TopTop
Begin typing your search above and press return to search.

ആര്‍ത്തവത്തെ കുറിച്ചുള്ള 'ക്നോളജ്' സൂപ്പര്‍ ഹിറ്റ്, എഴുത്തും സംവിധാനവും ഗ്രേസ് ആന്റണി, കുമ്പളങ്ങിയിലെ സിമിയില്‍ നിന്നും ഇനി 'സിംപ്‌ളി സൗമ്യ'യിലേക്ക്-അഭിമുഖം

ആര്‍ത്തവത്തെ കുറിച്ചുള്ള ക്നോളജ് സൂപ്പര്‍ ഹിറ്റ്, എഴുത്തും സംവിധാനവും ഗ്രേസ് ആന്റണി, കുമ്പളങ്ങിയിലെ സിമിയില്‍ നിന്നും ഇനി സിംപ്‌ളി സൗമ്യയിലേക്ക്-അഭിമുഖം

കുമ്പളങ്ങി നൈറ്റ്‌സിലെ സിമി എന്ന കഥാപാത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ഇപ്പോള്‍ സംവിധാന രംഗത്തേക്ക് കൂടി കടന്നു വന്നിരിക്കുകയാണ് ഗ്രേസ് ആന്റണി. ഗ്രേസ് ആന്റെണി എഴുതി സംവിധാനം ചെയ്ത 'ക്നോളജ്' (K-nowledge) എന്ന ഷോര്‍ട്ട് ഫിലിം വലിയ ശ്രദ്ധ നേടിയിരുന്നു. ഇതുവരെ മൂന്നു ലക്ഷത്തോളം പേര്‍ ചിത്രം യൂടൂബില്‍ കണ്ടു കഴിഞ്ഞു. ആര്‍ത്തവത്തെ പറ്റി പെണ്‍കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ പറഞ്ഞു കൊടുക്കേണ്ടതിന്റെ ആവശ്യകതയെപറ്റിയാണ് 'നോളജ്' സംസാരിക്കുന്നത്. ക്നോളജിന്റെയും, പുതിയ സിനിമകളുടെയും വിശേഷങ്ങള്‍ ഗ്രേസ് ആന്റെണി അഴിമുഖവുമായി പങ്കുവെക്കുന്നു.

'ക്നോളജ്' ഉണ്ടായത്

ശരിക്കും ഇത് എന്റെ കൂടി കഥയാണ്. എനിക്ക് പറയണം എന്ന് ആഗ്രഹമുണ്ടായിരുന്ന വിഷയം ഞാന്‍ ക്നോളജിലൂടെ പറഞ്ഞു. പക്ഷെ സംവിധാനം ചെയ്യണമെന്നൊന്നും വിചാരിച്ചിരുന്നില്ല. ഈ വിഷയം എബി ടോം സിറിയക്ക് ചേട്ടനുമായി (ക്നോളജിന്റെ നിര്‍മാതാവ് ) സംസാരിച്ചപ്പോള്‍ നീ നന്നായി പറയുന്നുണ്ടല്ലോ നിനക്ക് തന്നെ സംവിധാനം ചെയ്തൂടെ എന്നു ചോദിച്ചു. ആദ്യം ഞാന്‍ അറിയില്ല, പറ്റില്ല എന്നൊക്കെ പറഞ്ഞെങ്കിലും പിന്നീട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ചെയ്യാന്‍ തീരുമാനിച്ചു പക്ഷെ കുട്ടികളെ വേണമല്ലോ. ഇതില്‍ അഭിനയിച്ചിരിക്കുന്ന രണ്ടു പേരും എന്റെ കസിന്‍സാണ്. അക്കു എന്റെ ഒപ്പം ടിക് ടോക്കെല്ലാം ചെയ്യാറുണ്ട്. അക്കുവിനോടാണ് ഞാന്‍ ആദ്യം ചോദിക്കുന്നത്. അവള്‍ നൂറെ നൂറില്‍ ഞാന്‍ ചെയ്യാം എന്ന് പറഞ്ഞു. മാളുവിന്റെ കഥാപാത്രങ്ങള്‍ക്കു വേണ്ടി കുറച്ച് ഓഡീഷന്‍സൊക്കെ നടത്തി. പക്ഷെ ഒന്നും ശരിയായി വന്നില്ല. അങ്ങനെയാണ് എന്റെ കസിന്‍ തന്നെയായ മാളുവിലേക്ക് എത്തുന്നത്. കുട്ടികള്‍ രണ്ടു പേരും നല്ല ഉഷാറായിരുന്നു. നല്ല കെമിസ്ട്രിയും.

