില്‍ നിന്നു കിട്ടുന്ന തുച്ഛമായ കാശുകൊണ്ട് കുടുംബം മുന്നോട്ടു കൊണ്ടു പോകുന്നവര്‍. അവരെല്ലാവരും നിരാശരാണ്.

"നാല് മാസത്തെ വരുമാനം കൊണ്ട് ഒരു വര്‍ഷം ഞങ്ങള്‍ക്ക് മുന്നോട്ടു പോകണം. സീസണില്‍ കിട്ടുന്ന പ്രതിഫലം മിച്ചം പിടിച്ചു വേണം ബാക്കി കാലം കഴിയാന്‍. ഒരു നാടക അഭിനേതാവിന് പരമാവധി കിട്ടുന്ന പ്രതിഫലം 2500 രൂപയാണ്. സീനിയോരിറ്റിയനുസരിച്ചാണ് പ്രതിഫലം കൂടുന്നത്. സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടുന്നവര്‍ക്കും പ്രതിഫലത്തില്‍ വ്യത്യാസം ഉണ്ടാകും. പക്ഷേ, അയ്യായിരമോ പതിനായിരമോ ഒന്നും ആര്‍ക്കും കിട്ടില്ല. ആയിരം മുതല്‍ രണ്ടായിരം വരെ മിനിമം കൂലി. കളിക്കുന്ന നാടകങ്ങള്‍ക്കനുസരിച്ചാണ് പ്രതിഫലം. ഒരു സീസണില്‍ എത്ര നാടകം കളിക്കുന്നുവെന്നതനുസരിച്ചിരിക്കും ആ വര്‍ഷത്തെ നമ്മുടെ ഭാവി. ഒരു സീസണില്‍ പരമാവധി നൂറ്റമ്പത് വേദികള്‍ കിട്ടുമായിരിക്കും. എങ്ങനെ കൂട്ടിയാലും രണ്ടോ മൂന്നോ ലക്ഷം രൂപ. അതില്‍ നിന്നു തന്നെ നമ്മുടെ ചെലവ് പോകും, അഡ്വാന്‍സ് വാങ്ങിയ തുക മടക്കി നല്‍കണം, ബാധ്യതകള്‍ തീര്‍ക്കണം. ഇതെല്ലാം കഴിയുമ്പോള്‍ കിട്ടിയതിന്റെ പകുതിയായിരിക്കും കൈയില്‍ ഉണ്ടാവുക. അതുവച്ചു വേണം കുടുംബം മുന്നോട്ടു കൊണ്ടു പോകാന്‍. കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ ചികിത്സ, വീട്ടിലെ മറ്റു ചിലവുകള്‍... കിട്ടിയത് തീരാന്‍ ഒന്നോ രണ്ടോ മാസങ്ങള്‍ മതി. പിന്നെ അടുത്ത സീസണ്‍ വരെ കാത്തിരിക്കണം. അതുവരെ കാര്യങ്ങള്‍ ഓടിക്കാന്‍ അഡ്വാന്‍സ് വാങ്ങേണ്ടി വരും. ഒരു നാടക കലാകാരന്റെ ജീവിതം കടത്തിലും കഷ്ടപ്പാടിലും തന്നെയാണ് എന്നും. വീട്ടില്‍ ആസ്തിയുള്ളവരോ മറ്റു വരുമാന മാര്‍ഗങ്ങള്‍ ഉള്ളവരോ ആയ വളരെ ചുരുക്കം പേര്‍ മാത്രമാണ് ഈ രംഗത്തുള്ളത്. ബാക്കി ബഹുഭൂരിപക്ഷവും നാടകമെന്ന ഒറ്റ വരുമാനത്തില്‍ ജീവിക്കുന്നവരാണ്. നടന്മാരുടെ മാത്രം കാര്യമല്ല, സംവിധായകര്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എല്ലാവരുടെയും അവസ്ഥ ഇതു തന്നെയാണ്. ഗതികെട്ടു നിന്നവന്റെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി ഇപ്പോള്‍ കൊറോണയും. എന്നിതു മാറുമെന്ന് അറിയില്ല. ഞങ്ങളുടെ ഭാവിയെന്തെന്നും" ; കൊച്ചിന്‍ ചന്ദ്രകാന്തയുടെ നടനും നിര്‍മാണ നിര്‍വാഹകനുമായ സാബു എസ്. മറ്റവനയുടെ വാക്കുകള്‍.

