TopTop

സിനിമ സെറ്റിലെ അനീതിയില്‍ പ്രതിഷേധിച്ച നടന് വിലക്ക്; നടിയെ പീഡിപ്പിക്കാന്‍ പിന്തുണ നല്‍കിയ 'പേട്ടന്മാര്‍'ക്ക് പൂമാല

സിനിമ സെറ്റിലെ അനീതിയില്‍ പ്രതിഷേധിച്ച നടന് വിലക്ക്; നടിയെ പീഡിപ്പിക്കാന്‍ പിന്തുണ നല്‍കിയ

കോടികള്‍ മറിയുന്ന വ്യവസായമാണ് സിനിമ. ഒരു കൂട്ടായ്മയുടെ പ്രവര്‍ത്തമാണ് അതിനെ നിലനിര്‍ത്തുന്നത്. സിനിമാക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ലൈറ്റ് ബോയ് മുതല്‍ കോടികള്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍ വരെ ഉള്‍പ്പെട്ട വലിയ വ്യവസായം. അച്ചടക്ക ലംഘനം എന്ന പേരില്‍ വളര്‍ന്നു വരുന്ന യുവതാരമായ ഷെയിന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ വാര്‍ത്ത. ജോബി ജോര്‍ജ്ജ് എന്ന നിമ്മാതാവിന് കീഴില്‍ ശരത് മേനോന്‍ എന്ന നവാഗതനായ സംവിധായകന്‍ ഒരുക്കുന്ന വെയില്‍ എന്ന ചിത്രവുമായി ഷെയിന്‍ നിഗം സഹകരിക്കുന്നില്ലെന്ന ആരോപണത്തില്‍ തുടങ്ങിയ വിവാദം ഇപ്പോള്‍ മലയാള സിനിമ രംഗത്ത് നിന്നും യുവതാരത്തെ വിലക്കുന്നതിലേക്ക് എത്തി നില്‍ക്കുന്നു. കേരളത്തിലെ ഒരു നിര്‍മ്മാതാവും ഷെയിനുമായി സഹകരിക്കില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. വിലക്ക് മറ്റ് ഭാഷകളിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

ഗ്ലാമറിന്റെയും പ്രശസ്തിയുടെയും ലോകമാണ് സിനിമ, എന്നാല്‍ അതിനെല്ലാം അപ്പുറം ഒരു വലിയ വിഭാഗത്തിന്റെ തൊഴില്‍ മേഖലകൂടിയാണ് അത്. തൊഴിലിടങ്ങളിലെ പ്രതിസന്ധി, അല്ലെങ്കില്‍ നേരിട്ട അനീതി അതിനെതിരെ പ്രതികരിക്കുകയാണ് താന്‍ ചെയ്തത് എന്നാണ് ഷെയിന്‍ നിഗം പറയുന്നത്. ഷൂട്ടിങ് സെറ്റില്‍ വലിയ പീഢനമാണ് നേരിട്ടതെന്നും പറയുന്നുണ്ട്. അതിനോട് താന്‍ മുടിമുറിച്ചെങ്കിലും പ്രതിഷേധിക്കണ്ടെ എന്നാണ് ഷെയിന്‍ ഏറ്റവും പുതിയ പ്രതികരണത്തില്‍ ചോദിക്കുന്നത്. എന്നാല്‍ മമ്മുട്ടിയേയും മോഹന്‍ലാലിനേയും പോലുള്ള താരങ്ങളുടെ പെരുമാറ്റത്തോടും നിലപാടുകളോടും ഷെയിനെ താരതമ്യം ചെയ്താണ് അച്ചടക്ക ലംഘനം ആരോപിക്കുന്നത്. രണ്ട് വിഭാഗങ്ങള്‍ സംസാരിച്ച് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണ് ഒരു നടനെ വിലക്കി ഭാവിയില്ലാതാക്കുന്ന നടപടിയിലേക്ക് തിരിയുന്നത്. എന്നാല്‍, ഇവിടെ മലയാള സിനിമ വ്യവസായത്തില്‍ നടപ്പാവുന്നത് രണ്ട് നീതിയെന്ന് വ്യക്തമായി അക്കമിട്ട് നിരത്തി പറയാന്‍ മാത്രം ഉദാഹരണങ്ങള്‍ ഇപ്പോഴുണ്ട്. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന രീതിയാണ് മലയാള സിനിമ രംഗത്ത് നടക്കുന്നതെന്ന് ഇതിനോടകം പല തവണ ഉയര്‍ന്ന ആരോപണമാണ്.