ഇത് കുട്ടികള്‍ക്കു വേണ്ടി

പൊതുവില്‍ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ഉണ്ടാകുന്നതുവരെ അതിനെപറ്റി ഒരു ധാരണയും കാണില്ല. ആരും പറഞ്ഞു കൊടുക്കുകയുമില്ല. ഞാന്‍ എന്റെ കൂട്ടുകാരോടെല്ലാം ഇതിനെപറ്റി സംസാരിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം വലിയ കഥകളാണ് പറയാനുള്ളത്. ഈ ഷോര്‍ട്ട് ഫിലിം കുട്ടികള്‍ കൂടുതലായി കാണണം എന്നാണ് എന്റെ ആഗ്രഹം. രക്ഷിതാക്കള്‍ ഇതിനെപറ്റി കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് പൊതുവില്‍ കുറവാണ്. അങ്ങനെയുള്ളൊരു സാഹചര്യത്തില്‍ ഈ ഷോര്‍ട്ട് ഫിലിം കാണുന്നതിലൂടെ കുട്ടികള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാന്‍ എളുപ്പമായിരിക്കും എന്നാണ് എനിക്കു തോന്നുന്നത്.

സംവിധാന അനുഭവങ്ങള്‍

കൊറോണയ്ക്കു മുന്‍പാണ് ഷോര്‍ട്ട് ഫിലിം തുടങ്ങുന്നത്. പിന്നീട് ലോക് ഡൗണ്‍ ആരംഭിച്ചപ്പോള്‍ ഇത് നിര്‍ത്തിവെക്കേണ്ടി വന്നു. ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് വീണ്ടും ഷൂട്ട് തുടങ്ങുന്നത്. അപ്പോഴേക്കും ക്രൂ പകുതിയായി. എല്ലാ കാര്യങ്ങളും നമ്മള്‍ തന്നെ നോക്കേണ്ട അവസ്ഥ. ഡയറക്ഷനും, പിള്ളേരെ നോക്കലും, അവരുടെ മേക്കപ്പ്, കോസ്റ്റിയൂം അങ്ങനെ എല്ലാ പരിപാടികളും ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. നല്ല ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും അതൊരു അനുഭവം കൂടിയായിരുന്നു.

ക്നോളജിന് ലഭിക്കുന്ന അഭിപ്രായങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സത്യം പറഞ്ഞാല്‍ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് പേര്‍ അവരുടെ കഥകള്‍ പറഞ്ഞ് മെസേജ് ചെയ്യുന്നത്. അതൊക്കെ ഷോര്‍ട്ട് ഫിലിമിന് മുന്‍പ് അറിഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്നു തോന്നി എനിക്ക്. ഇത് ഞങ്ങളുടെകൂടി കഥയാണെന്ന് പലരും പറഞ്ഞു. അതെല്ലാം കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നി. പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും നല്ല അഭിപ്രായം പറഞ്ഞു മെസേജ് ചെയ്യുന്നുണ്ട്. പലരും മക്കളെ കാണിച്ചു കൊടുത്തു എന്നു പറയുന്നുണ്ട്. അങ്ങനെ നല്ല അഭിപ്രായങ്ങള്‍ ഒരുപാട് കേള്‍ക്കാന്‍ പറ്റി. അതിന്റെയെല്ലാം സന്തോഷത്തിലാണിപ്പോള്‍.