ഈ വര്‍ഷത്തെ സീസണ്‍ തിരിച്ചു പിടിക്കാത്തവിധം നഷ്ടമായിരിക്കുകയാണ് നാടക മേഖലയ്ക്ക്. കൊറോണ ഭീതി ഒഴിയും മുന്നേ ഉത്സവകാലം അവസാനിക്കും. മഴക്കാലം തുടങ്ങും. ഓണം, പെരുന്നാള്‍ സീസണുകള്‍ സിനിമയെ പോലെ നാടകത്തിന് പ്രതീക്ഷ നല്‍കുന്നില്ല. ഒറ്റപ്പെട്ട കളികള്‍ മാത്രമാണ് നാടകക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇത്തവണ അതിനും സാധ്യത കുറവാണെന്നവര്‍ പറയുന്നു. പ്രോഗ്രാമുകള്‍ കുറയും. ലോക്ഡൗണ്‍ പൊതുവില്‍ ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി വലുതായിരിക്കും. ആഘോഷങ്ങള്‍ ഒഴിവാക്കപ്പെടും. സ്വാഭാവികമായി കലാപരിപാടികള്‍ റദ്ദാക്കും.

നോട്ട് നിരോധനത്തിനുശേഷം പൊതുവില്‍ നാടകം പോലുള്ള കലാപരിപാടികള്‍ നടത്തുന്നതില്‍ ആരാധനാലയങ്ങളും വിവിധ സംഘടനകളുമൊക്കെ പിന്നാക്കം പോയതായും നാടക രംഗത്തുള്ളവര്‍ പറയുന്നു. "പണത്തിന്റെ ബുദ്ധിമുട്ടാണ് കാരണമായി പറയുന്നത്. ഏഴു ദിവസം മുതല്‍ ഒമ്പതു ദിവസം വരെയൊക്കെ മുന്‍പ് ക്ഷേത്രോത്സവങ്ങള്‍ നടത്തിയിരുന്നു. ആ ദിവസങ്ങളിലൊക്കെ ഓരോരോ കലാപരിപാടികളും സംഘടിപ്പിക്കും. ഇപ്പോള്‍ ഉത്സവദിവസങ്ങളുടെ എണ്ണം കുറയ്ക്കുകയാണ്. സ്വഭാവികമായും പരിപാടികളും കുറയും. തീരുന്ന ദിവസം ഒരു ഗാനമേളയോ എന്തെങ്കിലും സംഗീത പരിപാടിയോ നടത്തിയാലായി. ക്ലബ്ബുകളുടെ എണ്ണം കുറയുകയാണ്. ഒരു കാലത്ത് നിരവധി ക്ലബ്ബുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. ഓണത്തിനൊക്കെ അവര്‍ വിവിധ കലാപരിപാടികള്‍ വയ്ക്കും. നാടകങ്ങള്‍ക്ക് ഇത്തരം ക്ലബ്ബുകള്‍ നിരവധി വേദിയൊരുക്കിയിട്ടുണ്ട്. ഇന്നു ക്ലബ്ബുകളില്ല. ഉള്ളവയ്ക്ക് തന്നെ ഫണ്ടില്ല. എന്തെങ്കിലുമൊക്കെ ചെറിയ പരിപാടികള്‍ നടത്തും. നാടകരംഗം ഇത്തരത്തില്‍ വലിയ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ കൂടെയാണ് ഇപ്പോള്‍ ഈ ആഘാതവും" ; ബുക്കിംഗ് ഏജന്റും നാടക കലാകാരനുമായ സലിം സംഘമിത്ര ചൂണ്ടിക്കാണിക്കുന്നു.

ലോക്ഡൗണ്‍ മൂലം നാടകരംഗത്തിന് ഉണ്ടായ നഷ്ടത്തിന് ഒരു ഉദാഹരണമാണ് കൊച്ചിന്‍ ചന്ദ്രകാന്ത. 12 ലക്ഷം രൂപ മുടക്കിയാണ് 'അന്നം' എന്ന നാടകം അവര്‍ സാക്ഷാത്കരിക്കുന്നത്. നൂറ്റമ്പതോളം ബുക്കിംഗ് കിട്ടി. പക്ഷേ, എണ്‍പത്തെട്ടോളം വേദികളില്‍ മാത്രമേ കളിക്കാന്‍ പറ്റിയുള്ളൂ. മൂന്നു ലക്ഷം രൂപ മാത്രമാണ് വരുമാനം. മുടക്ക് മുതലുമായി കൂട്ടി നോക്കിയാല്‍ ഒമ്പത് ലക്ഷം നഷ്ടം. ബുക്ക് ചെയ്ത വേദികളൊന്നും ഇനിയവര്‍ക്ക് തിരിച്ചു കിട്ടില്ലെന്നാണ് പറയുന്നത്. വലിയ നഷ്ടമാണ് നേരിടുന്നത്. ഈ നഷ്ടം അടുത്ത നാടകത്തെയും ബാധിക്കും. സമിതിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഓരോരുത്തരുടെ ജീവിതത്തിലും അതിന്റെ ആഘാതമുണ്ടാകും.

