TopTop
Begin typing your search above and press return to search.

ഇടവേള ബാബുവിനെ പോലെ പറഞ്ഞതൊന്നും മറന്നില്ല കുഞ്ചാക്കോ ബോബന്‍; ദിലീപിനെതിരേ നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നു

ഇടവേള ബാബുവിനെ പോലെ പറഞ്ഞതൊന്നും മറന്നില്ല കുഞ്ചാക്കോ ബോബന്‍; ദിലീപിനെതിരേ നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേ നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ച് നിന്നു നടന്‍ കുഞ്ചാക്കോ ബോബന്‍. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന സാക്ഷി വിസ്താരത്തിലായിരുന്നു മുന്‍ മൊഴിയില്‍ തന്നെ ഉറച്ചു നിന്നത്. നേരത്തെ രണ്ടു തവണയും വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബനെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എഎംഎഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ പ്രതിയായ ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റിയ സാഹചര്യത്തിലാണ് കുഞ്ചാക്കോ ബോബന്റെ മറിച്ചുള്ള പ്രവര്‍ത്തി. നടന്‍ അന്വേഷണ സംഘത്തിനോട് നേരത്തെ പറഞ്ഞിരുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ് നടന്ന സാക്ഷി വിസ്താരത്തിലും ആവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ഡിസംബറിലായിരുന്നു ദിലീപിന് പ്രതികൂലമായ മൊഴി കുഞ്ചാക്കോ ബോബന്‍ അന്വേഷണ സംഘത്തിന് നല്‍കിയത്. കഴിഞ്ഞ 20 വര്‍ഷമായി നടനായും നിര്‍മാതാവായുമൊക്കെ മലയാള സിനിമ മേഖലയില്‍ ഉള്ള ആളാണ് താനെന്നും സിനിമ സംഘടനകളുടെ തലപ്പത്തുള്ള, ഈ വ്യവസായത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനവുമുള്ള തന്റെ സുഹൃത്ത് കൂടിയായ ദിലീപ് എഎംഎംഎയുടെ ട്രഷറര്‍ ആയിരുന്ന തന്നെ മാറ്റിക്കൊണ്ട് അപ്രതീക്ഷിതമായാണ് ആ സ്ഥാനത്തേക്ക് വരുന്നതെന്നും കുഞ്ചാക്കോ ബോബന്റെ മൊഴിയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് മൊഴിയില്‍ പറയുന്നത്, ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമയില്‍ നിന്നും താന്‍ പിന്മാറാന്‍ ദിലീപ് ആവിശ്യപ്പെട്ടുവെന്ന കാര്യമാണ്. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ ആയിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂവിലെ നായിക. വലിയൊരു ഇടവേളയ്ക്കു ശേഷം മഞ്ജുവിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവായിരുന്നു ആ ചിത്രം. എന്നാല്‍, മഞ്ജു നായികയായ ചിത്രത്തില്‍ നിന്നും കുഞ്ചാക്കോ ബോബന്‍ പിന്മാറണമെന്ന ധ്വനിയില്‍ താരത്തെ ദിലീപ് ഫോണ്‍ ചെയ്തു സംസാരിച്ചുവെന്നാണ് മൊഴിയില്‍ പറയുന്നത്. ആ സംഭവത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ മൊഴിയില്‍ പറയുന്നതിങ്ങനെയാണ്; ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തില്‍ താനായിരുന്നു നായകന്‍. അവര്‍ മോഹന്‍ലാലിന്റെ നായികയായി തിരിച്ചെത്തുന്നുവെന്നായിരുന്നു ആദ്യം അറിഞ്ഞത്. ആ ചിത്രം നടന്നില്ല. സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസാണ് തന്നെ നായകനാക്കിയത്. താന്‍ അഭിനയിക്കുന്ന സിനിമകളില്‍ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. അക്കാര്യത്തില്‍ താന്‍ അഭിപ്രായം പറയാറില്ല. ഒരു ദിവസം രാത്രി ദിലീപ് വിളിച്ചിരുന്നു. ആ സിനിമയെപ്പറ്റി ചോദിച്ചു. അതില്‍ അഭിനയിക്കരുത് എന്ന ധ്വനിയോടെ സംസാരിച്ചു. റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകനാണ് താന്‍ ഡേറ്റ് കൊടുത്തതെന്ന് മറുപടി നല്‍കി. മഞ്ജു വാര്യരുടെ പടം എന്ന രീതിയില്‍ സിനിമയെ കണ്ടിട്ടില്ലെന്നും പറഞ്ഞു. അഭിനയിക്കരുതെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ എത്തിക്‌സ് അല്ലെങ്കിലും സൗഹൃദത്തിന്റെ പേരില്‍ അങ്ങനെ ചെയ്യാം. പക്ഷേ, ദിലീപ് അങ്ങനെ ആവശ്യപ്പെടണമെന്നു താന്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ ചെയ്യാന്‍ ദിലീപ് തയ്യാറായില്ല. താന്‍ സ്വയം പിന്‍മാറണമെന്ന രീതിയിലാണ് ദിലീപ് ഉദ്ദേശിച്ചതെന്നു വ്യക്തമാണ്. പ്രമുഖരായ പലരും ദിലീപിന് അനുകൂലമായി തങ്ങളുടെ മൊഴികള്‍ കോടതിയില്‍ മാറ്റി പറയുന്നതിനിടയിലാണ് കുഞ്ചാക്കോ ബോബന്‍ തന്റെ മുന്‍ നിലപാടുകളില്‍ തന്നെ ഉറച്ചു നില്‍ക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന പരാതി കിട്ടിയതാണെന്നും ഇക്കാര്യം താന്‍ ദിലീപിനെ വിളിച്ച് ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് പറഞ്ഞിരുന്നുവെന്നം ആഅന്വേഷണ സംഘത്തിന് മൊഴി നല്‍കിയ ഇടവേള ബാബു കഴിഞ്ഞ ദിവസം കോടിയില്‍ പറഞ്ഞത്, തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നു നടി പറഞ്ഞതായി ഓര്‍ക്കുന്നില്ലെന്നായിരുന്നു. ഇതേ തുടര്‍ന്ന് ബാബുവിനെ കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇനിയും അഭിനേതാക്കളുടെ ഇടയില്‍ നിന്നും നിരവധി പേരെ വിസ്തരിക്കാനുണ്ട്. ബുധനാഴ്ച്ച നടി രമ്യ നമ്പീശനെ വിസ്തരിക്കുമെന്നാണ് അറിയുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ കൂടെ നില്‍ക്കുന്നവരില്‍ പ്രധാനിയാണ് രമ്യ. ദിലീപിനെ എഎംഎംഎയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം പുറത്തുപോന്നയാള്‍ കൂടിയാണ് രമ്യ. എഎംഎംഎയ്ക്കും അതിന്റെ ഭാരവാഹികള്‍ക്കുമെതിരേ ശക്തമായി പ്രതികരിക്കാനും മടി കാണിക്കാത്ത രമ്യ കേസില്‍ തന്റെ മുന്‍ മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കും. രമ്യയെ കൂടാതെ അവരുടെ സഹോദരന്‍ രാഹുല്‍ നമ്പീശന്‍, ഡ്രൈവര്‍ സതീശ് എന്നിവരെയും വിസ്തരിക്കുന്നുണ്ട്. ആ മാസം 13 ന് നടനും സംവിധിയാകനുമായ ലാലിനെ പ്രതിഭാഗം വിസ്തരിക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരി 30 ന് ആയിരുന്നു കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതുവരെ 36 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്.


Next Story

Related Stories