സിനിമയിലേക്ക്

സിനിമയിലേക്ക് വരണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഓഡീഷന്‍ വഴിയാണ് ആദ്യ സിനിമയായ ഹാപ്പി വെഡിങ്ങിലേക്ക് വരുന്നത്. ചെറുതാണെങ്കിലും നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ ഹാപ്പി വെഡിങ്ങ് കഴിഞ്ഞ് ഒരു വര്‍ഷം ഞാന്‍ ഗ്യാപ് എടുത്തു. പിന്നയാണ് കുമ്പളങ്ങി നൈറ്റ്‌സിലേക്ക് എന്നെ വിളിക്കുന്നത്. ഹാപ്പി വെഡിങ്ങ് കണ്ടിട്ടാണ് ശ്യാമേട്ടന്‍ എന്നെ വിളിച്ചത്. ആ സിനിമ ശരിക്കും ഒരു ബ്രേക്കായിരുന്നു. ഇപ്പോഴും പലരും സിമിയായിട്ടാണ് എന്നെ ഓര്‍ക്കുന്നത്. ആ സിനിമയ്ക്കു ശേഷം ഒരുപാട് നല്ല അഭിപ്രായങ്ങള്‍ ലഭിച്ചു.

സിനിമയിലെ പുതിയ മാറ്റങ്ങള്‍

പൊതുവില്‍ സിനിമകള്‍ എഴുതുന്നതായാലും, സിനിമയുടെ പിന്നണിയിലായാലും കൂടുതലും പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ പൊതുവില്‍ പുരുഷന്റെ കണ്ണിലൂടെയുള്ള സ്ത്രീകളെയാണ് നമ്മള്‍ സിനിമയിലൂടെ കാണാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. സിമി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതും, ശക്തമായ സംഭാഷങ്ങള്‍ എഴുതിയതുമെല്ലാം ശ്യാമേട്ടനാണ്. അങ്ങനെയുള്ള എഴുത്തുകാര്‍ കൂടുതല്‍ ഉണ്ടാവണമെന്നാണ് എന്റെ ആഗ്രഹം. സ്ത്രീകളുടെ കഥാപാത്രങ്ങള്‍ക്കും സിനിമയില്‍ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടാവണം. സിനിമയ്ക്ക് അകത്തും പുറത്തുമായി ഒരുപാട് കഴിവുള്ള പുതിയ കുട്ടികള്‍ ഉണ്ട് ഇപ്പോള്‍. അവര്‍ക്കെല്ലാം അതിലൂടെ നല്ല അവസരങ്ങള്‍ ലഭിക്കും. നല്ല നല്ല എഴുത്തുകാര്‍ വരട്ടെ നല്ല നല്ല സിനിമകള്‍ സംഭവിക്കട്ടെ. അതാണ് എന്റെ ആഗ്രഹം.

സിനിമയിലെ മറ്റ് മേഖലകളിലേക്ക്

ഞാന്‍ എഴുതുന്ന ആളാണ്. എന്തെങ്കിലുമൊക്കെയായി എഴുതാറുമുണ്ട്. പക്ഷെ സിനിമയില്‍ എഴുതണം എന്നൊന്നും വിചാരിച്ചിട്ടില്ല. ആഗ്രഹമുണ്ട്. എന്നെങ്കിലും സംഭവിക്കുമോ എന്നു നോക്കാം.

പുതിയ സിനിമകള്‍

പുതിയ സിനിമകളില്‍ ഷൂട്ട് കഴിഞ്ഞു റിലീസിസ് തയ്യാറായിട്ടുള്ളത് ഹലാല്‍ ലൗസ്റ്റോറിയാണ്. 'സിംപ്‌ളി സൗമ്യ' എന്ന ഒരു സിനിമയാണ് അടുത്തത് ചെയ്യാന്‍ പോകുന്നത്. ലോക് ഡൗണായത് കൊണ്ട് ഷൂട്ടിങ് തുടങ്ങിയിട്ടില്ല. ശ്രീനാഥ് ഭാസിയാണ് അതിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 22 ഫീമേല്‍ കോട്ടയത്തിന്റെ എഴുത്തുകാരന്‍ അഭിലാഷേട്ടനാണ് സിനിമ സംവിധാനം ചെയ്യുന്നത്.


Next Story

Related Stories