ഒരു പ്രോഫഷണല്‍ നാടകത്തിന് ശരാശരി പത്തു ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് ചെലവ്. അഭിനേതാക്കള്‍, സംവിധായകന്‍, രചയിതാവ്, മറ്റ് അണിയറ പ്രവര്‍ത്തകര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രതിഫലം, നാടക വണ്ടിയുടെ ഇന്ധനം, റിഹേഴ്‌സല്‍ സമയത്തെ ഭക്ഷണം, റിഹേഴ്‌സലിനു വേണ്ടിയെടുക്കുന്ന ഓഡിറ്റോറിയത്തിന്റെ വാടക, ബുക്കിംഗ് ഏജന്‍സിക്ക് നല്‍കുന്ന അഡ്വാന്‍സ് ഇങ്ങനെയെല്ലാം ലക്ഷങ്ങളുടെ മുതല്‍ മുടക്കാണ് ഓരോ നാടകത്തിനു പിന്നിലും. ഈ തുകയാണ് നാലു മാസത്തെ സീസണ്‍ കൊണ്ട് തിരിച്ചു പിടിക്കേണ്ടത്.

ലാഭം നാടകത്തെ സംബന്ധിച്ച് സ്വപ്‌നം മാത്രമാണ്. രണ്ടു കോടി മുടക്കിയ ഒരു സിനിമ അമ്പതു കോടി കൊയ്തേക്കാം. പക്ഷേ, പത്തു ലക്ഷം മുടക്കിയ ഒരു നാടകത്തിന് പതിനൊന്നു ലക്ഷം കിട്ടിയാല്‍ അത്ഭുതമാണ്. മുടക്കിയ തുകയെങ്കിലും കിട്ടിയാല്‍ മതിയെന്നേ ഒരു സമിതി ആഗ്രഹിക്കൂ. അതില്‍ കൂടുതല്‍ ആഗ്രഹിച്ചിട്ടു കാര്യമില്ല.

പരമാവധി മുപ്പതിനായിരമോ മുപ്പത്തയ്യായിരമോ രൂപയ്ക്കാണ് ഒരു നാടകം ബുക്ക് ചെയ്യുന്നത്. ആ തുക മുഴുവനായി സമിതി ഉടമയുടെ കൈകളിലേക്ക് വരുന്നുമില്ല. അഭിനേതാക്കളുടെ ബാറ്റ, ഭക്ഷണം, വാഹനത്തിന് ഇന്ധനം, ദൂരസ്ഥലങ്ങളിലാണ് നാടകമെങ്കില്‍ ഒരു ദിവസം മുമ്പേ പോകാന്‍ ശ്രമിക്കും. താമസ സൗകര്യം ഒരുക്കേണ്ടി വരും. ഹോട്ടലില്‍ റൂം എടുക്കണം, അതിന്റെ ചെലവ്. എങ്ങനെയായാലും പതിനായിരം രൂപയെങ്കിലും കിട്ടുന്നതില്‍ നിന്നും പോകും. ബാക്കി മാത്രമാണ് കൈയില്‍ വരുന്നത്. ദൂരസ്ഥലങ്ങളില്‍ ഒറ്റക്കളിയാണ് കിട്ടുന്നതെങ്കില്‍ ശരിക്കും നഷ്ടമാണ്. അടുത്തടുത്ത സ്ഥലങ്ങളില്‍ നാലഞ്ച് ബുക്കിംഗുകളെങ്കിലും കിട്ടണം. അതൊക്കെ എപ്പോഴും സംഭവിക്കുന്ന കാര്യമല്ല. കണക്കു കൂട്ടിയാല്‍ എല്ലാ നാടകങ്ങളും സാമ്പത്തികമായി നഷ്ടമാണ്.