ഷെയിനെ നിര്‍മാതാക്കള്‍ വിലക്കിയതിന്റെ തൊട്ട് അടുത്ത ദിവസം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ നടന്‍ ദിലീപിനെതിരെ സുപ്രീം കോടതി നിലപാട് എടുത്തത് ഒരു വലിയ അനീതി ഓര്‍മ്മിപ്പിക്കാനാണെന്ന് കരുതാനാവും. ഒരു ക്രിമിനല്‍ കേസില്‍, അതും തന്റെ സഹപ്രവര്‍ത്തകയെ അതിക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടും ചെറുവിരല്‍ അനക്കാത്ത സംഘടനകളാണ് ഇവിടെയുള്ളത്. നടപടിയെടുത്തെന്ന് വരുത്തിതീര്‍ക്കാന്‍ നിലപാട് എടുത്തവര്‍. ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങിയ ഉടനെ സൂപ്പര്‍ സ്റ്റാര്‍ ദീലീപ് എന്ന് പോസ്റ്ററടിച്ച് നീതി എന്ന് സിനിമ പ്രഖ്യാപിച്ചത് പ്രൊഡ്യൂസര്‍ കൂടിയായ സംവിധായകരുടെ സംഘടന നേതാവ്.

മൊത്തം പ്രതിഫലം ഒരു പ്രൊഡ്യൂസറില്‍ നിന്നും വാങ്ങി കൊടുത്തിട്ടും അവസാന നിമിഷം ആ പ്രൊഡ്യൂസറെ തന്നില്‍ നിന്ന് ദിലീപ് തട്ടി മാറ്റിയെന്ന് തുളസീദാസ് വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന വേളയില്‍ സംവിധായകനായ തുളസി ദാസിനെ മാറ്റി ദിലീപ് അയാള്‍ക്കിഷ്ടമുള്ള മറ്റൊരു സംവിധായകനെ വെച്ച് ആ സിനിമ ചെയ്തു. അതിനെതിരെ മക്ടയ്ക്ക് പരാതി നല്‍കിയെങ്കിലും ഫലമൊന്നും ഉണ്ടായിരുന്നില്ല. ഒരു സംവിധായകനെ വഞ്ചിച്ച ആ നടനെതിരെ ഒന്ന് ശബ്ദമുയര്‍ത്താന്‍ പോലും ഇന്ന് വിലക്കും കൊണ്ട് വരുന്ന ഇവരാരും ഉണ്ടായില്ല.

ആക്രമിക്കപ്പെട്ട നടിയും സിനിമയില്‍ സജീവമായരുന്ന ആളാണ്. എന്നിട്ടും ഇക്കാണുന്ന സംഘടനകളൊന്നും അവര്‍ക്കൊപ്പമായിരുന്നില്ല. അതിന്റെ തെളിവാണ് കുറ്റാരോപിതനായ ദിലീപിനെതിരെ ഒന്നും ചെയ്യാതിരുന്നത്. എന്തുകൊണ്ട് കുറ്റവാളിയല്ലെന്ന്് തെളിയുന്നത് വരെ ദിലീപിനെ സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്ന് ഇവരാരും തീരുമാനിച്ചില്ല. സിനിമ മേഖലയില്‍ നിന്നു നിരവധി മീടു വരുന്നുണ്ട്. മീടു വരുന്നവരെ ഒന്ന് താക്കീത് ചെയ്യാന്‍ പോലും എന്ത് കെണ്ട് ഈ സംഘടന മുതിരുന്നില്ല. അതോ ഇനി നിര്‍മാതാക്കളുടെ പ്രശ്‌നങ്ങള്‍ മാത്രമെ ഇവര്‍ പരിഹരിക്കുകയുള്ളോ. മറ്റൊരു തരത്തിലും സാമൂഹിക പ്രതിബദ്ധതയും ഇവര്‍ക്കില്ലേ.

ഇതുമാത്രമൊ, സജീവ് പിള്ള എന്ന കലാകാരന്റെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തെ, ആ കലാകാരനെ മൊത്തമായി വഞ്ചിച്ചപ്പോഴും ഈ പറയുന്ന സംഘടനകളെ എവിടെയും കണ്ടിരുന്നില്ല. അദ്ദേഹത്തിന്റെ നഷ്ടത്തെക്കുറിച്ച് ആരും സംസാരിച്ചില്ല. നീതി നല്‍കിയില്ല. പാര്‍വതിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട ആള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ, ആ അധിക്ഷേപത്തെ പ്രോത്സാഹിപ്പിച്ച ജോബി ജോര്‍ജ് അടങ്ങുന്നതാണ് ഇന്ന് ഷെയനിനെ വിലക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത് എന്നുള്ളത് മറ്റൊരു വിരോധാഭാസം. സെറ്റില്‍ പ്രൊഡ്യൂസറെ കണ്ട് എഴുന്നേറ്റു നിന്നില്ല എന്ന കാരണം പറഞ്ഞ് നിത്യ മേനോനെ വിലക്കിയ സംഘടനകൂടിയണിത്. ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും മറ്റു ചില ഗൗരവ വിഷയങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നതാണ് ഇതുവരെ കണ്ടിട്ടുള്ള ഈ സംഘടനയുടെ നയം. ഷെയിന്‍ ചെയ്തത് തെറ്റാണെങ്കില്‍ കൂടിയും, ആതെറ്റ് സിനിമയില്‍ നിന്നു ഷെയ്‌നിനെ വിലക്കാന്‍ മാത്രമുള്ള കാരണമായികണക്കാക്കാനാകില്ല.

Next Story

Related Stories