പഴയതില്‍ നിന്നും ബുക്കിംഗില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്നും നാടക പ്രവര്‍ത്തകര്‍ പറയുന്നു. 250-നും 300-നും ഇടയില്‍ ഒരു സീസണില്‍ ബുക്കിംഗ് നടന്നിരുന്ന കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ പരമാവധി 150 ബുക്കിംഗ് ആണ് സീസണില്‍ കിട്ടുന്നത്. പകുതിയിലേറെയാണ് കുറവ്. വരുമാനത്തിലും ആ കുറവ് പ്രതിഫലിക്കും. നാടകരംഗത്തുള്ളവരുടെ സ്ഥിതി മനസിലാക്കാന്‍ ഇതൊക്കെ കൂട്ടിവായിച്ചാല്‍ മതിയാകും.

കൊറോണ - ലോക്ഡൗണ്‍ പ്രതിസന്ധി ഒരു സീസണ്‍ നഷ്ടമാക്കുന്നതിലൂടെ നാടക കലാകാരന്മാരുടെ ഒരു വര്‍ഷത്തെ ജീവിതം കൂടിയാണ് പ്രതിസന്ധിയിലാക്കുന്നത്. ക്ഷേമനിധി സഹായമായി ആയിരം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും അംഗങ്ങളല്ല. അംഗങ്ങളായവരില്‍ തന്നെ കൂടുതല്‍ പേരും കുടിശ്ശികയുള്ളവരുമാണ്. സര്‍ക്കാര്‍ സഹായം എത്രപേര്‍ക്ക് കിട്ടുമെന്നതിലും നാടക രംഗത്തുള്ളവര്‍ക്ക് ആശങ്കയുണ്ട്. മറ്റു വരുമാന മാര്‍ഗങ്ങളും ഇല്ലാത്തവരെന്ന നിലയില്‍ അവരുടെ ജീവിതം തീര്‍ത്തും ദുരിതത്തിലായി കഴിഞ്ഞു. ഭാവിയെക്കുറിച്ചും ഇവര്‍ക്ക് ഭയമാണ്. കൊറോണ സൃഷ്ടിക്കുന്ന ഭയം ഭാവിയില്‍ ആഘോഷങ്ങളും ഉത്സവങ്ങളും ആള്‍ക്കൂട്ടങ്ങളും നിയന്ത്രിക്കുകയാണെങ്കില്‍ അത് കലാരൂപങ്ങളെയും ബാധിക്കും. നാടകം പോലൊരു കലാസൃഷ്ടി വലിയ ആള്‍ക്കൂട്ടങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെടേണ്ടതാണ്. വരുംകാലങ്ങളില്‍ കൂട്ടം കൂടുന്നതില്‍ നിന്നും മനുഷ്യര്‍ പിന്‍വാങ്ങുകയാണെങ്കില്‍, നാടകങ്ങള്‍ക്ക് വേദികളില്ലാതെ വരും. സിനിമയോ സീരിയലോ പോലെ, വീട്ടിലിരുന്നു കാണാന്‍ കഴിയുന്നതല്ലല്ലോ നാടകം. അതിന് പൊതുയിടങ്ങള്‍ വേണം. അതില്ലാതാവുകയാണെന്ന ആശങ്കയാണ് നാടകക്കാര്‍ക്കിപ്പോള്‍.

"ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ സര്‍ക്കാരിന്റെ എല്ലാ മര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് നില്‍ക്കുന്നവരാണ് ഞങ്ങളും. നമ്മളീ കാലം അതിജീവിക്കും. പക്ഷേ, അതു കഴിഞ്ഞുള്ള നാടകക്കാരന്റെ കാലം എങ്ങനെയായിരിക്കുമെന്ന് അറിയില്ല. പണ്ട് ആറു മാസം സീണണ്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ വെറും നാലു മാസമാണ്. അതാണിപ്പോള്‍ ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടതും. കൊറോണ ഉണ്ടാക്കിയിരിക്കുന്നത് ആഗോള സാമ്പത്തിക പ്രതിസന്ധിയാണ്. അതിന്റെ ആഘാതം തീര്‍ച്ചയായും കേരളത്തെ മോശമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഇനി വരുന്ന സീസണുകളിലും ബുക്കിംഗുകള്‍ കുറയും. നാടകത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍ പ്രവാസികളായിരുന്നു. പ്രവാസ ലോകവും വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഒരസുഖം വന്നാല്‍ നാട്ടുകാരില്‍ നിന്നും പിരിവെടുക്കേണ്ട ഗതികേടാണ് നാടകക്കാര്‍ക്കുള്ളത്. കൊറോണക്കാലത്തിനു മുമ്പേ തന്നെ വീട്ടിലെ അടുപ്പ് പുകയ്ക്കാന്‍ കഷ്ടപ്പെട്ടിരുന്നവനായിരുന്നു അവര്‍. ഇപ്പോഴവരുടെ മുന്നില്‍ പൂര്‍ണമായി ഇരുള്‍ പരന്നിരിക്കുന്നു.

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ നാടകത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു കലാരൂപമില്ല. ഇന്നീ കലയ്ക്ക് പക്ഷേ അവഗണന മാത്രമാണ്. രണ്ടു പതിറ്റാണ്ട് നാടകം കളിച്ചാലും അവരെയൊന്നു തിരിച്ചറിയാന്‍ ഒരു സിനിമയിലോ സീരിയലിലോ അഭിനയിക്കണം. എന്‍.എന്‍ പിള്ള സാറിനെ ഗോഡ്ഫാദര്‍ സിനിമയില്‍ അഭിനയിച്ചയാള്‍ എന്നു വിളിക്കുന്നവരും നമുക്കിടയിലുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച ശശി കലിംഗയെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞതോര്‍മയുണ്ട്. ശശിയേട്ടന്‍ സിനിമയില്‍ പരിചിതനായശേഷം ഒരു നാടകമേളയില്‍ ഈ സുഹൃത്തിനൊപ്പം പങ്കെടുത്തിരുന്നു. വേദിയില്‍ വച്ച് ശശിയേട്ടനൊരു ഫോണ്‍ വന്നു. കണ്ണൂരില്‍ നിന്നോ മറ്റോ ആയിരുന്നു. ഒരു പരിപാടിയില്‍ ഉത്ഘാടകനായി പങ്കെടുക്കാനാണ് വിളിച്ചത്. വരുന്നതിന് അങ്ങോട്ടുമിങ്ങോട്ടുമുള്ള ട്രെയിന്‍ ടിക്കറ്റും പിന്നൊരു തുകയും ശശിയേട്ടന്‍ ഡിമാന്‍ഡ് വച്ചു. ശശിയേട്ടന്‍ ഫോണ്‍ വച്ചശേഷം സുഹൃത്തിനോടായി പറഞ്ഞു, പണ്ട് ഞാനവരുടെയടുത്ത് നാടകം കളിക്കാന്‍ പോയിട്ടുണ്ട്, അന്നൊരു കട്ടന്‍ ചായ ചോദിച്ചിട്ട് തന്നിട്ടില്ല. ഇന്നു ഞാന്‍ സിനിമ നടനായപ്പോള്‍ അവര്‍ക്കെന്നെ ഉത്ഘാടകനായി വേണം!

പ്രതിഭാധനരായ എത്രയോ പേരാണ് പട്ടിണി കിടന്നും മരുന്നു വാങ്ങാന്‍ കാശില്ലാതെയും വാടക വീടുകളില്‍ കിടന്നും മരിച്ചു പോയത്. ആര് അറിഞ്ഞു, ആര് അനുശോചിച്ചു. ആയിരക്കണക്കിന് നാടക കലാകാരന്മാരീ നാട്ടിലുണ്ട്. അതില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും കഷ്ടപ്പാടില്‍ ജീവിച്ച് മരിക്കുന്നവരായിരിക്കും. ജീവിച്ചിരിക്കുമ്പോള്‍ ആരും തിരിച്ചറിയുന്നുമില്ല, മരിച്ചു കഴിഞ്ഞാല്‍ ഓര്‍ക്കാറുമില്ല. അതാണ് നാടക കലാകാരന്റെ ഗതികേട്. പക്ഷേ, കലാകരന്‍ പ്രതീക്ഷയുള്ളവനാണ്. മുന്നോട്ടുള്ള യാത്രയ്ക്ക് നാടിനാകെ പ്രതീക്ഷ നല്‍കുന്നതാണ് നാടകം. ഓരോ നാടക കലാകാരനും ഇപ്പോള്‍ പ്രതീക്ഷിക്കുന്നത് മഹാമാരിയൊഴിഞ്ഞ ഒരു നാളെയാണ്. അന്നീ നാടിന് പാവം നാടക കലാകാരന്മാരെ ഓര്‍മ വന്നാല്‍ ഒരു കൈനീട്ടുക" ; നാടക സംവിധായകന്‍ രാജീവന്‍ മമ്മാലി സംസാരത്തിനൊടുവില്‍ പറഞ്ഞ ഈ വാക്കുകള്‍ കേരളത്തിലെ നാടക കലാകാരന്മാരുടെയെല്ലാം അഭ്യര്‍ത്ഥനയാണ്.

Also Read:

കൊറോണക്കാലത്തെ മലയാളി ജീവിതം

Next Story

Related Stories